Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബ്ബറുത്പാദകസംഘങ്ങൾ സ്‌കിൽ ഡെവലെപ്‌മെന്റ് സെന്ററുകൾ ആയി മാറണം: റബർ ബോർഡ് ചെയർമാൻ എ. അജിത്കുമാർ

റബ്ബറുത്പാദകസംഘങ്ങൾ സ്‌കിൽ ഡെവലെപ്‌മെന്റ് സെന്ററുകൾ ആയി മാറണം: റബർ ബോർഡ് ചെയർമാൻ എ. അജിത്കുമാർ

കോട്ടയം: റബ്ബറിന്റെ വിളവെടുപ്പ്, നൈപുണ്യവികസനം ഏറെ ആവശ്യമുള്ള മേഖലയാണെന്നും അതിനായി റബ്ബറുത്പാദകസംഘങ്ങൾ സ്‌കിൽ ഡെവലെപ്‌മെന്റ് സെന്ററുകൾ ആയി മാറണമെന്നും റബ്ബർബോർഡ് ചെയർമാൻ എ. അജിത്കൂമാർ ഐ.എ.എസ്. പറഞ്ഞു. കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള ചിറക്കടവ് റബ്ബറുത്പാദകസംഘത്തിൽ വച്ച് 'ആഴ്ചയിൽ ഒരു ടാപ്പിങ്; ആദായം കുറയാതെ' എന്ന പേരിൽ റബ്ബർബോർഡ് നടത്തുന്ന തീവ്രബോധനപരിപാടിയുടെ ദേശീയോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർമാൻ.

റബ്ബർമേഖലയിൽ ടാപ്പർമാർക്ക് ദൗർലഭ്യമുണ്ട്. നിലവിലുള്ള ടാപ്പർമാരുടെ ശരാശരി പ്രായം 40 വയസ്സിനുമേൽ ആണ്. പുതുതായി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരേണ്ടതുണ്ട്. അവർക്കായി കൂടുതൽ പരിശീലനപരിപാടികൾ നടത്തണം. റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലുമായി ചേർന്ന് റബ്ബറുത്പാദകസംഘങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനപരിപാടികൾ സംഘടിപ്പിക്കാൻ ബോർഡ് മുൻകൈയെടുക്കുമെന്നും ചെയർമാൻ അറിയിച്ചു.

കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 10 മുതൽ ജൂലൈ 22 വരെയാണ് പ്രചരണപരിപാടികൾ നടത്തുക. ഇതിനായി 900-ത്തോളം യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗങ്ങളിലൂടെ എഴുപതിനായിരത്തിലധികം കർഷകരുമായി നേരിട്ടു ബന്ധപ്പെടാനാണ് ബോർഡ് ലക്ഷ്യിട്ടിട്ടുള്ളത്. വടക്കു കിഴക്കൻ മേഖലകളിലെ ഈ വർഷത്തെ തീവ്രപ്രചരണ പരിപാടികൾ ജൂലൈ ആദ്യവാരത്തിൽ ആരംഭിക്കും.

റബ്ബർബോർഡിന്റെ പബ്‌ളിസിറ്റി & പബ്‌ളിക് റിലേഷൻസ് വിഭാഗം നിർമ്മിച്ച ആഴ്ചയിൽ ഒരു ടാപ്പിങ്; ആദായം കുറയാതെ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം കർഷകനായ അനൂപ് പ്ലാക്കാട്ടിന് സി.ഡി. നൽകിക്കൊണ്ട് ചെയർമാൻ നിർവ്വഹിച്ചു. റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ഫോൺ വഴി അറിയുന്നതിനും റബർകൃഷി സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി ബോർഡിന്റെ കേന്ദ്രഓഫീസിൽ ആരംഭിച്ച കോൾ സെന്ററിന്റെ ഉദ്ഘാടനവും ചെയർമാൻ തദവസരത്തിൽ നിർവ്വഹിക്കുകുയണ്ടായി. കോൾ സെന്ററുമായി ബന്ധപ്പെടാൻ 0481 2576622 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.

ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ വി.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം ജോയിന്റ് ഡയറക്ടർ ഡോ. കെ.യു. തോമസ് വിഷയാവതരണം നടത്തി.   എം.ജി. സതീശ് ചന്ദ്രൻനായർ (ഡെപ്യൂട്ടി ഡയറക്ടർ, പി.&പി.ആർ.), മൈക്കിൾ ജോസഫ് (പ്രസിഡന്റ്, ചിറക്കടവ് റബ്ബറുത്പാദകസംഘം), ബിന്നി മാത്യു ചോക്കാട്ട് (പ്രസിഡന്റ്, ഐങ്കൊമ്പ് റബ്ബറുത്പാദകസംഘം), ജോർജ്‌തോമസ് (മാനേജിങ്ഡയറക്ടർ, കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സ്), ടി.ടി.ജോസഫ് (പ്രസിഡന്റ്, കടയിനിക്കാട് റബ്ബറുത്പാദകസംഘം), വി.എൻ.കൃഷ്ണപിള്ള (പ്രസിഡന്റ്, കുറുങ്കണ്ണി റബ്ബറുത്പാദകസംഘം) എന്നിവർ പ്രസംഗിച്ചു. ആഴ്ചയിലൊരിക്കൽ ടാപ്പിങ് പ്രാവർത്തികമാക്കിയ ചാമംപതാൽ റബ്ബറുത്പാദകസംഘം പ്രസിഡന്റ് അഡ്വ. തോമസ് പാസ്‌കൽ തന്റെ അനുഭവം യോഗത്തിൽ വിവരിച്ചു. തുടർന്നു നടന്ന ചർച്ച ഡെവലപ്‌മെന്റ് ഓഫീസർ എൻ. സലി നയിച്ചു. കെ.കെ.മഹാദേവൻ (ഡെപ്യൂട്ടി റബ്ബർപ്രൊഡക്ഷൻ കമ്മീഷണർ) സ്വാഗതവും ഷാജിമോൻ ജോസ് (സെക്രട്ടറി, ചിറക്കടവ് റബ്ബറുത്പാദകസംഘം) കൃതജ്ഞതയും പറഞ്ഞു.

റബ്ബർവില താഴ്ന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ ചെലവ് ഗണ്യമായി ചുരുക്കുന്നതിനു വേണ്ടി ആഴ്ചയിലൊരിക്കൽ ടാപ്പിങ് രീതി സ്വീകരിക്കുന്നതിൽ കർഷകരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് പ്രചാരണപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ആഴ്ചയിലൊരിക്കൽ ടാപ്പിങ് എന്ന രീതിയിൽ ടാപ്പു ചെയ്യുമ്പോൾ കൂലി ഏറെ ലാഭിക്കാൻ കഴിയും. ഉത്തേജകൗഷധ പ്രയോഗത്തോടെ ഈ രീതിയിൽ ടാപ്പു ചെയ്യുമ്പോൾ ഒന്നിരാടൻ ടാപ്പിങ്ങിൽ ലഭിക്കുന്ന അത്രയും തന്നെ വാർഷികാദായം ലഭിക്കുകയും ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP