Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവം: തേന്മഴയായി പെയ്തിറങ്ങിയ ഗസലുകളുമായി വിജയ് സുർസെനും അപർണയും

കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവം: തേന്മഴയായി പെയ്തിറങ്ങിയ ഗസലുകളുമായി വിജയ് സുർസെനും അപർണയും

തൃശ്ശുർ: കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ നാലാം ദിനമായ ശനിയാഴ്ച തൃശ്ശുർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലെ വർണശബളമായ വേദിയിൽ ഹിന്ദുസ്ഥാനി സംഗീതഞ്ജനും ഗായകനുമായ വിജയ് സുർസെൻ പൂണെയുടേയും യുവ ഗായിക അപർണ ഷെബീറിന്റേയും ഹൃദയഹാരിയായ ഗസലുകൾ മഞ്ഞു തുള്ളികളായി പെയ്തിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ആസ്വാദകരുടെ കാതും മനസ്സും കുളിരണിയുകയായിരുന്നു. ലോകപ്രശസ്ത ഗസൽ സമ്രാട്ടുകളുടെ പ്രസിദ്ധങ്ങളായ ഈണങ്ങൾക്ക് പുറമെ തനതു ശൈലികളും സ്വരമാധുരിയും കൊണ്ട് സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയെടുത്ത ഗസൽ ഗായികമാരുടെ ഗീതങ്ങളും ഇരുവരും ആലപിച്ചപ്പോൾ സംഗീത പ്രേമികൾക്ക്  അതൊരു പുതിയ അനുഭവമായി.

ആജ് തോ ആനന്ദ് എന്ന ആഹിർ ഭൈരവ് രാഗത്തിൽ ഉള്ള മനോഹരമായ പ്രാർത്ഥനാ ഗാനത്തോട് കൂടി തുടങ്ങിയ വിജയ് സുർസെൻ തും കോ ദേഘാ, നസം ഏ ദൗലത് ബീ ലേലോ എന്നീ ജഗജിത് സിംഗിന്റെ ഗസലുകളും ആലപിച്ചു.  എന്താണ് ഗസൽ എന്നും, പ്രധാനപ്പെട്ട ഘടകങ്ങളായ മക്ത, ബെഹർ, റാദിഫ്, കാഫിയ എന്നീ നിയമങ്ങളെ കുറിച്ചും ആലാപനത്തിന് മുമ്പ് വിജയ് സുർസെൻ വിവരിക്കുകയുണ്ടായത് ആസ്വാദകർക്ക് അനുഗ്രഹമായി മാറി.

ആജ് ജാനേ കീ സിദ്‌നാ കരോ എന്ന ഫരീദാ ഖാനത്തിന്റെ അതിപ്രശസ്തമായ ഗസൽ ആലപിച്ച അപർണയെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്. തുടർന്ന് ഗുലാം അലിയുടെ ചുപ്‌കേ ചുപ്‌കേ, മെഹ്ദി ഹസന്റെ അപ്‌കേ അഗാ ബി ചുടേ, പ്യാര് വരേ എന്നീ അതിമനോഹരമായി ആലപിച്ച ഗസലുകൾ ഏറെ ശ്രദ്ധേയങ്ങളായി. കൗവ്വാലിയെ കുറിച്ച് വിവരിച്ച് അത് ഛടതാ സൂരജ്, രാജസ്ഥാനി ഫോക്കായ ജൂലാ തുടങ്ങിയ ഗസലുകളും ഭൈരവിയും പാടി ഒന്നര മണിക്കൂർ നീണ്ടു നിന്ന ഗസൽ സന്ധ്യ അവസാനിച്ചു. തബലയിൽ ജോമോൻ ചെങ്ങന്നൂർ, ഹാർമോണിയത്തിൽ ജയപ്രകാശ്, കീബോർഡിൽ ജമിൽ, റിതം പാഡിൽ മുരളി, വോക്കൽ സപ്പോർട്ടുമായി സുശാന്ത്, മിഥുലേഷ് എന്നിവരായിരുന്നു ഗസൽസന്ധ്യയിൽ ഇരുവരോടുമൊപ്പം ഉണ്ടായിരുന്നത്.

നയനമനോഹരമായ ഒഡിസ്സി നൃത്താവതരണവുമായി ബാംഗ്ലൂർ നൃത്യന്താർ ഗ്രൂപ്പ്
അഞ്ച് നാൾ നീണ്ടു നിൽക്കുന്ന കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ നാലാം ദിനം വിജയ് സുർസെനും അപർണയും ചേർന്നോരുക്കിയ ഗസൽ വിരുന്നിന് ശേഷം  മദുലിത മോഹപാത്രയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ നൃത്യന്താർ അവതരിപ്പിച്ച ഒഡിസ്സി ഗ്രൂപ്പ് നൃത്താവതരണം അരങ്ങേറി. പ്രപഞ്ചനാഥനായ പരമശിവനെ പ്രകീർത്തിച്ച് കൊണ്ടുള്ള നൃത്ത ഇനമായ ' പഞ്ചഭൂത'ത്തിലൂടെയാണ് നൃത്യന്താർ ഗ്രൂപ്പ് തങ്ങളുടെ ഒഡിസ്സി നൃത്താവരണം ആരംഭിച്ചത്.  ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെ പ്രാർത്ഥിച്ച് കൊണ്ടാണ്് ഈ നൃത്തം അരങ്ങിൽ അവതരിപ്പിച്ചത്. ഗുരു രാമഹരിദാസ് ചിട്ടപ്പെടുത്തിയ ഗാനത്തിന് ഗുരു അരുണാ മോഹാൻജിയാണ് നൃത്താവിഷ്‌കാരം നൽകിയത്. തുടർന്ന് ജയദേവ കവി എഴുതിയ ഗീതാ ഗോവിന്ദത്തിലെ അഷ്ടപദിയെ അടിസ്ഥാനപ്പെടുത്തി നൃത്തത്തിലെ അഭിനയത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഐറ്റമായ 'ചന്ദന ചർച്ചിത' മദുലിത മോഹപാത്രയും കൂട്ടരും അരങ്ങിൽ എത്തിച്ചപ്പോൾ ആരാധകർ കരഘോഷത്തോടെയാണ് വരവേറ്റത്. ഭഗവാൻ ശ്രീകൃഷ്ണന്റെ സൗന്ദര്യത്തെ ഗോപികമാർ പ്രകീർത്തിക്കുന്നത് പ്രമേയമാക്കിയപ്പോൾ തിങ്ങിക്കൂടിയ ആസ്വാദകർ കൂടി മായാ കണ്ണനോടുള്ള സ്‌നേഹവും വാത്സല്യം ചൊരിയുകയായിരുന്നു. പണ്ഡിറ്റ് ഭുവനേശ്വർ മിശ്ര സംഗീതവും  ഗുരു കേളു ചരൺ മോഹാപത്ര നൃത്താവിഷ്‌കരണവും നിർവഹിച്ച ചന്ദന ചർച്ചിത ഏറെ പ്രശംസനേടുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിലെ മഹാനായ ഋഷിയും തത്വ ചിന്തകനും കവിയുമായ ശ്രീ വല്ലഭാചാര്യ രചിച്ച മഹാരുദ്രാകടാക്ഷം എന്ന പ്രശസ്ത ഗാനത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ 'മഹാരുദ്രാകടാക്ഷം' എന്ന നൃത്തയിനത്തോടെ നൃത്യന്താർ സംഘത്തിന്റെ ഒഡിസ്സി നൃത്താവതരണത്തിന് തിരശ്ശീല വീണു. ഗുരു ഹരിഹർ പാണ്ഡ സംഗീതം നൽകിയ മുദ്രാകടാക്ഷത്തിന് നൃത്തം ചിട്ടപ്പെടുത്തിയത് ഗുരു പങ്കജ് ചരണുമായിരുന്നു.

കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്
2014 നവംബർ 26 മുതൽ തൃശ്ശുർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കലാഭാരതി ദേശീയ നൃത്ത സംഗീതോത്സവത്തിൽ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ നവതിയിലെത്തി നിൽക്കുന്ന അറിവിന്റെ ആചാര്യൻ കാഞ്ഞൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ കലാഭാരതി ആദരിക്കും. ടൂറിസം മിനിസ്റ്റർ എപി അനിൽകുമാർ ഉദ്ഘാടകനായ സമാപനസമ്മേളനത്തിൽ തേറമ്പിൽ രാമകൃഷ്ണൻ എംഎൽഎ, ടിഎൻ പ്രതാപൻ എംഎൽഎ, തൃശ്ശൂർ മേയർ രാജൻ പല്ലൻ തുടങ്ങിയവർ പങ്കെടുക്കും. സമാപനസമ്മേളനത്തെ തുടർന്ന് 6.30ന്  ഐശ്വര്യ രാജ, കേരള അവതരിപ്പിക്കുന്ന ഭരതനാട്യവും 7.15ന്  കലാമണ്ഡലം ഷീന സുനിൽ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടായിരിക്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP