Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാവിൽ കൊതിയൂറും രുചിയേറുന്ന ബനാന ഹൽവ സന്ദർശകർക്ക് പ്രിയങ്കരമാവുന്നു;വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പറഞ്ഞു കൊടുത്ത് സുരേഷ് ഗോപി;മൂന്നാം ദിനവും ദേശീയ വാഴ മഹോത്സവത്തിൽ സന്ദർശക തിരക്ക്

നാവിൽ കൊതിയൂറും രുചിയേറുന്ന  ബനാന ഹൽവ സന്ദർശകർക്ക് പ്രിയങ്കരമാവുന്നു;വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പറഞ്ഞു കൊടുത്ത് സുരേഷ് ഗോപി;മൂന്നാം ദിനവും ദേശീയ വാഴ മഹോത്സവത്തിൽ സന്ദർശക തിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക്. ഇത് വരെ ഒരു ലക്ഷത്തിലധികം പേര് സന്ദർശിച്ചു എന്നാണ് കണക്ക്.

വാഴയുടെ മഹത്വമറിയാൻ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി.കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് വാഴയുടെ മഹത്വം പറഞ്ഞ് ക്ലാസെടുക്കാനെത്തിയത് പ്രശസ്ത നടനും, ദേശീയ വാഴ മഹോത്സവം സംഘാടക സമിതി ചെയർമാനുമായ സുരേഷ് ഗോപി.എംപി ആയിരുന്നു. സൂപ്പർ സ്റ്റാറിന്റെ വാഴ കൃഷിയെ കുറിച്ചുള്ള ക്ലാസും നിറ കൈയടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

ഓർമ്മയുണ്ടോ ഈ കാർഷികോപകരണങ്ങളെ?
തിരുവനന്തപുരം: വാഴ വൈവിധ്യത്തിന്റെ മഹാമേളയായ ദേശീയ വാഴ മഹോത്സവത്തോടനുബന്ധച്ച് വെള്ളായണിയിൽ നടക്കുന്ന പ്രദർശന മേളയിൽ ഏറെ കൗതുകം ഉണർത്തുന്ന ഒന്നാണ് തൃശൂർ വള്ളത്തോൾ നഗർ സ്വദേശി വിജയൻ ചെറുതുരുത്തി ഒരുക്കിയിരിക്കുന്ന പ്രദർശനം. ഒരു കാലത്ത് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്ന, എന്നാൽ ആധുനിക തലമുറയ്ക്ക് അപരിചിതവുമായ, വസ്തുക്കളുമായാണ് ഇദ്ദേഹം തന്റെ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. കോരിക, മുടിങ്കോൽ, വെള്ളിക്കോൽ, കടങ്കോൽ, തിരികല്ല്, കുന്താണി, വേഞ്ഞി, പനമ്പ്, പാന്തകം, ചന്തിമുട്ടി, നുകം, കതിർക്കുല, നിലം തല്ലി എന്ന് തുടങ്ങി നിരവധി കാർഷിക ആവശ്യങ്ങൾക്കുപയോഗിച്ചിരുന്ന വസ്തുക്കളാണ് വ്യത്യസ്തമായ ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നത്.

പാടത്തെ ജല നിരപ്പ് നിയന്ത്രിക്കുവാനായി ഉപയോഗിച്ചിരുന്ന ഞവരി, വള്ളുവനാടൻ ഉത്സവങ്ങൾ കോടിയേറുമ്പോൾ തെളിയിക്കപ്പെടുന്ന മാടമ്പി വിളക്ക്, പരമ്പരാഗത മീൻ പിടിത്തക്കാർ ഉപയോഗിക്കുന്ന ഒറ്റൽ, കുരുത്തി എന്നിവയും ഇക്കൂട്ടത്തിലെ സവിശേഷതയാണ്. കൂടാതെ ക്ഷേത്രങ്ങളിൽ പൂജിക്കാനായി ഉപയോഗപ്പെടുത്തുന്ന ആവണപ്പലകയും ഉൾപ്പെടുന്നു. മരം നടുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് ഒരു ഡ്രൈവർ കൂടിയായ വിജയൻ തന്റെ പ്രദർശനം അവതരിപ്പിക്കുന്നത്.

യന്ത്രങ്ങളും പ്ലാസ്റ്റിക്കും ഇല്ലാതിരുന്ന കാലത്ത് ആരോഗ്യമുള്ള ഒരു ജനത ജീവിച്ചിരുന്നുവെന്നും മനുഷ്യരും പ്രകൃതിയും സൗഹൃദപരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഇത്തരത്തിൽ ഒരു പ്രദർശനം ഒരുക്കുന്നതെന്നു തൃശൂർ കാർഷിക സർവകലാശാലയിൽ ഉൾപ്പെടെ തന്റെ 12 വർഷത്തെ ശേഖരണങ്ങൾ പ്രദർശിപ്പിക്കുന്ന തൃശൂർ ജില്ലയിൽ നിന്നും വന്നിട്ടുള്ള വിജയൻ പറയുന്നു. വള്ളുവനാടൻ സംസ്‌കാരത്തിന്റെ ചുവട് പിടിച്ചാണ് അദ്ദേഹം കൂടുതൽ ഉപകരണങ്ങളും ശേഖരിച്ചിരിക്കുന്നത്.

വാഴ ഒരു പരിശുദ്ധസസ്യം; വാഴയിൽ നിന്നും പണം വാരാം

തിരുവനന്തപുരം: ഇത്രയും നാൾ വാഴ കഴിയിക്കാൻ ഉൽപാദിപ്പിക്കുന്ന പഴം തരുന്ന ഒരു സസ്യം മാത്രമായിരുന്നു. എന്നാൽ വാഴയിൽ നിന്നും പണം വാരാമെങ്കിലോ? നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കാനും വാഴക്കുള്ള കഴിവ് മനസിലാക്കിയാൽ വാഴയിൽ നിന്നു തന്നെ വരുമാനം ഉണ്ടാക്കാം. അതാണ് ദേശീയ വാഴ മഹോത്സവത്തിലൂടെ പങ്ക് വെക്കുന്നത്.

വാഴകൃഷി ചെയ്ത് വാഴക്കുല വെട്ടിയ ശേഷം വെട്ടിക്കളയുന്ന വാഴയിൽ നിന്ന് എണ്ണിയാൽ ഒടുങ്ങാത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാകും,
വിവിധ ഫ്‌ളേവറിലുള്ള ബനാന വൈൻ, വാഴ വിഭവ അച്ചാറുകൾ, ബനാന ചോക്ക് ലേറ്റ്, ബനാന ഹെൽത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാർ, വാഴനാരിൽ ഉണ്ടാക്കിയ ചെരുപ്പുകൾ, ബാഗുകൾ, ചവിട്ട് മെത്ത, ബാഗുകൾ, മൊബൈൽ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കൾ വാഴയിൽ നിന്നും ലഭിക്കും. അതിൽ പ്രധാനമാണ് വാഴനാരിൽ നിന്നും ഉണ്ടാക്കാവുന്ന ഫൈബർ ഉൽപ്പന്നങ്ങൾ.

വാഴക്കുല വെട്ടിയ ശേഷം വാഴത്തണ്ട് വെട്ടിക്കളയുകയാണ് പതിവ്. എന്നാൽ ഈ തണ്ടിന്റെ മുകൾഭാഗവും, താഴ്ഭാഗവും വെട്ടിയ ശേഷം രണ്ടാം പോള മുതൽ വാഴപ്പിണ്ടി വരുന്ന പോളയിൽ നിന്നും വരെ ഫൈബർ എടുക്കാം. ഇത്തരത്തിൽ ലഭിക്കുന്ന ഫൈബറിന് കിലോക്ക് 300 മുതൽ 500 രൂപ വരെ വില വാഴ കർഷകർക്ക് ലഭിക്കും. ഈ ഫൈബർ ഉപയോഗിച്ച് ബനാന ഫൈബർ തലയിണ, ബനാന ഫൈബർ മെത്ത, ചവിട്ട് മെത്ത, ഡൈനിങ് ടേബിൽ മാറ്റ്, തൊപ്പി, ക്ലോത്ത്, സാരി എന്നിവ നിർമ്മിക്കാനാകും.

ഇതിനുള്ള പരിശീലനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രി കമ്മീഷന്റെ സ്റ്റാളിൽ തൽസമയ നിർമ്മാണവും ഉണ്ട്. സംസ്ഥാനത്തെ പുതിയ തൊഴിൽ സംഭരകർക്ക് ഇവിടെ നിന്നും പരിശീലനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471. 2590 268 എന്ന നമ്പരിൽ ബന്ധപ്പെടാം.

തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 8 വരെ നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും.

നാവിൽ കൊതിയൂറും ബനാന ഹൽവ

തിരുവനന്തപും: ഹൽവയുടെ പേര് കേട്ടാൽ തന്നെ നാവിലൂടെ കപ്പലോടും. എങ്കിൽ ബനാന ഹൽവ കഴിക്കണം. കൂടുതൽ മൃദുലവും മധുരവുമായ ബനാന ഹൽവയും ശ്രദ്ധയാവുകയാണ്. എത്തപ്പഴം, ബനാന പൊടി, പഞ്ചസാര എന്നിവ ചേർത്ത ഹൽവയും, മധുരം കഴിക്കാത്തവർക്കായി പഴം, പനം കരിപ്പട്ടി, അരിമാവ് എന്നിവയിൽ ഉണ്ടാക്കിയ ഹൽവയും, റോബസ്റ്റപഴം, പിസ്താ, പാൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, പാളയംതോടൻ, കാഷ് നട്ട്, ഡ്രൈ ഫ്രൂട്ട് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹൽവയും, ' ബനാനയും , ചക്കയും കൊണ്ട് മിക്‌സ് ചെയ്ത ഹൽവയും വരെ വാഴ മഹോത്സവത്തിലുണ്ട്.

മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് കാർഷിക മേഖലയെ കൈപിടിച്ചുയർത്താനാകും: കൃഷി മന്ത്രി വി എസ് സുനിൽകുമാർ

തിരുവനന്തപുരം: ഓരോ കാർഷികോൽപ്പന്നത്തിന്റെയും വികസന, മൂല്യവർദ്ധിത സാധ്യതകൾ സമന്വയിപ്പിച്ചുകൊണ്ടേ കേരളം കാർഷിക മേഖലയിൽ നേരിടുന്ന നെഗറ്റീവ് വളർച്ചയെ നേരിടാനാകൂ എന്ന് കൃഷി മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പറഞ്ഞു. 'വാഴപ്പഴ കൃഷിയിൽ കേരളം ഏറെ മുന്നിലാണെങ്കിലും അതിന്റെ മൂല്യവർധിത സാധ്യതകൾ ശാസ്ത്രീയമായും സംഘടിതമായും ഉപയോഗപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. ലോക വിപണിയിൽ വാഴപ്പഴ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതകളാണുള്ളത്. എന്നാൽ ഈ സാധ്യതകൾ ശരിയായ വിധം പ്രയോജനപ്പെടുത്തുന്നില്ല,' അദ്ദേഹം പറഞ്ഞു. കല്ലിയൂർ വാഴ മഹോത്സവത്തിന്റെ ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് മൂന്നുദിവസമായി നടന്നു വരുന്ന ദേശീയ സെമിനാറിന്റെ സമാപനം കുറിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും അവർ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉടമസ്ഥാവകാശം അവർക്കു തന്നെ ലഭിക്കാനുമുള്ള സാദ്ധ്യതകൾ വികസിപ്പിക്കണം. സർക്കാർ ഈ ദിശയിൽ ചില പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. കർഷകരുടെ പങ്കാളിത്തത്തോടെ അമുൽ മാതൃകയിൽ രൂപീകരിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയും അതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ കണ്ണാറയിൽ ആരംഭിക്കുന്ന ബനാന- ഹണി പാർക്കും ഇതിന്റെ ഉദാഹരണങ്ങളാണ്. കേരളത്തിലെ ആദ്യത്തെ അഗ്രി പാർക്കായ കണ്ണാറയിൽ നാല്പതിലേറെ വിവിധതരം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കും- മന്ത്രി പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർഷകർ ഇപ്പോഴും അജ്ഞരാണെന്ന് ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു വന്ന വിള ഇൻഷുറൻസ് പ്രശ്‌നത്തെ ഓർമിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. രണ്ടര ലക്ഷത്തിലേറെ വാഴകൾ നശിച്ചു പോയിട്ടും വിള ഇൻഷുറൻസ് രജിസ്റ്റർ ചെയ്യാത്തതിനാൽ വാഴയൊന്നിന് ലഭിക്കുമായിരുന്ന മുന്നൂറ്റമ്പതു രൂപ അവർക്കു കിട്ടിയില്ല.

കേരളത്തിൽ വാഴപ്പഴ കൃഷിയുടെ സാധ്യതകൾ കണക്കിലെടുത്ത് ഒരു ബനാന ബോർഡ് രൂപീകരിക്കേണ്ടതാണെന്നും സർക്കാർ ആ ദിശയിൽ ഗൗരവപൂർവം ചിന്തിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സിസ്സ പ്രസിഡന്റ് ഡോ . ജി.ജി.ഗംഗാധരൻ പറഞ്ഞു.

സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എസ്.സി.ജോഷി ഐ എഫ് എസ് (റിട്ട.); കെ.എസ്.സി.എസ്.ടി.ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവർ അതിഥികളായിരുന്നു. എൻ ബി എഫ് 2018ന്റെ സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ.സി.കെ.പീതാംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ബി.എഫ് 2018 സെമിനാർ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. പി.എൻ.കൃഷ്ണൻ സംസാരിച്ചു.

വൈകുന്നേരം നടന്ന കാവ്യസന്ധ്യ ശ്രീ.പി.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ശ്രീ.പൂവച്ചൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.ചലച്ചിത്ര താരം അനുശ്രീ പ്രത്യേക അതിഥിയായിരുന്നു. കാവാലം ശ്രീകുമാർ, മഞ്ജു വെള്ളായണി, പഴവിള ശശി, അമ്പലപ്പുഴ രാജഗോപാൽ, എം ടി.ഗിരിജകുമാരി, ജെഎൻ സി നായർ, മടവൂർ രവി, മുക്കൂട് ഗോപാലകൃഷ്ണൻ, വിനോദ് വെള്ളായണി, ഷമില ഷൂജ, ഡോ. അഗസ്റ്റിൻ കയ്യാലത്ത്, ടി.പി. കിളിമാനൂർ, ബി.വി.കാരക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഡോ കായംകുളം യൂനസ് അധ്യക്ഷത വഹിച്ചു.

ദേശീയ സെമിനാറിന്റെ സമാപനച്ചടങ്ങിൽ, ഓറൽ പ്രസന്റേഷൻ, പോസ്റ്റർ പ്രസന്റേഷൻ എന്നീ വിഭാഗങ്ങളിലെ ജേതാക്കൾക്ക് മന്ത്രി.വി എസ് .സുനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓറൽ പ്രസന്റേഷനിൽ ഒന്നാം സമ്മാനം ലഭിച്ചത് ഗീതാ ലക്ഷ്മി പി. ആറിനാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ ഭുവനേശ്വരി.എസ് , രാധിക ബി.ജെ എന്നിവർ ഏറ്റുവാങ്ങി. പോസ്റ്റർ പ്രസന്റേഷനിൽ ഒന്നാം സമ്മാനം ലഭിച്ചത് ശിവകുമാറിനാണ്. രണ്ടാം സമ്മാനം മിൽഷാ ജോർജ് നേടി , മൂന്നാം സമ്മാനത്തിന് മുബാറക്.ഒ .പി ,ബിന്ദു .ജെ.എസ് എന്നിവർ അർഹരായി. നഫീദ കെ.ജെ ക്ക് പ്രോത്സാഹന സമ്മാനം നൽകി.

വാഴ മഹോത്സവത്തിൽ ഇന്ന്

കർഷക സംഗമം ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നബാർഡ് സിജിഎം.ആർ.സുന്ദർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി ഡയറക്റ്റർ എ.എം.സുനിൽകുമാർ; കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ .എം.കെ.രവി കൃഷ്ണൻ; ആന്ധ്രാ പ്രദേശ് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് ഡയറക്റ്റർ .പി.വി.രമണ; തമിഴ്‌നാട് വാഴ ഉല്പാദക ഫെഡറേഷൻ പ്രസിഡന്റ് .എ.പി. കറുപ്പയ്യ, ജനറൽ സെക്രട്ടറി ജി.അജീതൻ; കൗൺസിലർ.പാപ്പനംകോട് സജി; സംഘ മൈത്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ .ആർ.ബാലചന്ദ്രൻ നായർ; അഗ്രോ കൺസൾട്ടന്റ് ഡോ.പി.കമലാസനൻ പിള്ള; മുൻ സ്റ്റേറ്റ് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഡോ.എൻ.ജി. ബാലചന്ദ്രനാഥ്ജി.പി.ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP