Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഗീതത്തിന്റെ ഹൃദയം തൊട്ട് സാംരഗ്; എഡ്മന്റിനെ സംഗീതപ്പെരുമഴയിൽ ആറാടിച്ച് ഗാനസന്ധ്യ പെയ്തിറങ്ങി

സംഗീതത്തിന്റെ ഹൃദയം തൊട്ട് സാംരഗ്; എഡ്മന്റിനെ സംഗീതപ്പെരുമഴയിൽ ആറാടിച്ച് ഗാനസന്ധ്യ പെയ്തിറങ്ങി

ബൈജു പി വി

എഡ്മന്റൺ: പ്രവാസികൾക്കിടയിലെഏറ്റവും മികച്ച കലാകാരന്മാരെ അണി നിരത്തി എഡ്മന്റണിൽ സാംരഗിന്റെ ആദ്യത്തെ കലാവിരുന്ന് മാർച്ച് പതിനൊന്നിന് ഈവാഞ്ചൽ പെന്തക്കോസ്തൽ അംസബ്ലി ഹാളിൽ നടന്നു. മനോഹരമായ വേദിയിൽ പാടിത്തെളിഞ്ഞ കലാകാരന്മാർ ഒരണുവിടപോലും താളപ്പിഴ കൂടാതെ മലയാളത്തിന്റെ ഇമ്പമാർന്ന ഗാനങ്ങളും എക്കാലത്തെയും ഹിറ്റ് ഹിന്ദി തമിഴ് ഗാനങ്ങളും ആലപിച്ചപ്പോൾ നാളിതുവരെയുള്ള എഡ്മന്റ്ണിലെ സംഗീത പരിപാടികളാൽ വേറിട്ടതായി.

ഈശ്വരനെ തേടി ഞാൻ നടന്നുവെന്ന ഗാനത്തോടെ ജിജി പാടമാടൻ ഗാനങ്ങൾക്ക് ഈണം കുറിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗറിലൂടെ ഏറെ പ്രശസ്തനായ കാനഡയിലെ മലയാളികളുടെ പ്രിയങ്കര ഗായകൻ ഡാനി സെബാസ്റ്റ്യൻ ഏറ്റവും പുതിയ ഹിറ്റായ ഞാനും ഞാനുമെന്റെ ആളും എന്ന ഗാനവുമായി രംഗത്തെത്തി. തുടർന്ന് തെണ്ണൂറുകളെ ഓർമ്മിപ്പിച്ചു കൊണ്ട് ഒളിച്ചിരിക്കാൻ വള്ളിക്കുടിലിൽ എന്ന ഗാനവുമായി ശ്രുതി നായർ രംഗത്തെത്തി. വേട്‌സ് ഓഫ് മുംബൈ ഗന്ധർവ്വ സംഗീതം ഒരുക്കിയ പരിപാടികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ശ്രുതിക്ക് ഹിന്ദുസ്ഥാനി സംഗീതവും കർണ്ണാടിക്കും ഹൃദിസ്ഥമാണ്‌
. തുടർന്ന് പ്രണവ് മേനോൻ പൊടിമീശ മുളച്ചൊരു കാലമെന്ന പുതിയ ഹിറ്റുമായി എത്തി. തുടർന്നങ്ങോട്ട് പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾ രംഗത്തെത്തി. ക്ലാസിക്കൽ പാട്ടുകളും ഡ്യുയറ്റുകളും കൊണ്ട് ഗായകർ മലയാളികളുടെ ഗൃഹാതുരത്വമുണർത്തി.

ഇടവേളകൾ ടീമിന്റെ തീം മ്യൂസിക് ഭംഗികൊണ്ടും ചടുലതാളം കൊണ്ടും ശ്രോതാക്കളെ കോരിത്തരിപ്പിക്കുന്നതായിരുന്നു. അതു കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റ് നിന്ന് ഹർഷാരവം മുഴക്കുകയും ചെയ്തു. കലാപരിപാടികളുടെ വ്യത്യസ്ത ഇനമായിരുന്ന സുജിത് വിഘ്‌നേശ്വരിന്റെ ഏകാഭിനയം കൈയടി നേടി. ജയപ്രകാശ് കുളൂരിന്റെ ദിനേശന്റെ കഥ എന്ന നാടകത്തിന് സുജിത് നൽകിയ രംഗാവിഷ്‌കാരമായിരുന്നു ആദ്യ പകുതിയിൽ അരങ്ങേറിയത്. മലബാറിലെ ഒരു ചെറപ്പക്കാരൻ തന്റെ സഹോദരിയുടെ വിവാഹത്തെ കേന്ദ്രീകരിച്ച് പറയുന്ന കഥ സുജിത് തന്മയത്വത്തോടെ അവതരിപ്പിച്ചു. പരിപാടിയുടെ രണ്ടാം പകുതിയിൽ അരങ്ങേറിയത്, കുളൂരിന്റെ വെളിച്ചെണ്ണ എന്ന നാടകത്തെ ആസ്പദമാക്കി സുജിത് തയ്യാറാക്കിയ ഗോപാലന്റെ ബിരിയാണി എന്ന നാടകമായിരുന്നു. വിശക്കുന്നവൻ ബിരിയാണി തിന്നുന്ന സ്വപ്നം കാണുന്നത് സജിത് അഭിനയിച്ചു കാണിച്ചത്.പ്രേക്ഷകർ അത്ഭതത്തോടെയാണ് വീക്ഷിച്ചത്. രണ്ട് നാടകങ്ങളിലും പ്രേക്ഷകരെ കൂടി ഉൾപ്പെടുത്തിയും അവരിലൂടെ അഭിനയിച്ചുമാണ് സുജിത് തന്റെ സിദ്ധി തെളിയിച്ചത്.

എറണാകുളം കലാഭവനിൽ അദ്ധ്യാപകനായിരുന്ന ചെറി ഫിലിപ്പാണ് പരിപാടികളിൽ കീ ബോർഡ് നിയന്ത്രിച്ചത്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും പിയാന്നോയിൽ എട്ടാം
 ഗ്രേഡ് പാസ്സായിട്ടുള്ള ചെറിയുടെ നേതൃത്വമാണ് മികവുറ്റ ഓർക്കസ്‌ട്രേഷന് പരിപാടിക്ക് നൽകിയത് .കേരളത്തിൽ നിരവധി സംഗീത പരിപാടികളിൽ ഡ്രംസെറ്റിൽ നൈപുണ്യം തെളിയിച്ച ജോണി തോമസാണ് പരിപാടികളിൽ അതീവ ശ്രദ്ധയോടെ ഡ്രംസ് കൈകാര്യം ചെയ്തത്. ചെറുപ്പം മുതൽ തബലയിൽ പരിശീലിച്ച് പ്രൊഫഷണലായി തബല പ്രാക്ടീസ് ചെയ്യുന്ന പ്രശാന്ത് ജോസ് ആയിരുന്നു തബലിസ്റ്റ്. മികച്ച ഒരു ഗായകൻ കൂടിയായ പ്രശാന്ത് യാ അലിഎന്ന
പ്രശസ്ത ഗാനം പാടികൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്തു. ഗിത്താർ ആവേശമായി കൊണ്ടു നടക്കുന്ന സനൽ അസീസ് ആയിരുന്നു ബേസ്  ഗിത്താർ മനോഹരമായി കൈകാര്യം ചെയ്തത്. നിരവധി ആഴ്ചകളിലെ തുടർച്ചയായ കഠിന പരിശീലനത്തിന്റെ പ്രതിഫലനമായിരുന്നു വളരെ ചിട്ടയോടും അടുക്കോടെയും ആരെയും മുഷിപ്പിക്കാതെ പ്രേക്ഷകരെ ആനന്ദത്തിലാക്കിയ ഈ ഗാനസന്ധ്യ.

അറിയാതെ പോകുന്ന പ്രതിഭകളെ കോർത്തിണക്കി കൊണ്ട് ഗുണമേന്മയാർന്ന കലാപരിപാടികൾ അവതരിപ്പിക്കുന്ന ലക്ഷ്യത്തോടെയാണ് സാംരഗ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ചെറി ഫിലിപ്പ് സംഗീതം സംബന്ധിച്ചുള്ള കാര്യങ്ങൾ ക്രോഡീകരിക്കുമ്പോൾ അനീഷ് അംബുജാക്ഷൻ സാംരഗിന്റെ ഏകോപനവും സംഘാടനവും മാർക്കറ്റിംഗും നിർവ്വഹിക്കുന്നു. ബിസിനസ്സ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് കൺസൾട്ടന്റ് അനീഷിന്റെയും സംഗീതജ്ഞനായ ചെറി ഫിലിപ്പിന്റെയും സ്വപ്ന സാക്ഷാതാകാരത്തിന്റെ ആരംഭമായിരുന്നു സാംരഗ്. പരിപാടിയിലെ രണ്ടാം പകുതിയിൽ ചടുല താലങ്ങളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇവരിൽ ജിജിയും മകൾ ടെസ്സിയും കൂടി അവതരിപ്പിച്ച ഡ്യൂയറ്റും ശ്രദ്ധേയമായി. അവസാനം മലയാളത്തിലെ പഴയതും പുതിയതുമായ ഹിറ്റുകളുടെ മെലഡികളോടെ സംഗീത വിരുന്ന് കൊട്ടിക്കാലാശിച്ചു. അവതാരകരായിരുന്ന റിച്ചി സ്റ്റാൻലി പരിപാടി ഹൃദ്യമായി അവതരിപ്പിച്ചു. ശേഷം സദസ്യർ വന്ന് കലാകാരന്മാരെയും ഗായകരെയും അഭിനന്ദിക്കാൻ ക്യൂ നിന്നത് പ്രേക്ഷകർ എത്രമാത്രം പരിപാടി ആസ്വദിച്ചു എന്നതിന്റെ തെളിവു കൂടിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP