Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 10 പ്രഭാഷകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി റ്റെഡ് എക്‌സ് തിരുവനന്തപുരം

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 10 പ്രഭാഷകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി റ്റെഡ് എക്‌സ് തിരുവനന്തപുരം

തിരുവനന്തപുരം: റ്റെഡ് എക്‌സ് തിരുവനന്തപുരം മൂന്നാം എഡിഷൻ യു എസ് ടി ഗ്ലോബൽ കാമ്പസിൽ നടന്നു. ഗണിത ശാസ്ത്രജ്ഞരും വ്യവസായ സംരംഭകരും ആക്റ്റിവിസ്റ്റുകളും അടക്കം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് പ്രഭാഷകരാണ് ഇത്തവണത്തെ റ്റെഡക്‌സ് ടോകിനെ സമ്പന്നമാക്കിയത്.

അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കുറിച്ചുള്ള ഉൽക്കണ്ഠകളാണ് മൃഗ സ്‌നേഹിയും ആക്ടിവിസ്റ്റുമായ സാലി വർമ പങ്കുവെച്ചത്. മനുഷ്യരുടെ കാരുണ്യവും ദയാവായ്പും അവയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി ജനുവരി 20 നു നടന്ന പരിപാടിയിൽ അവർ വിശദീകരിച്ചു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം നിർബന്ധപൂർവം കൈയൊഴിയേണ്ട സാമൂഹ്യ വിലക്കുകളിലേക്കുമാണ് സാമൂഹ്യ പ്രവർത്തക അപർണ ഗോപൻ ശ്രദ്ധ ക്ഷണിച്ചത്.

മനുഷ്യ മനസ്സിന്റെ രൂപാന്തരീകരണത്തെയും ഭാവിയിൽ വ്യാപകമാവാൻ പോകുന്ന ബ്‌ളോക് ചെയിൻ സാങ്കേതിക വിദ്യയേയും കുറിച്ചുള്ള തന്റെ ആശയങ്ങൾ അക്യൂ ബിറ്റ്സ് ടെക്നോളജീസ് സഹസ്ഥാപകൻ ആഹർശ് എം എസ് പങ്കുവെച്ചു. തടവുപുള്ളികളുടെ ജീവിതവും ജയിൽ പരിഷ്‌കരണങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പരിവർത്തനങ്ങളെക്കുറിച്ചും സംസാരിച്ച ജയിൽ ഡി ജി പി ആർ ശ്രീലേഖ ഐ പി എസ് സദസ്യരെ കയ്യിലെടുത്തു. പ്രഗത്ഭ ഗണിത ശാസ്ത്ര വിദഗ്ദ്ധൻ ഡോ. ജോർജ്ജ് ഗീവർഗീസ് ജോസഫ് കണക്കിന്റെ ചരിത്രം അവതരിപ്പിക്കുകയും അതിൽ കേരളം വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെപ്പറ്റി യുള്ള അവബോധം പകർന്നു നൽകുകയും ചെയ്തു. സാമൂഹ്യമായ വെല്ലുവിളികൾ നേരിടാൻ മനുഷ്യരിൽ സഹജമായ ആന്തരിക ശക്തിയെപ്പറ്റിയാണ് പ്രശസ്ത ബാലാവകാശ പ്രവർത്തകൻ ആൻസൻ പി അലക്സാണ്ടർ സംസാരിച്ചത്.

സാമൂഹ്യ സംവാദങ്ങൾക്കായി രൂപം നൽകിയ തന്റെ ഫേസ് ബുക്ക് പേജിനെപ്പറ്റിയാണ് റീഡിങ് റൂമിന്റെ സ്ഥാപക അർച്ചനാ ഗോപിനാഥ് പറഞ്ഞത് . തിരുവനന്തപുരത്ത് എവിടെ ( വെയർ ഇൻ ട്രിവാൻഡ്രം - WIT ) എന്ന പേജ് നഗരത്തിൽ പുതുതായി വന്നുചേരുന്നവർക്ക് എപ്രകാരം ഗുണകരമാകുന്നു എന്ന് അവർ വിശദീകരിച്ചു.

ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ പ്രശാന്ത് ഗംഗാധരൻ കഥപറച്ചിലിന്റെ ശക്തിയെയും സൗന്ദര്യത്തെയും പറ്റി സദസ്യരോട് നല്ല രീതിയിൽ സംവദിച്ചു. ബദൽ അധ്യയന രീതികളെ പരിചയപ്പെടുത്തിയ അദ്ദേഹം സാഹചര്യങ്ങൾക്കനുസരിച്ച് കഥ മാറ്റാനും കൂടുതൽ മികച്ച കഥ തെരഞ്ഞെടുക്കാനും സ്വന്തം കഥ എഴുതാനും കഴിവുള്ളവരാകാൻ ഉത്തേജനം നൽകി പ്രശസ്ത സിവിൽ എൻജിനീയർ നന്മ ഗിരീഷ് വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ആംഫിബിയസ് ഗൃഹനിർമ്മാണത്തെ സദസ്സിന് പരിചയപ്പെടുത്തി. പ്രളയബാധിത മേഖലകളിൽ അവ എങ്ങിനെ നടപ്പിലാക്കാം എന്ന് വിശദീകരിച്ചു.

സി 5- ചെയ്ഞ്ച് കാൻ ചെയ്ഞ്ച് ക്‌ളൈമെറ്റ് ചെയ്ഞ്ച് എന്ന ആശയത്തിൽ ഊന്നിയുള്ള പ്രഭാഷണമായിരുന്നു ജില്ലാ കളക്ടർ ഡോ .കെ വാസുകിയുടേത്. ഫലപ്രദമായ ഇടപെടലുകൾ നടന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കാനിടയുള്ള ദുരന്തങ്ങളിലേക്കാണ് അവർ ശ്രദ്ധ ക്ഷണിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, സംരംഭകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ റ്റെഡ് എക്‌സ് തിരുവനന്തപുരം എഡിഷനിൽ ദേശീയ- അന്തർ ദേശീയ തലങ്ങളിൽ നിന്നുള്ള മുന്നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP