Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ പുച്ഛിച്ചാലും സോണിയയും രാഹുലും സമ്മതിക്കില്ല; കേരളത്തിൽ കോൺഗ്രസ്സിനെ പിടിച്ചുനിർത്തുന്നത് ജയ്ഹിന്ദ് എന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ; ഇന്ത്യൻ ഹൃദയം പിടിക്കാൻ ജയ്ഹിന്ദിനെ ഏറ്റെടുത്ത് ദേശീയ ചാനൽ ആക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം

നമ്മൾ പുച്ഛിച്ചാലും സോണിയയും രാഹുലും സമ്മതിക്കില്ല; കേരളത്തിൽ കോൺഗ്രസ്സിനെ പിടിച്ചുനിർത്തുന്നത് ജയ്ഹിന്ദ് എന്ന് ഹൈക്കമാൻഡ് വിലയിരുത്തൽ; ഇന്ത്യൻ ഹൃദയം പിടിക്കാൻ ജയ്ഹിന്ദിനെ ഏറ്റെടുത്ത് ദേശീയ ചാനൽ ആക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രാഷ്ട്രീയ സാക്ഷരതയിൽ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിന് ഇവിടെ ക്ലച്ച് പിടിക്കാത്തതും. കൂടാതെ പൂർണ്ണാമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹം കൂടിയാണ് കേരളം. അതുകൊണ്ട് തന്നെയാണ് ഏതൊരു ചെറിയ രാഷ്ട്രീയ പാർട്ടിക്കും സ്വന്തമായി പത്രവും ചാനലുമൊക്കെ ഉള്ളത്. കേരളത്തിൽ പ്രബലരായ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തമായി പത്രവും ചാനലും നിലവിലുണ്ട്. സിപിഎമ്മിന് കൈരളിയും കോൺഗ്രസിന് ജയ്ഹിന്ദും ബിജെപിക്ക് ജനം ചാനലുമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഈ ചാനലുകളെ കൊണ്ട് ഈ പാർട്ടികൾക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ആകില്ല.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കൈരളി ചാനൽ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കൂടാതെ കേരളത്തിലെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ നിരവധി വാർത്തകൾ പുറത്തുവകൊണ്ടുവരാനും കൈരളി ചാനലിന് സാധിച്ചിട്ടുണ്ട. മറുവശത്ത് സർക്കാറിനെ പ്രതിരോധിക്കേണ്ട ബാധ്യതയാണ് കോൺഗ്രസിന്റെ ജയ്ഹിന്ദ് ചാനലിന് ഉള്ളത്. ഒരു പരിധിവരെ തെരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസിന് ആവേശം പകരാൻ സാധിച്ചു എന്നത് ഒഴിച്ചാൽ എടുത്തുപറയത്തക്ക സംഭാവന കോൺഗ്രസ് പാർട്ടി ചാനലിൽ നിന്നും ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ. കേരളത്തിലെ കറതീർത്ത കോൺഗ്രസ് പ്രവർത്തകരിൽ എത്രപോർ ജയ്ഹിന്ദ് ചാനൽ കാണുന്നുണ്ടെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ലഭിച്ചെന്ന് വരില്ല. കാരണം തീരെ കുറഞ്ഞൊരു വിഭാഗം മാത്രമാണ് പാർട്ടി ചാനൽ കാണുന്നത്.

എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കുന്ന കാര്യം മറ്റൊന്നാണ്. അധികം പ്രേക്ഷകർ ഇല്ലെങ്കിൽ കൂടി കേരളത്തിൽ കോൺഗ്രസ്സിനെ താങ്ങിനിർത്തുന്നത് ജയ്ഹിന്ദ് ചാനലിന്റെ ജനപ്രീതിയാണെന്ന വിലയിരുത്തലിലാണ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള നേതാക്കൾ. ഇതിന് അവർ പറയുന്ന കാരണങ്ങളുമുണ്ട്. കേരളത്തിലേതു പോലെ താഴെ തട്ടിൽ കോൺഗ്രസ് പ്രവർത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. രാഷ്ട്രീയ പ്രബുദ്ധമായ കേരളീയർ ജയ്ഹിന്ദ് ചാനലിനെ പാർട്ടി ചാനലായി തന്നെ കാണുകയും വീക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും വിലയിരുത്തൽ.

എന്തായാലും ദേശീയ രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടി സംഘടനയെ വീണ്ടെടുക്കാൻ വേണ്ടിയുള്ള ഉപാധിയായി കേരളത്തിലെ മാതൃക സ്വീകരിക്കുന്നു എന്നാണ് അറിയുന്ന വിവരം. കേരളത്തിലെ കോൺഗ്രസ് കമ്മറ്റിയുടെ ചാനലാണ് ജയ്ഹിന്ദ് ടി.വി. പ്രവർത്തകരുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്താൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പ്രാപ്തരാക്കുന്നത് ജയ്ഹിന്ദാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് ജയ്ഹിന്ദിനെ ദേശീയ ചാനലാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഹൈക്കമാൻഡ് പരിശോധിക്കുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും കീഴടക്കാമെന്ന് അവർ കരുതുന്നു.

ജയ്ഹിന്ദിനെ ദേശീയ ചാനലാക്കിമാറ്റാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചനയ്ക്ക് പിന്നിൽ കേരളത്തിൽനിന്നുള്ള കേന്ദ്ര നേതാവ് എ.കെ.ആന്റണിക്കും പങ്കുണ്ട്. ജയ്ഹിന്ദിനെ എങ്ങനെ ദേശീയ ചാനലാക്കി മാറ്റാമെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ചാനലിന്റെ ഡൽഹിയിലെ പുതിയ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

പുതിയ മാദ്ധ്യമങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിൽ കോൺഗ്രസ് പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്ന് ആന്റണി പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ആദർശങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ ടി.വി. പോലൊരു മാദ്ധ്യമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2007-ലാണ് കെപിസിസി. ജയ്ഹിന്ദ് ചാനലിന് തുടക്കം കുറിക്കുന്നത്. ഇന്ന് വാർത്താ രംഗത്ത് ശ്രദ്ധേയമായ നിലയിലേക്ക് ഉയരാൻ ജയ്ഹിന്ദിനായിട്ടുണ്ട്. ആ വിജയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.

ജയ്ഹിന്ദ് എന്ന പേര് കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ട് ഈ പേര് ദേശീയ തലത്തിൽ ഉപയോഗിച്ചാൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ദേശീയ ചാനൽ രംഗത്തെ പ്രമുഖരായ വ്യക്തികളെ ചാനൽ തലപ്പത്തുകൊണ്ടുവരാമെന്നം കോൺഗ്രസ് കണക്കുകൂട്ടുന്നു. അതിനിടെ ചാനൽ ദേശീയ തലത്തിലേക്ക് ഉയർത്തിയാലും മലയാളം ചാനൽ നിലനിർത്താൻ തന്നെയാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയ്ഹിന്ദ് ചാനലിന്റെ വാർത്താചാനൽ പുറത്തിറക്കാനും പാർട്ടി പദ്ധതിയിട്ടുട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നവംബർ ഒന്നിന് ജയ്ഹിന്ദ് വാർത്താ ചാനൽ തുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP