Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറൈൻ ഡ്രൈവിൽ പുസ്തകപ്രളയവുമായി കൃതി;അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവത്തിനും തിരിതെളിച്ച് ഗവർണർ; മറൈൻ ഡ്രൈവിൽ നടക്കുന്ന പുസ്തകമേളയിൽ അണിനിരക്കുക 136 പ്രസാധകരും 248 സ്റ്റാളുകളും

മറൈൻ ഡ്രൈവിൽ പുസ്തകപ്രളയവുമായി കൃതി;അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവത്തിനും തിരിതെളിച്ച് ഗവർണർ; മറൈൻ ഡ്രൈവിൽ നടക്കുന്ന പുസ്തകമേളയിൽ അണിനിരക്കുക 136 പ്രസാധകരും 248 സ്റ്റാളുകളും

കൊച്ചി: പൂർണമായും ശീതീകരിച്ച പ്രദർശന നഗരിയും മികച്ച അനുബന്ധ സൗകര്യങ്ങളുമായി കേരളം കണ്ട ആദ്യത്തെ ആഗോള നിലവാരത്തിലുള്ള പുസ്തകമേളയായി മാറിയ കൃതിയുടെ രണ്ടാം പതിപ്പ് കൊച്ചി മറൈൻ ഡ്രൈവിൽ സൃഷ്ടിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു പുസ്തകപ്രളയം.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വൻകിട പ്രസാധകർക്കുമൊപ്പം കേരളത്തിൽ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെന്നതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാൻഡുകളുൾപ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയിൽ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചിൽഡ്രൻസ് പുസ്തകങ്ങളാണ് മേളയിൽ കേരളീയരെ കാത്തിരിക്കുന്നത്.

പെൻഗ്വിൻ റാൻഡം ഹൗസ്, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, സേജ്, മക് ഗ്രാഹിൽ, എസ്. ചന്ദ് ആൻഡ് കമ്പനി തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരും അമർ ചിത്രകഥ, സ്‌കോളാസ്റ്റിക്സ്, തൂലിക, സ്പൈഡർ, പെഗസ്സസ് തുടങ്ങിയ കുട്ടികളുടെ പുസ്തക പ്രസാധകരും എസ്‌പിസിഎസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ, പൂർണ, സിഐസിസി, ഗ്രീൻ ബുക്സ് തുടങ്ങിയ മിക്കവാറും എല്ലാ മലയാള പ്രസാധകരും കൃതിയിലുണണ്ട്.

പരീഷാ സീസണിൽ നടന്നിട്ടും 5 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം കൃതി സന്ദർശിച്ചത്. ഇക്കുറി ഇന്ത്യയിലെ മറ്റ് വലിയ പുസ്തകമേളകളും കേരളത്തിലെ പരീക്ഷാ സീസണും കണക്കിലെടുത്ത് ഒരു മാസം മുന്നോട്ടാക്കിയ കൃതി കഴിഞ്ഞ വർഷത്തേതിനേക്കാൾ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ജനറൽ കൺവീനർ എസ്. രമേശൻ പറഞ്ഞു.

കേരളത്തിന്റെ പുനർനിർമ്മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവർണർ

കൊച്ചി: കേരളത്തിന്റെ പുനർനിർമ്മാണത്തിനും ബൗദ്ധിക പുരോഗതിക്കും കൃതി സഹായിക്കുമെന്ന് ഗവർണർ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും കൊച്ചി മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. പ്രളയം കേരളത്തിന്റെ ഗ്രന്ഥശാലാ ശൃംഖലയെ ഉലച്ചിട്ടുണ്ടാകാം, എന്നാൽ കേരളത്തിന്റെ ബൗദ്ധികമായ പ്രതിബദ്ധതയെ ഉലച്ചിട്ടില്ല.

അടിസ്ഥാനസൗകര്യമേഖലയിലും കാർഷികരംഗത്തും സംസ്ഥാനത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുയാണ്. ഇതിനൊപ്പം നമ്മുടെ ബൗദ്ധികമായ പുരോഗതി സാക്ഷാത്കരിക്കാനുള്ള ശ്രമമായാണ് താൻ കൃതിയെ കാണുന്നതെന്ന് ഗവർണർ പറഞ്ഞു. കൃതിയുടെ ഈ പതിപ്പിൽ തമിഴ് സംസ്‌ക്കാരത്തിനും സാഹിത്യത്തിനും സവിശേഷ പ്രാധാന്യം നൽകുന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഐക്യത്തിന് കരുത്തേകാൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയും. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് പരിഭാഷകളിലൂടെ ലോകമെങ്ങും എത്തിച്ചേരാൻ മലയാള സാഹിത്യം ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു.

പ്രളയത്തെ അതിജീവിച്ച കേരളം ലോകത്തിനു തന്നെ മാതൃകയായെന്ന് അധ്യക്ഷ പ്രസംഗത്തിൽ സഹകരണ, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രളയാനന്തര കാലത്ത് സാഹോദര്യത്തിലൂിയ പുതിയ സമൂഹത്തെ വാർത്തെടുക്കാൻ കൃതി പോലുള്ള മേളകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. എം. കെ. സാനു ആമുഖ പ്രഭാഷണം നടത്തി. കൃതി കോ-ഓർഡിനേറ്റർ ജോബി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്‌പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ, കൊച്ചി മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, പ്രൊഫ. കെ. വി. തോമസ് എംപി, എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭനെ ഗവർണർ ചടങ്ങിൽ ആദരിച്ചു. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് കൃതജ്ഞത രേഖപ്പെടുത്തി.

കൃതിയിലുമുണ്ടൊരു വില്ലൻ - ഗോവിന്ദൻകുട്ടി

വൻകിടക്കാരുടെ സ്റ്റാളുകൾക്കൊപ്പം 22 ചെറുകിട പ്രസാധകരുടെ സ്റ്റാൻഡുകൾ കൃതിയെ വ്യത്യസ്തമാക്കുന്നു

22 ചെറുകിട പ്രസാധകരുടെ സ്റ്റാൻഡുകളാണ് കൃതി പുസ്തകമേളയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന സംഗതി. 'സാധാരണ ഇത്ര മികച്ച നിലവാരത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേളകൾ ഞങ്ങളെപ്പോലുള്ള ചെറുകിട പ്രസാധകർക്ക് അപ്രാപ്യമായിരിക്കും. അതാണ് ഇക്കുറി കൃതി തിരുത്തിയിരിക്കുന്നത്,' കൃതിയിൽ സ്റ്റാൻഡുള്ള ജി കെ റീഡേഴ്സ് മീഡിയ ഉടമ കെ. വേണുഗോപാൽ പറയുന്നു. ജി കെ എ്ന്നാൽ ഗോവിന്ദൻകുട്ടി. ഒരു കാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ വെറുപ്പു മുഴുവൻ വാരിക്കൂട്ടിയ മികച്ച വില്ലൻ, ഒരുപാട് വടക്കൻപാട്ട് സിനിമകളുടെ തിരക്കഥാകൃത്ത്. മികച്ച കഥാകൃത്തും നോവലിസ്റ്റും കൂടിയായിരുന്ന ഗോവിന്ദൻകുട്ടി (1924-1994) തന്റെ ജീവിതകാലത്ത് 45-ഓളം വിവിധ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതിൽ അദ്ദേഹത്തിന്റെ ആത്മകഥ ഉൾപ്പെടെ പതിനഞ്ചോളം പുസ്തകങ്ങൾ കൃതിയെല ജി കെ റീഡേഴ്സ് സ്റ്റാൻഡിൽ വിൽപ്പനയ്ക്കുണ്ട്.

എഴുത്തുകാർ തന്നെ പ്രസാധകരായവരുടെ സ്റ്റാൻഡുകളും ഇക്കൂട്ടത്തിലുണ്ട്. ഏലം ഒരു ശീലമാക്കൂ എന്ന മുദ്രാവാക്യത്തിലൂടെ പ്രസിദ്ധനായ മലയാളത്തിന്റെ പ്രിയ കവി പി ഐ ശങ്കരനാരായണനാണ് നവമന ബുക്സ് എന്ന സ്ഥാപനത്തിന്റെ സ്റ്റാൻഡിലുള്ളത്. 'പണ്ട് മഹാനായ എഴുത്തുകാരൻ ബഷീർ തന്റെ പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റിരുന്നതത് നമുക്കറിയാം. ഇന്ന് കൃതി പോലെ അപൂർവം ചില പുസ്തകമേളകൾ ഒറ്റപ്പെട്ട എഴുത്തുകാർക്കും ഇതുപോലെ പ്രോത്സാഹനമാകുന്നു. നമ്മുടെ വായനക്കാർ ഇവിടെ നമ്മളെ തേടിയെത്തുന്നു,' പി. ഐ ശങ്കരനാരായണൻ പറയുന്നു

കൃതിയുടെ രണ്ടാം പതിപ്പിന് ഒരു പങ്കാളി-സംസ്ഥാനമുണ്ട് - തമിഴ്‌നാട്

കൊച്ചി: കൊച്ചിക്കാർക്ക് വയനാടിനെപ്പറ്റി എന്തറിയാം? അല്ലെങ്കിൽപ്പോട്ടെ, എറണാകുളം ജില്ലയിൽത്തന്നെയുള്ള കോതമംഗലത്തെപ്പറ്റി എന്തറിയാം? കേരളത്തിലുള്ളവർക്ക് കേരളത്തിലെ സ്ഥലങ്ങളേക്കാൾ അറിയുന്നത് ദുബായിയെപ്പറ്റിയും ന്യൂയോർക്കിനെപ്പറ്റിയുമാണ്. അപ്പോൾപ്പിന്നെ തമിഴ്‌നാടിനെപ്പറ്റി പറായനുണ്ടോ? പോരാത്തതിന് ഇടയിലൊരു സഹ്യപർവതവും. ഒരു സഹ്യപർവതം, എത്രയോ അസഹ്യപർവതങ്ങൾ.

ഈ അസഹിഷ്ണുതയും അജ്ഞതയും ഇല്ലാതാക്കാനാണ് പങ്കാളിത്ത സംസ്ഥാനങ്ങൾ എന്ന ആശയത്തിന് കൃതി സാക്ഷാത്കാരം നൽകിയിരിക്കുന്നത്. ഇതാദ്യമാായാണ് ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തിന് മേളയിൽ പ്രത്യേക പ്രാധാന്യം നൽകുന്നത്.

തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നാലു സെഷനുകളാണ് കൃതി വിജ്ഞാനോത്സവത്തിൽ ഒരുക്കയിരിക്കുന്നത് മേളയിലുണ്ടാവും. നാളെ (ഫെബ്രു 10) വൈകിട്ട് 5.30ന് രണ്ടാമത്തെ വേദിയായ രാജലക്ഷ്മിയിൽ നടക്കുന്ന സമകാലീന തമിഴ് സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചയിൽ നന്തമിഴ് നങ്കൈ, സൂര്യകാന്തൻ, മിനിപ്രിയ എന്നിവർ പങ്കെടുക്കും. 12ന് വൈകിട്ട് നാലിന് ചിലപ്പതികാരം ആധുനിക സാഹിത്യത്തിൽ എന്ന വിഷയത്തിൽ എച്ച്എസ് ശിവ്പ്രസാദ് സംസാരിക്കും. 13ന് ഉച്ചക്ക് രണ്ടിന് തമിഴ് തിണൈ സംസ്‌കൃതി എന്ന വിഷയത്തിൽ നിർമൽ സെൽവമണി, എംആർ രാഘവ വാര്യർ, കേശവൻ വെളുത്താട്ട് എന്നിവരും വൈകിട്ട് അഞ്ചിന് തമിഴ് നാട്യ സംസ്‌കൃതി എ്ന്ന വിഷയത്തിൽ ലാവണ്യ അനന്ത്, ലക്ഷ്മി വിശ്വനാഥ് എന്നിവരും സംസാരിക്കും.

പുസ്തകമേളിയിലാകട്ടെ തമിഴ് പുസ്തകങ്ങൾക്കായി പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ന്യൂ സെഞ്ച്വറി ബുക്സ്, കാലച്ചുവട് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭ്യമാവുക. വൈക്കം മുഹമ്മദ് ബഷീറും എംടി വാസുദേവൻ നായരുമടക്കമുള്ള എഴുത്തുകാരുടെ കൃതികളുടെ തമിഴ് പരിഭാഷകളും സ്റ്റാളിൽ ലഭ്യമാണ്.
കൃതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആർട്ട് ഫെസ്റ്റിലും തമിഴ് കലാ പ്രകടനങ്ങൾ ഇടം നേടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് (ഫെബ്രു 9) മദ്രാസ് മെയിൽ മ്യൂസിക് ബാൻഡ് ആർട്ഫെസ്റ്റിന്റെ ഭാഗമായി വേദിയിലെത്തും. 6-30നാണ് പരിപാടി.

100ാം വർഷത്തിലേക്ക് കടന്ന കുമാരനാശാന്റെ ചിന്താവിഷ്ട സീതയെ ആസ്പദമാക്കിയുള്ള ഭരതനാട്യവും ആർട് ഫെസ്റ്റിവലിൽ അരങ്ങേറും. 12ന് വൈകിട്ട് ലാവണ്യാ അനന്താണ് ചിന്താവിഷ്ടയായ സീതയുമായി അരങ്ങിലെത്തുക.

കൃതിയിൽ ഇന്ന് (ഫെബ്രു 9 ശനി)

കൃതി അന്താരാഷ്ട്ര വിജ്ഞാനോൽസവം

വേദി - 1: കേസരി

വൈകിട്ട് 4 മുതൽ 5 വരെ: എം. ഗോവിന്ദൻ ഓർമ - ടി. പത്മനാഭൻ

5 മുതൽ 6 വരെ: എനിക്ക് പറയാനുള്ളത് - എം. മുകുന്ദൻ
6 മുതൽ 7 വരെ: കവിതയ്ക്കു പിന്നിലെ കഥ - വി. മധുസൂദനൻ നായർ

വേദി 2: രാജലക്ഷ്മി
6 മുതൽ 7 വരെ: എന്റെ വായനാനുഭവങ്ങൾ - എം. കെ മുനീർ, പി. ടി തോമസ

ഡോക്യുമെന്ററി ഫെസ്റ്റിവൽ

വൈകിട്ട് 7.00: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, by ഷൈനി ജേക്കബ് ബെഞ്ചമിൻ.
7.55: കലാമണ്ഡലം ഹൈദരലി by മണിലാൽ പടവൂർ

ആർട്ട് ഫെസ്റ്റ്

മദ്രാസ് മെയിൽ, ദ ബാൻഡ് 6-30

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP