Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം-വിജ്ഞാന വസന്തം 13 മുതൽ വി.ജെ.ടി ഹാളിൽ

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്- സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം-വിജ്ഞാന വസന്തം 13 മുതൽ വി.ജെ.ടി ഹാളിൽ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ നവംബർ 13ന് ആരംഭിക്കും. നവംബർ 13ന് വൈകീട്ട് 5മണിക്ക് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. ഡോ.ആർ.രഘുനാഥൻ രചിച്ച മലയാള ഭാഷോൽപ്പത്തി:വിവരണാത്മക സൂചിക, സാഹിത്യ പഠന രേഖകൾ എന്നീ പുസ്തകങ്ങൾ യഥാക്രമം ഡോ.എസ്.ശ്രീദേവി, ഡോ.സി.ആർ.പ്രസാദ് എന്നിവർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്യും.

എസ്.രാമചന്ദ്രൻ നായർ രചിച്ച അധിനിവേശം: കേരളത്തിലെ ഭൂപരിഷ്‌കരണവും സാമൂഹ്യപരിവർത്തനവും എന്ന പുസ്തകവും മന്ത്രി പ്രകാശനം ചെയ്യും. ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തും.അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ, ഡോ.ആർ.രഘുനാഥൻ എന്നിവർ സംസാരിക്കും.

നവംബർ 14ന് 11മണിക്ക് സുരേഷ് മുതുകുളം രചിച്ച കേരളത്തിന്റെ ഗോകുലം, ഡോ.സി.ടി.ചാക്കോ രചിച്ച പശുവളർത്തൽ വാണിജ്യാടിസ്ഥാനത്തിൽ എന്നീ പുസ്തകങ്ങൾ കെ.എൽ.ഡി.ബി മാനേജിങ്ങ് ഡയറക്ടർ ഡോ.ജോസ് ജെയിംസ് പ്രകാശനം ചെയ്യും. നവംബർ 15ന് 4 മണിക്ക് വി.ചന്ദ്രബാബു രചിച്ച കാവ്യകലാ മർമജ്ഞനായ കിളിപ്പാട്ടുകാരൻ എന്ന പുസ്തകം ഡോ.കവടിയാർ രാമചന്ദ്രൻ പ്രകാശനം ചെയ്യും. നവംബർ 17ന് 11മണിക്ക് വി.പ്രഭാകരൻ നായർ രചിച്ച പണം: കൽനാണയം മുതൽ ക്രിപ്‌റ്റോ കറൻസി വരെ എന്ന പുസ്തകം ടി.പി.ശ്രീനിവാസൻ ഐ.എഫ്.എസ് പ്രകാശനം ചെയ്യും. നവംബർ 19ന് 5മണിക്ക് ഡോ.വിജയകൃഷ്ണൻ രചിച്ച പൂർണ പുരുഷാർഥ ചന്ദ്രോദയം എന്ന പുസ്തകം കാലടി സർവകലാശാല മുൻ വി സി ഡോ.എൻ.പി.ഉണ്ണി പ്രകാശനം ചെയ്യും.

സമാപന സമ്മേളനം നവംബർ 21ന് 4മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.തൃശൂർ കേരളവർമ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാരി രചിച്ച വള്ളിക്കുടിലും പുഷ്പഭാരങ്ങളും എന്ന പുസ്തകം പ്രമോദ് പയ്യന്നൂരിന് നൽകി മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. പള്ളിയറ ശ്രീധരൻ രചിച്ച മത്സരപരീക്ഷയിലെ ഗണിതം, ഡോ.മുഹമ്മദ് അഷ്റഫ് രചിച്ച കളിയെഴുതിന്റെ ഗണിതം എന്നീ പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്യും.

വിവിധ വൈജ്ഞാനിക ശാഖകളിലായി 4400-ൽപ്പരം മികച്ച ഗ്രന്ഥങ്ങളാൽ സമ്പന്നമായ വിജ്ഞാനവസന്തത്തിൽ 20മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. വൈജ്ഞാനിക ഗ്രന്ഥങ്ങളെ അടുത്തറിയാനുള്ള വായനക്കാരുടെ അഭിരുചിക്കനുസൃതമായുള്ള ആധികാരിക ഗ്രന്ഥങ്ങളാൽ സമ്പന്നമായ പുസ്തകമേളയിൽ ശബ്ദാവലികൾ, പദകോശങ്ങൾ, വേദോപനിഷതുകൾ, നിഘണ്ടുക്കൾ, ശാസ്ത്രഗ്രന്ഥങ്ങൾ, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഭൗതികശാസ്ത്രം, നരവംശശാസ്ത്രം, ജീവചരിത്രങ്ങൾ, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിങ്, ഗണിതം, കൃഷി, ആരോഗ്യം, സംഗീതം, ആദ്ധ്യാത്മികം, പാഠപുസ്തകങ്ങൾ, ഉപനിഷത്തുകൾ, ഭാഷ, സാഹിത്യം, കലകൾ, ഫോക്ലോർ, നാടകം, സംഗീതം, സിനിമ, പരിസ്ഥിതി, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ആയുർവേദം, പ്രകൃതിചികിത്സ, ഇൻഫർമേഷൻ ടെക്നേളജി, മാനേജ്മെന്റ്, ജേർണലിസം, നിയമം, സ്പോർട്സ്, ഗെയിംസ് എന്നീ വിഷയങ്ങളിലായി ഡോ.അംബേദ്കർ സമ്പൂർണ്ണ കൃതികൾ, പ്രൊഫ.പന്മന രാമചന്ദ്രൻ നായർ ചീഫ് എഡിറ്ററായ എ.ആർ.സമ്പൂർണകൃതികളുടെ 3 വാല്യങ്ങൾ, ഇന്ത്യൻ ഭരണഘടന, സഹകരണ നിയമങ്ങളും ചട്ടങ്ങളും, അമർത്യാസെന്നിന്റെ വികസനം തന്നെ സ്വാതന്ത്ര്യം, പാർപ്പിടം, രാജാരവിവർമ്മയുടെ വിഖ്യാതങ്ങളായ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഗ്രന്ഥം, കേരളം ഭൂപടങ്ങളിലൂടെ, ഇർഫാൻ ഹബീബിന്റെ വിവർത്തനം ചെയ്ത ചരിത്ര പുസ്തകങ്ങൾ, കളർചിത്രങ്ങളടക്കം 1350 പേജ് വരുന്ന 1250/- രൂപ മുഖവിലയുള്ള ഒ.എൻ.വി.കുറുപ്പിന്റെ സമ്പൂർണകൃതികളുടെ സമഗ്ര പഠനഗ്രന്ഥമായ 'ഒ.എൻ.വി കാവ്യസംസ്‌കൃതി, ഭാരതീയ കാവ്യശാസ്ത്രം, ആധ്യാത്മരാമായണം, ഋഗ്വേദം, ഇന്ത്യ 2020, ഗണിത വിശ്ലേഷണതത്വങ്ങൾ, ശ്രീനാരായണ ഗുരു സമ്പൂർണ കൃതികൾ, ഫുട്ബോൾ ഇതിഹാസങ്ങളും പ്രതിഭകളും, മാർക്സ്@200സമൂഹം സംസ്‌കാരം ചരിത്രം, ഒന്ന് രണ്ട് മൂന്ന് അനന്തം, ഭരണകൂടവും വിദ്യാഭ്യാസവും കേരളത്തിന്റെ അനുഭവങ്ങൾ, നൂറ് രസതന്ത്ര കഥകൾ, സ്വാമി മുനിനാരായണ പ്രസാദ് വ്യാഖ്യാനം ചെയ്ത 10 ഉപനിഷത്തുകൾ തുടങ്ങിയ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. 250 രൂപ നൽകിയാൽ വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. നവംബർ 21ന് വിജ്ഞാന വസന്തം സമാപിക്കും. ദിവസവും രാവിലെ 10മുതൽ രാത്രി 8.30വരെയാണ് പുസ്തകമേള.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP