Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൻസർ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാർ ഒപ്പിട്ടു കേരള സർക്കാർ

കാൻസർ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാർ ഒപ്പിട്ടു കേരള സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരും റീജിയണൽ കാൻസർസെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഏർപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ചേർന്ന് സഹകരണ കരാർ (എം.ഒ.യു.) മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന് കൈമാറി. റീജിയണൽ കാൻസർ സെന്ററിനു വേണ്ടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും മാലദ്വീപ് സർക്കാരിന് വേണ്ടി മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീനുമാണ് കരാറിൽ ഒപ്പിട്ടത്.

തുടർന്ന് ആർ.സി.സി.യിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീൻ, മാലദ്വീപ് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷാ അബ്ദുള്ള മാഹിർ, ഇന്ത്യയിലെ മാലദ്വീപ് അമ്പാസഡർ ഐഷാദ് മുഹമ്മദ് ദീദി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, നഗരസഭ കൗൺസിലർ എസ്.എസ്. സിന്ധു, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവർ പങ്കെടുത്തു.

ക്യാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളവും മാലദ്വീപുമായി അടുത്ത ബന്ധമാണുള്ളത്. ഈ കരാറിലൂടെ മാലദ്വീപ് നിവാസികൾക്ക് ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടാക്കാൻ സാധിക്കും. ഇതോടൊപ്പം കേരളത്തിനും വലിയ അനുഭവ സമ്പത്ത് നേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലുമുള്ള റീജിയണൽ കാൻസർ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാൻസർ പ്രതിരോധം, കാൻസർ ചികിത്സ, രോഗനിർണയ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കുന്നതിൽ റീജിയണൽ കാൻസർ സെന്റർ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള കാൻസർ ചികിത്സാ പരിചരണങ്ങൾ ലഭ്യമാക്കാൻ കഴിയും.

ആർ.സി.സി.ക്ക് കാൻസർ നിയന്ത്രണ ചികിത്സാരംഗത്തുള്ള ദീർഘകാല അനുഭവ സമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ കരാർ. ഇതനുസരിച്ച് മാലദ്വീപിലെ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ജീവനക്കാർ എന്നിവർക്ക് ആർ.സി.സി.യിൽ പ്രത്യേക പരിശീലനം നൽകും. തുടർ വിദ്യാഭ്യാസ പരിപാടിയിലൂടെ, മാലദ്വീപിലെ കാൻസർ ആശുപത്രിയിൽ പ്രവർത്തിക്കുന്നവർക്ക് കാൻസർ ചികിത്സ രോഗനിർണയ രംഗത്തെ നൂതന സങ്കേതങ്ങൾ പരിചയപ്പെടുത്താനും ആർ.സി.സി. സൗകര്യമൊരുക്കും. ആർ.സി.സി.യിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് മാലദ്വീപിലെ കാൻസർ ആശുപത്രികളിൽ ഡെപ്യുട്ടേഷൻ നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്.

കാൻസർ നിയന്ത്രണത്തിൽ ലോകത്തിന്റെ മുൻനിരയിലുള്ള സ്ഥാപനമായി മാറുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർ.സി.സി.യുമായുള്ള സഹകരണം മാലദ്വീപിന്റെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കാൻസർ പ്രതിരോധം, കാൻസർ രോഗനിർണയം, കാൻസർ ചികിത്സ, കാൻസർ ഗവേഷണം, സാമൂഹ്യാധിഷ്ഠിത പദ്ധതികൾ, മനുഷ്യവിഭവശേഷീ വികസനം, പരിശീലനം എന്നീ രംഗങ്ങളിൽ ആർ.സി.സി. കാഴ്ചവച്ച നിസ്തുലമായ നേട്ടങ്ങളാണ് മാലദ്വീപുമായി ഇത്തരമൊരു സഹകരണത്തിന് കേരള സർക്കാരിനെ പ്രേരിപ്പിച്ചത്.

റേഡിയേഷൻ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ ഒരുമിച്ചിരുന്ന് ചർച്ചകളിലൂടെ ചികിത്സ നിശ്ചയിക്കുന്ന മൾട്ടിഡിസിപ്ലിനറി ട്യൂമർ ബോർഡ് സംവിധാനവും മാലദ്വീപിലെ ജനങ്ങൾക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നൽകുന്നത്. പതോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, അനസ്തേഷ്യോളജി, മൈക്രോബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ലബോറട്ടറി സർവീസ്, നഴ്സിങ് സർവീസ് തുടങ്ങിയ വിഭാഗങ്ങളിലെ നൂതന സങ്കേതങ്ങളും മാലദ്വീപിലെ കാൻസർ ചികിത്സകൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഈ കരാർ ഉപയോഗപ്പെടും. ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്ന ആർ.സി.സിയിൽ കുട്ടികളുടെ കാൻസർ ചികിത്സയ്ക്കുള്ള പരിചരണ സങ്കേതങ്ങൾ ഉള്ളതും ഈ കരാർ കൂടുതൽ പ്രസക്തമാക്കുന്നുണ്ട് .

മാലദ്വീപിൽ ഒരു കാൻസർ രജിസ്ട്രി സ്ഥാപിക്കാനുള്ള സഹായവും ആർ.സി.സി. നൽകും. ആർ.സി.സി.യിലെ കാൻസർ രജിസ്ട്രി വിഭാഗത്തിന്റെ വൈദഗ്ദ്ധ്യവും അനുഭവജ്ഞാനവും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. അതുപോലെതന്നെ സാന്ത്വന ചികിത്സയിൽ ആർ.സി.സി. കൈവരിച്ച നേട്ടങ്ങളും കമ്പ്യൂട്ടർവൽകൃത വിവരവിനിമയ സങ്കേതങ്ങളുമൊക്കെ പുതിയ കാൻസർ ആശുപത്രികൾ മാലദ്വീപിൽ സ്ഥാപിക്കുമ്പോൾ പ്രയോജനപ്പെടുത്താവുന്നതാണ്. ടെലിമെഡിസിൻ സാങ്കേതികവിദ്യയും ഇവിടെ ഉപയോഗപ്പെടുത്താം.

കാൻസർ ചികിത്സ നിയന്ത്രണ രംഗത്തു മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആർ.സി.സി.യിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള നിരവധി കോഴ്സുകൾ നടത്തുന്നുണ്ട്. എം.ഡി. റേഡിയോതെറാപ്പി, എം.ഡി. അനസ്തേഷ്യ, എം.ഡി. പാത്തോളജി, എം.സി.എച്ച്. സർജിക്കൽ ഓങ്കോളജി, എം.സി.എച്ച്. ഹെഡ്&നെക്ക് സർജറി, എം.സി.എച്ച്. ഗൈനക്കോളജിക്കൽ ഓങ്കോളജി, ഡി.എം. മെഡിക്കൽ ഓങ്കോളജി, ഡി.എം. പീഡിയാട്രിക് ഓങ്കോളജി എന്നിവയുൾപ്പടെ നിരവധി കോഴ്സുകൾ ആർ.സി.സി.യിൽ നടക്കുന്നതിനാൽ, മാലദ്വീപിൽ നിന്നും പരിശീലനത്തിനായി എത്തുന്ന ഡോക്ടർമാർക്കും മറ്റു പാരാമെഡിക്കൽ വിദഗ്ദ്ധർക്കും ഈ അദ്ധ്യാപന പരിചയം പ്രയോജനപ്പെടുത്താം.

ആർ.സി.സി. നടപ്പാക്കുന്ന വിവിധ ക്ഷേമപരിപാടികൾ ഏതൊരു കാൻസർ ആശുപത്രിക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. സൗജന്യ ഭക്ഷണം, സൗജന്യ ഔഷധം, മറ്റ് പുനരധിവാസ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികൾ എന്നിവയൊക്കെ മാലദ്വീപിൽ സ്ഥാപിക്കുന്ന കാൻസർ ആശുപത്രികൾക്ക് ഒരു മാതൃകയാകുമെന്നതിൽ സംശയമില്ല.

ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങങ്ങളിൽ ഉള്ളവർക്ക് ആർ.സി.സി.യുടെ സേവനം വീട്ടുപടിക്കൽ എത്തിക്കുന്നതിനായി എറണാകുളം, പാലക്കാട്, കരുനാഗപ്പള്ളി, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആർ.സി.സി.യുടെ ഉപകേന്ദ്രങ്ങളുടെ പ്രവർത്തന രീതിയും മാലദ്വീപിന് ഉപകാരപ്പെടും.

പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികൾക്ക് ചികിത്സ നൽകുന്ന ആർ.സി.സി.യിൽ പ്രതിവർഷം രണ്ടര ലക്ഷത്തിൽപരം രോഗികളാണ് തുടർചികിത്സയ്ക്കായി എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗവും, പീഡിയാട്രിക് ഓങ്കോളജി വിഭാഗവും പ്രവർത്തിക്കുന്ന ആർ.സി.സി.യിലാണ് പൊതുമേഖലയിൽ കേരളത്തിൽ ആദ്യമായി ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. വേദനസംഹാര ക്ലിനിക്കും മോർഫിൻ പ്ലാന്റും സ്ഥാപിച്ച ആദ്യ കാൻസർ സെന്ററും ആർ.സി.സി.യാണ്. പൊതുജനങ്ങൾക്ക് സൗജന്യമായി കാൻസർ ചികിത്സ ലഭ്യമാക്കാൻ വേണ്ടി കാൻസർകെയർ ഫോർ ലൈഫ് എന്ന അതുല്യ ക്ഷേമപദ്ധതി നടപ്പിലാക്കിയതും ആർ.സി.സി.യാണ്. പൊതുമേഖലയിൽ ആദ്യമായി എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ കിട്ടിയ കാൻസർ ആശുപത്രിയും ആർ.സി.സി.യാണെന്ന് എടുത്തു പറയേണ്ടതുണ്ട്.

ആർ.സി.സി.യുടെ പ്രവർത്തനമികവും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങളും അനുഭവജ്ഞാനവും മാലദ്വീപിലെ കാൻസർ ചികിത്സാ നിയന്ത്രണ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കരാർവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ അയൽരാജ്യമെന്ന നിലയിൽ മാലദ്വീപുമായി തുടർന്നുവരുന്ന സഹകരണം കൂടുതൽ ക്രിയാത്മകവും ശക്തവുമാക്കാൻ ആരോഗ്യരംഗത്തെ ഈകാൽവയ്‌പ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.

മാലദ്വീപിലെ ജനങ്ങൾക്ക് വലിയ സഹായമാണ് കേരളം നൽകിയിരിക്കുന്നതെന്ന് മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീൻ പറഞ്ഞു. ഇതിലൂടെ കാൻസറിനെതിരെ കേരളത്തിനും മാലദ്വീപിനും ഒന്നിച്ച് പൊരുതാൻ കഴിയുന്നതാണ്. ലോകത്ത് തന്നെ വലിയ അനുഭവ പരിചയമുള്ളവരാണ് ആർ.സി.സി.യിലെ ഡോക്ടർമാർ. ആ അനുഭവസമ്പത്ത് മാലദ്വീപിലെ ജനങ്ങൾക്ക് സഹായകരമാകുമെന്നും അബ്ദുള്ള അമീൻ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP