ഐ ഇ ഇ ഇ വിമൺ ഇൻ എൻജിനീയറിങ് ഇന്റർനാഷണൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ യു എസ് ടി ഗ്ലോബൽ പങ്കാളിത്തം
September 11, 2018 | 10:01 AM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: മുൻനിര ഡിജിറ്റൽ ടെക്നോളജി സർവീസസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ 2018 സെപ്റ്റംബർ 7 ,8 തിയ്യതികളിൽ കൊച്ചിയിൽ നടന്ന ഐ ഇ ഇ ഇ [IEEE] വിമൺ ഇൻ എൻജിനീയറിങ് ഇന്റർനാഷണൽ ലീഡർഷിപ് ഉച്ചകോടിയിൽ സജീവമായ പങ്കാളിത്തം വഹിച്ചു. വ്യാപാരം, സാങ്കേതികത, കല, മാനവിക സേവനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ അസാമാന്യ വിജയം കൈവരിച്ച വനിതാ എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും ആഗോള ഉച്ചകോടിയാണ് കൊച്ചിയിൽ നടന്നത്.
ഐ ഇ ഇ ഇ കേരളയും ഐ ഇ ഇ ഇ വിമൺ ഇൻ എൻജിനീയറിങ് വിഭാഗവുമാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോളതലത്തിൽ തന്നെ സാങ്കേതികവിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഘടനയാണ് ഐ ഇ ഇ ഇ അഥവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ൾട്രോണിക്‌സ് എൻജിനീയേഴ്സ്. മാനവിക വികാസത്തിനും പുരോഗതിക്കും വേണ്ടി സാങ്കേതിക വിദ്യയും അനുബന്ധ ശാസ്ത്ര ശാഖകളും ഉപയുക്തമാക്കാനുള്ള നിരന്തര ശ്രമങ്ങളാണ് സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.
1975 ഫെബ്രുവരി 17 ന് ഒരു ഉപവിഭാഗമായി തുടങ്ങിയ ഐ ഇ ഇ ഇ യുടെ കേരളത്തിലെ പ്രവർത്തനങ്ങൾ ഒരു സ്വതന്ത്ര വിഭാഗം എന്ന നിലയിൽ വികസിക്കുന്നത് 1983 ലാണ്. എൻജിനീയറിങ്, ശാസ്ത്ര മേഖലകളിൽ അഭിരുചികളുള്ള വനിതകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കരിയർ വളർച്ചക്കും വികാസത്തിനും വേണ്ടി രൂപം കൊടുത്ത ഐ ഇ ഇ ഇ വിമൺ ഇൻ എൻജിനീയറിങ്( ഡബ്‌ള്യൂ ഐ ഇ ) ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനകളിൽ ഒന്നാണ്. സാങ്കേതിക വിജ്ഞാന ശാഖകളിൽ സ്ത്രീകളെ വലിയ അളവിൽ റിക്രൂട്ട് ചെയ്യുകയും അതാത് മേഖലകളിൽ അവരെ നിലനിർത്തുകയുമാണ് ഐ ഇ ഇ ഇ യുടെ ലക്ഷ്യം.
വ്യത്യസ്ത മേഖലകളിൽ കർമ്മ നിരതരായ വനിതകൾ തങ്ങളുടെ പ്രൊഫഷനിലും പാഷനിലും കൈവരിച്ച മികവുകളും അനുഭവങ്ങളും ഉച്ചകോടിയിൽ പങ്കുവച്ചു. പരസ്പരം അറിയാനും അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഊർജ്വസ്വലമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പ്രേരണയാണ് ഉച്ചകോടി പകർന്നു നൽകിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകളെയും സ്ത്രീ സുരക്ഷയിൽ അത് വഹിക്കുന്ന പങ്കിനെയും പറ്റി യു എസ് ടി ഗ്ലോബൽ പ്രത്യേക പരിപാടി അവതരിപ്പിച്ചു. ഒരു ഇൻക്ലൂസീവ് തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ നടപ്പിലാക്കുന്ന വ്യത്യസ്ത പദ്ധതികളെയും അതിനായി രൂപം കൊടുത്ത വിവിധ ഫോറങ്ങളെയും പറ്റി നെറ്റ് വർക്ക് ഓഫ് വിമൺ അസോസിയേറ്റ്സ് അഥവാ ' നൗ യു ' നടത്തിയ അവതരണവും ഇതോടൊപ്പം നടന്നു.
സാങ്കേതിക രംഗത്തെ ആധുനിക വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ഉണ്ടായിരുന്നു. യു എസ് ടി ഗ്ലോബൽ ടെക്നോളജി സർവീസസ് മേധാവി വർഗീസ് ചെറിയാൻ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
'ഡിജിറ്റൽ കാലത്തെ സ്ത്രീ: വെല്ലുവിളികളും അവസരങ്ങളും ' എന്ന വിഷയത്തെ ആസ്പദമാക്കി യു എസ് ടി ഗ്ലോബൽ ഡെലിവറി മാനേജർ അഞ്ജന രത്‌നമ്മ സംസാരിച്ചു. വ്യാപാര വ്യവസായ മേഖലകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ കൊണ്ടുവരുന്ന നൂതനമായ മാറ്റങ്ങളെപ്പറ്റിയാണ് അവർ വിശദീകരിച്ചത്. തന്റെയും തനിക്കു ചുറ്റുമുള്ളവരുടെയും ലോകത്തെ മാറ്റിമറിക്കുന്ന വിധത്തിൽ പുതിയ തരം വെല്ലുവിളികളും അത്രതന്നെ അവസരങ്ങളുമാണ് സാങ്കേതിക വികാസപരിണാമങ്ങൾ സ്ത്രീകൾക്കു മുന്നിൽകൊണ്ടുവരുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
' വളരെ സുരക്ഷിതമായ ഒരു കംഫർട്ട് സോണിനുള്ളിൽ നിന്ന് നാം പുറത്തുകടക്കണം. പുതിയ അവസരങ്ങൾ തിരയുകയും കണ്ടെത്തുകയും ചെയ്താലേ കരിയറിൽ നമുക്ക് വളർച്ച കൈവരിക്കാൻ കഴിയൂ. സ്ത്രീകൾ സ്വാഭാവികമായും നേതൃത്വ ഗുണങ്ങൾ ജന്മനാ ഉള്ളവരാണ്. തങ്ങളുടെ കുട്ടികൾക്ക് അവർ തന്നെയാണ് ഏറ്റവും മികച്ച റോൾ മോഡലുകൾ . മടിച്ചു നിൽക്കാതെ ധീരമായി സംസാരിക്കാൻ സന്നദ്ധരാവണം. സന്ദേഹങ്ങൾ തടസ്സങ്ങൾ ഉണ്ടാക്കാൻ അനുവദിക്കരുത്. സൂപ്പർ വുമൺ എന്ന കെണിയിൽ അകപ്പെടാതിരിക്കണം. അതുവഴി കരിയറിൽ ഉയർച്ച കൈവരിക്കാനും നേതൃത്വ പദവി കയ്യാളാനും കഴിയും.'
തന്റെ കരിയറിന്റെ തുടക്കം യു എസ് ടി ഗ്ലോബലിൽ ആയതിലുള്ള അഭിമാനം പ്രകടിപ്പിച്ച അവർ കമ്പനിയിലെ സ്റ്റാർട്ട് അപ്പ് കൾച്ചറും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന തൊഴിൽ അന്തരീക്ഷവും ഉന്നതമാണെന്ന് അഭിപ്രായപ്പെട്ടു. അവസരങ്ങൾ ധാരാളമായി നൽകി അതിനനുസരിച്ചുള്ള മാർഗദർശനവും പകരുന്ന കമ്പനിയുടെ പ്രവർത്തനരീതി മാതൃകാപരമാണ്. കമ്പനിയുടെ ഉയർച്ചയ്‌ക്കൊപ്പം സ്വന്തം കരിയറിലും വളർച്ച കൈവരിക്കാനുള്ള അവസരമാണ് അത് സൃഷ്ടിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
