Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടീഷ് ടിവി ഷോയിൽ കേരളാ മോഡൽ അന്തിച്ചർച്ച; ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം വിഷയമായപ്പോൾ പിയേഴ്‌സ് മോർഗനും ആഷ് സർക്കാരും തമ്മിൽ പൊരിഞ്ഞ അങ്കം; ഒബാമയുടെ അനുയായി എന്നു വിളിച്ച മോർഗന് 'ഞാൻ കമ്മ്യൂണിസ്റ്റും താൻ വിഡ്ഢി'യുമെന്നു പറഞ്ഞ് ഏഷ്യൻ വംശജയുടെ ചൂട്ടുളി മറുപടി

ബ്രിട്ടീഷ് ടിവി ഷോയിൽ കേരളാ മോഡൽ അന്തിച്ചർച്ച; ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം വിഷയമായപ്പോൾ പിയേഴ്‌സ് മോർഗനും ആഷ് സർക്കാരും തമ്മിൽ പൊരിഞ്ഞ അങ്കം; ഒബാമയുടെ അനുയായി എന്നു വിളിച്ച മോർഗന് 'ഞാൻ കമ്മ്യൂണിസ്റ്റും താൻ വിഡ്ഢി'യുമെന്നു പറഞ്ഞ് ഏഷ്യൻ വംശജയുടെ ചൂട്ടുളി മറുപടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കേരളത്തിലെ ചാനൽ അന്തി ചർച്ചകൾ ബ്രിട്ടീഷ് ചാനലുകളും കോപ്പി ചെയ്യുകയാണോ? കഴിഞ്ഞ ഏതാനും മാസമായി ബ്രിട്ടനിലെ ദേശീയ ചാനലായ ഐടിവി രാവിലെ നടത്തുന്ന ദിസ് മോണിങ് ഷോയിലാണ് പതിവായി വാക്കേറ്റം അരങ്ങേറുന്നത്. ബ്രിട്ടനിലെ ചാനൽ ചർച്ചകൾ ഇങ്ങനെ സംഭവിക്കാത്തതാണ്. എന്നാൽ ദിസ് മോണിങ് അവതാരകൻ പിയേഴ്‌സ് മോർഗനും ചർച്ചക്ക് എത്തുന്ന ഓൺ ലൈൻ ആക്ടിവിസ്റ്റും പത്രപ്രവർത്തകയുമായ ആഷ് സർക്കാരും വാക്കുകൾ കൊണ്ട് കോർക്കുമ്പോൾ കാണികൾ അന്തം വിടുമെങ്കിലും ഇതൊരു സ്‌പോൺസർഡ് വാക്കേറ്റമാണോ എന്ന സംശയവും സോഷ്യൽ മീഡിയ പങ്കു വയ്ക്കുന്നു. കാരണം ആഷ് ചർച്ചക്ക് എത്തുമ്പോൾ ഒക്കെ ഈ വാക്കേറ്റം പതിവാണ്, വിഷയം ഏതായാലും. ഈ എപ്പിസോഡില് ഏറ്റവും പുതിയ അധ്യായമാണ് ഇന്നലെ പിറന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബ്രിട്ടീഷ് സന്ദർശനം ചർച്ച വിഷയമാക്കിയപ്പോൾ മോർഗൻ ട്രംപിന് വേണ്ടി നിലകൊള്ളുകയും ഇതോടെ ചർച്ചയ്‌ക്കെത്തിയ ആഷ് ചൊടിക്കുകയും ആയിരുന്നു.

ചർച്ചയുടെ ഒരു ഘട്ടത്തിൽ പീയെസ് മോർഗൻ പോലുള്ളവർ മാധ്യമ പ്രവർത്തകർക്ക് തന്നെ നാണക്കേട് ആണെന്ന് തുറന്നടിക്കാനും ആഷ് തയ്യാറായി. ചർച്ചകളിൽ പലപ്പോഴും ഉത്തരം മുട്ടിയപ്പോൾ കണക്കുകൾ അറിയാമോ എന്ന് ചോദിച്ചു പീയെസ് മോർഗൻ ആഷിനെ ചൊറിയുന്നതും പ്രഭാത ഷോ കാണാൻ ഇരുന്നവരെ എരിപൊരി കൊള്ളിച്ചിരിക്കും എന്നുറപ്പാണ്. തന്നെ പറയാൻ അനുവദിക്കാതെ മോർഗൻ കേരളത്തിലെ വേണുവിന്റെയും വിനുവിന്റെയും ശരീര ഭാഷയിൽ കത്തിക്കയറുമ്പോൾ ഒരു ഘട്ടത്തിൽ അവതാരകനെ ഇഡിയറ്റ് എന്ന് വിശേഷിപ്പിക്കാനും ആഷ് തയ്യാറായി. ലക്ഷക്കണക്കിന് പ്രേക്ഷകർ ഉള്ള ഷോ ആണെന്ന ധാരണ പോലും മാറ്റിവച്ചാണ് ഇരുവരും അങ്കം കുറിച്ചത്. ഇടയ്ക്കു സഹ അവതാരക സൂസന്ന അന്തരീക്ഷം മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഏറ്റവും ഒടുവിൽ സംഗതി കൈവിട്ടു പോയേക്കും എന്ന സാഹചര്യം എത്തിയപ്പോൾ കാലാവസ്ഥ റിപ്പോർട്ടിലേക്കു മടങ്ങിയാണ് മോർഗൻ സ്വയം രക്ഷപ്പെട്ടത്.

വിഷയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങാൻ ഉള്ള ഗവേഷണം നടത്തിയല്ല മോർഗൻ അവതാരകൻ ആയി എത്തിയത് എന്നും ഇടയ്ക്കു ആഷ് ആരോപിച്ചു. ആഷിന് പിന്തുണയുമായി ചർച്ചയിൽ മാധ്യമ പ്രവർത്തകൻ കൂടിയായ ആന്ദ്രേ വാൾക്കർ ഉണ്ടായിരുനെകിലും ഇരുവരും ചേർന്ന് സൃഷ്ടിച്ച വാക്കുകളുടെ കമ്പക്കെട്ടിനിടയിൽ അദ്ദേഹത്തിന് കാര്യമായ റോൾ ഉണ്ടായിരുന്നില്ല. തന്റെ ഭാഗം വിശദീകരിക്കാൻ ആഷ് ശ്രമിക്കുമ്പോൾ അതിനു അനുവാദം നൽകാതെ അടിസ്ഥാന രഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് വിരുദ്ധ പ്രക്ഷോഭം നടക്കുന്നത് എന്ന ആരോപണമാണ് മോർഗൻ ഉയർത്തിയത്. സ്വാഭാവികമായും ഇത് ആഷിനെ വിറളി പിടിപ്പിക്കുകയും ചെയ്തു.

ഒരു ഘട്ടത്തിൽ നിസ്സഹായയായി കൈകൾ ഉയർത്തി ഓ ജീസസ്സ്‌സ് എന്ന് നീട്ടി വിളിച്ച ആഷിന് കാഴ്ചക്കാരുടെ കയ്യടി കിട്ടി എന്നതിന് അവരുടെ ട്വിറ്റര് അക്കൗണ്ട് തന്നെ തെളിവ്. ഇന്നലെ നടന്ന ദിസ് മോണിങ് ഷോയുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായാണ് പ്രചരിപ്പിക്കപ്പെട്ടത്. മോർഗനെ വിഡ്ഢിയെന്നു വിളിച്ച സമയം തന്നെ താൻ കമ്മ്യൂണിസ്റ്റ് ആണെന്ന് ഓർമ്മിപ്പിക്കാനും ആഷ് മറന്നില്ല. തികഞ്ഞ കോർബിൻ അനുയായി ആയാണ് ആഷ് സാമൂഹിക പ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത്.

മോർഗൻ എന്തൊക്കെ പറഞ്ഞാലും ഇന്ന് ലണ്ടൻ തെരുവിൽ പതിനായിരങ്ങൾ ട്രംപ് വിരുദ്ധ റാലിയിൽ അണിനിരക്കുമെന്നും താൻ അതിന്റെ മുന്നിരയില് ഉണ്ടാകുമെന്നും ആഷ് സർക്കാർ വ്യക്തമാക്കി. ട്രംപിന് നാണം കെടാനുള്ള ഏറ്റവും സുന്ദരമായ അനുഭവമായി ലണ്ടൻ സന്ദർശനം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ തുടർന്ന്. ബ്രിട്ടനിൽ ഏറ്റവും ചുറുചുറുക്കുള്ള ആക്ടിവിസ്റ്റായ ആഷ് സർക്കാർ ഐടിവിയിലെ സ്ഥിരം പാനലിസ്റ്റാണ്. മാധ്യമ പ്രവർത്തകയായും മോഡൽ ആയും ശ്രദ്ധ നേടിയ ആഷ് പൊതു ജന ശ്രദ്ധ വിഷയങ്ങളിൽ എല്ലാം സജീവമായി ഇടപെടുന്ന സ്ത്രീ സാന്നിധ്യം കൂടിയാണ്. ചർച്ചയിൽ പലപ്പോഴും ആഷിനെ താൻ പറയുന്നത് പൂർത്തിയാക്കാൻ അനുവദിക്കാതെ പീയെസ് മോർഗൻ ഇടയ്ക്കു കയറി എന്തിനാണ് നിങ്ങൾ ഒരു പ്രസിഡന്റ് സന്ദർശനത്തിന് വരുമ്പോൾ തടയുന്നതു എന്ന് ഇടയ്ക്കിടെ ചോദിച്ചാണ് ചർച്ചയുടെ ദിശ തെറ്റിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി കോമൺവെൽത്ത് ഉച്ചകോടിക്കായി എത്തിയപ്പോഴും ലണ്ടൻ നഗരം ശക്തമായ പ്രക്ഷഭത്തിനു വേദിയായിരുന്നു. അന്ന് പ്രക്ഷോഭകാരികൾ ഇന്ത്യൻ പതാക വലിച്ചിട്ടു കത്തിക്കാൻ നടത്തിയ ശ്രമം ഇന്ത്യക്കും ബ്രിട്ടനും ഇടയിൽ സ്വരച്ചേർച്ചക്കും കാരണമായി. നൂറുകണക്കിന് മെട്രോപൊളിറ്റൻ പൊലീസ് നോക്കി നിൽക്കെ നടന്ന സംഭവത്തിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത നടപടിയിൽ ഇന്ത്യ കഴിഞ്ഞ ദിവസം തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി ബ്രിട്ടനെ അറിയിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP