അഭിഭാഷകയുടെ കൊലപാതകംയുപിയിലെ കാട്ടു ഭരണത്തിന് തെളിവ്: എസ്ഡിപിഐ
June 15, 2019 | 10:14 AM IST | Permalink

ന്യൂഡൽഹി : യുപിയിൽ അഭിഭാഷകയെ പട്ടാപ്പകൽ കൊലപ്പെടുത്തിയ സംഭവത്തെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീൻ അഹ്മദ് അപലപിച്ചു. ആഗ്രയിലെ കോടതി വളപ്പിനുള്ളിൽ അഡ്വ. ദർവേശ് സിങ് യാദവിന്റെ കൊലപാതകം യുപിയിലെ കാട്ടുഭരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ യുപിയിൽ ക്രമസമാധാനം പൂർണമായി തകർന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ക്രൂരമായ ഈ കൊലപാതകം.
കാഷായ വസ്ത്രമണിഞ്ഞ വ്യാജ ആത്മീയതയുടെ വക്താവും കൊലപാതകം, വർഗീയ കലാപം, വംശീയ വിദ്വേഷം, അക്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ആരോപണവിധേയനുമായ യോഗി അധികാരത്തിലെത്തിയതു മുതലാണ് സംസ്ഥാനത്ത് അക്രമങ്ങൾ പെരുകിയത്. കാവി പുതച്ച അക്രമികൾക്ക് ഭയരഹിതമായി ഏത് അതിക്രമങ്ങളും ചെയ്യാവുന്ന അവസ്ഥയാണ് യുപിയിൽ. യുപിയിലെ ആക്രമങ്ങളെ തടയുന്നതിന് സുപ്രിം കോടതി നേരിട്ട്് ഇടപെടണമെന്നും അഭിഭാഷകയുടെ കൊലപാതകികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഭിഭാഷകയുടെ കൊലപാതകത്തിൽ വ്യസനിക്കുന്ന അവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിന്റെ വേദനയിലും ദുഃഖത്തിലും പങ്കു ചേരുന്നതായും ഷറഫുദ്ദീൻ അഹ്മദ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.