ലോബ പുരസ്‌കാരങ്ങൾ സമ്മാനിച്ചു; ഡോ. സുജിത് വർഗീസ് തോമസും സഞ്ജയ് വിജയകുമാറും ഗ്ലോബൽ ലീഡർഷിപ്പ്, യങ്ങ് അച്ചീവേഴ്സ് ബഹുമതികൾ ഏറ്റുവാങ്ങി
June 18, 2019 | 10:30 AM IST | Permalink

തിരുവനന്തപുരം, ജൂൺ 15: ലൊയോള സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ്പ്, യങ്ങ് അച്ചീവേഴ്സ് പുരസ്‌കാരങ്ങൾ ഡോ. സുജിത് വർഗീസ് തോമസും സഞ്ജയ് വിജയകുമാറും ഏറ്റുവാങ്ങി.
ശ്രീമൂലം ക്ലബ്ബിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി സുരേഷ് ആയിരുന്നു മുഖ്യാതിഥി. ഡോ. സുജിത്ത് വർഗീസ് തോമസിന് അദ്ദേഹം ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് സമ്മാനിച്ചു.
സഞ്ജയ് വിജയകുമാറിന് ലൊയോള സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ ദേവസ്സി പോൾ എസ് ജെ യങ്ങ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു.ലോബ പ്രസിഡന്റ് ഡോ. സി വി റാം മോഹൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ലൊയോള സ്‌കൂൾ റെക്റ്റർ ഫാദർ സണ്ണി കുന്നപ്പള്ളിൽ എസ് ജെ - മെമെന്റോകൾ വിതരണം ചെയ്തു.
ഉത്തർപ്രദേശിലെ നൂറുവർഷത്തോളം പഴക്കമുള്ള ഫത്തേപ്പൂർ ബ്രോഡ്വെൽ ആശുപത്രിയെ തകർച്ചയിൽനിന്നു കരകയറ്റി അവിടത്തെ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാക്കി മാറ്റിയതാണ് ഡോ. സുജിത് വർഗീസ് തോമസിന്റെ സംഭാവന. കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ ആഗോളപ്രശസ്തി നേടിയ മോബ്മിയുടെ സ്ഥാപകനും കേരള സ്റ്റാർട്ടപ്പ് വില്ലേജ് ബോർഡ് ചെയർമാനുമാണ് സഞ്ജയ് വിജയകുമാർ. അത്തരത്തിൽ രാജ്യം മുഴുവൻ ആദരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് പുരസ്‌കാരജേതാക്കൾ ഇരുവരും.
നാലുവർഷം മുൻപാണ് ലോബ അവാർഡുകൾക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് തന്നെ ഇത്തരം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുന്ന ആദ്യത്തെ വിദ്യാലയമാണ് തിരുവനന്തപുരത്തെ ലൊയോള സ്‌കൂൾ. നൂറ്റി ഇരുപതോളം വരുന്ന സ്‌കൂൾ ജീവനക്കാർക്കായി മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവീസിൽ നിന്ന് പിരിഞ്ഞുപോയ അദ്ധ്യാപകേതര ജീവനക്കാർക്കായി പെൻഷൻ പദ്ധതി നടപ്പിലാക്കിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ലോബ കാഴ്ചവെയ്ക്കുന്നത്.