Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ധ്രുവം മുതൽ ധ്രുവം വരെ : ഭൂമിമലയാളം പദ്ധതിക്ക് വ്യാപക പങ്കാളിത്തം

ധ്രുവം മുതൽ ധ്രുവം വരെ : ഭൂമിമലയാളം പദ്ധതിക്ക് വ്യാപക പങ്കാളിത്തം

തിരുവനന്തപുരം : ധ്രുവക്കരടികളുടെ നാട്ടിൽ നിന്നും മലയാളം മിഷന്റെ ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളത്തിൽ പങ്കെടുക്കാൻ ഒരു പാലക്കാട്ടുകാരൻ. ഉത്തരധ്രുവത്തിന് 1000 കിലോമീറ്റർ മാത്രം അകലെയുള്ള ലോങ്ഇയർബെൻ എന്ന പട്ടണത്തിൽനിന്നാണ് ഭൂമിയുടെ വടക്കേയറ്റത്തെ മലയാളി ഭൂമിമലയാളത്തിൽ പങ്കെടുക്കുന്നത്. ഉത്തരധ്രുവത്തിലെ സാങ്കേതികവിദ്യയും സുരക്ഷയും എന്ന കോഴ്‌സിന്റെ പഠനത്തിനായി ധ്രുവത്തിന് ഏറെയടുത്തുകഴിയുന്ന രോഹിത് ജയച്ചന്ദ്രൻ എന്ന പാലക്കാട്ടുകാരൻ സെൽഫിയിലൂടെയാണ് മലയാളിയുടെ ലോകഭൂപടത്തിന്റെ ഭാഗമാകുന്നത്.

മറൈൻ എൻജിനീയറായിരുന്ന രോഹിത് ധ്രുവകരടികളെ കാണണമെന്ന മോഹവുമായാണ് ധ്രുവത്തിനടുത്തുള്ള കോഴ്‌സിന് ചേരുന്നത്. നോർവെയിലെ ട്രോംസൊയിലും ലോങ്ഇയർബെനിലുമായി പഠനം നടത്തുന്ന രോഹിത്തിന് ഇതുവരെ ആ മോഹം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. കാരണം രോഹിത് തന്നെ പറയും. ലോങ്ഇയർബെന്നിൽ ധ്രുവക്കരടികളുടെ സാന്നിധ്യം ഏറെയാണ്. 3000 സ്ഥിരതാമസക്കാർ മാത്രമുള്ള ലോങ്ഇയർബെന്നിൽ മനുഷ്യരേക്കാൾ ഏറെയുള്ളത് കരടികളാണ്. എന്നാൽ നഗരത്തിനു പുറത്തേക്ക് പോകണമെങ്കിൽ റൈഫ്ൾ കൈയിൽ വേണം. സ്ഥിരതാമസക്കാരായ വിദ്യാൃഥികൾക്കു മാത്രമേ സർവകലാശാല റൈഫ്ൾ അനുവദിക്കുകയുള്ളു. അതുകൊണ്ട് ധ്രുവക്കരടികളെ കാണണമെന്ന മോഹം നടക്കുന്നില്ലെന്നും രോഹിത് പറഞ്ഞുവയ്ക്കുന്നു.


ധ്രുവക്കരടിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഭൂമിയുടെ വടക്കേയറ്റത്തെ മലയാളിയാകാൻ പാലക്കാട് സിവിൽ സ്റ്റേഷൻ നഗർ സ്വദേശിയായ രോഹിത്തിനു കഴിഞ്ഞു.


അന്റാർട്ടിക്കയിലെ ഇന്ത്യൻ പര്യവേഷകസംഘത്തിലെ മലയാളികളാണ് ദക്ഷിണധ്രുവത്തിൽനിന്ന് ഭൂമിമലയാളത്തിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന മലയാളി സാന്നിധ്യം. അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെയായി പടിഞ്ഞാറുനിന്നും കിഴക്കുവരെയും ഭൂഗോളം ചുറ്റിവരുന്നുണ്ട് മലയാളിയുടെ പ്രവാസചരിത്രം പറഞ്ഞുവയ്ക്കുന്ന ഭൂമിമലയാളം പരിപാടി.


മലയാളം മിഷൻ ഒരുക്കുന്ന ഭൂമിമലയാളം ഭാഷാപഠനപ്രവർത്തന പ്രചരണപരിപാടിക്ക് ലോകമാകെയുള്ള മലയാളി സമൂഹങ്ങളുടെ മികച്ച പങ്കാളിത്തം. ധ്രുവം മുതൽ ധ്രുവം വരെയായി പടർന്നുകിടക്കുന്ന മലയാളി പ്രവാസിസമൂഹം അതീവ ഉത്സാഹത്തോടെയാണ് ഭൂമിമലയാളം പദ്ധതിയിൽ പങ്കെടുക്കുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു.

ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി നവംബർ ഒന്നുമുതൽ നാലുവരെയായി നടക്കുന്ന ലോകമലയാളദിനാചരണത്തിൽ ഭൂമിമലയാളം പ്രതിജ്ഞ സ്വീകരിച്ചാണ് മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ പങ്കെടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും മലയാളി സംഘടനകളുടെ തന്നെ നേതൃത്വത്തിലാണ് ലോകമലയാളദിനാചരണം നടക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി അൻപതോളം കേന്ദ്രങ്ങളിലെ കൂട്ടായ്മകൾ ഇതിനോടകം തന്നെ ഭൂമിമലയാളം പദ്ധതിയിൽ പങ്കുചേരുന്നതിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുകൂടാതെയാണ് വിവിധ ലോകരാജ്യങ്ങളിൽ നിന്നും വ്യക്തികൾ ക്യാംപെയ്‌നിന്റെ ഭാഗമാകുന്നത്. ഭൂമിമലയാളം പദ്ധതിയിലൂടെ മലയാളം മിഷൻ നടത്തിവരുന്ന മലയാളഭാഷാപഠന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കാനാകുമെന്നും സുജ സൂസൻ ജോർജ്ജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP