Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ സെന്ററിൽ പാസ്റ്ററൽ കൗൺസിലിന്റെ മൂന്നാമത് സമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ സെന്ററിൽ പാസ്റ്ററൽ കൗൺസിലിന്റെ മൂന്നാമത് സമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി: സഭയുടെ കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുവാൻ വിശ്വാസിസമൂഹത്തിന് കടമയും ഉത്തരവാദിത്വവുമുണ്ടെന്ന് ബിഷപ് മാർ മാത്യു അറയ്ക്കൽ.കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ സെന്ററിൽ ചേർന്ന പാസ്റ്ററൽ കൗൺസിലിന്റെ മൂന്നാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ. വിവിധ പ്രശ്നങ്ങളിൽ അനുരഞ്ജനത്തിന്റെ പാതയാണ് ക്രൈസ്തവരുടേത്. പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കുവാനും മറ്റുള്ളവരിൽ നന്മ കണ്ടെത്തുവാനും ക്രൈസ്തവ സമൂഹത്തിനാകണം. ആക്ഷേപിച്ചും അവഹേളിച്ചും സ്വയം നാശത്തിന്റെ പാത തെരഞ്ഞെടുക്കുന്നത് ഒരു തലമുറയോടും സമൂഹത്തോടും ചെയ്യുന്ന ക്രൂരതയാണ്. സ്നേഹത്തിന്റെ പ്രവാചകരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായി വിശ്വാസിസമൂഹം മാറണം. വർഗ്ഗീയ ഭീകരവാദങ്ങൾ എല്ലാ രംഗങ്ങളിലും ശക്തിയാർജ്ജിക്കുന്നത് സമൂഹം നിസ്സാരവൽക്കരിക്കരുത്. മതസൗഹാർദ്ദം സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ധർമ്മമാണ്. വിശ്വാസ ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യസ്ഥതയുണ്ടെങ്കിലും ക്രൈസ്തവരും ഇതരമതവിശ്വാസികളും ഈ മണ്ണിന്റെ മക്കളും സഹോദരങ്ങളുമാണ്. ഈ മാനവസംസ്‌കാരത്തിൽ അടിയുറച്ചും ഭരണഘടനയെ ആദരിച്ചും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ചുമാണ് ക്രൈസ്തവസമൂഹം ഭാരതമണ്ണിൽ ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമെന്നും മാർ മാത്യു അറയ്ക്കൽ സൂചിപ്പിച്ചു.

രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വികാരിജനറാൾ റവ.ഡോ.കുര്യൻ താമരശ്ശേരി ആമുഖപ്രഭാഷണവും സെക്രട്ടറി ഷെവലിയാർ അഡ്വ വി സി.സെബാസറ്റിയൻ റിപ്പോർട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് പ്രെഫ.റോണി കെ.ബേബി വിഷയാവതരണം നടത്തി. സഭാപരവും ആനുകാലികവുമായ വിഷയങ്ങളെക്കുറിച്ച് പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ പങ്കുവയ്ക്കലുകൾ നടത്തി. വികാരിജനറാൾമാരായ റവ.ഫാ.ജോർജ് ആലുങ്കൽ, റവ.ഫാ.ജസ്റ്റിൻ പഴേപറമ്പിൽ എന്നിവർ സംസാരിച്ചു.

രൂപത പ്രൊക്യുറേറ്റർ റവ.ഫാ.മാർട്ടിൻ വെള്ളിയാംകുളം, പാസ്റ്ററൽ കൗൺസിലിന്റെ വിവിധ കമ്മീഷനുകളുടെ ചെയർമാന്മാരായ ഫാ.ജോൺ പനച്ചിക്കൽ, ഫാ.സെബാസ്റ്റ്യൻ പെരുനിലം, ഫാ.സഖറിയാസ് ഇല്ലിക്കമുറി, ഫാ.അഗസ്റ്റിൻ പുതുപ്പറമ്പിൽ, ഫാ.ജോൺ മതിയത്ത്, ഫാ.മാത്യു ഓലിക്കൽ, ഫാ.ജെയിംസ് ചവറപ്പുഴ സെക്രട്ടറിമാരായ അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിൽ, എം.എം.ജോർജ് മുത്തോലിൽ, ബിനോ പി.ജോസ് പെരുന്തോട്ടം, പി.എസ്.വർഗീസ് പുതുപ്പറമ്പിൽ, പ്രൊഫ.റോണി കെ.ബേബി, സണ്ണി എട്ടിയിൽ, തോമസ് വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി.

മതസൗഹാർദ്ദം കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കരുത്കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ പ്രമേയം

ആർഷഭാരത സംസ്‌കാരത്തിന്റെ തനിമയും നന്മയും ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയും ഉൾക്കൊണ്ട്, നൂറ്റാണ്ടുകളായി ഭാരതസമൂഹം ഹൃദയത്തിലേറ്റുവാങ്ങി തലമുറകളിലൂടെ കൈമാറി സംരക്ഷിക്കുന്ന മതസൗഹാർദ്ദത്തെ കളങ്കപ്പെടുത്തുവാൻ ആരെയും അനുവദിക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ,

ജനജീവിതത്തിനും സാമൂഹ്യ വ്യവസ്ഥിതികൾക്കുമെതിരെ അനുദിനം വർഗീയ ഭീകരവാദികൾ ഉയർത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസ്സാരവത്കരിക്കരുത്. വർഗ്ഗസമരങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോൾ ക്രൈസ്തവ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സഭയുടെ മഹത്തായ സംവിധാനങ്ങൾക്കുമെതിരെ ഉയരുന്ന ആക്ഷേപ അവഹേളനങ്ങളിൽ സമചിത്തതയോടെ പ്രതികരിക്കാൻ വിശ്വാസിസമൂഹത്തിനാകണം. ഭിന്നതകൾ മറന്ന് സഭയിൽ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തുവാനും വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നേറുവാനും പരസ്പരം സ്നേഹം പങ്കുവച്ച് സമാധാനവും ഐക്യവും ആത്മീയതയും ഊട്ടിയുറപ്പിക്കുവാനും ക്രൈസ്തവർക്കാകണം.

കൂട്ടായ്മാചൈതന്യത്തെ ഇല്ലായ്മ ചെയ്യുന്നതും സഭയേയും സമുദായത്തെയും ദുർബലപ്പെടുത്തുന്നതുമായ പ്രവർത്തനശൈലികൾ വിശ്വാസിസമൂഹത്തിന് ഭൂഷണമല്ല. ആരാധനക്രമം, വിവിധ അല്മായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും പ്രവർത്തനങ്ങൾ, അജപാലന നയങ്ങൾ എന്നിവയിൽ ഐക്യരൂപം അനിവാര്യമാണ്. ഭിന്നിച്ചുനിൽക്കാതെ കൂട്ടായ്മയിൽ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഒരുമയുടെയും സ്വരുമയുടെയും തലങ്ങളിലേയ്ക്ക് ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പ്രമേയം അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP