Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക സംവരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേയ്ക്ക്; ഫെബ്രുവരി 5ന് സെക്രട്ടറിയേറ്റിനു ചുറ്റുംസംവരണ മതിൽ തീർക്കും

സാമ്പത്തിക സംവരണം: എസ്ഡിപിഐ പ്രക്ഷോഭത്തിലേയ്ക്ക്; ഫെബ്രുവരി 5ന് സെക്രട്ടറിയേറ്റിനു ചുറ്റുംസംവരണ മതിൽ തീർക്കും

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരേ എസ്ഡിപിഐ പ്രക്ഷോഭത്തിലേയ്ക്ക്. സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെയും അതിന് പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസത്തയെ തന്നെ തകർക്കുന്നതും അവർണ ജനതയോടുള്ള വഞ്ചനയുമാണ്.

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുഖ്യധാരയിലും അധികാരവ്യവസ്ഥയിലും അർഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടിയാണത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കിൽ അത് പരിഹരിക്കാൻ ബദൽ ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സാമൂഹിക അസമത്വം ബോധ്യപ്പെട്ടതിന്റെയടിസ്ഥാനത്തിൽ മണ്ഡൽ കമ്മീഷൻ റിപോർട്ട് പ്രകാരം 1993 മുതലാണ് കേന്ദ്രസർവീസിൽ പിന്നാക്കവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്.

മുന്നാക്കജാതിയിൽപ്പെട്ടവർക്ക് 10 ശതമാനം സംവരണം അനുവദിക്കുന്നതിനായി തോത് നിശ്ചയിച്ചതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഒ.ബി.സി വിഭാഗം 55 ശതമാനമാണ്. പട്ടികജാതിവർഗവിഭാഗക്കാർ 25 ശതമാനത്തോളം വരും. മൊത്തത്തിൽ പട്ടിക, പിന്നാക്കവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന മുന്നാക്കസമുദായങ്ങളാണ് അധികാരത്തിന്റെ 80 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത്. അവർക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നത്. സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വാർഷിക വരുമാനം എട്ടുലക്ഷം, അഞ്ചേക്കറിൽ താഴെ ഭൂമി, ആയിരം ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട് തുടങ്ങിയ മാനദണ്ഡപ്രകാരം 80 ശതമാനം മുന്നാക്കക്കാരും സംവരണ പരിധിയിൽ വരും.

പിന്നാക്ക വിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണഘടനാവകാശം സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമില്ല. സംവരണം നടപ്പാക്കിയിട്ടും നാളിതുവരെ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പിന്നാക്ക സംവരണം 1993ൽ ഏർപ്പെടുത്തി 25 വർഷത്തിനുശേഷവും ഒ.ബി.സി പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗ മേഖലയിൽ കേവലം 6.9 ശതമാനം മാത്രമാണ്. കേരളത്തിലും പിന്നാക്കസമുദായാംഗങ്ങൾക്ക് സംവരണത്തിലൂടെ നീക്കിവച്ച തസ്്തികകളിൽ പൂർണമായും എത്താൻ കഴിഞ്ഞിട്ടില്ലെന്ന് 2002ൽ ജസ്റ്റിസ് നരേന്ദ്രൻ കണ്ടെത്തിയിരുന്നു.

അവർണന് അധികാരം നഷേധിക്കുന്നതിൽ കേന്ദ്രസർക്കാരിനേക്കാൾ ഒരു പടി മുന്നിലാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതു സർക്കാർ. സാമൂഹിക നീതി നിഷേധത്തിന് കുടപിടിക്കുന്ന തരത്തിൽ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവിസിലേക്കുള്ള (കെ.എ.എസ്) പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അധികാര ഘടനയിൽനിന്ന് ദലിത്, മുസ്ലിം, പിന്നാക്ക സമൂഹങ്ങളെ പരമാവധി മാറ്റിനിർത്താനുള്ള ചട്ടങ്ങളാണ് വരാൻ പോകുന്നത്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്, പാലൊളി കമ്മീഷൻ റിപ്പോർട്ട് തുടങ്ങിയവയൊന്നും നടപ്പാക്കുന്നതിൽ ഇടതു സർക്കാർ താൽപ്പര്യം കാണിക്കുന്നില്ല.

സാമൂഹിക നീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം പിൻവലിക്കുക, അവർണ ഭൂരിപക്ഷത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ പാർട്ടികളെ തിരിച്ചറിയുക, സാമൂഹിക നീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എസ്.ഡി.പിഐ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരികയാണ്.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിൽ അനുകൂലിച്ച് അവർണ ജനതയെ വഞ്ചിച്ച സംസ്ഥാനത്തെ എംപി മാരുടെ ഓഫിസുകളിലേയ്ക്ക് ജനുവരി 17 ന് ജനകീയ മാർച്ച് നടത്തും. ഫെബ്രുവരി 5 ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ സമുദായങ്ങൾ മതിൽ തീർക്കും. സംവരണ മതിലിന്റെ പ്രചാരണാർഥം സംസ്ഥാനവ്യാപകമായി ജനുവരി 25 മുതൽ 31 വരെ മണ്ഡലംതല വാഹനപ്രചാരണ ജാഥയും ഗൃഹസമ്പർക്ക കാംപയിനും നടത്തും. നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെയും അതിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയകക്ഷികളെയും ചെറുത്തുതോൽപിക്കാൻ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ പൗരന്മാരും ഒറ്റക്കെട്ടായി അണിനിരക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP