Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡിൽ ഹെൽമറ്റ് വേട്ട നടത്തി ട്രെയിൻ യാത്രക്കാരായവരെ പീഡിപ്പിക്കരുത്: കെർപ

റോഡിൽ ഹെൽമറ്റ് വേട്ട നടത്തി ട്രെയിൻ യാത്രക്കാരായവരെ പീഡിപ്പിക്കരുത്: കെർപ

സ്വന്തം ലേഖകൻ

ആലപ്പുഴ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടു പേരും ഹെൽമറ്റ് വച്ചില്ലെങ്കിൽ ആയിരം രൂപ പിഴയും മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കലും എന്ന കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി കേരളത്തിൽ നടപ്പാക്കരുതെന്നു കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ). ഹെൽമറ്റ് വേട്ട നിയമം സുരക്ഷയെക്കുറിച്ചു മാത്രമല്ല, ചില മതവികാരങ്ങളെക്കുറിച്ചു കൂടിയും ചിന്തിക്കുന്നു എന്നതിനാൽ ഇതിനു സാംഗത്യമുണ്ട്. മറ്റുള്ളവരെ വ്രണപ്പെടുത്തുകയോ മനോവ്യഥയുണ്ടാക്കുകയോ ചെയ്യാത്ത ഒരു കാര്യത്തിനും ശിക്ഷയോ പിഴയോ ക്രിമിനൽ നടപടിക്രമങ്ങളോ പാടില്ല.

കേന്ദ്ര നിയമം സംസ്ഥാനങ്ങളിൽ നടപ്പാക്കണമെങ്കിൽ അതാതു സംസ്ഥാനസർക്കാരുകൾ ആവശ്യമായ ചട്ടങ്ങൾ തയാറാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഇതിനകം പല സംസ്ഥാനങ്ങളും അനാവശ്യവും അനുചിതവുമായ കേന്ദ്ര മോട്ടാർ വാഹന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയവയാണ് അവ. കേരളത്തിനും അത് ആകാവുന്നതേയുള്ളു.

പഞ്ചാബിൽ കൂടുതലുള്ള സിക്കു മത വിശ്വാസികളായ പുരുഷന്മാർക്കു ഇന്ത്യയിൽ ഒരിടത്തും ഹെൽമറ്റ് ധരിക്കേണ്ടതില്ലെന്നു കേന്ദ്ര നിയമത്തിലുണ്ട്. എന്നാൽ ആ ആനുകൂലം പ്രത്യേക ഉത്തവുകൾ പ്രകാരം സിക്കു മത വിശ്വാസികളായ സ്ത്രീകൾക്കും പിന്നീട് അനുവദിച്ചിട്ടുണ്ട്. അടിമത്തത്തിന്റെ പ്രതീകമാണ് ഹെൽമറ്റ് എന്നാണ് അവരുടെ നിലപാട്. ഹെൽമറ്റിനെതിരെ പൊതുജന വികാരം ശക്തമായ ഒരിടത്തും ഹെൽമറ്റ് നിർബന്ധിതമാക്കിയിട്ടില്ല. അങ്ങനെയുള്ളയിടങ്ങളിൽ റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കാൻ അധികൃതർ തയാറാകുകയുമില്ല. മതവും ലിംഗഭേദവും വരെ നോക്കി വിവേചനപരമായി നിയമത്തിൽ ഇളവു നല്കുന്ന രാജ്യത്താണ് കേരളത്തിൽ അതു ഒഴിവാക്കാൻ മടി. തുടർച്ചയായി ലഭിക്കാവുന്ന വൻ വരുമാനം മാത്രം ലക്ഷ്യമാക്കിയാണ് തികച്ചും തെറ്റും അപകടകരവുമായ രീതികളിലുള്ള ഹെൽമറ്റ് വേട്ട.

ഇന്ധനച്ചെലവും റോഡിലെ തിരക്കും മറ്റും കുറയ്ക്കാൻ റയിൽവേ അടക്കമുള്ള പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ട്രെയിനിൽ യാത്രചെയ്യാൻ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളിൽ സ്റ്റേഷനിൽ വന്നുപോകുന്നവരാണ്. മിക്ക ഡ്രൈവർമാരും ആരെയെങ്കിലും പുറകിൽ ഇരുത്തി യാത്ര ചെയ്യാൻ തയാറാകുന്നവരുമാണ്. എല്ലാവർക്കും ഹെൽമറ്റ് കൊണ്ടു നടക്കാനാകില്ല. റെയിൽവേ സ്റ്റേഷനുകളിൽ ഫീസ് കൊടുത്തു പാർക്കു ചെയ്യുന്ന ഇരുചക്രവാഹനങ്ങളിൽ വച്ചിട്ടു പോകുന്ന ഹെൽമറ്റുകൾ മോഷണം പോകുന്നതും പതിവാണ്.

ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ അനാവശ്യ നിയന്ത്രണങ്ങളും പിടിച്ചു നിർത്തലും കുത്തനെ കൂട്ടിയ ശിക്ഷാപിഴകളും ഏർപ്പെടുത്തുന്നത് പൊതുസഞ്ചാര ലക്ഷ്യത്തെ തകർക്കും. കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്നവരാണ് ട്രെയിനിൽ സ്ഥിരമായി സഞ്ചരിക്കുന്ന എല്ലാവരും. അവരെ റോഡിൽ ഹെൽമറ്റ് വേട്ട നടത്തി പീഡിപ്പിക്കുന്നത് വിചാരണയില്ലാത്ത ദണ്ഡനമാണ്. ആവശ്യമായ സുരക്ഷാനടപടികൾ അവരവർ സ്വയം സ്വീകരിച്ചു കൊള്ളും. റോഡിലെ അപകട കാരണങ്ങൾ ഒഴിവാക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് സർക്കാരിന്റെ കടമ.

ജനങ്ങളുടെ വമ്പിച്ച എതിർപ്പിനെയും പ്രതിഷേധങ്ങളെയും മുഖവിലയ്ക്കെടുക്കാതെ സംസ്ഥാന സർക്കാരിന്റെ നിലപാട് ജനദ്രോഹപരമാണെന്നു വിലയിരുത്തുന്നു. ഈ പ്രധാന വിഷയത്തിലെ രാഷ്ട്രീയ പാർട്ടികളുടെ മൗനം കുറ്റകരമാണ്. സംഘടിതരായ എല്ലാവരും അസംഘടിതരായവരുടെ രക്തം ഊറ്റിക്കുടിക്കാൻ യഥാർഥത്തിൽ വെമ്പി നടക്കുന്നവരുമാണ്. റോഡിൽ ഹെൽമറ്റ് വേട്ട നടത്തി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കായി പോയിവരുന്നവരെ യാതൊരു കാരണവശാലും പീഡിപ്പിക്കരുതെന്നും കെർപ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP