Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള തീരുമാനം ഹാരിസണിനെ സംരക്ഷിക്കുന്നത് - വെൽഫെയർ പാർട്ടി

ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള തീരുമാനം ഹാരിസണിനെ സംരക്ഷിക്കുന്നത് - വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഹാരിസൺ കയ്യേറി ബിലിവിയേഴ്‌സ് ചർച്ചിന് മുറിച്ച് വിറ്റ 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരി വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ഭൂമി കയ്യേറ്റക്കാരായ ഹാരിസണിനെ സംരക്ഷിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കണമെങ്കിൽ ഭൂമി വില സർക്കാർ കെട്ടിവെയ്‌ക്കേണ്ടിവരും. കേസ് പരാജയപ്പെട്ടാൽ ഈ തുക നിലവിലെ കൈയേറ്റക്കാർക്ക് ലഭിക്കും.

ഇടതു സർക്കാർ വന്ന ശേഷം ഭൂമി സംബന്ധമായ എല്ലാ കേസുകളിലും സർക്കാർ കോടതിയിൽ തോറ്റു കൊടുക്കുകയാണ് ചെയ്തത് എന്നിരിക്കെ ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കുന്നത് ഭൂമാഫിയയെ സംരക്ഷിക്കാനാണ്. സർക്കാർ ഭൂമി കൈയേറ്റത്തിലൂടെ സ്വന്തമാക്കിയശേഷം അത് സർക്കാരിനുതന്നെ വിൽപന നടത്തി ഇരട്ട നേട്ടം കൊയ്യുകയാണ് ഭൂമാഫിയകൾ . അതിന് സഹായം ചെയ്യുന്ന തീരുമാനമാണ് ഒരു ഇടതുപക്ഷ സർക്കാർ എടുക്കുന്നത്. ഇതിലൂടെ ഭൂ രഹിതർക്ക് അവകാശപ്പെട്ട രണ്ടായിരത്തിലധികം ഏക്കർ ഭൂമി കയ്യേറിയ ഹാരിസണിനും ബിലീവേഴ്‌സ് ചർച്ചിനും സർക്കാർ സംരക്ഷണം നൽകുകയാണ്. ഇത് ലക്ഷ്യം വച്ചാണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി വിട്ടുകൊടുക്കാൻ തയ്യാറാണ് എന്ന നിലപാട് അവർ സ്വീകരിച്ചത്. ഇത് ഒത്തുകളിയാണ് .

ഹാരിസൺ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സ്ഥപിക്കാൻ സിവിൽകോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ട് ഒരു വർഷമായിട്ടും ഇടതു സർക്കാർ അനങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിന് നിയമ നിർമ്മാണം നടത്താനുള്ള ശിപാർശകൾ തള്ളിക്കളഞ്ഞും ഭൂസമരങ്ങളെ അടിച്ചമർത്തിയും അഞ്ച് ലക്ഷത്തോളം ഏക്കർ സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്ന വൻകിടക്കാർക്ക് പാദസേവ ചെയ്യുകയാണ് പിണറായി സർക്കാർ. കേരളത്തിലെ ഭൂരഹിതർക്ക് ഒരിഞ്ച് ഭൂമി പോലും വിതരണം ചെയ്യാത്ത സർക്കാരാണ് ഭൂമാഫിയകൾക്ക് കുടപിടിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങുവാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയും കേസിൽ പഴുതില്ലാതെ ഇടപെടുകയുമാണ് സർക്കാർ ചെയ്യേണ്ടത്. ഭൂരഹിതരെ കബളിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP