Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നുണപ്രചാരകരെ ആദരിക്കുന്നത് നീതീകരിക്കാനാവില്ല: എസ് എസ് എഫ് അലിഗഢ്

സ്വന്തം ലേഖകൻ

ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഹിന്ദുത്വ അനുകൂല വിവാദ പരാമർശം നടത്തിയ പത്മശ്രീ കെ കെ മുഹമ്മദിനെ ആദരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് എസ് എസ് എഫ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പ്രസ്താവിച്ചു. ചരിത്ര രേഖകൾ നിർലജ്ജം തിരുത്താൻ ശ്രമിക്കുന്ന സംഘ് പരിവാർ അജണ്ടകൾക്ക് കുഴലൂത്ത് നടത്തുന്നവരെ ആദരിക്കാനുള്ള അലിഗഢ് പൂർവ വിദ്യാർത്ഥി സംഘടനയുടെ തീരുമാനം പിൻവലിക്കണമെന്നും യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

ബാബരി കേസിന്റെ അന്തിമ വിധിയുടെ ഘട്ടത്തിൽ മലയാളി കൂടിയായ പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ് നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രൊഫസർ ഇർഫാൻ ഹബീബ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് വന്ന സാഹചര്യത്തിലാണിത്. കെ കെ മുഹമ്മദിന്റെ വാദങ്ങൾ കള്ളമാണെന്നും അയോധ്യയിൽ ഉത്ഘനനം നടക്കുമ്പോൾ അദ്ദേഹം കേവലം വിദ്യാർത്ഥി മാത്രമായിരുന്നു എന്നും യൂണിവേഴ്‌സിറ്റി രേഖകൾ ഉദ്ധരിച്ച് അലിഗഢ് ചരിത്രവിഭാഗം തലവൻ അലി നദീം റസാവിയും രംഗത്ത് വന്നിരുന്നു. അയോധ്യ വിഷയത്തിൽ കെ കെ മുഹമ്മദിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് ആരോപിച്ച് പ്രമുഖ ചരിത്രകാരൻ ഡിഎൻ ഝായും രംഗത്തുവന്നു.

അലിഗഢ് പൂർവ വിദ്യാർത്ഥിയായ കെകെ മുഹമ്മദ് കഴിഞ്ഞ വർഷത്തെ പത്മശ്രീ അവാർഡ് ജേതാവായതിന്റെ ഭാഗമായാണ് സർ സയ്യിദ് ഡേയുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹത്തെ ആദരിക്കുന്നത്.

സംഘപരിവാർ അജണ്ടകൾക്കൊത്ത് ചരിത്രം വളച്ചൊടിച്ച് കള്ളം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ കെ മുഹമ്മദ് എന്ന് വിവിധ ചരിത്രകാരന്മാർ രേഖകൾ സഹിതം ആരോപിക്കുന്ന സാഹചര്യത്തിലും അദ്ദേഹത്തെ ആദരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നത് ചരിത്രത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും തീരുമാനത്തിൽ നിന്നും പിറകോട്ട് പോകാൻ സംഘാടകർ തയ്യാറാകണമെന്നും എസ് എസ് എഫ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP