Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃതിയിൽ ഇന്ന് കുട്ടികളുടെ പാർലമെന്റ്; വിവിധ ജില്ലകളിൽ നിന്നുള്ള 60 കുട്ടികൾ പങ്കെടുക്കുന്ന പരിപാടി

കൃതിയിൽ ഇന്ന് കുട്ടികളുടെ പാർലമെന്റ്; വിവിധ ജില്ലകളിൽ നിന്നുള്ള 60 കുട്ടികൾ പങ്കെടുക്കുന്ന പരിപാടി

കൊച്ചി: കൃതി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിലും സംഘടിപ്പിക്കുന്ന കുട്ടികളുടെ മോഡൽ പാർലമെന്റ് ഇന്ന് പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള 60 കുട്ടികൾ പങ്കെടുക്കുന്ന പരിപാടി രാവിലെ 10 മണിക്ക് മുൻ എംപി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയെ സ്വീകരിച്ച് ആനയിക്കൽ, നയപ്രഖ്യാപന പ്രസംഗം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചനം, ചോദ്യോത്തരവേള, ചർച്ച, അടിയന്തരപ്രമേയം, വാക്കൗട്ട്, ശ്രദ്ധ ക്ഷണിക്കൽ, ബിൽ അവതരണം, ഓർഡിനൻസ് തുടങ്ങിയ എല്ലാ പാർലമെന്റ് നടപടികളും കുട്ടികളുടെ പാർലമെന്റിലും അരങ്ങേറും. നവകേരള സൃഷ്ടിയായിരിക്കും പ്രധാന ചർച്ചാ വിഷയം. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന 10 കുട്ടികളെ ബെസ്റ്റ് പാർലമെന്റേറിയന്മാരായി തെരഞ്ഞെടുക്കും. സംസ്ഥാന സാമൂഹ്യശാസ്ത്ര കൗൺസിൽ സെക്രട്ടറി ഡി. രഞ്ജനാണ് പരിപാടിക്ക് നേതൃത്വം നൽകുക.

ഐസോല 13-ാമത് ദേശീയ സമ്മേളനം ഇന്ന് സമാപിക്കും

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് ലാൻഡ്സ്‌കേപ് ആർക്കിടെക്റ്റ്സിന്റെ (ഐസോല) 13-മാത് ദ്വിവാർഷിക സമ്മേളനം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് (ഫെബ്രു 16) സമാപിക്കും. റീഇമാജിനിങ് ലാൻഡ്സ്‌കേപ്സ്, ഐഡന്റിറ്റി, അപ്പ്രോച്ച്, സ്റ്റ്യുവഡ്ഷിപ്പ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ജീവിക്കുന്ന ജലം (ലിവിങ് വാട്ടേഴ്സ്), നട്ടുപിടിപ്പിക്കാത്ത ഉദ്യാനങ്ങൾ (ഗാർഡനിങ് വേണ്ടാത്ത ഗാർഡനുകൾ), പ്രകൃതിയോടിണങ്ങുന്ന ഡ്രെയ്നേജ് ഡിസൈൻ, ലാൻഡ്സ്‌കേപ്പ് ഇൻസ്റ്റലേഷനുകൾ എന്നീ വിഷയങ്ങളിൽ ശിൽപ്പശാലകൾ നടന്നു. രണ്ടാം ദിവസമായ ഇന്ന് ഗുജറാത്തിലെ കച്ഛ് മേഖലയുടെ പുനർവനവൽക്കരണം, നഗരങ്ങളിലെ നദി ഇടനാഴികൾ, ദാന്തെയുടെ ഡിവൈൻ കോമഡി വാരണാസിയിൽ തുടങ്ങിയ പതിനെട്ട് വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. കൊച്ചിയിലേയും പരിസരപ്രദേശങ്ങളിലേയും ഭൂപ്രകൃതിയും സംസ്‌കാരവും അടുത്തറിയുന്നതിനായി സമ്മേളനാംഗങ്ങൾക്കായി മൂന്ന് യാത്രകളും ഒരുക്കിയിട്ടുണ്ട്.

യോസപ്പോ ബൂസോം (കോ-ഫൗണ്ടർ & ഡയറക്ടർ, ഷ്മ കമ്പനി ലിമിറ്റഡ്, തായ്ലന്റ്), ഡോ. ടി. വി. രാമചന്ദ്ര (കോ-ഓർഡിനേറ്റർ, എനർജി & വെറ്റ്ലാൻഡ്സല് റിസർച്ച് ഗ്രൂപ്പ്, & കൺവീനർ, എൻവയോൺമെന്റൽ ഇൻഫർമേഷൻ സിസ്റ്റംസ്, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ്, ഐഐഎസ്സി, ബാംഗ്ലൂർ), ഗെന വിർത്ത് (ഡിസൈൻ പ്രിൻസിപ്പൽ, സ്‌കേപ്പ്ലാൻഡസ്‌കേപ്പ് ആർക്കിടെക്ചർ & അർബൻ സ്റ്റുഡിയോ, ന്യൂയോർക്ക്), ജെല്ലി തരി (ഡിസൈൻ ഡയറക്ടർ, റാംബോൾ സ്റ്റുഡിയോ ഡ്രെസെയിറ്റ്, സിംഗപ്പൂർ), ഡോ. ജോൺ ഡി. ലിയു (ഇക്കോസിസ്റ്റം അംബാസ്സഡർ, കോമൺലാൻഡ് ഫൗണ്ടേഷൻ, വിസിറ്റിങ് ഫെല്ലോ, നെതർലാന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജി & ഡയറക്ടർ, എൻവയോൺമെന്റൽ എഡ്യുക്കേഷൻ മീഡിയ പ്രൊജക്ട്), ബ്രെക് ഗസ്സ്റ്റിംഗർ (സീനിയർ അസോസിയേറ്റ്, നെൽസൺ ബിർഡ്വോൾഡ്സ് ലാൻഡ്സ്‌കേപ്പ് ആർക്കിടെക്ട്സ്, യു.എസ്.എ) തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭാഷകരാണ് കോഫറൻസിൽ പങ്കെടുക്കുന്നത്. ലാൻഡ്സ്‌കേപ്പ് ആർക്കിടെക്ചർ മേഖലയെ വിപുലീകരിക്കുകയാണ് 2003-ൽ സ്ഥാപിച്ച ഐസോലയുടെ ലക്ഷ്യം.

സ്‌കൂൾ ഐഡിയുമായി വരുന്ന കുട്ടികൾക്ക് 250 രൂപയുടെ കൂപ്പണുകൾ ഇന്നും നാളെയും കൂടി 

കൊച്ചി: സമാപിക്കാൻ രണ്ടു ദിവസം കൂടി ബാക്കിയുള്ളപ്പോൾ കൃതി പുസ്തകമേളയെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കിയിരിക്കുകയാണ്. മേളയുടെ ഭാഗമായി ഇത് രണ്ടാം വർഷവും നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയാണ് മേളയെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കിയിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങൽലൂടെ സംസ്ഥാനത്തുടനീളം വിതരണം ചെയ്ത 1 കോടി 10 ലക്ഷം രൂപയുടെ കൂപ്പണുകൾക്കു പുറമെ സ്‌കൂൾ ഐഡി കാർഡും അതിന്റെ ഫോട്ടോ കോപ്പിയുമായി വരുന്ന കുട്ടികൾക്ക് കൃതിയുടെ വേദിയിലും 250 രൂപയുടെ കൂപ്പൺ ലഭിക്കും. കൂപ്പണുകൾ വിതരണം ചെയ്യുന്നത് ഇന്നും (ഫെബ്രു 16) നാളെയും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

സഹകരണ സ്ഥാപനങ്ങൾ വഴി മുൻകൂട്ടി കൂപ്പണുകൾ ലഭിച്ച വിദ്യാർത്ഥികൾ വിനോദയാത്ര വരുന്ന ആവേശത്തോടെയാണ് അദ്ധ്യാപകരോടൊപ്പം എറണാകുളത്തേയ്ക്ക് വരുന്നത്. വാഹനങ്ങളിൽ കൃതി പുസ്തകമേളയുടെ ബാനറും വഹിച്ചാണ് കേരളം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ സാംസ്‌കാരിക തീർത്ഥയാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ യാഥാർത്ഥ്യമാക്കുന്നത്.

250 രൂപയുടെ കൂപ്പണുകളുമായെത്തുന്ന കുട്ടികളോട് ആദ്യം പ്രദർശനനഗരി മുഴുവൻ നടന്ന് മുഴുവൻ സ്റ്റാളുകളും കാണണമെന്ന് അനൗൺസ്മെൻുകളിലൂടെ ഓർമിപ്പിക്കാനും സംഘാടകർ മറക്കുന്നില്ല. എല്ലാ സ്റ്റാളുകളും കണ്ട ശേഷം മാത്രം തങ്ങൾക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനാണ് താൽപ്പര്യം.

കുട്ടികൾക്കുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന അമർ ചിത്രകഥ, സ്‌കോളാസ്റ്റിക്സ്, തൂലിക, സ്പൈഡർ, പെഗസ്സസ് തുടങ്ങിയ മിക്കവാറും എല്ലാ പ്രമുഖ പ്രസാധകരും മേളയിലുണ്ടെന്നതാണ് കുട്ടികളെ ഏറെ ആവേശഭരിതരാക്കുന്നത്. ഇവയ്ക്കു പുറമെ അക്കാദമിക് പുസ്തകങ്ങൾക്ക് പ്രശസ്തരായ പിയേഴ്സൺ, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മക്ഗ്രാഹിൽ, വൈലി, ഷ്രോഫ്, എസ് ചന്ദ് ആൻ കോ എന്നിവരും ക്ലാസിക്കുകൾക്കും മാസ്റ്റർപീസുകൾക്കും പേരു കേട്ട പെൻഗ്വിൻ റാൻഡം ഹൗസും മേളയിലുണ്ട്. എസ്‌പിസിഎസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ, ചിന്ത, പൂർണ, സിഐസിസി, ഗ്രീൻ ബുക്സ് തുടങ്ങിയ പ്രമുഖ മലയാള പ്രസാധകർക്ക് പുറമെയാണിത്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വൻകിട പ്രസാധകർക്കുമൊപ്പം കേരളത്തിൽ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാൻഡുകളുൾപ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയിൽ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചിൽഡ്രൻസ് പുസ്തകങ്ങളാണ് രണ്ടു ദിവസം കൂടി ഹമേളയിൽ കേരളീയരെ കാത്തിരിക്കുന്നത്.

രാമകഥ ഭാവനാസൃഷ്ടി; സംഘപരിവാറിന്റെ രാമൻ കൊലയാളിയായ രാമൻ രാഘവനെന്നും ചുള്ളിക്കാട്

കൊച്ചി: രാമ ജന്മഭൂമി മനുഷ്യഭാവനയാണെന്നും ചരിത്രയാഥാർഥ്യമല്ലെന്നും പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമൻ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയിൽ പറയുന്ന സ്ഥലങ്ങളും യഥാർഥത്തിലുള്ളവയല്ല. സംഘപരിവാർ രാമജന്മഭൂമിയായി പറഞ്ഞ അയോധ്യയെന്ന് നാമകരണം ചെയ്ത സ്ഥലം പണ്ട് അയോധ്യ എന്ന് പേരുള്ള സ്ഥലമാണോ എന്നും ആർക്കും അറിയില്ല. സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ലെന്നും കൊലയാളിയായ രാമൻ രാഘവിനെ ആണെന്നും ചുള്ളിക്കാട് പറഞ്ഞു. കൃതിയിൽ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം സംബന്ധിച്ച പ്രഭാഷണത്തിലാണ് ചുള്ളിക്കാട് ഇങ്ങനെ പറഞ്ഞത്.

രാമകഥയെന്ന പുരാവൃത്തത്തിൽ നിന്നാണ് വാൽമീകി രാമായണമുണ്ടായത്. വാൽമീകി രാമായണത്തെ ആദികാവ്യം എന്ന് പറയുന്നത് അത് എന്ന് പുറത്തിറങ്ങിയെന്ന സമയക്രമം അനുസരിച്ചല്ല, സൗന്ദര്യശാസ്ത്രപ്രദമായ പ്രത്യേകതകൾ അനുസരിച്ചാണ്. ഉത്തരരാമായണവും വാൽമീകി രാമായണത്തിന്റെ ഭാഗമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതിനുള്ള സൂചനകൾ രാമായണത്തിലുള്ളതായും അദ്ദേഹം വ്യക്തമാക്കി. വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കാൻ പറ്റിയെന്ന പ്രത്യേകത കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കുണ്ട്. രാമനെ കുറ്റപ്പെടുത്താനും അനുകൂലിക്കാനും ഉള്ള കാര്യങ്ങൾ സീതാകാവ്യത്തിൽ കണ്ടെത്താൻ വായനക്കാർക്ക് സാധിക്കും. രാമൻ രാജാവായിരുന്ന കാലത്ത് രാമന്റെ പത്നിയെ ചോദ്യം ചെയ്യാൻ രാജ്യത്തെ പ്രജകൾക്ക് സാധിച്ചിരുന്നു. ഇന്ന് രാമന്റെ പേരിൽ അധികാരത്തിലെത്തിയവരെ വിമർശിച്ചാൽ എന്തായിരിക്കും ഫലം? അത് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കാര്യത്തിൽ വ്യക്തമായതാണെന്നും ചുള്ളിക്കാട് പറഞ്ഞു.

അധികാരത്തിന്റെ വിശേഷങ്ങൾ മാത്രമാണ് ചരിത്രമായി രേഖപ്പെടുത്തപ്പെട്ടതെന്ന് മനു എസ് പിള്ള

കൊച്ചി: ജനാധിപത്യത്തിലും രാജവംശകാലത്തും ഔദ്യോഗികമായ പ്രത്യയ ശാസ്ത്രങ്ങളും നിലനിൽക്കുന്ന യാഥാർഥ്യങ്ങളും തമ്മിൽ അന്തരമുള്ളതായി എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ മനു എസ് പിള്ള. കൃതി വിജ്ഞാനോൽസവത്തിൽ ഐവറി ത്രോണിന്റെ മലയാള പരിഭാഷക പ്രസന്നാ വർമയുമായി ഹജനാധിപത്യവും രാജവംശങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയാണ്. വർത്തമാന ഇന്ത്യയിൽ ഔദ്യോഗികമായി രേഖകളിൽ വിവേചനങ്ങൾ നിലനിൽക്കുന്നില്ല. എന്നാൽ യഥാർഥത്തിൽ ഇത് നിലനിൽക്കുണ്ട്. ചരിത്രത്തിലെ രേഖപ്പെടുത്തലുകളിൽ രാഷ്ട്രീയമുണ്ടായിരുന്നു. അധികാരമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. നങ്ങേലി മാറിടം മുറിച്ച സംഭവത്തിന് രേഖയെവിടെ എന്ന് പലരും ചോദിക്കുന്നു. അധികാരമില്ലാത്ത വിഭാഗങ്ങൾ വാമൊഴികളിലൂടെയായിരുന്നു അറിവ് കൈമാറിയിരുന്നത്. അധികാരമുള്ളവരായിരുന്നു രേഖകൾ തയ്യാറാക്കിയതും സൂക്ഷിച്ചതും. അതിനാൽ തന്നെ നങ്ങേലിയുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. നമ്മുടെ പാരമ്പര്യം തന്നെ പിരശോധിച്ചാൽ വ്യത്യസ്ത കാലങ്ങളിലെ ആശയങ്ങൾ തമ്മിലെ വൈരുദ്ധ്യം കാണാം. ഒരു വേദത്തിൽ പറയുന്ന ആശയത്തിനു വിരുദ്ധമാണ് മറ്റൊരു വേദത്തിലെ ആശയം. രാജ്യത്ത് സാംസ്‌കാരിക സദാചാരമാണോ ഭരണഘടനാ മൂല്യങ്ങളാണോ പ്രധാനമെന്ന് ചോദിച്ചാൽ ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തിന് ലിംഗനീതി നടപ്പാക്കാനായില്ലെന്ന് സാറാ ജോസഫ്

അക്കാലത്ത് സ്ത്രീകൾ നിർമ്മിച്ച തൊഴിൽകേന്ദ്രത്തിലേയ്ക്ക് എന്ന നാടകം അവഗണിക്കപ്പെട്ടു, പുരുഷൻ എഴുതിയ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് കൊണ്ടാടപ്പെട്ടു

കൊച്ചി: സ്ത്രീ സമത്വവുമായി ബന്ധപ്പെട്ട് നവോത്ഥാനകാലത്ത് മാറ്റമോ വിമോചനമോ അല്ല ഒത്തുതീർപ്പിൽ അധിഷ്ഠിതമായ പരിഷ്‌കരണം മാത്രമാണുണ്ടായതെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. കൃതി വിജ്ഞാനോൽസവത്തിൽ ' അസ്വസ്ഥതകളുടെ തുടർച്ച, എഴുത്തിന്റെയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസൻ, സെന്റ് സേവ്യേഴ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി മിലൻ ഫ്രാൻസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നവോത്ഥാന കാലത്ത് ചില പരിശ്രമങ്ങളുണ്ടായെങ്കിലും ലിംഗനീതി നടപ്പാക്കാനായിട്ടില്ലെന്ന് സാറാ ജോസഫ് പറഞ്ഞു. വേണമെങ്കിൽ പുരഷന്റെ മേന്മയ്ക്കു വേണ്ടി സ്ത്രീ അബലയായി തന്നെ ഇരുന്നോട്ടെ, എന്നാൽ അവളുടെ പട്ടുചേലയുടെ വക്കു വേണം രാജ്യത്തിന്റെ മുറിവു കെട്ടാൻ എന്നാണ് വിടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകത്തിന്റെ ആദ്യ പതിപ്പുകളുടെ അവസാനഭാഗത്ത് കുറിച്ചിട്ടുള്ളത്. ഇത് ഒത്തുതീർപ്പാണ്. അത് ഒത്തുതീർപ്പാണെന്ന് തെളിയിക്കുന്ന തൊട്ടടുത്ത് ഇറങ്ങിയ മറ്റൊരു നാടകമുണ്ട്. അക്കാലത്ത് സ്ത്രീകൾ നിർമ്മിച്ച് പുറത്തിറക്കിയ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം്. ആ നാടകത്തിൽ ഒരു ഒത്തുതീർപ്പുമില്ലായിരുന്നു. തൊഴിലെടുക്കാനുള്ള അവകാശത്തെക്കുറിച്ചും അത് ഭർത്താവും പിതാവും അടക്കം ആർക്കും നിഷേധിക്കാൻ പറ്റില്ലെന്നും സ്ത്രീകൾ പ്രഖ്യാപിച്ച ആ നാടകം പാർശ്വവൽക്കരിക്കപ്പെട്ടപ്പോൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ചർച്ചചെയ്യപ്പെട്ടതാണ് നവോത്ഥാന കാലഘട്ടത്തിൽ സംഭവിച്ചതെന്ന് സാറാ ജോസഫ് പറഞ്ഞു.

ഭീതി ഒരു അനുഭവമായി നിലനിൽക്കുന്ന കാലത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്ന അനിശ്ചിതത്വം ഉണ്ട്. ഇവ ഒരുകാലത്ത് സാഹിത്യത്തിൽ പ്രതിഫലിക്കും. അത്തരം എഴുത്തുകൾ വരുമ്പോൾ അത് എഴുതുന്നവർ അക്രമിക്കപ്പെട്ടേക്കാം. എഴുത്തുകാർ ആക്രമിക്കപ്പെടുന്ന കാലത്താണ് ഇപ്പോൾ ജീവിക്കുന്നത്. പുരാണ ഇതിഹാസങ്ങളെ പുനർവായന നടത്തി അതിലെ ഗോത്ര പ്രാതിനിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കണം. അവ വീണ്ടെടുത്ത് പുനരാഖ്യാനം ചെയ്യേണ്ടതുണ്ട്.

മുഖ്യധാരാ എഴുത്തിൽ സ്ത്രീകളുടെ ഇടം അംഗീകരിക്കുന്നതിൽ നിരൂപണ രംഗത്തെ പ്രമുഖർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നു. ലിംഗനീതി പറയാൻ എളുപ്പമാണെങ്കിലും പ്രായോഗിക തലത്തിൽ യാഥാർഥ്യമാവുന്നില്ല. മുമ്പ് പരിസ്ഥിതിയെ വർണിക്കുകയും പരിസ്ഥിതിയോട് മല്ലിട്ട മനുഷ്യരുടെ കഥ പറയുകയുമായിരുന്നു സാഹിത്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് അവസ്ഥമാറി. പരിസ്ഥിതികളെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്ന കലമാണിതെന്നും സാറാ ജോസഫ് പറഞ്ഞു.

എല്ലാ കാലത്തും അസ്വസ്ഥതകളുണ്ടെന്നും അസ്വസ്ഥതകളിൽനിന്ന് സാഹിത്യമുണ്ടാവുന്നതായും സംഗീത ശ്രീനിവാസൻ പറഞ്ഞു.

ആധുനികതയെ ദൈവത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ശ്രീനാരായണഗുരു ചെയ്തതെന്ന് സുനിൽ പി. ഇളയിടം

കൊച്ചി: ആധുനികതയെ ദൈവത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ശ്രീനാരായണഗുരു ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ പൂർണമായ അർത്ഥത്തിൽ മനസ്സിലാക്കുന്നതിൽ സമൂഹം പരാജയപ്പെട്ടതായും ഡോ. സുനിൽ പി ഇളയിടം. കൃതി വിജ്ഞാനോൽസവത്തിൽ ഗുരുദർശനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികതയുടെ ധാർമികവും നൈതികവുമായ അടിസ്ഥാനം ഇന്ന് കൈമോശം വന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹോദര്യം, കാരുണ്യം എന്നീ ആശയങ്ങളിലൂന്നി ഗുരു ആധുനികതയെ ദൈവത്തിലേക്ക് സന്നിവേശിപ്പിച്ചു. ഇന്ന് ആധുനികതയുടെ നൈതിക മൂല്യങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ആധുനികത വിപരീത ദിശയിലേക്ക് പോയി. മത ജീവിതത്തെ സാഹോദര്യ ഭാവത്തിലേക്ക് മാറ്റാനാണ് ഗുരു ശ്രമിച്ചത്. മതത്തിൽ നിന്ന് ആവശ്യമുള്ളത് കാലത്തിനനുസരിച്ച് സ്വീകരിക്കുകയാണ് വേണ്ടത്. മതം ശാശ്വതമായ, ഒരേ തരത്തിൽ നിലനിൽക്കുന്ന ഒന്നല്ല. ഒരു മതം മാത്രം ശരിയെന്ന അഭിപ്രായം ശ്രീനാരായണ ഗുരു വെച്ചുപുലർത്തിയിരുന്നില്ല.

ഗുരു ലോക ജീവിതത്തിൽ നിന്ന് പിൻവാങ്ങി ആത്മീയതയിൽ മാത്രം മുഴുകിയ വ്യക്തിയല്ല. തന്റെ ലോകവീക്ഷണം മാത്രമാണ് ശരിയെന്ന് അദ്ദേഹം കരുതിയില്ലെന്നും മറ്റുള്ളവരുടെ ബോധ്യങ്ങൾക്കും പ്രാധാന്യം നൽകിയെന്നും സുനിൽ പി ഇളയിടം പറഞ്ഞു. മതത്തെ സാമൂഹിക തലത്തിൽ മാത്രമല്ല അതിന്റെ നൈതിക തലത്തിലും ഗുരു സമീപിച്ചിരുന്നു. മൂല്യങ്ങളിലധിഷ്ടിതമാവുമ്പോൾ മതം പരസ്പരം ഉൾക്കൊള്ളുന്നവയാണ്. ആചാരങ്ങളിൽ അധിഷ്ഠിതമാവുമ്പോളാണ് വേർതിരിവുകൾ. അന്തിമമായി ദൈവം എന്നത് തനിക്ക് പുറത്തുള്ളവരെക്കുറിച്ചുള്ള കരുതലാണെന്ന് ഗുരു അഭിപ്രായപ്പെട്ടിരുന്നു. ഗുരു യുക്തിവാദിയാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ശരിയല്ലെന്നും എന്നാൽ ഗുരു ഒരിക്കലും യുക്തിചിന്ത കൈവിട്ടിരുന്നില്ലെന്നും സുനിൽ പി ഇളയിടം പറഞ്ഞു.

കൃതിയിൽ ഇന്ന് (ഫെബ്രുവരി 16 ശനി)

കൃതി വിജ്ഞാനോത്സവം

കേസരി ഹാൾ

10 മുതൽ 11.30 വരെ - പതാകയും സ്വാതന്ത്ര്യവും - കെ. പി ജയശങ്കർ, ചാരു നിവേദിത, വി. കെ. പ്രസാദ്

11.30 മുതൽ 1 വരെ - സോഷ്യൽ മീഡിയയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം - അപർണ പ്രശാന്തി, മനോജ് നിരക്ഷരൻ, രാംമോഹൻ പാലിയത്ത്

2.30 മുതൽ 4 വരെ - ഇന്ത്യൻ ജുഡിഷ്യറിയുടെ മാറുന്ന മുഖം - ജസ്റ്റിസ് കുര്യൻ ജോസഫ്, കാളീശ്വരം രാജ്

5:30 മുതൽ 7 വരെ - ചിന്താവിഷ്ടയായ സീതയും ആധുനിക സ്ത്രീത്വവും - കെ. പി മോഹനൻ, ഡോ. മീര വേലായുധൻ, മ്യൂസ് മേരി, ആർ. ബി. രാജലക്ഷ്മി

രാജലക്ഷ്മി ഹാൾ

11:30 മുതൽ 1 വരെ - ഡിജിറ്റൽ യുഗത്തിലെ വിമർശനാത്മ ചിന്തകൾ - രാമൻകുട്ടി, വൈശാഖൻ തമ്പി, വീണ ജെ. എസ്, ജിമ്മി മാത്യു

3.30 മുതൽ 5 വരെ - തൊഴിലിടങ്ങൾ - ജയശങ്കർ എസ്., ശീതൾ ശ്യം

5 മുതൽ 7 വരെ - ആരോഗ്യവും പോഷണചികിത്സയും - ഡോ. എ. ശ്രീകുമാർ, ഡോ. സുജിത്, ഡോ. ഡോ. ജോഫിൻ ജോണി, ഡോ. ലീന ലിയോൺ, സിന്ധു എസ്., യുഎസിൽ നിന്നും വിഡിയോ കോൺഫറൻസ് വഴി ഡോ. തോമസ് ഇ. ലെവി

പണ്ഡിറ്റ് കറുപ്പൻ ഹാൾ

4 മുതൽ 6 വരെ

കേരളം 2.0-ൽ സഹകരണസ്ഥാപനങ്ങളുടെ പങ്ക് - ടി. വി. അനുപമ ഐഎഎസ്, കടകംപള്ളി സുരേന്ദ്രൻ, മിനി ആന്റണി ഐഎഎസ്, സലിം ഗംഗാധരൻ

വൈലോപ്പിള്ളി ഹാൾ

11:30 മുതൽ 12 വരെ വാട്ടർ കളർ ഡെമോൺസ്ട്രേഷൻ - മോപ്പസാങ്ങ് വാലത്ത്
3 മുതൽ 5 വരെ - ഭക്ഷണം, ആരോഗ്യം, മരുന്ന് - ഡോ. ജിമ്മി മാത്യു, ഡോ. അരുൺ, ഡോ. മുംതാസ്
4 മുതൽ 5 വരെ - മിനിസ്‌ക്രീനിലെ പൊളിറ്റിക്കൽ ട്രോളിങ് - കോട്ടയം പ്രദീപ്

ആർട് ഫെസ്റ്റ്

പണ്ഡിറ്റ് കറുപ്പൻ ഹാൾ

6:30-ന്

ചവിട്ടുനാടകം, ജൂലിയസ് സീസർ - കൊച്ചിൻ ചവിട്ടുനാടകക്കളരി

ഡോക്യുമെന്ററി ഫെസ്റ്റിവൽ

കേസരി ഹാൾ

7 മണി - പ്രേംജി - ഏകലോചനജന്മം - നീലൻ

ലോകക്ലാസിക്കുകളെ സ്നേഹിക്കുന്ന മലയാളികൾക്ക് വിരുന്നായി കൃതി

കൊച്ചി: മലയാള സാഹിത്യത്തിനും ഇന്ത്യൻ സാഹിത്യത്തിനും പുറമേ ദേശങ്ങൾക്കപ്പുറത്തുനിന്നുള്ള രചനകൾകൂടി വായനക്കാർക്കുമുന്നിലെത്തിക്കുകയാണ് കൃതി അന്താരാഷ്ട്ര പുസ്തകമേള. പെൻഗ്വിൻ റാൻഡം ബുക്സ്, ന്യൂയോർക് റിവ്യൂ ഓഫ് ബുക്സ്, പുഷ്‌കിൻ പ്രസ്, വിന്റേജ് ക്ലാസിക്സ്, ബാന്റം ബുക്സ് തുടങ്ങിയവരുടെ പുസ്തകങ്ങൾ പ്രിസം ബുക്സ് അവരുടെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. അപൂർവമായ സാഹിത്യ ക്ലാസിക് കൃതികളുടെ ശേഖരം തന്നെ ഇത്തരത്തിൽ വായനക്കാർക്കുമുന്നിൽ എത്തിച്ചിരിക്കുന്നു. കേരളത്തിലാദ്യമായാണ് ഇത്രയധികം ക്ലാസിക്കുകൾ പ്രദർശന വേദിയിലെത്തിക്കുന്നതെന്ന് പ്രിസം ബുക്സ് അറിയിച്ചു. മാർസൽ പ്രൂസ്റ്റ്, തോമസ് മൻ, പാബ്ലോ നെരൂദ, അന്ന് അഹ്മതോവ, ഇറ്റാലോ കാൽവിനോ, മറീന സ്വറ്റേവ, വ്ലാദിമിർ നബക്കോവ്, റോളാന്ത് ബാർത്സ്, സീസ്ലോ മിലോസ്, ഐസക് അസേമോവ്, ഇസയ ബർലിൻ , റോബർട്ട് വാൾസർ തുടങ്ങിയവരുടെ അപൂർവ്വ ഗ്രന്ഥങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ക്ലാസിക്കുകൾക്കൊപ്പം ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും സമകാലിക സാഹിത്യ കൃതികളും ഇടം പിടിച്ചിട്ടുണ്ട്.

' സാഹിത്യ ക്ലാസിക്കുകളുടെ വായനയിൽ മലയാളി എക്കാലത്തും മുൻപന്തിയിലാണ്. അതിപ്പോഴും തുടരുന്നു. അത്തരം കൃതികളുടെ കേരളത്തിലെ വില്പന പ്രസാധകലോകം വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. കൃതി ഫെസ്റ്റിവലിലെ ക്ലാസിക്ക് കലക്ഷ്ൻ തീർച്ചയായും അപൂർവ്വമായ ഒരു വിരുന്നാണ് ' പുസ്തക നിരൂപകനായ എൻ.ഇ. സുധീർ അഭിപ്രായപ്പെട്ടു.

വിദേശ സാഹിത്യ കൃതികൾക്കു പുറമേ ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാരുടെ രചനകൾക്കും മേളയിൽ വലിയ വരവേൽപാണ് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP