Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിരോധം: പൊതുസമൂഹം ജാഗ്രത കൈവിടരുത് - എം.ഐ അബ്ദുൽ അസീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കേരളീയ സമൂഹം അതീവ ജാഗ്രത പുലർത്താനും വ്യക്തികൾ സന്നദ്ധ പ്രവർത്തകരായി മാറാനും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. രോഗവ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗൺ അടക്കമുള്ള മുൻകരുതൽ ജനങ്ങൾ സ്വയം സന്നദ്ധരായി നടപ്പിലാക്കേണ്ടതുണ്ട്. ദിവസം ചെല്ലുംതോറും അതിന്റെ ഗൗരവം ചോരാതെ സൂക്ഷിക്കണം. അതേസമയം അത്തരം നടപടികൾ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമ്പോഴും ഔദ്യോഗിക സംവിധാനങ്ങൾക്ക് എത്തിച്ചേരാനാവാത്ത നിരവധി മേഖലകളുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും അത്തരം മേഖലകളിലെ കെടുതികൾ കണ്ടറിയാനും ഏറ്റെടുക്കാനും പൊതു സമൂഹത്തിനാകണം.

സർക്കാർ സംവിധാനങ്ങളുണ്ടായിരിക്കെ തന്നെ ഭക്ഷണം ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന ധാരാളം പേരുണ്ടാവുക സ്വാഭാവികമാണ്. അത്തരക്കാരുടെ ഭക്ഷണമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കാനുള്ള ജാഗ്രതയും സന്നദ്ധതയും പൊതുസമൂഹത്തിനുണ്ടാകണം. അതിഥി തൊഴിലാളികളുടെ പ്രയാസത്തിൽ കേരളീയ സമൂഹം പ്രത്യേകമായ ശ്രദ്ധ വെച്ചുപുലർത്തണം. അവർക്കനുയോജ്യമായ ഭക്ഷണ പദാർഥങ്ങൾ എത്തിച്ചും ആവശ്യമായ ബോധവൽക്കരണം നടത്തിയും അവരെ ചേർത്തു പിടിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കക്ഷിമാൽസര്യങ്ങൾക്കോ അവകാശവാദങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും സാന്നിധ്യമറിയിക്കാനല്ല, പ്രശ്‌നപരിഹാരങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘങ്ങളും മാധ്യമങ്ങളും മത സംഘടനകളുമെല്ലാം അഭിനന്ദനാർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP