Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്ചയിലൊരു ടാപ്പിങ്: ശുപാർശകൾ പൂർണ്ണമായി നടപ്പാക്കണം: റബ്ബർബോർഡ്

ആഴ്ചയിലൊരു ടാപ്പിങ്: ശുപാർശകൾ പൂർണ്ണമായി നടപ്പാക്കണം: റബ്ബർബോർഡ്

കോട്ടയം: പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ് സ്വീകരിക്കുന്ന റബ്ബർ കർഷകർ അതോടൊപ്പമുള്ള ശുപാർശകൾ പൂർണ്ണമായും അനുവർത്തിക്കണമെന്ന് റബ്ബർബോർഡ് അറിയിക്കുന്നു.

ശുപാർശ ചെയ്തിരിക്കുന്ന അളവിലും രീതിയിലും ഉത്തേജകൗഷധം പുരട്ടിക്കൊണ്ട് ആഴ്ചയിലൊരു ടാപ്പിങ് നടത്തുമ്പോൾ ഒന്നരാടൻ ടാപ്പിങ്ങിൽ ലഭിക്കുന്ന അത്രയും തന്നെയോ അതിൽ കൂടുതലോ വാർഷികവിളവ് ലഭിക്കും. എന്നാൽ ടാപ്പിങ്ങിന്റെ ഇടവേള കൃത്യമായി പാലിക്കാതിരുന്നാൽ ഇക്കാര്യത്തിൽ നഷ്ടമുണ്ടാകാം. ആഴ്ചയിലൊരു ദിവസം എന്ന കണക്കിൽ വർഷത്തിൽ 52 ടാപ്പിങ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. മുൻകൂട്ടി തീരുമാനിച്ച ദിവസങ്ങളിൽതന്നെ ടാപ്പു ചെയ്യുകയും വേണം. ഉദാഹരണത്തിന് എല്ലാ ചൊവ്വാഴ്ചയും ടാപ്പുചെയ്യുന്ന ഒരു തോട്ടത്തിൽ ഏതെങ്കിലും അസൗകര്യം നിമിത്തം ഒരു ചൊവ്വാഴ്ച ടാപ്പു ചെയ്യാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം, അതായത് ബുധനാഴ്ച ടാപ്പിങ് നടത്തിയിരിക്കണം. മാത്രവുമല്ല അടുത്ത ആഴ്ച മുതൽ വീണ്ടും മുൻനിശ്ചയപ്രകാരമുള്ള ചൊവ്വാഴ്ചകളിൽത്തന്നെ ടാപ്പിങ് തുടരണം. ഒരാഴ്ചത്തെ ടാപ്പിങ് പൂർണ്ണമായും വിട്ടുകളഞ്ഞാൽ (അതായത് ടാപ്പിങ്ങിന്റെ ഇടവേള രണ്ടാഴ്ചയായി വർദ്ധിച്ചാൽ) തുടർന്നങ്ങോട്ട് കാര്യമായ ഉത്പാദനനഷ്ടമുണ്ടാകും. ഇത്തരത്തിൽ കൃത്യമായി 52 ടാപ്പിങ് ലഭിക്കണമെങ്കിൽ മഴക്കാലത്ത് റെയിൻഗാർഡിങ് അത്യന്താപേക്ഷിതമാണ്.

മഴക്കാലത്ത് റെയിൻഗാർഡ് ചെയ്ത് ടാപ്പു ചെയ്യുമ്പോൾ പട്ടചീയലിനെതിരെ പ്രതിരോധനടപടി സ്വീകരിക്കേണ്ടതാണ്. മാങ്കോസെബ് എന്ന കുമിൾനാശിനി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനികൊണ്ട് വെട്ടുപട്ടയും വെട്ടുചാലും ആഴ്ചയിലൊരിക്കൽ കഴുകുകയാണു വേണ്ടത്.  രണ്ടര മില്ലീമീറ്റർ കനത്തിലാണ് ഓരോ ടാപ്പിങ്ങിലും പട്ട അരിയേണ്ടത്. കനം ഇതിലും കുറഞ്ഞുപോയാൽ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടാകും. മാത്രവുമല്ല, ശരിയായ ആഴത്തിൽ ടാപ്പു ചെയ്യുകയുംവേണം. എല്ലാ ടാപ്പിങ്ങിലും തണ്ണിപ്പട്ടയോട് ഒരു മില്ലിമീറ്റർ അടുത്തുവരെ ടാപ്പിങ് എത്തണം. ഓരോ നാലു ടാപ്പിങ്ങിനു ശേഷവും അഞ്ചാമത്തെ ടാപ്പിങ്ങിനു 72 മണിക്കൂർ മുമ്പാണ് ഉത്തേജകമരുന്ന് പുരട്ടേണ്ടത്. ഉദാഹരണത്തിന് ചൊവ്വാഴ്ച ദിവസമാണ് ടാപ്പുചെയ്യുന്നതെങ്കിൽ നാലു ചൊവ്വാഴ്ചകൾക്കു ശേഷം വരുന്ന ശനിയാഴ്ച മരുന്നു പുരട്ടണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP