Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചാമത് പി എം ഐ മേഖലാ സമ്മേളനം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിച്ചു

അഞ്ചാമത് പി എം ഐ മേഖലാ സമ്മേളനം തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിച്ചു

തിരുവനന്തപുരം: അഞ്ചാമത് പി എം ഐ ഇന്ത്യ പ്രോജക്റ്റ് മാനേജ്മെന്റ് റീജ്യണൽ കോൺഫറൻസ് തിരുവനന്തപുരത്ത് വിജയകരമായി സംഘടിപ്പിച്ചു. പി എം ഐ കേരള ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇരുന്നൂറ്റമ്പതിലേറെ പ്രതിനിധികളുടെ കാര്യവട്ടം സ്പോർട്സ് ഹബ്ബ് കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന സമ്മേളനത്തിൽ മൂന്ന് വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭ വ്യക്തിത്വങ്ങൾ കൂട്ടായി നിർവഹിച്ച ഉദ്ഘാടനകർമം ഏറെ ശ്രദ്ധേയമായി.

പാലിയേറ്റീവ് ചികിത്സാ സമ്പ്രദായത്തിന് രാജ്യത്ത് തുടക്കം കുറിച്ചവരിൽ പ്രധാനിയും പ്രഗത്ഭ ചികിത്സകനും പാലിയം ഇന്ത്യ സ്ഥാപക ചെയർമാനുമായ പത്മശ്രീ ഡോ. എം ആർ രാജഗോപാൽ; ഐ എസ് ആർ ഒ യിലെ പ്രമുഖ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറുമായ എസ് സോമനാഥ്; പി എം ഐ ഡയറക്ടർ ബോർഡംഗം തേജസ് സുര എന്നിവരായിരുന്നു ഉദ്ഘാടകർ.

പരിണാമം പ്രോജക്റ്റ് മാനേജരിലൂടെ എന്ന വിഷത്തിൽ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ ചർച്ചകൾ. വ്യാപാര സംരംഭങ്ങളെ ഭാവിയിലേക്ക് സജ്ജമാക്കി, വിജയവും സുസ്ഥിരതയും കൈവരിച്ച്, അതുവഴി വ്യത്യസ്ത വ്യവസായ മേഖലകളുടെയും രാജ്യത്തിന്റെയും സാമ്പത്തിക ഉന്നമനം ഉറപ്പാക്കുന്നതിൽ വിദഗ്ദ്ധരായ പ്രോജക്ററ് മാനേജർമാർക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സമ്മേളനം വിലയിരുത്തി.

പി എം ഐയുടെ അഞ്ചാമത് മേഖലാ സമ്മേളനം വിജയകരമായി സംഘടിപ്പിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ചാപ്റ്റർ പ്രസിഡണ്ട് ഡോ. കൃഷ്ണകുമാർ ടി ഐ പറഞ്ഞു. 'സ്ഥാപനങ്ങളുടെ വളർച്ചയിലും രാജ്യത്തിന്റെ പൊതുവായ വികസനത്തിലും പ്രോജക്റ്റ് മാനേജർമാർ വഹിക്കുന്ന സുപ്രധാന പങ്കിനെപ്പറ്റിയാണ് സമ്മേളനം ചർച്ച ചെയ്തത്. നവയുഗ സാങ്കേതികത മുന്നോട്ടുവെയ്ക്കുന്ന ഉടച്ചുവാർക്കലിന്റെ കാലമാണിത്. പ്രോജക്റ്റ് മാനേജർമാർക്ക് നിർവഹിക്കാനുള്ള ഭാവി കടമകളെപ്പറ്റി ധാരണയും അവബോധവും വർധിക്കേണ്ടതുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ബഹിരാകാശമേഖല, ആരോഗ്യരംഗം, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസം, സോഫ്റ്റ് സ്‌കിൽസ്, സാമൂഹ്യസേവനം തുടങ്ങി വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളുടെ സവിശേഷമായ ഒരു കൂടിച്ചേരലിന് ഞങ്ങൾ വേദിയൊരുക്കിയത്. അവരുടെയെല്ലാം അറിവും അനുഭവങ്ങളും ഉൾക്കാഴ്ചകളും പ്രോജക്റ്റ് മാനേജമെന്റ് രംഗത്തെ പ്രൊഫഷണലുകൾക്ക് വെളിച്ചം പകരുന്നതായി,' അദ്ദേഹം വിശദമാക്കി.

നവയുഗ സാങ്കേതികതാ രംഗം മുന്നോട്ടുവെയ്ക്കുന്ന നൂതന മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള പ്രയത്‌നത്തിലാണ് ലോകമെങ്ങുമുള്ള സ്ഥാപനങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും ലാഭം ലക്ഷ്യമാക്കാതെ സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമെല്ലാം ഈ മാറ്റത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ്. പ്രോജക്റ്റ് മാനേജർമാർക്ക് നിർവഹിക്കാനുള്ള ധർമങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട്. പ്രോജക്റ്റ് മാനേജർ എന്ന സംജ്ഞക്ക് അപ്പുറത്തുള്ള സംഭാവനകളാണ് അവരിൽനിന്നും പ്രതീക്ഷിക്കുന്നത്. ഇന്നോവേറ്റർ, സ്ട്രാറ്റജിക് അഡൈ്വസർ, കമ്മ്യൂണിക്കേറ്റർ, ബിഗ് തിങ്കർ, അനവധി വൈദഗ്ധ്യങ്ങൾ ഒരേസമയം പ്രകടമാക്കുന്ന മാനേജർ തുടങ്ങി വിവിധതരം ശേഷികളാണ് അവരിൽനിന്ന് ആവശ്യപ്പെടുന്നത്. പി എം ഐ യുടെ ടാലന്റ് ട്രയാങ്കിൾ മൂന്നു സുപ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്. സാങ്കേതിക പ്രോജക്റ്റ് മാനേജ്‌മെന്റും നേതൃത്വ ശേഷിയും സ്ട്രാറ്റജിക്, വ്യാപാര മാനേജ്മെന്റ് വൈദഗ്ധ്യവും ഇതിൽപെടും. പ്രോജക്റ്റ് ലീഡർമാർ തുടർന്നും ഈ കഴിവുകളിൽ മുന്നേറണം, പി എം ഐ ഡയറക്ടർ ബോർഡംഗം തേജസ് സുര അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ പങ്കാളിത്തം ചടങ്ങിനെ സമ്പന്നമാക്കി. സോഹന്റോയ് (ഹോളിവുഡ് സംവിധായകൻ, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ, സി ഇ ഒ); പ്രകാശ് രാമചന്ദ്രൻ (സി ടി ഒ, തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ് (ബൈജൂസ്); തഥാഗത് വർമ (എക്‌സ്-ഡിഫൻസ് സയന്റിസ്റ്റ്, അന്റാർട്ടിക് ഗവേഷകൻ, സോഫ്റ്റ് വെയർ എക്‌സിക്യൂട്ടിവ്, പ്രോഡക്ട് ലീഡർ, സാങ്കേതികവിദഗ്ധൻ); കമാൻഡർ എസ് സനോജ് (ഇന്ത്യൻ നേവി, ചീഫ് ഇൻസ്ട്രക്ടർ ഓഫ് നേവൽ ആർമമെന്റ് (സി ഐ എൻ എ); ടിഫാനി ബ്രാർ( സാമൂഹ്യ പ്രവർത്തക, ഇൻക്ലൂഷൻ, ഡിസബിലിറ്റി റൈറ്റ്‌സ്& അഡ്വോകസി); വാൽ ഗ്രേ (സ്വഭാവ ഗവേഷക); നന്ദ കിഷോർ (വൈസ് പ്രസിഡണ്ട്, ഗ്ലോബൽ ഡെലിവറി ഹെഡ്- വിപ്രോ ടെക്നോളജീസ് ലിമിറ്റഡ്); സുബ്രമണ്യൻ നാരായണൻ (റോഡ് സുരക്ഷാ പ്രഭാഷകൻ); അനിത പീറ്റർ(പേഴ്സൊണ സ്‌ക്രിപ്റ്റ് സിഇഒ, പ്രിൻസിപ്പൽ ഫെസിലിറ്റേറ്റർ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP