Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയ കട്ടൻകാപ്പിയും പരിപ്പുപവടയുമല്ല കടിച്ചുവലിക്കാൻ കോഴിക്കാലും കുടിച്ചുരസിക്കാൻ പെപ്‌സിയും വേണം; കൊടുവള്ളിയിൽ സി.പി.എം പിടിച്ച പുലിവാൽ കൊണ്ടുവന്നത് പഞ്ചനക്ഷത്രപാർട്ടി സംസ്‌കാരമോ? മാർക്‌സിസ്റ്റ് പാർട്ടി അവതാരങ്ങളുടെ പിടിയിലെന്ന് കെ.സുരേന്ദ്രൻ; പ്രകാശ് കാരാട്ടിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ചാവാം കോടിയേരി ഫൈസലിന്റെ കാറിൽ കയറിയതെന്ന് ഉണ്ണിത്താൻ; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അവതാരങ്ങളുടെ അപഹാരത്തെ കുറിച്ച് ചൂടൻ സംവാദം

പഴയ കട്ടൻകാപ്പിയും പരിപ്പുപവടയുമല്ല കടിച്ചുവലിക്കാൻ കോഴിക്കാലും കുടിച്ചുരസിക്കാൻ പെപ്‌സിയും വേണം; കൊടുവള്ളിയിൽ സി.പി.എം പിടിച്ച പുലിവാൽ കൊണ്ടുവന്നത് പഞ്ചനക്ഷത്രപാർട്ടി സംസ്‌കാരമോ? മാർക്‌സിസ്റ്റ് പാർട്ടി അവതാരങ്ങളുടെ പിടിയിലെന്ന് കെ.സുരേന്ദ്രൻ; പ്രകാശ് കാരാട്ടിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ചാവാം കോടിയേരി ഫൈസലിന്റെ കാറിൽ കയറിയതെന്ന് ഉണ്ണിത്താൻ; ഏഷ്യാനെറ്റ് ന്യൂസ് അവറിൽ അവതാരങ്ങളുടെ അപഹാരത്തെ കുറിച്ച് ചൂടൻ സംവാദം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ജനജാഗ്രതായാത്രയിലെ ജാഗ്രതക്കുറവിന് പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഎമ്മും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കോഴിക്കോട് കൊടുവള്ളിയിലെത്തിയ യാത്രയിൽ കോടിയേരി സഞ്ചരിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണെന്ന ആരോപണവുമായി ലീഗും ബിജെപിയും രംഗത്തെത്തിയതോടെയാണ് ഉഷാറ് പോയത്.കോടിയേരി കയറിയ പൊണ്ടിച്ചേരി രജിസ്റ്റേഷനിലുള്ള ബി.എം.ഡബ്ല്യൂ മിനി കൂപ്പർ കാർ ജനപ്രതിനിധി കൂടിയായ ഫൈസൽ കാരാട്ടിന്റേതായിരുന്നു. എന്നാൽ ഫൈസൽ കാരാട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയാണ് എന്നതാണ് പ്രശ്‌നം..

ദുബായിൽ നിന്ന് കരിപ്പൂർ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കോഫേപോസെ ചുമത്തപ്പെട്ട് അറസ്റ്റിലായ ആളാണ് കാരാട്ട് ഫൈസൽ. ഡി.ആർ.ഐയുടെ അന്വേഷണവും ഇയാൾ നേരിട്ടിരുന്നു. കോടിയേരി ബാലകൃഷ്ണനൊപ്പം കാറിൽ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും ഉണ്ടായിരുന്നു.

പാർട്ടി സംഭവം അന്വേഷിക്കും എന്ന് കോടിയേരി പറഞ്ഞെങ്കിലും ചാനൽ ചർച്ചയിൽ പാർട്ടി എന്തുപറയുമെന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ടവർ നിരാശരായി. ഐഎൻഎല്ലിന്റെ അബ്ദുൾ അസീസായിരുന്നു ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എത്തിയത്. സി.പി.എം പ്രതിനിധി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. അവതാരങ്ങളുടെ അപഹാരമാണോ ഇടതുമുന്നണിക്ക് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് വിനു.വി.ജോൺ ചർച്ച തുടങ്ങിയത്. വിപ്ലവപാർട്ടിക്ക് ചെങ്കൊടി കൊണ്ട് തലമൂടേണ്ട അവസ്ഥയായോ എന്ന തർക്കത്തിന് മറുപടി പറയാനെത്തിയത് ബിജെപിയുടെ കെ.സുരേന്ദ്രൻ, കോൺഗ്രസിന്റെ രാജ്‌മോഹൻ ഉണ്ണിത്താൻ, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ എന്നിവരായിരുന്നു.

'കാർ' സംഭവം ആദ്യം ഫെയസ്്ബുക്കിലൂടെ പുറത്തുകൊണ്ടുവന്ന കെ.സുരേന്ദ്രന് തെല്ലും സംശയമില്ല മാർക്‌സിസ്റ്റ് പാർട്ടി അവതാരങ്ങളുടെ പിടിയിലാണെന്ന്. കോടിയേരിക്ക് 10-15 വർഷത്തെ പരിചയമുള്ള ആളാണ് ഫൈസൽ കാരാട്ട്. കണ്ടാൽ തെറ്റില്ല.ചാക്ക രാധാകൃഷ്ണൻ, ഫാരിസ് അബൂബക്കർ, സാന്റിയാഗോ മാർട്ടിൻ തുടങ്ങി വി എസ്.അച്യുതാനന്ദൻ വെറുക്കപ്പെട്ടവരെന്ന് വിളിക്കുന്നവരെ തോളിലേറ്റുന്ന പരിപാടിയാണ് സിപിഎമ്മും കോടിയരിയും ചെയ്യുന്നതെന്ന കാര്യത്തിൽ സുരേന്ദ്രന് സംശയമില്ല.

പ്രകാശ് കാരാട്ടിന്റെ വാഹനമെന്ന് തെറ്റിദ്ധരിച്ചായിരിക്കും കോടിയേരി ഫൈസൽ കാരാട്ടിന്റെ കാറിൽ കയറിയതെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസം. പരിപ്പുവടയും കട്ടൻ ചായയും മാറി, പൊരിച്ച കോഴിയും, പെപ്‌സിയുമാണ് സിപിഎമ്മുകാർക്കിഷ്ടം. പാർട്ടി തന്നെ വിവാദം അന്വേഷിക്കുന്നത് കുറുക്കനെ കോഴിയുടെ കാവലേൽപ്പിക്കുന്നത് പോലെയാണെന്ന കാര്യത്തിലും സംശയമില്ല.ജാഥ സ്‌പോൺസർ ചെയ്യുന്നത് ഫൈസലാണെന്നും ജാഥ നിർത്തി വച്ച് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും വരെ ഉണ്ണിത്താൻ പറഞ്ഞുവച്ചു.

പിന്നീട് ഇടതിനെ പ്രതിരോധിക്കാനുള്ള ഐഎൻഎല്ലിന്റെ ഊഴമായി. കൊടുവള്ളിയിൽ മുസ്ലിംലീഗിന്റെ അടിത്തറ ജനജാഗ്രതാ യാത്രയോടെ തകർന്നുവെന്ന ഭീതിയിലാണ് മായിൻ ഹാജി ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു അബ്ദുൾ അസീസീന്റെ ആദ്യ ചുവട്.കാരാട്ട് ഫൈസൽ കോഫെപോസെ കേസിൽ പ്രതിയെന്ന് തെളിയിച്ചാൽ പറയുന്നത് ചെയ്യാമെന്നായിരുന്നു വെല്ലുവിളി. സ്വർണക്കള്ളക്കടത്തുകേസിലെ പ്രതിയായ ഷഹബാസ് ഫൈസലിന്റെ ബന്ധുവാണെന്നും, സഹായി എന്ന സംശയത്തിലാണ് അറസ്റ്റ് ചെയ്തതെന്നും കോഫേപോസെ ചുമത്തിയിട്ടില്ലെന്നും അബ്ദുൾ അസീസ് വാദിച്ചുനോക്കിയെങ്കിലും വേണ്ടവിധം ഫലിച്ചില്ല. കോഫേപോസെ ചുമത്തിയില്ലെങ്കെിലും സ്വർണകള്ളക്കടത്ത് കേസിലെ പ്രതിയല്ലേയെന്ന് ചോദ്യം ഉയർന്നു.മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഐഎൻഎൽ ഈ ന്യായവാദം ഉന്നയിക്കുന്നതെന്ന് മായിൻ ഹാജി ഫോണിലൂടെ തിരിച്ചടിച്ചു.

എന്നാൽ, ഒന്നാം പ്രതി ഷഹബാസ് പറഞ്ഞ്ത് ഫൈസൽ തന്റെ ബിസിനസ് പങ്കാളിയാണെന്നാണെന്നും, കോഴിക്കോട് എൻഫോഴ്‌സമെൻര് ഫൈസലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ തർക്കിച്ചു. കൊടുവള്ളിയിൽ ഒരു കാലത്ത് സ്വർണക്കള്ളക്കടത്തിന് ഒത്താശ ചെയ്തിരുന്നത് ലീഗായിരുന്നെങ്കിൽ ഇന്നത് സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു.അതുകൊണ്ട് അബ്ദുൾ അസീസ് ആരോപിച്ചത് പോലെ ബിജെപി-ലീഗ് കൂട്ട്‌കെട്ട് ആരോപിച്ച് ജനത്തെ പറ്റിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട് എന്ന് പറഞ്ഞ നടക്കുന്ന പാർട്ടിയല്ല ഇപ്പോൾ സിപിഎമ്മെന്നും, ഫൈവ് സ്റ്റാർ സംസ്‌കാരമാണ് പാർട്ടിക്കെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. വീട് വിറ്റിട്ട് പാർട്ടിയെ നന്നാക്കുന്ന പരിപാടിയായിരുന്നു പണ്ടെങ്കിൽ ഇപ്പോൾ നേരേ മറിച്ചാണെന്ന് ജയശങ്കർ വിമർശിച്ചു.ചാക്ക രാധാകൃഷ്ണനും, സാന്റിയാഗോ മാർട്ടിനും പോലുള്ള കളങ്കിത വ്യക്തികളുമായാണ് സിപിഎമ്മിന്റെ കൂട്ട്. വെള്ളിയാഴ്ച പുന്നപ്ര വയലാർ സമരസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന ഒരു സാധാരണ സഖാവിന് ഇത്തരം ആരോപണങ്ങൾ സൃഷ്ടിക്കുന്ന മന;ക്ലേശം പാർട്ടി ഓർക്കണമെന്നും ജയശങ്കർ പറഞ്ഞുവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP