Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴവിൽ മനോരമയെ മൂന്നാമതാക്കി സൂര്യ മുമ്പിൽ എത്തി; ഫ്‌ളവേഴ്‌സ് തൊട്ടു പിന്നാലെ; ഐ എസ് എൽ കഴിഞ്ഞതോടെ ഏഷ്യാനെറ്റ് മൂവീസ് പിന്നോട്ട് പോയി; ഏറ്റവും പിന്നിൽ ജനവും ഡിഡി മലയാളവും കപ്പയും തന്നെ

മഴവിൽ മനോരമയെ മൂന്നാമതാക്കി സൂര്യ മുമ്പിൽ എത്തി; ഫ്‌ളവേഴ്‌സ് തൊട്ടു പിന്നാലെ; ഐ എസ് എൽ കഴിഞ്ഞതോടെ ഏഷ്യാനെറ്റ് മൂവീസ് പിന്നോട്ട് പോയി; ഏറ്റവും പിന്നിൽ ജനവും ഡിഡി മലയാളവും കപ്പയും തന്നെ

തിരുവനന്തപുരം: തിരുത്തലും ഫുട്‌ബോൾ ആരവവും ഒഴിഞ്ഞതോടെ ബാർക് റേറ്റിംഗിൽ മാറ്റങ്ങൾ പ്രകടം. ക്രിസ്മസ് ആഴ്ചയിലും എതിരാളികളെ പിന്നിലാക്കി ഏഷ്യാനെറ്റ് കുതിപ്പ് തുടരുകയാണ്. റേറ്റിംഗിൽ രണ്ടാമത് എത്തി ക്രിസ്മസ് കാലത്ത് സൂര്യയും കരുത്ത് കാട്ടി. ഏഷ്യാനെറ്റിന്റെ മാതൃകയിൽ പുതിയ ചിത്രങ്ങൾ തന്നെയാണ് സൂര്യയ്ക്ക് തുണയാകുന്നത്. മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സിനിമയോടുള്ള ഇഷ്ടം തുറന്ന് കാണിക്കുന്നതാണ് 2016 അവസാന ആഴ്ചയിലെ ബാർക് ഫലം.

രണ്ട് ചാനലുകൾ ബാർക്കിൽ കൃത്രിമം കാട്ടിയതായി ആരോപണം ഉയർന്നിരുന്നു. ഇതിന് ശേഷം സൂര്യയ്ക്ക് റേറ്റിംഗിൽ വലിയൊരു കുതിപ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഏഷ്യാനെറ്റ് മൂവീസായിരുന്നു രണ്ടാമത്. പ്രൈ ടൈമിൽ ഫുട്‌ബോൾ ആഘോഷമായ ഐ എസ് എൽ തൽസമയം കാട്ടിയതായിരുന്നു ഏഷ്യാനെറ്റ് മൂവീസിന് തുണയായത്. ഐ എസ് എല്ലിന് ശേഷവും ഏഷ്യനെറ്റ് മൂവീസ് രണ്ടാഴ്ച കൂടി രണ്ടാം സ്ഥാനത്ത് തുടർന്നു. എന്നാൽ ക്രിസ്മസ് കാലത്ത് പുതു പുത്തൻ പ്രോഗ്രാമും സിനിമകളുമായി സൂര്യ രണ്ടാം സ്ഥാനം തട്ടിയെടുത്തു. അങ്ങനെ ഏഷ്യാനെറ്റിന് പിന്നിൽ വീണ്ടുമെത്തി. ഈ മുന്നേറ്റത്തിൽ ഫ്‌ളവേഴ്‌സിന് ചെറിയ നഷ്ടവും ഉണ്ടായി.

ബാർക്കിൽ 1080 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. സൂര്യ ഏറെ നാളിന് ശേഷം മുന്നൂറ് പോയിന്റ് കടന്നു. 2016 അവസാന ആഴ്ചയിൽ 308.71 പോയിന്റാണ് സൂര്യയ്ക്കുള്ളത്. മഴവിൽ മനോരമയ്ക്ക് 256ഉം ഫ്‌ളവേഴ്‌സിന് 223ഉം. ഏഷ്യാനെറ്റ് മൂവീസും കിരൺ ടിവിയും കൊച്ചു ടിവിയും കൈരളിയും ആണ് തൊട്ട് പിന്നിൽ. ഏഷ്യാനെറ്റ് പ്ലസും സൂര്യ മ്യൂസിക്കും കഴിഞ്ഞ് പതിനൊന്നാം സ്ഥാനത്താണ് അമൃതാ ടിവി. അമൃത തിളങ്ങുന്നുവെന്ന ടാഗ് ലൈനിലെ പരിപാടികൾക്കും ക്രിസ്മസ് പ്രോഗ്രാമുകൾക്കുമൊന്നും അമൃതാ ടിവിയിൽ മുൻതൂക്കം ഉണ്ടാകുന്നില്ലെന്നതാണ് ഈ പട്ടികയും വ്യക്തമാക്കുന്നത്. വി ചാനലും കപ്പയും ഡിഡി മലയാളവും ജനം ടിവിയുമാണ് അവസാന സ്ഥാനക്കാർ. ജനത്തിന്റെ പോയിന്റിൽ ഇടിവും സംഭവിച്ചിട്ടുണ്ട്.

വമ്പൻ സിനിമകളുമായി ക്രിസ്മസ് കാലം ആഘോഷിക്കാൻ ചാനലുകൾ മത്സരിച്ചിരുന്നു. പക്ഷേ ഒരൊറ്റ സിനിമ പോലും ബാർക്കിലെ പ്രോഗ്രാമുകളുടെ പട്ടിയിൽ ആദ്യ അഞ്ചിലെത്തിയില്ല. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകൾക്കാണ് കാഴ്ചക്കാർ ഏറെ. പരസ്പം, ചന്ദനമഴ, കറുത്ത മുത്ത്, ഭാര്യ, ചിന്താവിഷ്ടയായ സീത എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മലയാള ടെലിവിഷൻ പ്രോഗ്രാമുകൾ. ആദ്യ അഞ്ചിൽ ഏഷ്യാനെറ്റിന്റേതല്ലാതെ മറ്റൊരു പരിപാടിയുമില്ല. സീരിയലുകളുടെ ജനപ്രിയതയ്ക്ക് മുന്നിൽ ബഡായി ബംഗ്ലാവെന്ന ഹാസ്യാത്മക ചർച്ച പരിപാടി പോലും പിന്നിൽ പോയി എന്നാണ് ബാർക്ക് നൽകുന്ന സൂചന.

സൂര്യയിൽ ജനപ്രിയ സിനിമകൾ കാട്ടിയതാണ് ഏഷ്യാനെറ്റ് മൂവീസിന് റേറ്റിംഗിൽ കുറവുണ്ടാക്കിയത്. ഏഷ്യാനെറ്റും സൂര്യയും മഴവില്ലും പുതിയ സിനിമകൾ കാട്ടിയതോടെ ഏഷ്യാനെറ്റ് മൂവീസിന് പ്രേക്ഷകർ കുറഞ്ഞു. ഐ എസ് എൽ കഴിഞ്ഞതിനാൽ പ്രൈംടൈമിലും ചലനമുണ്ടാക്കാനായില്ല. മഴവിൽ മനോരമയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നതാണ് വസ്തുത. 253 പോയിന്റ് നിലനിർത്താനായെങ്കിലും സൂര്യയുടെ കുതിപ്പ് മനോരമയെ വെട്ടിലാക്കുന്നതാണ്. തുടർ ആഴ്ചയിലും സൂര്യയ്ക്ക് പ്രേക്ഷകരെ നിലനിർത്താനായാൽ മനോരമയ്ക്ക് കടുത്ത വെല്ലുവിളിയാകും.

ക്രിസ്മസ് ദിനത്തിൽ നിറവാർന്ന പ്രോഗ്രാമുകൾ മാത്രം കൊണ്ട് പ്രേക്ഷകരെ പിടിച്ചു നിർത്താൻ കഴിയില്ലെന്നതിന് തെളിവാണ് ഫ്‌ളവേഴ്‌സിന്റെ നാലാം സ്ഥാനം. മികച്ച സിനിമകളുടെ അഭാവമാണ് ഫ്‌ളവേഴ്‌സിന് ക്രിസ്മസ് ആഴ്ചയിൽ വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP