Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബ്ബറിന് ഓൺലൈൻ വളപ്രയോഗശുപാർശ സംവിധാനം മന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു

റബ്ബറിന് ഓൺലൈൻ വളപ്രയോഗശുപാർശ സംവിധാനം മന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: റബ്ബറിന് ഓൺലൈനായി വളപ്രയോഗശുപാർശ നൽകുന്ന റബ്ബർ സോയിൽ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുമന്ത്രി നിർമ്മല സീതാരാമൻ ഡെൽഹി ഉദ്യോഗ്ഭവനിൽ നടന്ന ചടങ്ങിൽ വച്ച് നിർവഹിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുസെക്രട്ടറി റീത്ത തിയോത്തിയയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെയും റബ്ബർബോർഡിലെയും ഉന്നതോദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

റബ്ബർബോർഡ്, നാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവ്വേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്, ഐ.എസ്.ആർ.ഒ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരള എന്നീ സ്ഥാപനങ്ങൾ സഹകരിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. രാജ്യത്തെ മുഴുവൻ റബ്ബർമേഖലയ്ക്കും വളപ്രയോഗശുപാർശ നൽകാനാണ് റബ്ബർ സോയിൽ ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ ബോർഡ് ശ്രമിക്കുന്നത്. കോട്ടയം ജില്ലയ്ക്കുവേണ്ടിയുള്ള ഓൺലൈൻ വളപ്രയോഗശുപാർശയുടെ ഉദ്ഘാടനമാണ് മന്ത്രി ഇപ്പോൾ നിർവ്വഹിച്ചത്. കർഷകർക്ക് 'http://rubsis.rubberboard.org.in' rubsis.rubberboard.org.in എന്ന വിലാസത്തിലൂടെ സിസ്റ്റം ഉപയോഗിക്കാം. ഈ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ കർഷകരിൽ നിന്ന് റബ്ബർബോർഡ് സ്വീകരിക്കുന്നതാണ്. അഭിപ്രായങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. പ്രാദേശിക ഭാഷകളിലും ഇത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

നാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവ്വേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്ങിന്റെ സഹകരണത്തോടെ റബ്ബർബോർഡ് തെക്കേ ഇന്ത്യയിലെ റബ്ബർകൃഷിമേഖലയെക്കുറിച്ച് വിശദമായ സർവ്വേ നടത്തിയിരുന്നു. രാജ്യത്തെ മുഴുവൻ റബ്ബർമേഖലയിലെയും വളപ്രയോഗം മണ്ണു പരിശോധനയ്ക്കു വിധേയമായി മാത്രം നൽകണം എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തിയത്. ഇപ്രകാരം മൂന്ന് വർഷത്തിനു മുകളിൽ പ്രായമുള്ള റബ്ബർ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും (1:50000 എന്ന സ്‌കെയിലിൽ) മണ്ണു സാമ്പിളുകളും (30 സെ.മീറ്റർ വരെ ആഴത്തിൽ) ഓരോ 50 ഹെക്ടർ റബ്ബർതോട്ടത്തിൽ നിന്ന് പരിശീലനം ലഭിച്ച വ്യക്തികൾ മുഖേന ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഉപഗ്രഹഇമേജുകളിലൂടെ ഓരോ പഞ്ചായത്തിലെയും റബ്ബർകൃഷി വിസ്തൃതി തിട്ടപ്പെടുത്തുകയും ഓരോ 50 ഹെക്ടറിനും ഒരു മണ്ണുസാമ്പിൾ എന്ന കണക്കിൽ 11000 മണ്ണു സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ജി.പി.എസ് സംവിധാനമുപയോഗിച്ച് സ്ഥാനനിർണയം നടത്തി. രാജ്യത്തെ പ്രധാന ലാബുകളിൽതന്നെയാണ് ഈ സാമ്പിളുകളുടെ മുഴുവൻ ഭൗതിക, രാസസ്വഭാവങ്ങളും പരിശോധിച്ചത്. ജിയോസ്റ്റാറ്റിസ്റ്റിക്കൽ ടെക്‌നിക്കുപയോഗിച്ച് സോയിൽ മാപ്പിങ്ങും നടത്തി.

ഈ വിവരങ്ങളെല്ലാം ചേർത്ത് ലഭ്യമായ അതിനൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയുമായി ചേർന്ന് ഒരു വെബ് അധിഷ്ഠിത വളപ്രയോഗശുപാർശ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം തയ്യാറാക്കുകയാണുണ്ടായത്.

ശരിയായ രീതിയിൽ മണ്ണ് സംരക്ഷണ നടപടികൾ കൈക്കൊള്ളുന്ന തോട്ടങ്ങളിൽ മണ്ണിന്റെ ഫലപുഷ്ഠി ഏറെക്കുറെ വ്യത്യാസമില്ലാതെ നിലനിൽക്കുന്നുണ്ടന്നാണ് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിന്റെ ഘടന പഠിക്കുന്നതിനും ശുപാർശകളിൽ കാലോചിതമായ മാറ്റം വരുത്തുന്നതിനും സാധിക്കും.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP