Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് ഡോക്യുമെന്ററി രാഷ്ട്രീയം പറയുമ്പോൾ; കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ പേരിൽ വേട്ടയാടപ്പെട്ട ദിവ്യാഭാരതി എന്ന സംവിധായിക കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ

തമിഴ് ഡോക്യുമെന്ററി രാഷ്ട്രീയം പറയുമ്പോൾ; കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ പേരിൽ വേട്ടയാടപ്പെട്ട ദിവ്യാഭാരതി എന്ന സംവിധായിക കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ

ധുരയില സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ച രണ്ട് ചക്ലിയാർ സമുദായ ക്ലീനിങ് തൊഴിലാളി കളുടെ ജീവിതം അറിഞ്ഞിടത്തു നിന്നാണ് ദിവ്യാഭാരതിയെന്ന ആക്റ്റിവിസ്റ്റിന്റെ ഡോക്യുമെന്ററി ജീവിതം ആരംഭിക്കുന്നത്. 

കക്കൂസ് എന്ന ആ ഡോക്യുമെന്ററി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇന്നുവരെ കാണാത്ത ജീവിതം പുറംലോകത്തെത്തിച്ചു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ കക്കൂസ് പ്രദർശിപ്പിച്ചതിനു പിന്നാലെ സി എസ് വെങ്കിടേശ്വരനുമായി ദിവ്യയുടെ സംഭാഷണവുമുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ച ഇടങ്ങളിലെല്ലാം പൊലീസ് പ്രദർശനം തടസപ്പെടുത്തിയെന്ന് ദിവ്യ പറഞ്ഞു. ഡെൽഹി കേരളാ ഹൗസിൽപ്പോലും പ്രദർശനം നടന്നില്ല. സൈബർ ടെററിസം എന്ന വകുപ്പിൽപ്പെടുത്തി ജാമ്യമില്ലാത്ത കേസുകൾ ചുമത്തിയിട്ടുമുണ്ട്. ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളൊഴികെ ആരും പിന്തുണച്ചില്ല. ആർഎസ്എസിന്റെ പോഷകസംഘടനയാണ് കക്കൂസിനെതിരെ കേസുകൊടുത്തതെന്നും ദിവ്യാഭാരതി പറഞ്ഞു.

ഇന്ത്യയുടെ അന്തസ്സും സംസ്‌കാരവും കളങ്കപ്പെടുത്തുന്നു എന്നതാണ് എനിക്കെതിരെ ഉണ്ടായ പ്രധാന ആരോപണം,' ദിവ്യ പറഞ്ഞുഓഖി സൈക്ലോൺ ഉണ്ടാക്കിയ ദുരന്തത്തെപ്പറ്റിയാണ് പുതിയ ഡോക്യുമെന്ററി. കേന്ദ്ര സർക്കാർ ആവശ്യമായ വിവരങ്ങൾ യഥാസമയം നൽകാഞ്ഞതുകൊണ്ടാണ് ഇത്രയേറെപ്പേർ മരിച്ചത്.

ഇന്ത്യയുടെ കടലോരങ്ങളിൽ നിന്ന് ദളിത് വിഭാഗങ്ങളെ തുരത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കടലോരങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ദിവ്യ പറഞ്ഞു. കക്കൂസ് ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചത് കേരളത്തിലാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.

ഇന്നുണ്ടായതൊന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ല, നമ്മളെല്ലാം ഉത്തരവാദികളെന്ന് ടി. എം. കൃഷ്ണ

കൊച്ചി: ഇവിടെ ആരും ഒന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ലെന്നും എല്ലാം പലതിന്റേയും തുടർച്ച മാത്രമാണെന്നും പ്രശസ്ത കർണാടക സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ ടി. എം. കൃഷ്ണ പറഞ്ഞു. ഇതിൽ നമുക്കെല്ലാം കൂട്ടുത്തരവാദിത്തമുണ്ട്. എല്ലാവരും നമ്മുടെ പങ്കാളിക ളായിരുന്നു. നമ്മൾ അടുത്തടുത്തിരുന്നു, കൃഷ്ണ പറഞ്ഞു. ജനാധിപത്യത്തിൽ കല എന്ന വിഷയത്തിൽ സംഗീതസംവിധായകൻ ബിജിബാലുമായി സംസാരിക്കുകയായിരുന്നു ടി. എം. കൃഷ്ണ.

കർണാടക സംഗീതത്തിനു മാത്രമല്ല എല്ലാത്തിനും രാഷ്ട്രീയമുണ്ട്. എല്ലാം സമൂഹത്തിന്റെ ഭാഗമല്ലെ, കൃഷ്ണ ചോദിച്ചു. കലാകാരൻ എന്നും ജാഗരൂകനായിരിക്കണമെന്നും കൃഷ്ണ പറഞ്ഞു.

ജനാധിപത്യവും കലയും തമ്മിൽ സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. ബാഹ്യതലത്തിൽ അവ വ്യത്യാസപ്പെട്ടാലും രണ്ടിന്റേയും ഉള്ളിന്റെ ഉള്ളിലുള്ളതാണ് അവയെ തമ്മിലടുപ്പിക്കുന്നത്. ജനാധിപത്യം മനുഷ്യന് സ്വാഭാവികമായി വരുന്നില്ല. ഭരിക്കാനും ഭരിക്കെപ്പടാനും നിയന്ത്രിക്കാനും നിയന്ത്രിക്കപ്പെടാനുമുള്ളതാണ് മനുഷ്യന്റെ ചോദനകൾ. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല.

ലെനിന്റേയും പെരിയാറിന്റേയും പ്രതിമകൾ രാ്ഷ്ട്രീയ പ്രതീകങ്ങൾ മാത്രമല്ലെന്നും അവ കലാസൃഷ്ടികൾ കൂടിയാണെന്നും കൃഷ്ണ പറഞ്ഞു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവർ പോലും കലയെ ആദരിക്കണം. കലയെ തകർക്കുന്നവർ ജനാധിപത്യത്തെയാണ് തകർക്കുന്നത്.

പരമ്പരാഗതരീതിയിൽ നിന്ന് വിട്ട് കച്ചേരികളിൽ പാടി പോകുന്നത് മന്:പ്പൂർവമല്ലെന്നും ചിലപ്പോൾ ചില രാഗം പാടിയാൽ അതിൽത്തന്നെ തുടർന്നുപാടാൻ തോന്നുമെന്നും അങ്ങനെയാണ് സമാനരാഗങ്ങിൽ തുടർന്നുപാടിപ്പോവുന്നതെന്നും ബിജിബാലിന്റെ ഒരു ചോദ്യത്തിനുത്തരമായി കൃഷ്ണ പറഞ്ഞു.

അവസാനത്തെ സുവർണ മണിക്കൂറിലാണോ നമ്മൾ എന്ന് എൻ എസ് മാധവന്റെ ചോദ്യം

കൊച്ചി: അവസാനത്തെ സുവർണ മണിക്കൂറിലാണോ നമ്മൾ? ചോദിക്കുന്നത് എക്കാലത്തേയും പ്രധാനപ്പെട്ട രാഷ്ട്രീയകഥകളിൽ ഒന്നായ തിരുത്ത് എഴുതിയ എൻ. എസ്. മാധവൻ. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മലയാളത്തിന്റെ പ്രിയകഥാകാരൻ.

മതേതരവാദിയായ നെഹ്രു രാമായണ റീടോൾഡ് നിരോധിച്ചത് മാധവൻ ഓർമിച്ചു. എന്നാൽ ഇന്ന് ഭരണകൂടങ്ങളല്ല ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്. അവർക്കതിന്റെ ആവശ്യവുമില്ല. അതിനേക്കാൾ അപകടകരമാണ് ഇന്നത്തെ സ്ഥിതി. കാരണം ഇന്ന് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തുന്നത് ആൾക്കൂട്ടങ്ങളാണ്. ദി ഹിന്ദൂസ് ആൻ ഓൾട്ടർനേറ്റീവ് ഹിസ്റ്ററിയും ശിവാജി ഹിന്ദു കിങ് ഇൻ ഇസ്ലാമിക് ഇന്ത്യയും ഭരണകൂടങ്ങൾ നിരോധിച്ചില്ലെന്നോർക്കണം. അത് പ്രസാധകർ സ്വയം പിൻവലിക്കേണ്ടുന്ന അവസ്ഥ വരികയായിരുന്നു. പെരുമാൾ മരുകനെ നിശബ്ദനാക്കാൻ വന്നതും ജാതിയാഥാ സ്ഥിതികരായിരുന്നു, ഭരണകൂടമല്ല.

ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകൾക്കെതിരെ തുറന്ന് പ്രതിഷേധിക്കുന്ന പ്രവണത എവിടെയുമില്ല. അടിയന്താരവസ്ഥയ്ക്കെതിരെ അടിയന്തരാവസ്ഥക്കാലത്ത് ആരാണ് മിണ്ടിയത്? ഇന്ത്യയിൽ മൊത്തം നോക്കിയാൽ ഒരു ഫണീശ്വര നാഥ് രേണുവും സത്യവ്രതസിൻഹയും മാത്രമുണ്ടായി. രേണു പത്മശ്രീ തിരിച്ചു കൊടുത്തു. ജയിലിൽപ്പോയി. മലയാളത്തിൽ ഒരു എം. കൃഷ്ണൻകുട്ടി മാത്രമുണ്ടായി. പിന്നെ അയ്യപ്പപ്പണിക്കരുടേയും സച്ചിദാനന്ദന്റേയും അലിഗറികളും (അന്തരാർത്ഥങ്ങളിലൂടെയുള്ള രചന).

ഇന്ന് ട്രംപിനേപ്പോലെ ലോകമെമ്പാടും ഉയർന്നുവരുന്ന ഭരണാധികാരികളെ കൊമേഡിയന്മാരായി ചിത്രീകരിക്കുന്നവർ ഒരു കാര്യം ഓർക്കുന്നതുകൊള്ളാം - 1930കളിൽ സ്പെയിനിലെ ഏകാധിപതി ജനറൽ ഫ്രാങ്കോയേയും പിന്നീട് ഹിറ്റ്ലറേയുമെല്ലാം കൊമേഡിയന്മാരായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.

ഇന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും ഓസ്‌കാർ അവാർഡ്ദാനച്ചടങ്ങിലെ പ്രതിഷേധവുമൊക്കെ മാത്രമേ ഉണ്ടാകുന്നുള്ളു. ഇത്തരം ചെറിയ വലിയ പ്രതിഷേധങ്ങളാണ് ഇക്കാലത്തിന്റെ പ്രതീക്ഷ. ഇതുപക്ഷേ അവസാനത്തെ ചെറുത്തുനിൽപ്പുകളാണോ എന്ന് തോന്നിപ്പോവുകയാണ്, ഇടറുന്ന ശബ്ദത്തിൽ മാധവൻ പറഞ്ഞു.

ഞങ്ങൾ ആദിവാസികൾ, നിങ്ങൾക്ക് അടിച്ചുകൊല്ലാനുള്ള വസ്തു' - നാരായൻ

കൊച്ചി: 'മധുവിന്റെ കൊലപാതകം ആദ്യത്തേതല്ല, കേരളീയ സമൂഹം ഒട്ടേറെ മധുമാരെ ഇതുപോലെ അടിച്ചും തല്ലിയും കൊന്നിട്ടുണ്ട്. ഞങ്ങൾ ആദിവാസികൾ എന്നാൽ നിങ്ങൾ പരിഷ്‌കൃതരെന്ന് സ്വയം പറയുന്നവർക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവം തന്നെ,' കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൊച്ചരേത്തിയുടെ രചയിതാവായ ആദിവാസി എഴുത്തുകാരൻ നാരായൻ കൃതി സാഹിത്യ-വിജ്ഞാനോത്സവ വേദിയിൽ പൊട്ടിത്തെറിച്ചു. ഹൻഡ്സ സൊവ്വേന്ദ്ര ശേഖറോടൊപ്പം അരികുകളിൽ നിന്നുള്ള എഴുത്ത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളുടെ ഭൂമി ആർക്കും നേടിയെടുക്കാൻ കഴിയും, കാരണം ആദിവാസിക്ക് ഒരു രേഖയും കാണിക്കാനില്ല. അവരെ ആട്ടിയോടിക്കാൻ ശക്തരായവരാണ് നിങ്ങളെല്ലാം. ആദിവാസികളുടെ ജീവതം എഴുതാൻ ശ്രമിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ ജീവതം പഠിച്ചിട്ട് എഴുതുക എന്നാണ്. ഒരു ഗോത്രസമൂഹത്തിന്റെ പൂർവാവസ്ഥകൾ മനസ്സിലാക്കിവേണം രചന നിർവഹിക്കാൻ.

എഴുതിയ കൃതിയെ മുൻനിർത്തി ഒട്ടേറെ ആരോപണങ്ങൾ കേൾക്കേണ്ടി വന്ന ഹൻഡ്സ, ആദിവാസി സമൂഹത്തിൽ നിന്നുകൊണ്ട് എഴുതുന്നതിലെ ബുദ്ധിമുട്ടുകൾ വിവരിച്ചു. എന്നാൽ ഗോത്രവർഗ രചനകൾ എന്ന നിലയിൽ സർഗസൃഷ്ടികളെ വേർതിരിക്കേണ്ടതില്ലെന്ും ഹൻഡ്സ പറഞ്ഞു.

നേരത്തെ ദളിത് സാഹിത്യം എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും എം. ആർ. രേണുകുമാർ, കെ. കെ. ബാബുരാജ്, അജയ് ശേഖർ എന്നിവരോടൊപ്പം നാരായൻ പങ്കെടുത്തിരുന്നു. ദളിത് സാഹിത്യംപോലുള്ള അരികുകകളിൽ നിന്നുള്ള സാഹിത്യങ്ങൾ ഉണ്ടായി വരുന്നതിനെ വിഭാഗീയത എന്നു വിശേഷിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ദളിത് എഴുത്തുകാർ ഒന്നടങ്കം പറഞ്ഞു. പൊതുജീവിതത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും അതിന് നീതി പകരുകയും വികസപ്പിക്കുകയുമാണ് ഇത്തരം പുതുസാഹിത്യമാതൃകകൾ ചെയ്യുന്നത്. ആ അർത്ഥത്തിൽ നിലവിലെ പൊതുസാഹിത്യം പൊതുഅല്ലെന്ന സത്യം പറയേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

നിലവിലുള്ള ഭാഷാരീതികളും രൂപമാതൃകകളും ഇത്തരം പുതിയ ആവിഷ്‌കാരങ്ങൾക്ക് മതിയാകാതെ വരുമെന്ന വെല്ലുവിളിയെ കെ. കെ. ബാബുരാജ് ഉയർത്തിക്കാണിച്ചു.

ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ഇപ്പോൾ വനിതാതരംഗം

കൊച്ചി: ഒരു കാലത്ത് ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെപ്പറ്റി പഠിപ്പിക്കാൻ ആരെങ്കിലും വന്നാൽ മലയാളി അയാളെ ഓടിച്ചു വിട്ടേനെ. എല്ലാ വലിയ ലാറ്റിനമേരിക്കൻ സാഹിത്യകാരന്മാരും നമ്മുടെ സ്വന്തമെന്നായിരുന്നു മലയാളിയുടെ ഭാവം. തകഴിയേക്കാളും വൈലോപ്പിള്ളിയേക്കാളും വായിക്കപ്പെട്ടോ മാർകേസും നെരൂദയും എന്നു ചോദിച്ചാൽ ഉവ്വ് എന്നു പറയേണ്ട വിധം വിചിത്രമായിരുന്നു സ്ഥിതി. എന്നാൽ ഇന്ന് ആരൊക്കെയാണ് ലാറ്റിനമേരിക്കൻ താരങ്ങൾ?

ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ ഇപ്പോൾ വനിതാതരംഗമാണെന്ന് മെക്സിക്കൻ നോവലിസ്റ്റും പ്രസാധകനുമായ എഡ്വാർഡോ റബാസ പറഞ്ഞു. കൃതി സാഹിത്യ വിജ്ഞാനോത്സവത്തിൽ സമകാലിക മെക്സിക്കൻ സാഹിത്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു റബാസ. മാർകേസിനെ ഇംഗ്ലീഷ് പരിഭാഷയിലൂടെ പ്രശസ്തനാക്കിയ ഗ്രിഗറി റബ്ബാസയുടെ ആരെങ്കിലുമാണോ എന്നു ചോദിച്ചപ്പോൾ ആ റബ്ബാസയുടെ റബ്ബാസയിൽ രണ്ട് എസ് ഉണ്ടെന്നായിരുന്നു ഈ റബ്ബാസയുടെ ഉത്തരം.

എഡ്വാർഡോയുടെ തന്നെ നാട്ടുകാരിയായ വലേറിയ ലൂയിസെല്ലി (Valeria Luiselli) ആണത്രെ ഇക്കൂട്ടത്തിലെ ഒരു പ്രധാനി. 1983-ൽ ജനിച്ച ഇവർ ഇതിനകം മുപ്പതിലേറെ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിതായി റബ്ബാസ പറഞ്ഞു. 2017-ലെ ബുക്കർ സമ്മാന ലിസ്റ്റിലുണ്ടായിരുന്ന അർജന്റീനയിൽ നിന്നുള്ള സാമന്ത ഷ്വെബ്ലിനെപ്പറ്റിയും (Samanta Schweblin) റബ്ബാസ പറഞ്ഞു. ഫീവർ ഡ്രീം എ്ന നോവലിനാണ് സാമന്ത ബുക്കറിന് ശുപാർശ ചെയ്യപ്പെട്ടത്. ബ്രസീലിയൻ കവയിത്രി ആഞ്ജെലിക് ഫ്രെയ്റ്റാസ്, അർജന്റീനൻ കഥാകൃത്ത് മറിയാന എന്റിക്വെസ്, നോവലിസ്റ്റ് പോള ഒളോയ്സറക്... ലാറ്റിനമേരിക്കൻ വനിതാതരംഗം സജീവമാണെന്ന് റബ്ബാസ പറഞ്ഞു.

മെക്സിക്കോ സിറ്റിയിൽ 1978-ൽ ജനിച്ച എഡ്വാർഡോ റബ്ബാസ മെക്സിക്കോയിലെ പ്രമുഖ പ്രസാധക സ്ഥാപനമായ സെക്സ്റ്റോ പിസോയുടെ (ആറാം നില) ഡയറക്ടർ കൂടിയാണ്. 2004-ൽ മികച്ച യുവപ്രസാധകനുള്ള ആഗോള അവാർഡ് നേടിയിട്ടുണ്ട്. റബ്ബാസ സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലായ എ സീറോ സം ഗെയിമിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഒരു കെട്ടിടത്തിന്റെ ജനാല പൊളിച്ച് താഴേയ്ക്കു ചാടുന്ന ആളാണ് സെക്സ്റ്റോ പിസോ എന്ന പ്രസാധക സ്ഥാപനത്തിന്റെ ലോഗോ. അക്കാലത്ത് ചെറുപ്പക്കാർ ചേർന്ന് ഒരു സ്വതന്ത്ര പ്രസാധക സ്ഥാപനം തുടങ്ങുന്നത് ആത്മഹത്യാപരമാണെന്ന് ആളുകൾ പറഞ്ഞതിന് അതേ നാണയത്തിൽ കൊടുത്ത തിരിച്ചടിയാണ് ലോഗോയെന്ന് റബ്ബാസ പറഞ്ഞു. എ്ന്തായാലും സംഗതി ഗൗരവമായി. കമ്പനി ഇതുവരെ 400-ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധസമാനമായ മെക്സിക്കൻ നടപടികൾ അവിടത്തെ സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചു. 15 വർഷത്തിനിടെ 1 ലക്ഷത്തിലേറെപ്പേർ മരിച്ചു, 30,000-ത്തോളം പേരെ കാണാതായി. ഇത് നാർക്കോ നോവൽ എന്ന ശിൽപ്പമാതൃകയയ്ക്കും കാരണമായി.

ക്യൂബൻ വിപ്ലവവും ലാറ്റിനമേരിക്കൻ ബൂമും നൽകിയ ആവേശം ഇല്ലാതായപ്പോൾ അമേരിക്കൻ ക്യാപ്പിറ്റലിസത്തോട് പൊരുതാൻ വിഷമിക്കുകയാണ് മെക്സിക്കോക്കാരെന്ന് റബ്ബാസ പറഞ്ഞു. മെക്സിക്കോയിലെ പരമ്പരാഗത ഇടതുപക്ഷം വലതുപക്ഷവുമായിച്ചേർന്നു. അങ്ങനെ ഇടതും പരാജയപ്പെട്ടു എന്നു പറയാം. എങ്കിലും ജൂണിലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യത്യയുള്ള ഒരാളെന്ന് പറയപ്പെടുന്ന ആൻഡ്രേസ് മാനുവൽ ലോപെസ് ഒബ്രഡോറിനെ (അമ്ലോ എന്നറിയപ്പെടുന്നു) മെക്സിക്കോയിലെ ഹ്യൂഗോ ഷാവേസ് എന്നറിയപ്പെടുന്നു. ഇടനാണെങ്കിലും അദ്ദേഹം പ്രായോഗികബുദ്ധിയാണ്.

മെകിസിക്കോക്കാർ ശരാശരി 3.5 പുസ്തകമേ ഒരു വർഷം വായിക്കുന്നുള്ളു. വലിയ പ്രസാധകരുടെ മത്സരവും ഏറെയുണ്ട്.

കൃതി കലോത്സവവേദിയിൽ ഇന്ന് ദ്രുപദ് സരോദ്

കൊച്ചി: ഹിന്ദുസ്ഥാനി സംഗീതത്തിലെ യുവതാരവും പ്രശസ്ത സരോദ് വാദകനുമായ ദേബാഞ്ജൻ ഭട്ടാചാർജിയാണ് ഇന്ന് കൃതിയുടെ കലാവേദിയിൽ. സാധാരണ പരിചിതമായ ദ്രുപദ് സംഗീതത്തിന്റെ ഇഴഞ്ഞു നീങ്ങുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമാണ് ദേബാഞ്ജന്റെ ശൈലി. സ്വരങ്ങളുടെ ആഴത്തിൽ ഇറങ്ങിച്ചെന്ന് ആസ്വാദകരെ സംഗീതാനുഭവത്തിന്റെ ഉച്ചകോടിയിലെത്തിക്കുന്നതാണ് ചുരുങ്ങിയ കാലം കൊണ്ട് ലോകപ്രശസ്തനായ ദേബാഞ്ജന്റെ ശൈലി. പക്കാവജിൽ പ്രശസ്തനായ നിഷാന്ത് സിങ് ആണ് ദേബാഞ്ജന് അകമ്പടിയാവുക. വൈകീട്ട് 6 മണിക്ക് മറൈൻ ഡ്രൈവിലെ പ്രധാന വേദിയിലാണ് സരോദിലെ പുതിയ മാന്ത്രികൻ കൊച്ചിയെ വിസമയിപ്പിക്കാനെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP