Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണ മുഖ്യമന്ത്രിയെ 'കോലു' കൊണ്ടുകുത്താൻ നോക്കിയതാരാണ്? ഇടനെഞ്ചിൽ കുത്തിയ ആ 'കോല്' പാർട്ടി ചാനലിന്റേത് തന്നെ; ആലപ്പുഴയിൽ ചാനൽ മൈക്ക് തട്ടി മാറ്റി കാറിൽ കയറി യോഗസ്ഥലം വിട്ട പിണറായി സത്യാവസ്ഥ അറിയാൻ രണ്ടുമാധ്യമ പ്രവർത്തകരുടെ കുറിപ്പ്

ഇത്തവണ മുഖ്യമന്ത്രിയെ 'കോലു' കൊണ്ടുകുത്താൻ നോക്കിയതാരാണ്? ഇടനെഞ്ചിൽ കുത്തിയ ആ 'കോല്' പാർട്ടി ചാനലിന്റേത് തന്നെ; ആലപ്പുഴയിൽ ചാനൽ മൈക്ക് തട്ടി മാറ്റി കാറിൽ കയറി യോഗസ്ഥലം വിട്ട പിണറായി സത്യാവസ്ഥ അറിയാൻ രണ്ടുമാധ്യമ പ്രവർത്തകരുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴയിൽ പ്രളയദുരിതാവലോകന യോഗത്തിനെത്തിയ മുഖ്യമന്തി മാധ്യമങ്ങളോട് പിണങ്ങി സംസാരിക്കാതെ സ്ഥലം വിട്ടത് വാർത്തായായിരുന്നു. കുട്ടനാട്ടിലെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി സംസാരിച്ചുതുടങ്ങിയപ്പോൾ ഒരുചാനലിന്റെ മൈക്ക് ദേഹത്ത് തട്ടിയതോടെയാണ് പിണറായി വിജയൻ സംസാരം ഉപേക്ഷിച്ച് കാറിൽ കയറി മടങ്ങിയത്. മുഖ്യമന്ത്രി ചാനൽ മൈക്കിനെ പരിഹസിച്ച് കോല് എന്നാണ് വിളിക്കാറുള്ളത്. തിരക്കിനിടയിൽ അറിയാതെ തട്ടിയതാണ് മൈക്ക് എന്ന് സംഭവത്തിന്റെ വീഡിയോയിൽ വ്യക്തമാണ്. ഇതുരണ്ടാം വട്ടമാണ് മുഖ്യമന്ത്രിയുടെ ദേഹത്ത് ചാനൽ മൈക്ക് തട്ടുന്നത്. ഇത്തവണ അത് പാർട്ടി ചാനലിന്റെ മൈക്കാണെന്ന് മാത്രം. ഞായറാഴ്ച നടന്നതെന്തെന്ന് വിശദീകരിക്കുന്നു മനോരമയിലെ കെ.സി.ബിപിനും, ഏഷ്യാനെറ്റ് ന്യൂസിലെ ടി.വി.പ്രസാദും എഴുതിയ കുറിപ്പുകൾ വായിക്കാം

കെ.സി.ബിപിൻ എഴുതുന്നു:

ദൃശ്യമാധ്യമ പ്രവർത്തകരുടെ കൈയിലുള്ള മൈക്കിനെ കോല് എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി വിളിച്ചുപോരുന്നത്. 'കോലുകൊണ്ട് കുത്താൻ നോക്കി', 'കോലുംനീട്ടി ചോദിച്ചു' എന്നൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ഇകഴ്‌ത്തിപ്പറയാറുള്ളത്. അതിനാൽ തന്നെ ഈ കോല് അദ്ദേഹത്തിന് അലർജിയുമാണ്. ആരെങ്കിലും കോലുനീട്ടിയാൽ മിണ്ടില്ല, മിണ്ടാനുണ്ടെങ്കിൽ കോലിന് മുന്നിൽ വരാമെന്നാണ് അദ്ദേഹത്തിന്റെ എന്നത്തെയും നിലപാട്. അങ്ങിനെയാവട്ടെ, പക്ഷേ ഈ 'കോല്' ഇപ്പോൾ ഇടയ്ക്കിടെ മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടുന്നുണ്ട്. അതെന്തുകൊണ്ടാണ്? അതെങ്ങിനെ ഒഴിവാക്കാം?

ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിയത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ അവലോകനയോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിവരുന്നു. കയറിപോകുമ്പോൾ ഒരു ചോദ്യത്തിനോടും പ്രതികരിക്കാഞ്ഞതിനാൽ ഇറങ്ങിവരുമ്പോൾ അതേചോദ്യം ആവർത്തിക്കേണ്ടെന്ന് മാധ്യമപ്രവർത്തകർ ധാരണയിലെത്തുന്നു. മാധ്യമങ്ങളോട് 'കടക്ക് പുറത്തെ'ന്ന് പറഞ്ഞ യോഗത്തിൽ നടന്നതെന്തെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെങ്കിൽ പറയട്ടെയെന്ന് റിപ്പോർട്ടർമാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഇറങ്ങിവന്നു. ഇടതുഭാഗത്ത് നീളത്തിൽ ചാനൽ ക്യാമറകൾ.

വലതുഭാഗത്ത് റിപ്പോർട്ടർമാർ. ഇടവഴിയിലൂടെ മുഖ്യമന്ത്രിക്ക് സുഖമായി നടന്നുപോകാം. പ്രത്യേകസുരക്ഷാ ഉദ്യോഗസ്ഥർ പതിവുപോലെ ഉന്തിയും തള്ളിയും പിടിച്ചുവലിച്ചും ഗുസ്തികാട്ടി തുടങ്ങി. അതിനിടെ മുഖ്യമന്ത്രി പതിവില്ലാതെ സൗമ്യമുഖവുമായി വന്നുനിന്നു. പ്രധാന തീരുമാനങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി സ്റ്റോപ്പിട്ടത്. കാര്യങ്ങൾ വിശദീകരിക്കാൻ അപ്രതീക്ഷിതമായി അദ്ദേഹം തയ്യാറായപ്പോൾ മാധ്യമപ്രവർത്തകർ മൈക്ക് നീട്ടി. മൈക്കുകൾ അകത്തിവയ്ക്കാൻ മുഖ്യമന്ത്രി തന്നെ പറഞ്ഞു. ചുറ്റിലും തിരക്കുണ്ട്, മാധ്യമപ്രവർത്തകരുടെ മാത്രമല്ല. മുഖ്യമന്ത്രിയെ മൊബൈലിൽ പകർത്താൻ വന്നവരുടെ, രാഷ്ട്രീയനേതാക്കളുടെ, ഉദ്യോഗസ്ഥരുടെ.. ഒപ്പം പൊലീസിന്റെയും...

മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും ഇടയിലിറങ്ങി വിവിഐപി സുരക്ഷക്കാരനായ പൊലീസുകാരൻ നെഞ്ചുവിരിച്ച് നിൽക്കുന്നുണ്ട്. എല്ലാഭാഗത്തും ഇതേ പൊലീസുകാരുടെ വക തള്ള് സ്ഥിരമാണ്. നേതാവ് കാർക്കശ്യക്കാരനാണെങ്കിൽ ഞങ്ങൾ ഡബിൾ കാർക്കശ്യക്കാരെന്ന് തോന്നിപ്പിക്കലാണ് അവരുടെ രീതി. പതിവിലും കുറവായിരുന്നു ആലപ്പുഴയിൽ ഇന്നുണ്ടായിരുന്ന മാധ്യമസംഘം. എന്നിട്ടും തിരക്കിനിടയിൽ മുഖ്യമന്ത്രിയുടെ ഇടനെഞ്ചിൽ ഒരു ചാനലിന്റെ 'കോല്' ചെന്നുതട്ടി.

'കുട്ടനാട്ടിലെ..'.എന്നുപറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി വർത്തമാനം നിർത്തി. സൗമ്യമുഖം മാറി ദേഷ്യം കർട്ടനിട്ടു. ദേഹത്ത് മൈക്ക് തട്ടിയതോടെ പറയാനുള്ളതെല്ലാം മനസിലിട്ട് മുഖ്യമന്ത്രി മുന്നോട്ടുനടന്നു. പറയാൻ തുടങ്ങിയത് നിർത്തി, ദേഷ്യത്തോടെ നടന്നുപോയതിന് അദ്ദേഹത്തിന് ന്യായീകരണമുണ്ടാകാം. അത് മൈക്കുകൊണ്ട് കുത്തുന്നവരാണ് കേരളത്തിലെ ദൃശ്യമാധ്യമപ്രവർത്തകരെന്ന ആണയിടലാണ്. ശരിയാണ്, ഇത് രണ്ടാംതവണയാണ് അദ്ദേഹത്തിന്റെ ദേഹത്ത് കോലുകൊണ്ട് മാധ്യമപ്രവർത്തകർ 'കുത്തു'ന്നത്. പക്ഷേ ഇത്തവണത്തെ 'കോല്' പാർട്ടി ചാനലിന്റേതായിരുന്നു എന്ന പ്രത്യേകതയുണ്ട്

അപ്പോൾ ഒരു ചോദ്യത്തിന് എളുപ്പത്തിൽ ഉത്തരമായി. കേരളത്തിലെ ദൃശ്യമാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ 'കോലു'കൊണ്ട് കുത്താനോ കൊല്ലാനോ നടക്കുന്നവരല്ല. ആണെങ്കിൽ അതിൽ പാർട്ടിചാനലും കാണുമോ? ആ ചാനലിന്റെ റിപ്പോർട്ടർക്ക് പാർട്ടി നേതാവിനെ കുത്തരുതെന്ന് അറിയാഞ്ഞിട്ടാണോ? ഒന്നുറപ്പാണ് ഇതെല്ലാം അറിയാതെ സംഭവിക്കുന്നതാണ്. അറിയാതെ എന്നുപറഞ്ഞാൽ തിക്കിലും തിരക്കിലുംപെട്ടുണ്ടാകുന്നത്. പലപ്പോഴും പിന്നിൽനിന്നുവരുന്ന തള്ളിൽ, മുന്നോട്ടാഞ്ഞ് വരുമ്പോഴാണ് ഈ കുത്ത്. പക്ഷേ അപ്പോഴും എന്തുകൊണ്ടാണ് മുന്മുഖ്യമന്ത്രിമാർക്കോ മറ്റ് രാഷ്ട്രീയനേതാക്കൾക്കോ ഈ കോലുകുത്തൽ ഒരു അലർജി ആയി തോന്നിയില്ല? അവരെയാരെയും കുത്തിയെന്നോ പിച്ചിയെന്നോ പരാതി ഉയർന്നില്ല? അവരിൽ ചിലർക്കെല്ലാം ഈ കുത്തേറ്റിട്ടും. അതിനും ഉത്തരമുണ്ട്

പത്തുപതിനാല് കാറും നാലഞ്ച് ജീപ്പും ഒരു ആംബുലൻസും ഒരു ഫയർഫോഴ്‌സുമായി ചീറിപാഞ്ഞെത്തുന്ന ഭരണാധികാരിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. രാജാവിനേക്കാൾ വലിയ രാജഭക്തിക്കാരാണ് സുരക്ഷാഭടന്മാർ. അവർ കണ്ണിൽകണ്ടവരെയെല്ലാം കുത്തും തള്ളും പിടിച്ചുവലിക്കും. അന്യന്റെ പള്ളയ്ക്ക് കുത്തി കാര്യംനടത്തലാണ് പ്രത്യേക യൂണിഫോമിലെത്തുന്ന എല്ലാ ഭടന്മാരുടെയും പൂഴിക്കടകൻ. സുരക്ഷയുടെ ഭാഗമെന്ന് നമുക്ക് തോന്നിപ്പിക്കുമെങ്കിലും ഒരു സുരക്ഷയും ഇല്ലതാനും.

ഉണ്ടായിരുന്നെങ്കിൽ ഇടനെഞ്ചിൽ മുഖ്യമന്ത്രിക്ക് ഇങ്ങനെ 'കോലു'കൊണ്ട് കുത്തുകിട്ടുമോ? കത്തിയുമായി ഒരാൾക്ക് മുഖ്യമന്ത്രി താമസിക്കുന്ന ഇടത്ത് എത്താൻ കഴിയുമോ? വണ്ണത്തിലോ എണ്ണത്തിലോ സുരക്ഷയൊരുക്കി സീൻ കളറാക്കലാണ് സുരക്ഷാസംഘത്തിന്റെ പരിപാടി. ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ അവലോകനയോഗം കഴിഞ്ഞ് ഇറങ്ങുമ്പോഴും സംഭവിച്ചത് അതുതന്നെ. അത് ആവർത്തിച്ചുകൊണ്ടേയിരിക്കും. കാരണം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഇന്നുവരെ കോലുകൊണ്ട് കുത്തേൽക്കാത്തതും, മുഖ്യമന്ത്രിയായ പിണറായി വിജയന് 'കോലു'കൊണ്ട് കുത്തുകൊള്ളുന്നതും ഇപ്പറഞ്ഞ 'രാജഭക്ത'രുടെ സേവനം ഒന്നുകൊണ്ടു കൂടിയാണ്.

ജനങ്ങൾക്കുകൂടി സുരക്ഷയൊരുക്കുന്നിടത്താണല്ലോ ഭരണത്തിന്റെ മേന്മ. അത് ഭരണാധികാരികളിലേക്ക് ഒതുങ്ങുന്നിടത്താണ് ജനങ്ങളുടെ അസ്വസ്ഥത. ജനങ്ങളുടെ ഇത്തരം പല അസ്വസ്ഥതകളിൽ നിന്നാണ് മാധ്യമപ്രവർത്തകന്റെ ചോദ്യം. ചോദ്യങ്ങൾക്കാവശ്യം ഭരണാധികാരികളുടെ തുറന്ന ഉത്തരങ്ങളാണ്. ഉത്തരങ്ങളെ പിടികൂടി ജനങ്ങളിലെത്തിക്കാനാണ് മൈക്ക് അഥവാ 'കോല്'. ഒരു തരത്തിൽ പറഞ്ഞാൽ മിണ്ടാത്തവരെ ഈ 'കോലിട്ടിള'ക്കുന്നതും ഉച്ചത്തിൽ ചോദ്യമുയർത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെയാവണം മുഖ്യമന്ത്രിക്ക് ഈ കോലിനോട് ഇത്ര അലർജി. പക്ഷേ ഇത് കോലല്ല സാർ, ചോദ്യചിഹ്നമാണ്.

ടി.വി.പ്രസാദിന്റെ കുറിപ്പ്:

ചാനൽ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് ചെറുതായൊന്ന് തട്ടി. ആലപ്പുഴയിൽ ഇന്ന് ഉണ്ടായതെന്ത്..?

ഈ വീഡിയോ ഒന്ന് കാണണം. ഒരു റിപ്പോർട്ടർ പോലും മുഖ്യമന്ത്രിയുടെ അടുത്തില്ല. എല്ലാവരും ദൂരെ നിന്നാണ് മൈക്ക് നീട്ടി പിടിക്കുന്നത്. പക്ഷേ നല്ല തിരിക്കുണ്ട്. പത്ത് വാർത്താ ചാനലുകളുടെ ക്യാമറകളും പത്ത് റിപ്പോർട്ടർമാരും പത്രങ്ങളുടെ ഫോട്ടോ ഗ്രാഫർമാരും ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ആരാണെന്ന് നോക്കൂ. ആരാണ് അവിടെ തിരക്കുണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുമാണ്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ യോഗത്തിലേക്ക് കയറുമ്പോൾ കുട്ടനാട് സന്ദർശിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രതികരിച്ചിരുന്നില്ല. അരികിൽ നിന്ന് ചോദ്യം ചോദിച്ച എല്ലാ റിപ്പോർട്ടർമാരെയും സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റി. തിരിച്ചുവരുമ്പോൾ മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ പറയട്ടെ എന്ന് കരുതിയാണ് വഴി തടസ്സപ്പെടുത്താതെ മാറി നിന്ന് എത്തി മൈക്ക് പിടിച്ച് നിൽക്കുന്നത്(വീഡിയോയിൽ കാണാം).. മുഖ്യമന്ത്രിക്ക് നേരെ കൈനീട്ടിൽ പോലും തൊടാൻ പറ്റാത്ത് അത്ര ദൂരത്തിലാണ് ഞങ്ങൾ എല്ലാവരും നിൽക്കുന്നത്. മുഖ്യമന്ത്രിക്ക് ചുറ്റിലും സുരക്ഷാ ഉദ്യോഗസ്ഥരോട് പുറത്തേക്ക് വരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ലോക്കൽപൊലീസും ചേർന്നതോടെ നല്ല തിരക്കായി. ഇവരുടെ പിറകിൽ നിന്നാണ് മുഖ്യമന്ത്രിക്ക് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ മൈക്ക് നീട്ടുന്നത്. എന്റെയൊന്നും മൈക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുമുള്ളതിനാൽ അടുത്തേക്ക് പോലുമെത്തുന്നില്ല. മുഖ്യമന്ത്രി സംസാരിക്കാൻ നിന്നും. അപ്പോഴും റിപ്പോർട്ടർമാരോ ക്യാമറാമാന്മാരോ ഫോട്ടോഗ്രാഫർമാരോ ആരും അടുത്തില്ല. ചുറ്റിലും പൊലീസ് മാത്രം. പിറകിൽ നിൽക്കുന്ന ഒരു സഹപ്രവർത്തകന്റെ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തിൽ ചെറുതായൊന്ന് തട്ടുന്നു(വീഡിയോയിൽ സൂക്ഷിച്ച് നോക്കിയാൽ കാണാം).. മൈക്ക് കയ്യിൽ പിടിച്ച ചാനൽ റിപ്പോർട്ടറെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും തള്ളിയപ്പോൾ കയ്യിലുള്ള മൈക്ക് ചെറുതായൊന്ന് അനങ്ങിപ്പോയി. അത് ചെറുതായൊന്ന് ഉരസുകയും ചെയ്തു. പക്ഷേ അത് ആ റിപ്പോർട്ടറിന്റെ ശ്രദ്ധക്കുറവിലുണ്ടായ വീഴ്ചയല്ല. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും തള്ളിയിരുന്നില്ലെങ്കിൽ അങ്ങനെയൊരു സംഭവം അവിടെ ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രി ദ്വേഷ്യം പിടിച്ച് വിശദീകരിക്കാതെ കാറിൽ കയറി പോയി. പിന്നാലെ വന്ന മന്ത്രി ജി സുധാകരൻ യോഗ തീരുമാനം മാധ്യമങ്ങളിലുടെ ജനങ്ങളോട് വിശദീകരിച്ചു.

മുഖ്യമന്ത്രിയെ ഞങ്ങളാരും തടഞ്ഞുവെക്കാറില്ല. ചോദ്യം ചോദിക്കാറുണ്ട് ശരിയാണ്. വഴിയിൽ നിൽക്കാറുണ്ടെങ്കിലും വരുമ്പോൾ പിന്നിലേക്ക് മാറി നിൽക്കും.ഒരിക്കലും മുഖ്യമന്ത്രിക്ക് തടസ്സം ഉണ്ടാക്കാൻ ശ്രമിക്കാറില്ല. പിന്നെയും എന്തിനാണ് ഈ സുരക്ഷാ ഉദ്യോഗസ്ഥർ നമ്മളെ ഇങ്ങനെ തള്ളിമാറ്റുന്നത്. ഇല്ലാത്ത തിരക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെ കൊണ്ടുപോകുന്നത്. എന്നാൽ ഇത്ര കാലം ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ് കൊടുത്ത് ഈ സമീപനം തിരുത്തണ്ടേ. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഇനി വരരുതെന്നും ഇന്റർവ്യൂ എടുക്കാൻ ശ്രമിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ ഞങ്ങൾ വരില്ലല്ലോ. വിളിച്ച് പറയുന്ന വാർത്താ സമ്മേളനങ്ങൾക്കും ഇന്റർവ്യൂവിനും മാത്രം വന്നോളാം. മുഖ്യമന്ത്രിയായതുകൊണ്ട് പ്രതികരണം ചിലപ്പോൾ കിട്ടിയേ മതിയാവൂ. അതുകൊണ്ടാണ് പ്രതികരണം കാത്ത് നിൽക്കേണ്ടി വരുന്നത്. പക്ഷേ അത് മുഖ്യമന്ത്രിയെ തടസ്സപ്പെടുത്താനാണെന്ന് കരുതി ഈ സുരക്ഷാ ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്നത് നീതീകരിക്കാനാകുമോ..?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP