Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടേബിൾ ടെന്നിസ് കളിക്കാരായ വിദ്യാർത്ഥികളെ വിലക്കിയ നടപടി അന്വേഷിക്കണമെന്നു പ്രധാന മന്ത്രിയുടെ ഓഫീസ്

ടേബിൾ ടെന്നിസ് കളിക്കാരായ വിദ്യാർത്ഥികളെ വിലക്കിയ  നടപടി അന്വേഷിക്കണമെന്നു പ്രധാന മന്ത്രിയുടെ ഓഫീസ്

ആലപ്പുഴ/ന്യൂഡൽഹി: അന്യസംസ്ഥാനത്തു നിന്നു ആവശ്യമായ അനുമതി രേഖകൾ സഹിതം എത്തിയ വിദ്യാർത്ഥികളെ ടേബിൾ ടെന്നിസ് ടൂർണമെന്റുകളിൽ നിന്നു സ്വേച്ഛാപൂർവം വിലക്കിയ കേരള ടേബിൾ ടെന്നിസ് അസോസിയേഷന്റെ (കെ.ടി.ടി.എ) സർക്കുലറിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉത്തരവ് നല്കി.

ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികളോടു വേർതിരിവു കാണിച്ചു രാജ്യത്തിനു തന്നെ അപമാനകരമായ തീരുമാനമെടുത്തതിനെതിരേ ടി.ആർ.എ.ടി.ടി ക്ലബ് സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് ഉത്തരവ്. പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി അംബുജ് ശർമ ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സർക്കാരിലെ ജോയിന്റ് സെക്രട്ടറി ഗോപാൽ വി.എസിനു വിട്ടു.

ആലപ്പുഴ സെന്റ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ സോഹം ഭട്ടാചാര്യ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ യൂണിവേഴ്സിറ്റി പ്ലസ് ടു വിദ്യാർത്ഥിയായ സൗമ്യജീത് ബോസ് എന്നിവരെയാണ് 2017 ജൂലൈ 21-നു കൊച്ചി റീജണൽ സ്പോർട്സ് സെന്ററിൽ (ആർ.എസ്.സി) ചേർന്ന കെ.ടി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു അസാധാരണ രീതിയിൽ വിലക്കിയത്. ഇതേ സമയം അനേക വർഷങ്ങളായി അന്യസംസ്ഥാനത്തു നിന്നുള്ളവർ കേരളത്തിലും കേരളത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും കളിക്കുന്നുണ്ട്.

വിലക്കു പ്രഖ്യാപിച്ചതിനാൽ ജൂലൈ 22-നു തിരുവല്ലയിൽ നടത്തിയ റാങ്കിങ് ടൂർണമെന്റിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചില്ല. അമ്പലമേട്ടിൽ ഓഗസ്റ്റ് നാലിനാണ് അടുത്ത ടൂർണമെന്റ്. എല്ലാ ടൂർണമെന്റുകളിലും പങ്കെടുത്ത് ഉയർന്ന പോയിന്റുകൾ നേടിയില്ലെങ്കിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല.

കേരളത്തിനു വേണ്ടി കളിക്കാൻ വെസ്റ്റ് ബംഗാൾ ടേബിൾ ടെന്നിസ് അസോസിയേന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടിയാണ് വിദ്യാർത്ഥികൾ കേരളത്തിലെത്തിയിട്ടുള്ളത്. ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ടി.ടി.എഫ്.ഐ) അനുമതിയോടെയാണിത്. കെ.ടി.ടി.എയുടേയും ടി.ടി.എഫ്.ഐയുടേയും ചട്ടങ്ങൾക്കു വിരുദ്ധമായാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.

വിദ്യാർത്ഥികൾ മത്സരങ്ങളിൽ ജയിച്ചു തുടങ്ങിയപ്പോഴാണ് എതിർപ്പുണ്ടായിരിക്കുന്നത്. കെ.ടി.ടി.എ പേര് നിർദേശിച്ചതിനെത്തുടർന്നു ഇരു വിദ്യാർത്ഥികളും മധ്യപ്രദേശിലെ ഇൻഡോറിൽ ജൂൺ 19 മുതൽ 24 വരെ നടന്ന 11 ഈവൻ സ്പോർട്സ് ടിടിഎഫ്ഐ നാഷണൽ റാങ്കിങ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സ്-2017 (സെൻട്രൽ സോൺ)-ൽ കേരളത്തിനു വേണ്ടി ജൂണിയർ, യൂത്ത് വിഭാഗങ്ങളിൽ മത്സരിച്ചിരുന്നു. സോണൽസിൽ സോഹം ക്വാർട്ടർ ഫൈനലിൽ എത്തി.

ആലപ്പുഴയിൽ ജൂലൈ 8-9-നു നടന്ന 61-ാമത് ഇ.ജോൺ ഫിലിപ്പോസ് മെമോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി ടേബിൾ ടെന്നിസ് ടൂർണമെന്റിൽ യൂത്ത് വിഭാഗത്തിൽ സോഹവും ജൂണിയർ വിഭാഗത്തിൽ സൗമ്യജീത്തും ജേതാക്കളായിരുന്നു. ഇരിഞ്ഞാലക്കുടയിൽ ജൂലൈ 15-16-നു നടത്തിയ 26-ാമതു ഡോൺ ബോസ്‌കോ ഇന്റർ സ്‌കൂൾ പ്രൈസ് മണി ടേബിൾ ടെന്നിസ് ടൂർണമെന്റിലെ അണ്ടർ 19 വിഭാഗത്തിൽ സോഹം ഉൾപ്പെട്ട സെന്റ് മേരീസ് സ്‌കൂൾ ടീമാണ് സ്വർണം നേടിയത്.

കേരള കളിക്കാരായി കെ.ടി.ടി.എ അംഗീകരിച്ചതിന്റെ ഫലമായാണ് അവർ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. അതാണിപ്പോൾ നിന്നനില്പിൽ കീഴ്മേൽ മറിച്ചിരിക്കുന്നത്. ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി ടൂർണമെന്റ് സീസൺ ആരംഭിച്ച ശേഷമാണ് ഈ തീരുമാനം എന്നുള്ളത് പ്രശ്നം ഗൂരുതരമാക്കുന്നു. അവർക്ക് തിരികെ പോകാനാകാതെയും മത്സരങ്ങളിൽ പങ്കെടുക്കാനാകാതെയും ഈ വർഷം നഷ്ടപ്പെടും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP