Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരട് റബർനയം കർഷകരെ അപമാനിക്കുന്നത്: വി സി.സെബാസ്റ്റ്യൻ

കരട് റബർനയം കർഷകരെ അപമാനിക്കുന്നത്: വി സി.സെബാസ്റ്റ്യൻ

കൊച്ചി: റബർ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുവാനോ വിലത്തകർച്ചയെ അതിജീവിക്കുവാനോ ഉതകുന്ന നിർദ്ദേശങ്ങളൊന്നുമില്ലാതെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കരട് റബർനയം കർഷകരെ അപമാനിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഇതിനോടകം റബർബോർഡ് പ്രസിദ്ധീകരിച്ച റബർ കയറ്റുമതി, ഇറക്കുമതി, റബർകൃഷി വിസ്തീർണ്ണം, റബർ വ്യവസായങ്ങൾ എന്നിവയുടെ കണക്കുകൾ മാത്രം ചൂണ്ടിക്കാട്ടിയ കരട് റബർനയം ചായം പൂശിയ പൊള്ളത്തരമാണ്. വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും സംരക്ഷണം കരടുനയത്തിൽ ഉറപ്പുവരുത്തുന്നവർ കർഷകരെ പാടേ അവഗണിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന റബർനയം കർഷകരെ രക്ഷപെടുത്തില്ലെന്നും വ്യവസായികൾക്കും വൻകിട കച്ചവടക്കാർക്കും മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും ഇൻഫാം ആവർത്തിച്ചുപറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് റബർനയം. ഏഴു ലക്ഷ്യങ്ങളാണ് കരടുനയത്തിൽ അക്കമിട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലൊന്നും റബറിന്റെ ന്യായവിലയെക്കുറിച്ചോ കർഷക സംരക്ഷണത്തെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. സാമ്പത്തിക സാമൂഹിക പരിസ്ഥിതി സംരക്ഷണത്തിലൂടെ റബർ മേഖലയുടെ പൊതുവായ നിലനിൽപ്പും വികസനവും, റബർ വ്യവസായത്തിന്റെ വളർച്ച,. റബർ കൃഷിയുടെ വിസ്തീർണ്ണം കൂട്ടുക, ആവർത്തനകൃഷിയിലൂടെയും പുതുകൃഷിയിലൂടെയും റബറുല്പാദനമുയർത്തി വരുമാനം ലഭ്യമാക്കുക, ആഭ്യന്തര റബർ വ്യവസായത്തിനുള്ള അസംസ്‌കൃതറബർ സുലഭമാക്കുക, പ്രകൃതിദത്ത റബറിന്റെ ഗുണമേന്മ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്തുക, കയറ്റുമതിക്കുതകുന്ന ഉന്നതമേന്മയുള്ള റബറുല്പന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളുമാണ് ഏഴു അദ്ധ്യായങ്ങളിലുള്ള കരട് റബർനയം 2019ൽ വിശദീകരിക്കുന്നത്. ഇവയൊന്നും പ്രതിസന്ധിയിലായിരിക്കുന്ന കർഷകരെ സംരക്ഷിക്കുവാനോ ആഭ്യന്തരവിപണിവില ഉയർത്തുവാനോ ഉതകുന്നതല്ല.

റബർനയം പ്രഖ്യാപിച്ചാൽ റബർകർഷകർ രക്ഷപെടുമെന്നും റബറിന് വിപണിയിൽ കിലോഗ്രാമിന് 250 രൂപ ലഭിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും പ്രസ്താവനകളുംകേട്ട് ഇന്നലകളിൽ ആവേശത്തിലായ റബർകർഷകരെ കൊന്നുകുഴിച്ചുമൂടുന്നതാണ് പുതിയ കരടുനയം. അധികാരത്തിലിരുന്ന ഇക്കാലമത്രയും കർഷകരെ ചവിട്ടിയരച്ചവരുടെ അവസാനദിവസങ്ങളിലെ കർഷകപ്രേമത്തിന്റെ കള്ളത്തരമാണ് കരട് റബർനയത്തിലുടനീളം.

കർഷകരെ സംരക്ഷിക്കുവാൻ നാടും നഗരവും ഇളക്കിമറിച്ച് പ്രക്ഷോഭം നടത്തിയവർ തെരഞ്ഞെടുപ്പുനാളുകളിൽ കർഷകജനതയെ വിഢിവേഷം കെട്ടിക്കാൻ അണിയറയിലൊരുങ്ങുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികപോലെ പ്രഹസനമായി കരട് റബർനയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിർദ്ദേശങ്ങളറിയിക്കുവാൻ മാർച്ച് 18 വരെ സമയമുണ്ട്. ഇതിനിടയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നുറപ്പാണ്. അങ്ങനെ കരട് റബർനയം വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP