Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ ബിബിസിയിൽ നിറഞ്ഞതു കേരളത്തിന്റെ സ്വന്തം പുലികളി; ഷൂട്ട് ചെയ്യാൻ കേരളത്തിൽ എത്തിയ ബിബിസി റിപ്പോർട്ടർമാരും പുലിവേഷം കെട്ടിയാടി; ടൈഗർ ഡാൻസ് ആഘോഷമാക്കാൻ വേഷമിട്ടു പെൺപുലികളും; ഇനി സായിപ്പന്മാരും പുലികളിയുടെ ആരാധകരാകട്ടെ

ഇന്നലെ ബിബിസിയിൽ നിറഞ്ഞതു കേരളത്തിന്റെ സ്വന്തം പുലികളി; ഷൂട്ട് ചെയ്യാൻ കേരളത്തിൽ എത്തിയ ബിബിസി റിപ്പോർട്ടർമാരും പുലിവേഷം കെട്ടിയാടി; ടൈഗർ ഡാൻസ് ആഘോഷമാക്കാൻ വേഷമിട്ടു പെൺപുലികളും; ഇനി സായിപ്പന്മാരും പുലികളിയുടെ ആരാധകരാകട്ടെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: സ്‌കൂൾ അവധിക്കാലത്തു ഉയർന്ന ടിക്കറ്റ് നിരക്ക് ആണെങ്കിലും യുകെയിൽ നിന്നുള്ള മിക്ക മലയാളി കുടുംബങ്ങളും ആ സമയത്തു കേരളത്തിലേക്ക് യാത്ര തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് . ഓണക്കാലം ആയതിനാൽ തങ്ങൾ ആസ്വദിച്ചതും മക്കൾക്ക് നഷ്ടമായതും ആയ സാംസ്‌കാരിക പൈതൃക കാഴ്ചകൾ ആവോളം മനം നിറയെ കാണാൻ ലഭിക്കുന്ന അപൂർവ അവസരം . എത്ര പറഞ്ഞു കൊടുത്താലും കേരളത്തിന്റെ ഓണക്കാഴ്ചകൾ അതെ വിധം മനസ്സിൽ പതിപ്പിക്കാൻ കഴിയാത്തതും എത്ര പൂർണതയോടെ പറിച്ചു നട്ടാലും ബ്രിട്ടീഷ് മണ്ണിൽ അതിനൊരു പരിപൂര്ണത ലഭിക്കില്ലെന്നതും ആണ് ഓണനാളുകളിൽ കേരളം തേടി പോകാൻ ഒട്ടേറെ ബ്രിട്ടീഷ് മലയാളി കുടുംബങ്ങളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ടെലിവിഷൻ ഓൺ ചെയ്ത യുകെ മലയാളികൾ ഒരു പക്ഷെ അമ്പരന്നു. ബി ബി സി യുടെ കുട്ടി ചാനലായ സിബിബിസിയിൽ തൃശൂരിലെ പുലികൾ നിറഞ്ഞാടുന്നു . ചെണ്ട മേളവും ഒക്കെ കൂട്ടിനുണ്ട് . ശരിക്കും ഓണനാളിൽ പുലിക്കളി ലൈവ് സംപ്രേഷണം നടത്തിയാൽ എങ്ങനെ ഇരിക്കും , അതിനെയും വെല്ലും വിധമാണ് സി ബി ബി സി അവതാരകന്റെ ആവേശം നിറഞ്ഞ പുലികാഴ്ച വിവരണങ്ങൾ .

ഒരു കാര്യം എന്തായാലും ഉറപ്പിക്കാം , ഇന്നലത്തെ ഷോയുടെ ഭാഗമായി ബ്രിട്ടീഷുകാരായ കുറെ കുട്ടികൾ എങ്കിലും പുലികളിയുടെ ആരാധകർ ആയി മാറിയിരിക്കും . അവിചാരിതമായി കണ്ട കാഴ്ചകളിലൂടെ എന്താണ് പുലിക്കളി എന്നറിയാൻ ഇന്റർനെറ്റിൽ പുലിക്കളിക്കു കുറെ ഹിറ്റുകളും കിട്ടിയിരിക്കും . കുറേയേറെ ബ്രിട്ടീഷുകാർ എങ്കിലും കേരളം കാണാൻ തയ്യാറെടുക്കുമ്പോൾ പുലികളി കാണാനുള്ള ചാൻസ് കൂടി ഇനി തേടും. ആൾ ഓവർ ദി പ്ലേസ് എന്ന കുട്ടിപരിപാടി വഴി അങ്ങനെ മലയാളിയുടെ സ്വന്തം പുലിക്കളിക്കു ബ്രിട്ടനിലും ആരാധകർ .

ഓൾ ഓവർ ദി പ്ലേസ് പ്രെസെന്റർമാരും ബി ബി സി റിപോർട്ടറുമാരുമായ എഡ് പേട്രിയും ഐനിൽ ടോമിൽസനും ചേർന്നാണ് പുലിക്കാഴ്ചകൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് . ആൾ ഓവർ ദി പ്ലേസ്‌ന്റെ ഏഷ്യ ടൂറിന്റെ ഭാഗമായാണ് സംഘം ഇന്ത്യയിലും ഒടുവിലായി തൃശൂരിലും എത്തിയത് . ഷോയിൽ ലോകം ഒട്ടുക്കും ഉള്ള കാഴ്ചകൾ ഉണ്ടാകുമെങ്കിലും ആദ്യ പാർട്ടിൽ ഏഷ്യയിലൂടെയാണ് സഞ്ചാരം . ഇന്നലെ സംപ്രേഷണം ചെയ്ത ഷോയിൽ വെറും ഏഴു മിനിട്ടാണ് പുലിക്കളിക്കായി മാറ്റി വച്ചതെങ്കിലും പുലിക്കളിക്കു ഓണവുമായുള്ള ബന്ധവും കേരളീയ ജീവിതത്തിലെ വെത്യസ്ത കാഴ്ചകളും ഒക്കെയായി ശരിക്കും സവിസ്തരം പ്രതിപാദിക്കാൻ ഇരുവർക്കുമായി . തീർന്നില്ല , സാധാരണ പാശ്ചാത്യ റിപ്പോർട്ടിങ് രീതിയുടെ ഭാഗമായി ഇത്തരം കാഴ്ചകൾ പ്രേക്ഷകരിൽ എത്തിക്കുമ്പോൾ റിപോർട്ടർമാരും കാഴ്ചയുടെ ഭാഗമായി മാറുന്ന രീതി പുലികളിയുടെ കാര്യത്തിലും മാറ്റം ഉണ്ടായില്ല.

ഷോയിൽ എഡും ഐനിലും അയ്യന്തോളിലെ കുടുംബ കോടതി പരിസരത്തു ഓട്ടോയിൽ വന്നിറങ്ങുന്നതു മുതലാണ് പുലിക്കളിയുടെ വിവരണം ആരംഭിക്കുന്നത് . കേരളത്തിലെ തൃശൂരിനെ പറ്റിയാണ് പറഞ്ഞു തുടങ്ങുന്നതെങ്കിലും ചാനൽ സംഘത്തെ കണ്ടു വാ പൊളിച്ചു നോക്കി നിൽക്കുന്ന ബംഗാളികളാണ് ആദ്യ സീനിൽ നിറയുന്നത് . അയ്യന്തോൾ ദേശത്തിന്റെ പുലി സംഘത്തിനൊപ്പമാണ് ഇരുവരും പിന്നീട് ചേരുന്നത് . വെറുതെ , ചേരുകയല്ല , വേഷം ഒക്കെ അഴിച്ചു മാറ്റി ദേഹമാസകലം പുലിച്ചായം വാരിയണിഞ്ഞു , താളത്തിനൊപ്പം ചുവടു വയ്ക്കാൻ പരിശീലിച്ചു , തൃശൂരിലെ തഴക്കവും മെയ്വഴക്കവും വന്ന ആസ്ഥാന പുലികൾക്കൊപ്പം ചുവടു വയ്ക്കുന്ന ഇരുവരും പുലികളിയുടെ മാസ്മരികത ഒട്ടും ചോർന്നു പോകാതെ കാഴ്ചക്കാരിൽ എത്തിക്കാൻ മത്സരിക്കുന്നതും ആൾ ഓവർ ദി പ്ലേസ്‌ന്റെ ഇന്നലത്തെ എപ്പിസോഡിൽ ഹൈലൈറ്റ് ആയി മാറുകയാണ്.

അര മണിക്കൂർ ദൈർഘ്യമുള്ള ആൾ ഓവർ ദി പ്ലേസ് ഷോയിൽ ഇരുപതാം മിനിട്ടു മുതലാണ് പുലിക്കാഴ്ചകൾ നിറയുന്നത് . തൃശൂർ റൗണ്ട് ചുറ്റി കാഴ്ചകൾ ഒപ്പിയെടുത്തു കെ എൽ 8 ബി ഇ 5664 ശിവനന്ദ എന്ന ഓട്ടോറികഷയിൽ വന്നിറങ്ങുന്ന എഡും ഐനിലും പുലികൾ ഇവിടെയാണോ എന്ന് ഓട്ടോ ഡ്രൈവറോട് ചോദിച്ചാണ് ആവേശത്തോടെ ചാടിയിറങ്ങുന്നതു . തുടർന്ന് ഇരുവരും ചേർന്ന് രസകരമായ സംഭാഷണത്തിലൂടെ പുലിക്കളി എന്താണെന്നു കാഴ്ചക്കാരിൽ എത്തിക്കുകയാണ് . നൂറു കണക്കിന് ഡാൻസ് ചെയ്യുന്ന പുലികളാണ് ഈ കാഴ്ചയിലെ രസമെന്നു എഡ് വിവരിക്കുമ്പോൾ അതിൽ അത്ഭുതം കൂറുകയാണ് ഐനിൽ . പുലികളിയിൽ നിറയുന്ന കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം എന്ന വിവരവും ഇടയ്ക്കു എഡ് പങ്കുവയ്ക്കുന്നു . തുടർന്ന് വരുന്ന സീനുകൾ മുഴുവൻ കുംഭ കുലുക്കി , അരമണിയുടെയും ചെണ്ടയുടെയും രസകരമായ താളത്തിനൊപ്പം ചുവടു വയ്ക്കുന്ന പുലികളിയുടെ സൗന്ദര്യ കാഴ്ചകൾ.

ഒരു പുലിയെ അണിയിച്ചൊരുക്കാൻ മൂന്നു മണിക്കൂർ സമയം എടുക്കുന്നു എന്ന വിവരണം പ്രധാന കളിക്കാരൻ വിവരിക്കുമ്പോളാണ് പുലിയായി വേഷമിടാൻ ഇരുവരും ആഗ്രഹം പ്രകടിപ്പിക്കുന്നത് . എന്നാൽ പുലിയാകാൻ നല്ല കുടവയർ വേണമെന്നാണ് കുട്ടികം പോലെ കുടവയർ ഉള്ള കളിക്കാരന്റെ മറുപടി . എന്തായാലും എഡും ഐനിലും ആഗ്രഹം ഉപേക്ഷിക്കുന്നില്ലന്നു മാത്രമല്ല , ക്ഷമയോടെ ദേഹം മുഴുവൻ പെയിന്റ് വാരിയണിഞ്ഞു സുന്ദരൻ മുഖം മൂടിയും ഫിറ്റ് ചെയ്താണ് തൃശൂർ റൗണ്ടിലേക്ക് എത്തുന്നത് . ഇടയ്ക്ക് ആചാരപ്രകാരം ഗണപതിയുടെ നടയ്ക്കൽ തേങ്ങാ ഉടയ്ക്കാനും മറക്കുന്നില്ല .

ഒടുവിൽ രാവേറെ ചെന്ന് പുലി കളിക്ക് സമാപനം ആകുമ്പോൾ ഇത് വെറും കളിയല്ല ധാരാളം സ്റ്റാമിന കൂടി ആവശ്യമുള്ള കലാരൂപമാണെന്ന പ്രസ്താവന കൂടിയാണ് ഇരുവരും ചേർന്ന് കാണികളെ അറിയിക്കുന്നത് . ഇടയ്ക്കു കഴിഞ്ഞ വർഷം ആദ്യമായി വേഷം കെട്ടാൻ എത്തിയ പെൺപുലിയെ പരിചയപ്പെടുത്താനും എഡ് മറക്കുന്നില്ല . പുലികളിയിലെ അച്ചടക്കം , സ്‌റ്റൈൽ , ചുവടു വയ്‌പ്പിലെ താളബോധം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തി മികച്ച കളിക്കാരെ കണ്ടെത്തുന്ന സംഘാടകരുടെ വിലയിരുത്തൽ എത്തിയപ്പോൾ വിജയികളുടെ കൂട്ടത്തിൽ എഡും സ്ഥാനം പിടിച്ചു . എന്നാൽ നല്ലൊരു ഡാൻസർ കൂടിയായ ഐനിൽ എന്തെ തോറ്റുപോയതെന്നു എഡ് ചോദിക്കുമ്പോഴാണ് പുലികളി വെറും കളിയല്ല , ഇതിൽ അറിഞ്ഞിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന വിവരണം കൂടി എത്തുന്നത്.

എന്തായാലും ബ്രിട്ടനിൽ ഓണാഘോഷത്തിൽ മലയാളികൾക്കിടയിൽ പുലികളി ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഇനി അതിഥികൾ ആയി എത്തുന്നവർ വാ പൊളിച്ചിരിക്കുമ്പോൾ അവർക്കു വിവരണം നൽകുമ്പോൾ ഇതാ ഈ എപ്പിസോഡ് കൂടി ആയുധം ആക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP