Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിജീവിക്കുന്ന കേരളത്തിന് പ്രവാസി പുതുതലമുറയുടെ കൈത്താങ്ങ്; ചങ്ങാതിക്കുടുക്കയുമായി മലയാളം മിഷൻ വിദ്യാർത്ഥികളെത്തുന്നു; 25ന് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിക്ക് കൈമാറും

അതിജീവിക്കുന്ന കേരളത്തിന് പ്രവാസി പുതുതലമുറയുടെ കൈത്താങ്ങ്; ചങ്ങാതിക്കുടുക്കയുമായി മലയാളം മിഷൻ വിദ്യാർത്ഥികളെത്തുന്നു; 25ന് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം : അതിജീവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി പ്രവാസിമലയാളി കുട്ടികളെത്തുന്നു. നവകേരളനിർമ്മിതിയിൽ പുതുതലമുറ പ്രവാസിമലയാളികളെ പങ്കുചേർത്തുകൊണ്ട് മലയാളം മിഷൻ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ സഹായനിധിയുമായി കേരളത്തിലെത്തുന്നത്.

ചില്ലറത്തുട്ടുകളായും വിദേശനാണ്യങ്ങളായുമൊക്കെ ഓരോ മലയാളം മിഷൻ വിദ്യാർത്ഥിയും വീടുകളിൽ സൂക്ഷിച്ച മൺകുടുക്കകളിലും പാത്രങ്ങളിലുമൊക്കെ കഴിഞ്ഞ ഒക്ടോബർ മുതൽ ശേഖരിച്ചുവച്ച പണമാണ് ചങ്ങാതിക്കുടുക്ക നിധിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കുന്നത്. കേരളത്തിന് പുറത്ത് 10 ഇന്ത്യൻ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന മലയാളം മിഷന്റെ 25000ഓളം വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയിൽ പങ്കുചേർന്നിരുന്നു. അകംകേരളം നേരിട്ട ദുരിതത്തിന് കൈത്താങ്ങുമായി പുറംകേരളത്തിലെ ഇത്രയുമേറെ വിദ്യാർത്ഥികൾ അണിചേരുന്ന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

തിരുവനന്തപുരത്ത് ജനുവരി 25 മുതൽ 27 വരെയായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ചങ്ങാതിക്കുടുക്കയിലൂടെ തങ്ങൾ ശേഖരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറും. 25 ലക്ഷത്തോളം രൂപയാണ് വിദ്യാർത്ഥികൾ സ്വന്തംനിലക്ക് ഈ സംരംഭത്തിലൂടെ സമാഹരിച്ചത്.

കേരളം നേരിട്ട മഹാപ്രളയത്തിനുശേഷം നടക്കുന്ന നവകേരള നിർമ്മിതിയിൽ പങ്കുചേരാൻ പ്രവാസിമലയാളികളിലെ പുതിയ തലമുറയ്ക്കും ഒരവസരം നൽകണം എന്ന ചിന്തയാണ് ചങ്ങാതിക്കുടുക്കയിലേക്കു നയിച്ചതെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു. കേരളത്തിലെ നിരവധി വിദ്യാർത്ഥികൾക്ക് പ്രളയത്തിൽ വീടും സ്‌കൂളും പഠനോപകരണങ്ങളും നഷ്ടമായിരുന്നു. ഇവരെ സഹായിക്കാൻ മലയാളം മിഷന്റെ വിദ്യാർത്ഥികൾക്കൊപ്പം, മറ്റ് പ്രവാസി വിദ്യാർത്ഥികളും ചങ്ങാതിക്കുടുക്കയിലൂടെ പങ്കുചേർന്നിരുന്നെന്നും പ്രൊഫ. സുജ സൂസൻ ജോർജ്ജ് കൂട്ടിച്ചേർത്തു.

ചങ്ങാതിക്കുടുക്ക സമർപ്പണത്തോടനുബന്ധിച്ചു നടക്കുന്ന മൂന്നു ദിവസത്തെ സഹവാസ ക്യാമ്പിൽ 40 വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഒൻപത് മുതൽ 14 വയസുവരെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും മലയാളം മിഷന്റെ ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, തെലങ്കാന, ഗോവ എന്നിവിടങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികളാണ്.

ജനുവരി 25 വെള്ളിയാഴ്‌ച്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സാംസ്‌കാരികകാര്യ വകുപ്പ് മന്ത്രി എ. കെ. ബാലൻ അധ്യക്ഷനാകും. റീബിൽഡ് കേരള സിഇഒ ഡോ. വി. വേണു, പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. കഴക്കൂട്ടം മരിയ റാണി കൺവെൻഷൻ സെന്ററിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ വിനോദസഞ്ചാര-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വീണ ജോർജ്ജ് എംഎൽഎ തുടങ്ങിയവർ വിദ്യാർത്ഥികളെ സന്ദർശിക്കും. വിദ്യാർത്ഥികളുടെ ക്യാമ്പിനൊപ്പം വെൺപാലവട്ടത്തെ സമേതി കർഷക ഭവനത്തിൽ സമാന്തരമായി മലയാളം മിഷൻ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ക്യാമ്പും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP