Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെന്നിത്തലയ്ക്ക് രണ്ട് കോടി നേരിട്ട് കൊടുത്തെന്ന് പറയാതെ പറഞ്ഞ് ബിജു രമേശ്; ബാബുവിനെ ക്രൂശിക്കാൻ ഇറങ്ങി രക്ഷകനെ കുഴിയിൽ ചാടിച്ച ബാറുടമയ്ക്ക് വേവലാതി; ബാർ കോഴ വിവാദം നിർണ്ണായക വഴിത്തിരിവിൽ

ചെന്നിത്തലയ്ക്ക് രണ്ട് കോടി നേരിട്ട് കൊടുത്തെന്ന് പറയാതെ പറഞ്ഞ് ബിജു രമേശ്; ബാബുവിനെ ക്രൂശിക്കാൻ ഇറങ്ങി രക്ഷകനെ കുഴിയിൽ ചാടിച്ച ബാറുടമയ്ക്ക് വേവലാതി; ബാർ കോഴ വിവാദം നിർണ്ണായക വഴിത്തിരിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ തന്റെ ഗോഡ്ഫാദറായ ആഭ്യന്തരമന്ത്രിയെ തള്ളിപ്പറയേണ്ടി വരുമെന്ന് ബിജു രമേശ് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. തിരക്കഥ എഴുതിയവരുടെ പേനയിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു താനും. മാണിയെ ഒരു മൂലയ്ക്കിരുത്തിയ ശേഷം ബാബുവിലേക്ക് പോാൻ തയ്യാറെടുക്കുമ്പോഴാണ് ബാറുടമ സംഘത്തിലെ ഏതിരാളികൾ ചെന്നിത്തലയുടെ പേരു വിവരം പുറത്താക്കുന്നത്. എന്നാൽ റിപ്പോർട്ടർ ചാനൽ ഒഴികെയുള്ള മാദ്ധ്യമങ്ങളെ കൊണ്ട് അവഗണിപ്പിക്കാനും റിപ്പോർട്ടറെ കൊണ്ട് പോലും ഫോളോ അപ്പ് ചെയ്യിക്കാതിരിക്കാനും ചെന്നിത്തല വിജയിച്ചു. ആ പ്രതിസന്ധി കഴിഞ്ഞു എന്ന് കരുതി തിരക്കഥ അനുസരിച്ച് ബാബുവിനെ ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ യാദൃശ്ചികമായി നാക്കുളുക്കി ചെന്നിത്തല വീണ്ടും വിവാദത്തിൽ നായകനാകുന്നതാണ് ഇന്നലെ കണ്ടത്.

ഇന്നലെ വൈകുന്നേരം ബാബുവിനെതിരെ കുന്തമുനയുമായി ചാനൽ ചർച്ചകളിൽ ഓടി നടന്നിരുന്ന ബിജു രമേശിനെ കൈരളി പീപ്പിൾ ചാനൽ അവതാരകൻ ലാൽ കുരുക്കുക കൂടി ചെയ്തതോടെ പ്രതിസന്ധിയിൽ ആയത് ആഭ്യന്തര മന്ത്രി ചെന്നിത്തലയാണ്. ബാബുവിനെ കേന്ദ്രീകരിച്ച് ചർച്ച തുടരുന്നതിനിടയിലാണ് ബിജു രമേശിനെകൊണ്ട് ചെന്നിത്തലയുടെ പേരു പറയാതെ പറയിച്ചത്. ബാബുവും രണ്ട് കോൺഗ്രസ് മന്ത്രിമാരും എന്നായിരുന്നു ബിജു രമേശിന്റെ നിലപാട്. എന്നാൽ അതിലൊരു മന്ത്രി തുടക്കം മുതൽ മന്ത്രിസഭയിലുണ്ടോ എന്ന ചോദ്യം ലാൽ ഇട്ടു. ഇതിന് ഒരാൾ പിന്നീട് വന്നതാണെന്ന് മറുപടി നൽകി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പിന്നീടെത്തിയ ഏക കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. ഇതോടെ ചെന്നിത്തലയ്ക്ക് ബാർ കോഴയിൽ പണം കൊടുത്തുവെന്ന് ബിജു രമേശ് പറയാതെ പറഞ്ഞു. ഇതോടെ ചർച്ച ആ വഴിക്കായി.

ജോസ് കെ മാണിയുടെ പേരു വലിച്ചിടാൻ മനപ്പൂർവ്വം ശ്രമിച്ചിട്ടും അത് വേണ്ടത്ര ഏൽക്കാതെ പോയതിന്റെ തുടർച്ചയായാണ് ചെന്നിത്തലയെ പ്രതിയാക്കേണ്ടി വന്നത്. ജോസ് കെ മാണിക്ക് വേണ്ടി സ്വാധീനിക്കാൻ ഒരു രാധാകൃഷ്ണൻ നായർ എത്തിയെന്ന ആരോപണം ജീവനക്കാരിൽ ആരോ ചർച്ചക്കിടയിൽ കുറിച്ച് കൊണ്ട് തന്നു എന്നു പറഞ്ഞാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ആരാണ് ഈ രാധാകൃഷ്ണൻ നായർ എന്നോ മാണിയുമായി എന്തു ബന്ധമെന്നോ വ്യക്തമാക്കാൻ സാധിക്കാതെ ആ ചർത്ത നിരങ്ങി നീക്കുന്നതിനിടയിൽ ചെന്നിത്തല പ്രധാന ചർച്ചയായി മാറുകയായിരുന്നു. ചെന്നിത്തലക്കു രണ്ട് കോടി രൂപ നീരിട്ട് നൽകി എന്ന് പറയാതെ പറയിക്കാൻ അവതാരകൻ ലാലും ചർച്ചയിൽ പങ്കെടുത്ത ആന്റണി രാജുവും വിജയിച്ചു. ബിജു ഇതുവരെ പറഞ്ഞതൊക്കെ മറ്റുള്ളവർ കൊടുത്തവരുടെ പേരു വിവരം ആണന്നും താൻ നേരിട്ട് കൊടുത്തവരുടെ പേരു പറയാൻ ബിജു ഭയപ്പെടുന്നുവെന്നും പറഞ്ഞ് ബിജുവിനെ കുടുക്കാൻ ആന്റണി രാജു മിടുക്കു കാട്ടി.

കോടതിയിലും ബിജു രമേശ് മൂന്ന് മന്ത്രിമാരുടെ പേര് രഹസ്യമൊഴിയിൽ കൊടുത്തു എന്നാണ് പുറത്ത് പറയുന്നത്. എന്നാൽ ചെന്നിത്തലയുടെ അടുപ്പക്കാരനായ മന്ത്രി അടൂർ പ്രകാശിന്റെ സുഹൃത്തും ഭാവി ബന്ധുവുമായി ബിജു രമേശ് അങ്ങനെ ആഭ്യന്തര മന്ത്രിയുടെ പേര് പറയില്ലെന്ന് കരുതുന്നവരുമുണ്ട്. ചെന്നിത്തലയെ രക്ഷിക്കുന്ന തരത്തിലെ മൊഴിയേ കോടതിയിൽ കൊടുത്തരിക്കാൻ വഴിയുള്ളൂ. അതുകൊണ്ടാണ് ചെന്നിത്തലയുടെ പേര് പുറത്ത് മാദ്ധ്യമങ്ങളോട് പറയാത്തത്. കൂടുതൽ പേർ പ്രതിക്കൂട്ടിൽ വരുന്ന സാഹചര്യം ഉണ്ടാക്കി നേട്ടമുണ്ടാക്കാനായിരുന്നു നീക്കം. അതാണ് കൈരൡചർച്ചയിൽ പൊളിഞ്ഞത്. താൻ നേരിട്ടാണ് പണം നൽകിയതെന്ന് കൂടി പറയുമ്പോൾ എല്ലാം വ്യക്തം. ബാർ കോഴയിൽ ചെന്നിത്തല അങ്ങനെ ബിജു രമേശിലൂടെ കുടുങ്ങി. അങ്ങനെ സ്വയം കുഴിച്ച കുഴിയിൽ ചെന്നിത്തല വീണു.

ധനമന്ത്രി കെ എം മാണി ഇടതുപക്ഷത്തേക്ക് മാറുമെന്ന ഭീതിയിൽ നിന്നാണ് ബാർകോഴ ആരോപണം ഉയർത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മാണിയെ പിണക്കുന്ന തരത്തിൽ കാര്യങ്ങളെത്തിച്ചു. ഇതിലൂടെ സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനും ശ്രമമുണ്ട്. സരിതയുടെ വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച് ദിവസങ്ങൾക്കകമായിരുന്നു ഇത്. മാണിക്ക് വേണ്ടി ജോർജ്ജാണ് ഇത് ചെയ്തതെന്ന് തെറ്റിധരിപ്പിക്കാനായിരുന്നു ശ്രമം. യുവ നേതാവിന്റെ കല്ല്യാണം മുടങ്ങലും വാർത്തയായി. ഇതിലെ കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ട് വന്നത് മറുനാടൻ മലയാളിയാണ്. ഇതിന്റെ തുടർച്ചയായി സംസ്ഥാന രാഷ്ട്രീയത്തിൽ പലപൊട്ടിത്തെറികളും ഉണ്ടായി. ഒടുവിൽ ജോർജ്ജും മാണിയും വഴിപിരിയലിന്റെ വക്കിലുമെത്തി. മുഖ്യമന്ത്രി പദമോഹവുമായി രമേശ് ചെന്നിത്തല, ജോർജിനെ കൂട്ടുപിടിച്ച് നടത്തിയ നീക്കങ്ങളായിരുന്നു ഇവയെല്ലാം.

അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവായ ബിജു രമേശിനെ സമർത്ഥമായി ഇതിന് ഉപയോഗിച്ചു. എന്നാൽ വാശി മൂത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോർജ്ജും ബിജു രമേശും തെറ്റി. ഇതോടെ ഫോൺ സംഭാഷണം പുറത്തുവന്നു. അങ്ങനെ സംഭവത്തിലെ സത്യം കേരളാ കോൺഗ്രസ് തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെ ജോർജ് ഒറ്റപ്പെടുമ്പോഴും ചെന്നിത്തല കരുനീക്കങ്ങൾ തുടർന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ബാർ കോഴയിൽ കുടുക്കാൻ ശ്രമിച്ചു. കെ ബാബുവിനെതിരെയായിരുന്നു നീക്കങ്ങൾ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ ബിജു രമേശ് നീങ്ങി. പേരുപറയാതെ രണ്ട് മന്ത്രിമാരെ കൂടെ സംശയമുനയിൽ നിറുത്തി. ബാബുവിനെതിരായ ആരോപണങ്ങൾക്ക് കരുത്ത് പകരാനായിരുന്നു അത്. ഇടയിലാണ് ചെന്നിത്തല കടന്നുവന്നത്. ഇതോടെ ചിത്രം മാറി.

മാണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി പ്രതിസന്ധി മറികടക്കാമെന്ന ആലോചന യുഡിഎഫിൽ ശക്തമാകുമ്പോഴാണ് ഇത്. അങ്ങനെ വന്നാൽ ബാർ കോഴയിൽ ചെന്നിത്തലയും ശിവകുമാറും ബാബുവും രാജിവയ്‌ക്കേണ്ടി വരും. അത് ഭരണമുന്നണിക്ക് തീരാ നാണക്കേടുമാകും. അതിലെല്ലാം ഉപരി തന്നെ കുടുക്കിയതിന്റെ പക ബിജു രമേശിനോട് രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. അടൂർ പ്രകാശിനോട് എല്ലാം ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP