Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രൈസ്തവർക്കിടയിൽ തൊഴിൽ രഹിതരുടെ നിരക്കുയരുന്നുവെന്ന പാർലമെന്റ് റിപ്പോർട്ട് ആശങ്കാജനകം: ഷെവലിയാർ വി സി.സെബാസ്റ്റ്യൻ

കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവർ തൊഴിലില്ലായ്മ നിരക്കിൽ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നുള്ള പാർലമെന്റിലെ രേഖാമൂലമുള്ള വെളിപ്പെടുത്തൽ ആശങ്കയുളവാക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

മതാടിസ്ഥാനത്തിൽ ഇന്ത്യയിലെ തൊഴിൽ രഹിതരുടെ നിരക്ക് വിലയിരുത്തുമ്പോൾ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണെന്നുള്ള ലെയ്റ്റി കൗൺസിൽ പുറത്തിറക്കിയ പഠനറിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി പാർലമെന്റിൽ വച്ചിരിക്കുന്ന രേഖകളും വെളിപ്പെടുത്തലുകളും. ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ ലെയ്റ്റി കൗൺസിലിന്റെ പഠനറിപ്പോർട്ട് ഇതിനോടകം സമർപ്പിച്ചിരുന്നു.

2006 നവംബർ 30ന് കേന്ദ്രസർക്കാരിൽ സമർപ്പിച്ച സച്ചാർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയതിനുശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ തൊഴിലില്ലായ്മ നിരക്കിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ച ് ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിലെ പാർലമെന്റംഗം പ്രസൂൺ ബാനർജി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി മുക്താർ അംബാസ് നഖ്വി ലോകസഭയിൽ നൽകിയ മറുപടിയിലാണ് ഹൈന്ദവ, മുസ്ലിം, ക്രൈസ്തവരുൾപ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കിയിരിക്കുന്നത്. നാഷണൽ സാമ്പിൽ സർവ്വേ ഓഫീസ്  ദേശീയ തലത്തിൽ നടത്തിയ പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവേയുടെ 2017-18 കാലഘട്ടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും ലോകസഭയിൽ വെയ്ക്കുയുണ്ടായി. ഇതിൻപ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഗ്രാമീണ സ്ത്രീകളിൽ 3.5:5.7:8.8, നഗരങ്ങളിൽ 10.0:14.5:15.6 അനുപാതമാണ്. ഗ്രാമീണ പുരുഷന്മാരുടെ നിരക്ക് 5.7:6.7:6.9, നഗരങ്ങളിലിത് 6.9:7.5:8.9 എന്നതുമാണ് പാർലമെന്റിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നത്.

വിദ്യാഭ്യാസ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലും തൊഴിൽ മേഖലകളിലും ക്രൈസ്തസമൂഹം മുന്നിൽ നിൽക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഇന്നിപ്പോൾ സർക്കാർ അർദ്ധസർക്കാർ ജോലികളിലും വിദ്യാഭ്യാസ അരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവർ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാർഷിക തകർച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവർക്കിടയിൽ തൊഴിൽ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളൊഴിച്ചാൽ അഭ്യസ്തവിദ്യരായ ക്രൈസ്തവർക്കുള്ള ജോലിസാധ്യതാമേഖലകൾ പരിമിതങ്ങളായി മാറിയിരിക്കുന്നു. നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉയർന്ന വിവാഹപ്രായനിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വർദ്ധനവിലും എണ്ണത്തിൽ ശുഷ്‌കിച്ച കുടുംബങ്ങൾക്കും ക്രൈസ്ത ജനസംഖ്യാ ഇടിവിനും ഇടനൽകുന്നു.

ജോലിസംവരണത്തിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുവയ്ക്കലിലും ക്രൈസ്തവർ കടുത്ത വിവേചനം നേരിടുന്നുവെന്ന വസ്തുത നിലനിൽക്കെയാണ് കേന്ദ്രസർക്കാരിൽ നിന്നും ക്രൈസ്തവ തൊഴിലില്ലായ്മയുടെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസം,. സ്വയംതൊഴിൽ, സംരംഭകത്വം, കോച്ചിങ് സെന്റർ എന്നീ മേഖലകളിൽ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവർക്ക് സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരിൽ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും നിലവിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരെ കൂടുതലായി ഉൾപ്പെടുത്തുകയും സർക്കാർ അർദ്ധസർക്കാർ തലങ്ങളിൽ ജോലിസംവരണവും വിവിധ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതിലേയ്ക്കാണ് നിലവിലുള്ള കണക്കുകളും രേഖകളും വിരൽ ചൂണ്ടുന്നതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP