Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയപാർട്ടികൾക്ക് അടിമപ്പണി ചെയ്യാൻ കർഷകരെ ഇനിയും കിട്ടില്ല: വി സി.സെബാസ്റ്റ്യൻ

രാഷ്ട്രീയപാർട്ടികൾക്ക് അടിമപ്പണി ചെയ്യാൻ കർഷകരെ ഇനിയും കിട്ടില്ല: വി സി.സെബാസ്റ്റ്യൻ

കൊച്ചി: പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴുള്ള രാഷ്ട്രീയ പാർട്ടികളുടെ കർഷകസ്നേഹത്തിന്റെ കാപഠ്യവും മുതലക്കണ്ണീരും കർഷകർ തിരിച്ചറിയണമെന്നും രാഷ്ട്രീയ പാർട്ടികളുടെ അടിമകളാകാൻ കർഷകരെ വിട്ടുകൊടുക്കില്ലെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ വി സി.സെബാസ്റ്റ്യൻ പറഞ്ഞു. കൊച്ചി വി.വി.ടവർ ഓഡിറ്റോറിയത്തിൽ സ്വതന്ത്രകർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാനസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ.

തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പ്രഹസനപത്രികകളായി മാറിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ കടം എഴുതിത്ത്ത്തള്ളൽ നടപടികളില്ലാതെ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബർ 12ന് പ്രഖ്യാപിച്ച് ഉത്തരവിറക്കിയ കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം അട്ടിമറിച്ച് ബാങ്കുകൾ ജപ്തിനടപടികൾ തുടരുന്നു. ഇതിന്റെ പേരിൽ ഇതിനോടകം 17 കർഷക ആത്മഹത്യകൾ നടന്നിട്ടും ഭരണനേതൃത്വങ്ങൾ മുഖം തിരിഞ്ഞുനിൽക്കുകയാണ്. പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാര പദ്ധതികളും അട്ടിമറിക്കപ്പെട്ടു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിട്ട് വർഗ്ഗീയത വളർത്തുവാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത് സാക്ഷരസമൂഹത്തിന് അപമാനകരമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ കർഷകരെ ഒന്നടങ്കം വിലയ്ക്കെടുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട, അക്കാലം പോയി. വോട്ടുചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി കർഷകരെ ഇനിയും കിട്ടില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ കർഷകർ ഒരുമിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ ഭരണമാറ്റം കർഷകർ സംഘടിച്ചതിന്റെ തെളിവാണ്. കേരളത്തിലും കർഷകർ സംഘടിച്ചുനീങ്ങിയില്ലെങ്കിൽ നിലനിൽപ്പില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് വൈസ്ചെയർമാൻ ഡിജോ കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൺവീനർ കെ.വി.ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന കൺവീനർ അഡ്വ.ബിനോയ് തോമസ് ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ കൺവീനർ പി.ടി.ജോൺ, ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, വി.വി.അഗസ്റ്റിൻ, അഡ്വ.ജോൺ ജോസഫ്, മുതലാംതോട് മണി, കെ.എം.ഹരിദാസ്, വി.ജെ.ലാലി ബേബി എം.ജെ., സെയ്ദ് അലവി, എ.ഫൽഗുണൻ, രാജു സേവ്യർ, ഹരിദാസൻ കയ്യടിക്കോട്, ബിനോയ് തോമസ്, സുരേജ് ഓടാപന്തിയിൽ എന്നിവർ സംസാരിച്ചു.

ജനുവരി 22ന് കൊച്ചി ആശീർവാദ് ഭവനിൽവെച്ച് ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരെ കർഷകസംഘടനകൾ ഒത്തുചേരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷകപ്രതിനിധികൾ പങ്കെടുക്കും. ജനുവരി 30ന് മഹാരാഷ്ട്രയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംഘടിപ്പിക്കുന്ന ഒരുലക്ഷം കർഷകരുടെ ഉപവാസത്തിൽ പ്രമുഖ ഗാന്ധിയനും കർഷകനേതാവുമായ അണ്ണാഹസാരെ നേതൃത്വം നൽകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ ഉപവാസസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കർഷകർ ഉപവസിക്കും. ജനുവരി 30ന് പാലക്കാട് സംസ്ഥാനതല ഉപവാസസമരം ഉദ്ഘാടനം ചെയ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP