ബിഗ്‌ബോസിൽ പങ്കെടുക്കാൻ എഎപി നേതാവ് ചോദിച്ചത് 21 കോടി! കുമാർ ബിശ്വാസിന്റെ അവസരം നഷ്ടമായേക്കും
September 04, 2014 | 03:53 PM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് എഎപി നേതാവ് കുമാർ ബിശ്വാസ് ചാനൽ അണിയറക്കാരോട് ആവശ്യപ്പെട്ടത് 21 കോടി. ഫേസ്‌ബുക്കിലാണ് ബിശ്വാസ് 21 കോടി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ പണം യുദ്ധത്തിൽ മരിച്ച സൈനികരുടെ ഭാര്യമാർക്ക് നൽകുമെന്നാണ് കുമാർ ബിശ്വാസ് പറയുന്നത്. എന്നാൽ 21 കോടി ആവശ്യപ്പെട്ടതോടെ ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ബിശ്വാസിന്റെ അവസരം നഷ്ടമായേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന് ശേഷം കുമാർ ബിശ്വാസിന് ആരാധകർ വർദ്ധിച്ചതോടെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറക്കാർ ഇദ്ദേഹത്തിന്റെ പിന്നാലെ കൂടിയത്. ബിഗ് ബോസ് ഷോയുടെ അണിയറക്കാരായ എൻഡെമോൾ പ്രൊഡക്ഷൻസാണ് കുമാർ ബിശ്വാസിനെ ക്ഷണിച്ചത്. അഞ്ച് കോടി രൂപയായിരുന്നു പ്രതിഫലം വാഗ്ദാനം ചെയ്തത്.
സെപ്റ്റംബറിലാണ് ബിഗ് ബോസിന്റെ പുതിയ സീസൺ തുടങ്ങുന്നത്. ഇംഗ്ലീഷ് റിയാലിറ്റി ഷോയായ ബിഗ് ബ്രദറിന്റെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ആര്യൻ ബബ്ബാർ, റൊമാനിയൻ മോഡൽ ലുലിയ, ബോളിവുഡ് നടൻ അലോക്, കൊമേഡിയൻ സുനിൽ ഗ്രോവർ, ടിവി അവതാരകൻ ഗൗരവ് ചോപ്ര, മോണ സിങ്, സംഗീത ബിജ്‌ലാനി തുടങ്ങിയവരാണ് കുമാർ ബിശ്വാസിനു പുറമെ ബിഗ് ബോസിന്റെ എട്ടാമത്തെ എഡിഷനിൽ പങ്കെടുക്കുന്ന താരങ്ങൾ.
