Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘ്പരിവാർ ആധിപത്യത്തെ മതേതര പാർട്ടികൾ ഒന്നിച്ച് പ്രതിരോധിക്കണം - വെൽഫെയർ പാർട്ടി

സംഘ്പരിവാർ ആധിപത്യത്തെ മതേതര പാർട്ടികൾ ഒന്നിച്ച് പ്രതിരോധിക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ചേരി സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനം എന്തായിരിക്കണമെന്ന കാര്യത്തിൽ ഏകോപനം ഉണ്ടാകണമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു ചേരി രൂപപ്പെടണമായിരുന്നു. ഈ രാഷ്ട്രീയ കൃത്യതക്കാണ് വെൽഫെയർ പാർട്ടി ശ്രമിച്ചത്. ഞങ്ങളുടെ നിലപാട് കേരളം അംഗീകരിച്ചു. ഈ സമീപനം ദേശീയാടിസ്ഥാനത്തിൽ സ്വീകരിക്കപ്പെട്ടിരുന്നുവെങ്കിൽ മറിച്ചൊരു ഫലം ഉണ്ടാകുമായിരുന്നു. അഞ്ചുവർഷം കഴിഞ്ഞുവരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ തട്ടിക്കൂട്ട് സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിന് പകരം പാർലമെന്റിലടക്കം വർഗീയ ഫാസിസത്തെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കണം. തമിഴ്‌നാട് മോഡലിലെ ജനാധിപത്യ സഖ്യമാണ് രാജ്യത്തിനാവശ്യം.

രാജ്യത്ത് വീണ്ടും അധികാരം ലഭിച്ച സംഘ്പരിവാറിനെ ആശയപരമായും പ്രായോഗികമായും പ്രതിരോധിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ച് നിൽക്കണം. തെരഞ്ഞെടുപ്പ് പൂർവ സഖ്യങ്ങളുണ്ടാക്കുന്നതിൽ കോൺഗ്രസും ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും അടക്കമുള്ള മതേതര പാർട്ടികളുടെ വീഴ്ചയാണ് വീണ്ടും മോദി ഭരണത്തിന് കളമൊരുക്കിയത്. ഫാസിസത്തെ കേവലം തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താനാണ് രാജ്യത്തെ മതേതര പാർട്ടികൾ ശ്രമിച്ചത്. സംഘ്പരിവാറിനെ നേരിടാനുള്ള ആശയപരിസരം സൃഷ്ടിക്കുന്നതിൽ രാജ്യത്തെ മതേതര പാർട്ടികൾ വലിയ പരാജയമായിരുന്നു.

ബിജെപിയാകട്ടെ തങ്ങളുടെ ഭരണത്തിലെ ജനദ്രോഹനടപടികൾ ജനശ്രദ്ധയിൽ നിന്നകറ്റാൻ വംശീയതയും തീവ്രദേശീയ വികാരങ്ങളും ഉത്തേജിപ്പിക്കാനാണ് ശ്രമിച്ചത്. അതിലവർ വിജയിച്ചു. വോട്ടിങ് മെഷീനുകളിലെ വ്യാപകമായ ക്രമക്കേടുകളും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയില്ലായ്മയും ബിജെപിയെ വലുതായി സഹായിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം ഇ.വി.എമ്മുകൾ കാണാതായതും സ്‌ട്രോങ് റൂമുകളിൽ നിന്ന് ഇവിഎമ്മുകൾ ട്രക്കുകളിലും ഓട്ടോകളിലും കടത്തിയതുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. പകുതിയെങ്കിലും വി.വി.പാറ്റുകൾ എണ്ണണമെന്ന ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിയോജിച്ചതും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനങ്ങൾ പക്ഷപാതപരമാണ് എന്ന തോന്നലും ജനങ്ങളിലുണ്ട്.

കേരളത്തിൽ യു.ഡി.എഫ് നേടിയ വലിയ വിജയം മതന്യൂനപക്ഷങ്ങളടക്കമുള്ള മതേതര വോട്ടുകൾ ഏകീകരിച്ചതിനാലാണ്. ബിജെപി വീണ്ടും അധികാരത്തിലെത്താതിരിക്കാനുള്ള മതേതര ചേരിയുടെ ജാഗ്രതയാണിത്. ഇടതുപക്ഷത്തിന് ദേശീയതലത്തിൽ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യവും കേരളത്തിൽ എൽ.ഡി.എഫിന് വലിയ നഷ്ടമുണ്ടാക്കി. ദേശീയ രാഷ്ട്രീയത്തിൽ മതേതര പ്രീപോൾ സഖ്യമുണ്ടാക്കുന്നതിന് കേരളത്തിലെ സിപിഎം ഘടകം എതിരുനിന്നതും അവർക്ക് വിനയായി. പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലെയും ത്രിപുരയിലേയും സമ്പൂർണ പരാജയവും തമിഴ്‌നാട്ടിൽ നേടിയ വിജയവും അവർ പാഠമാക്കണം.

കേരളത്തിലെ മതന്യൂനപക്ഷങ്ങളടങ്ങുന്ന മതേതര ചേരിക്ക് തെരഞ്ഞടുപ്പിൽ വ്യക്തമായ ദിശാ സൂചന നൽകാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചു. പാർട്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വലിയ അളവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യു.ഡി.എഫിന്റെ വലിയ വിജയത്തിന് പിന്നിൽ ഇതും ഘടകമാണ്.

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയും സുതാര്യതയും തിരികെക്കൊണ്ടുവരാനുള്ള പോരാട്ടങ്ങളാകണം പ്രതിപക്ഷ കക്ഷികൾ ആദ്യം നടത്തേണ്ടത്. പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണം. പരസ്പരമുള്ള ആശയഭിന്നതകളും സ്ഥാപിത താൽപര്യങ്ങളും മാറ്റിവെച്ച് രാജ്യ നന്മക്കായി മതേതര പാർട്ടികളും സാമൂഹ്യ പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരുമെല്ലാം ഉൾക്കൊള്ളുന്ന വിശാല സമര മുന്നണി രൂപപ്പെടണമെന്നും അത്തരമൊരു കൂട്ടായ്മയിൽ വെൽഫെയർ പാർട്ടി തുറന്ന മനസ്സോടെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.


പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്)
കെ.എ. ഷെഫീക്ക് (സംസ്ഥാന ജനറൽ സെക്രട്ടറി)
ശ്രീജ നെയ്യാറ്റിൻകര (സംസ്ഥാന വൈസ് പ്രസിഡണ്ട്)
ജോസഫ് ജോൺ (സംസ്ഥാന സെക്രട്ടറി)
സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി, ഫോൺ - 8891163485)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP