Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴവിൽ മനോരമയെ മൂക്കു കുത്തിച്ച് ഏഷ്യാനെറ്റിന് തൊട്ട് പിന്നിൽ രണ്ടാമത് എത്തി തിളങ്ങി നിന്ന ഫ്‌ളവേഴ്‌സ് ചാനലിന് ഇപ്പോൾ തിരിച്ചടിയുടെ കാലം; ശ്രീകണ്ഠൻ നായരുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേൽക്കുമ്പോൾ ബാർക്ക് റേറ്റിംഗിൽ ഫ്‌ളവേഴ്‌സ് വീണത് നാലാം സ്ഥാനത്തേക്ക്; ഏഷ്യാനെറ്റിനും മനോരമയ്ക്കും പിന്നിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് സീ മലയാളവും; ന്യൂസ് ചാനലുകളുടെ റേറ്റിംഗിലും മനോരമയ്ക്ക് രണ്ടാം സ്ഥാനം; കൊറോണക്കാലത്തെ ചാനൽ റേറ്റിങ് ചർച്ചയാകുമ്പോൾ

മഴവിൽ മനോരമയെ മൂക്കു കുത്തിച്ച് ഏഷ്യാനെറ്റിന് തൊട്ട് പിന്നിൽ രണ്ടാമത് എത്തി തിളങ്ങി നിന്ന ഫ്‌ളവേഴ്‌സ് ചാനലിന് ഇപ്പോൾ തിരിച്ചടിയുടെ കാലം; ശ്രീകണ്ഠൻ നായരുടെ വ്യക്തി പ്രഭാവത്തിന് മങ്ങലേൽക്കുമ്പോൾ ബാർക്ക് റേറ്റിംഗിൽ ഫ്‌ളവേഴ്‌സ് വീണത് നാലാം സ്ഥാനത്തേക്ക്; ഏഷ്യാനെറ്റിനും മനോരമയ്ക്കും പിന്നിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് സീ മലയാളവും; ന്യൂസ് ചാനലുകളുടെ റേറ്റിംഗിലും മനോരമയ്ക്ക് രണ്ടാം സ്ഥാനം; കൊറോണക്കാലത്തെ ചാനൽ റേറ്റിങ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ പിടിക്കുകയാണ് ടിവി ചാനലുകളേയും. റിയാലിറ്റി ഷോകളും സീരിയലുകളുമായി ഇനി കുറച്ചു കാലത്തേക്ക് മുമ്പോട്ട് പോകാൻ ചാനലുകൾക്ക് കഴിയില്ല. ഏഷ്യാനെറ്റിലെ ബിഗ് ബോസ് അവസാനിപ്പിച്ചതുകൊറോണ പേടി കാരണമാണ്. അങ്ങനെ ചാനലുകൾ പ്രതിസന്ധിയിലേക്ക് പോകുമ്പോൾ ഏറെ ചർച്ചയാവുകയാണ് ഇത്തവണത്തെ ബാർക് റേറ്റിങ്. പുതിയ ബാർക്ക് റേറ്റിങ് പ്രകാരം മലയാളത്തിലെ വിനോദ-ന്യൂസ് ചാനലുകളിൽ നമ്പർ വൺ ഏഷ്യാനെറ്റ് ബ്രാൻഡിനാണ്. ഒരു കോട്ടവുമില്ല. എന്നാൽ പ്രോഗ്രാം ചാനലുകളിൽ കാതലായ മാറ്റം റേറ്റിംഗിൽ പ്രതിഫലിക്കുകയാണ്. സീ ഗ്രൂപ്പിന്റെ കരുത്തുമായി മലയാളത്തിൽ എത്തിയ സീ മലയാളം റേറ്റിംഗിൽ മുന്നോട്ട് കുതിക്കുന്നു. ഇതിന്റെ കോട്ടം തട്ടുന്നത് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സിനും.

മലയാളത്തിലെ വിനോദ ചാനലുകളിൽ പത്താം ആഴ്ചയിലും നമ്പർ വൺ ഏഷ്യാനെറ്റാണ്. 302142 പോയിന്റാണ് അവർക്കുള്ളത്. മഴവിൽ മനോരമയ്ക്ക് 89661 പോയിന്റും. സീ കേരളത്തിന് 78632 പോയിന്റുണ്ട്. ഫ്‌ളവേഴ്‌സിന് 75316 പോയിന്റും. ഏഷ്യാനെറ്റ് മൂവീസാണ് അഞ്ചാമത്. സൂര്യടിവിയുടെ പൊടി പോലും ആദ്യ അഞ്ചിൽ ഇല്ല. കൈരളി ടിവിയും പിന്നിലാണ്. കുറേ നാളുകളായി രണ്ടാം സ്ഥാനത്തിന് വേണ്ടി മഴവില്ലും ഫ്‌ളവേഴ്‌സും കടുത്ത മത്സരത്തിലായിരുന്നു. അങ്ങനെ നിന്ന ഫ്‌ളവേഴ്‌സാണ് സീ കേരളത്തിന് പിന്നിൽ നാലമതാകുന്നത്. സീ കേരളയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടവുമാണ്. കേരളത്തിലെ പ്രേക്ഷകരിലേക്ക് സാവധാനം അവർ ചുവടുറപ്പിക്കുന്നതിന്റെ സൂചനയാണ് ഇത്. അതുകൊണ്ട് തന്നെ സീ കേരളത്തിന്റെ വളർച്ച ഫ്‌ളവേഴ്‌സിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.

ഏറെ പുതുമകളുമായി പ്രേക്ഷകരിലേക്ക് എത്തിയ ചാനലായിരുന്നു ഫ്‌ളവേഴ്‌സ് ടി വി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധയും നേടി. ഒരിക്കൽ വിനോദ ചാനലുകളിൽ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് വരെ അവരെത്തി. മഴവിൽ മനോരമയും സൂര്യയും ഫ്‌ളവേഴ്‌സിനെ കണ്ട് പ്രോഗ്രാം കണ്ടെന്റുകളിൽ പോലും മാറ്റം വരുത്തി. ഏഷ്യാനെറ്റിൽ നിന്ന് മനോരമയിൽ എത്തി അവിടെ നിന്ന് ഫ്‌ളവേഴ്‌സുമായി പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയ ശ്രീകണ്ഠൻ നായർ പുതുമകൾ സമ്മാനിച്ചു. അങ്ങനെയാണ് ഫ്‌ളവേഴ്‌സ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഫ്‌ളവേഴ്‌സിൽ നിന്ന് ട്വന്റി ഫോർ എന്ന ന്യൂസ് ചാനലുമുണ്ടായി. എന്നാൽ അടുത്ത കാലത്ത് വിവാദങ്ങൾക്കൊപ്പമാണ് ശ്രീകണ്ഠൻ നായരുടെ യാത്ര. ഇതോടെ ഫ്‌ളവേഴ്‌സ് എന്ന ബ്രാൻഡിനും കോട്ടമുണ്ടാകുന്നു. ഇതാണ് ഇത്തവണ ചാനൽ നാലാം സ്ഥാനത്തേക്ക് കൂപ്പു കുത്താൻ കാരണം.

വാർത്താ ചാനലുകളിലും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മലയാളത്തിലെ ചോദ്യം ചെയ്യാനാകാത്ത ചാനൽ. മനോരമാ ന്യൂസും മാതൃഭൂമി ന്യൂസും കഴിഞ്ഞാൽ ട്വിന്റി ഫോർ. ട്വന്റി ഫോറും ഫ്‌ളവേഴ്‌സ് ഗ്രൂപ്പിൽ നിന്നുള്ളതാണ്. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തിയിട്ടും ട്വന്റി ഫോറിന് മുമ്പോട്ട് കുതിക്കാനാകുന്നില്ലെന്നാണ് റേറ്റിങ് വ്യക്തമാക്കുന്നത്. ന്യൂസ് കേരളയാണ് അഞ്ചാം സ്ഥാനത്ത്. അംബാനിയുടെ ചാനലിനും മുമ്പോട്ട് കുതിക്കാനാകുന്നില്ല. ജനം ടിവിയും കൈരളി ന്യൂസും ആദ്യ അഞ്ചിൽ ഇടം നേടുന്നില്ല. അങ്ങനെ രാഷ്ട്രീയക്കാരുടെ ചാനലിനേയും മലയാളി ഈ കൊറോണ കാലത്ത് ആശ്രയിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ബാർക്ക് റേറ്റിങ്. ഇവിടേയും ചർച്ചയാകുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ കരുത്തും മനോരമയുടേയും മാതൃഭൂമിയുടേയും രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടവും മാത്രമാണ്. മറ്റാർക്കും കാര്യമായ റേറ്റിംഗില്ല.

സീരിയലുകളും റിയാലിറ്റി ഷോകളുമാണ് മലയാള ചാനലുകളുടെ കരുത്ത്. ഇതിനൊപ്പം സിനിമാ സംപ്രേഷണവും നിർണ്ണായകമാണ്. ഏഷ്യാനെറ്റിനും സൂര്യയ്ക്കും നിരവധി സിനിമകളുടെ റൈറ്റുണ്ട്. ആദ്യ ചാനലുകൾ എന്നതാണ് ഇതിന് കാരണം. എന്നാൽ മഴവിൽ അടക്കമുള്ള മറ്റു ചാനലുകളുടെ കാര്യം അങ്ങനെ അല്ല. കൊറോണ എത്തുമ്പോൾ സീരിയലും റിയാലിറ്റി ഷോകളും നിൽക്കും. ഈ സാഹചര്യത്തിൽ സിനിമകൾ അനിവാര്യതയായി മാറും. അതുകൊണ്ട് തന്നെ ഫ്‌ളവേഴ്‌സിനും മറ്റും കടുത്ത വെല്ലുവിളിയാകും ഇനി സംഭവിക്കുക. ഹിന്ദി ചാനലായ സീ ടീവിയുടെ കരുത്തുള്ളതു കൊണ്ട് സീ മലയാളത്തിന് സൂപ്പർ ഹിറ്റ് ഹിന്ദി സിനിമകളുടെ മലയാളം റീമേക്കുമായി പിടിച്ചു നിൽക്കാൻ കഴിയും.

ഈ പ്രതിസന്ധിയെ ശ്രീകണ്ഠൻ നായരുടെ ചാനൽ എങ്ങനെ മറികടക്കുമെന്നതാണ് നിർണ്ണായകം. കൊറോണ ഭീതിയിൽ പരസ്യവും കുറയാൻ ഇടയുണ്ട്. കച്ചവടം കുറയുമ്പോൾ പരസ്യം നൽകാൻ ആളില്ലാതാകുന്നതാണ് ഇതിന് കാരണം. അങ്ങനെ മലയാള ചാനൽ വ്യവസായവും വലിയ പ്രതിസന്ധിയിലേക്ക് പോകും. വമ്പൻ ബ്രാൻഡുകൾക്കൊപ്പം ചേർന്ന് നിൽക്കുന്നവർക്കേ ഇതിനെ മറികടക്കാൻ കഴിയൂവെന്ന വിലയിരുത്തലും ഉണ്ട്. ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഒഴികെ ഇതിനെ ആരെല്ലാം അതിജീവിക്കുമെന്നതാണ് നിർണ്ണായകം. നിലവിലെ അവസ്ഥയിൽ പ്രതിസന്ധി തുടർന്നാൽ പുതിയതും ചെറുതുമായ ചാനലുകൾ വലിയ പ്രതിസന്ധിയിലാകും.

ടെലിവിഷൻ പ്രേക്ഷകരുടെ കണക്കെടുപ്പു സമ്പ്രദായത്തിന്റെ പര്യായമായിരുന്ന ടാം റേറ്റിങ് അവസാനിപ്പിച്ചതിന് ശേഷമാണ് ബാർക് തുടങ്ങിയത്. അന്താരാഷ്ട്ര മാർക്കറ്റിങ് ഗവേഷണ സ്ഥാപനങ്ങളായ എസി നീൽസണിന്റെയും കാന്ററിന്റെയും സംയുക്ത സംരംഭമായ ടാം മീഡിയ റിസർച്ചാണ് ടാം ടെലിവിഷൻ റേറ്റിങ് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

ബ്രോഡ്കാസ്റ്റിങ് ചാനലുകളുടെയും പരസ്യ ഏജൻസികളുടെയും പരസ്യദാതാക്കളുടെയും സംയുക്ത സംഘടനയായ ബാർക്ക് ഇന്ത്യയും ടാമും സംയുക്തമായി രൂപീകരിച്ച മെറ്ററോളോജി ഇന്ത്യ ഡാറ്റ പ്രൈവറ്റ് ലിമിറ്റഡാണ് ഇപ്പോൾ റേറ്റിങ് പുറത്തു വിടുന്നത്. ഈ റേറ്റിംഗാണ് ചാനലുകളുടെ ജനപ്രിയത അളക്കാനുള്ള മാർഗ്ഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP