Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരീച്ചയോ പ്രാണിയോ ആയിരുന്നെങ്കിൽ തടസ്സങ്ങളേതുമില്ലാതെ എനിക്ക് കണ്ണനെ കാണാമായിരുന്നു; ഗുരുവായൂരപ്പനെ കണ്ട് അരികിൽ നിന്നൊന്നു തൊഴാൻ ഇനി എത്രനാൾ കാക്കണം മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന ചർച്ചയിൽ തന്ത്രി മുഖം കറുപ്പിച്ചതോടെ നിയമഭേദഗതിക്കുള്ള വഴികൾ തേടി ഗുരുവായൂർ ദേവസ്വം; യേശുദാസിനെ ഗുരുവായൂരിൽ വിലക്കുന്നതാരെന്ന വിഷയത്തിൽ സംവാദമൊരുക്കി ജനം ടിവി

ഒരീച്ചയോ പ്രാണിയോ ആയിരുന്നെങ്കിൽ തടസ്സങ്ങളേതുമില്ലാതെ എനിക്ക് കണ്ണനെ കാണാമായിരുന്നു; ഗുരുവായൂരപ്പനെ കണ്ട് അരികിൽ നിന്നൊന്നു തൊഴാൻ ഇനി എത്രനാൾ കാക്കണം മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന ചർച്ചയിൽ തന്ത്രി മുഖം കറുപ്പിച്ചതോടെ നിയമഭേദഗതിക്കുള്ള വഴികൾ തേടി ഗുരുവായൂർ ദേവസ്വം; യേശുദാസിനെ ഗുരുവായൂരിൽ വിലക്കുന്നതാരെന്ന വിഷയത്തിൽ സംവാദമൊരുക്കി ജനം ടിവി

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും....ഗോപുര വാതിൽ തുറക്കും...ഞാൻ ഗോപകുമാരനെ കാണും' വയലാർ എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ
ഗാനത്തിലെ വരികൾ വെറും വരികളല്ല മലയാളികൾക്ക്. അത് വലിയൊരു വിഭാഗം മനുഷ്യരുടെ, വിശ്വാസികളുടെ പ്രതീക്ഷ കൂടിയാണ്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂരിൽ പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തിൽ വയലാർ എഴുതിയ വരികൾ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത് ആ പ്രതീക്ഷയുടെ തേരിലേറിയാണ്. ഇപ്പോൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം അല്ലെങ്കിൽ വിശാലമായ അർഥത്തിൽ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സജീവ ചർച്ചയായിരിക്കുകയാണ്.തൃപ്പൂണിത്തുറയിൽ യേശുദാസ് നടത്തിയ ഒരു പരാമർശമാണ് എല്ലാവരുടെയും ഹൃദയത്തിൽ തട്ടിയത്. താൻ ഒരു പ്രാണിയോ, ഈച്ചയോ ആയിരുന്നെങ്കിൽ കൂടി ഗുരുവായൂർ കണ്ണനെ കാണാമായിരുന്നല്ലോ എന്നാണ് എണ്ണമറ്റ കൃഷ്ണഭക്തിഗാനങ്ങൾ ഉള്ളിൽ തട്ടി ആലപിച്ച ഗായകൻ ആശിച്ചത്.

ഈ പശ്ചാത്തലത്തിൽ 'ജനം ടിവി'യിൽ ടി.എസ്.സുബീഷ് അവതരിപ്പിച്ച സംവാദം വിഷയത്തിന്റെ വിവിധ വശങ്ങളെ തൊട്ടുപോകുന്നതായിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബര കുറുപ്പ്, ഹിന്ദുഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു, അഡ്വ.ഗോവിന്ദ് ഭരതൻ, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഡോ.ശ്രീഗംഗ യോഗദത്തൻ, തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. തനിക്ക് കയറാൻ കഴിയുന്നത് പോലെ ദാസേട്ടനും ക്ഷേത്രത്തിൽ കയറാൻ കഴിയണമെന്നും അദ്ദേഹത്തെ വിലക്കേണ്ട ഒരുകാര്യവുമില്ലെന്നായിരുന്നു കൈതപ്രത്തിന്റെ ആദ്യ പ്രതികരണം.ആചാരങ്ങളുടെ പേരിൽ പല അബദ്ധങ്ങളും ഗുരുവായൂരിൽ കാട്ടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

'പല അബദ്ധങ്ങളും അവിടെ കാണിക്കുന്നുണ്ട്.മേൽപത്തൂർ ഓഡിറ്റേറിയത്തിൽ നടക്കുന്ന പരിപാടി. പണ്ടു ചെമ്പൈ അകത്ത് നടത്തിയ പരിപാടിയാണ് മാറ്റിയത്. എന്തിന് വേണ്ടിയാണ്. ഷർട്ടിട്ട് കയറാൻ പാടില്ല.. മറ്റുള്ളവർക്ക് കയറാൻ പറ്റില്ല. അതിന് കാരണമായി പറയുന്നത് അകത്തെ വിളക്ക് അവിടെ കൊളുത്തി വച്ചിട്ടുണ്ടെന്നാണ്.അകത്തെ വിളക്ക് എല്ലാവരുടെയും മനസിൽ കൊളുത്തിയിട്ടുണ്ട്. പിന്നെന്തിനാണ്? ആ വിളക്കിന്റെ പേര് പറഞ്ഞാണ് മറ്റുള്ളവരെ എല്ലാം മാറ്റുന്നത്.ചെമ്പൈയുടെ ഏറ്റവും പ്രിയ ശിഷ്യനായ ദാസേട്ടന് അവിടെ പ്രവേശനമില്ല. 'എന്ത് രീതിയാണിതെന്നാണ് കൈതപ്രത്തിന്റെ ചോദ്യം.

ഇതോടൊപ്പം മൂന്ന് വർഷം മുമ്പ് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് താലപ്പൊലിയുമായി ബന്ധപ്പെട്ട് നടന്ന വിവാദം ടി.എസ്.സുബീഷ് ഓർത്തെടുത്തു.അവർണ യുവാവ് ചെണ്ട കൊട്ടിയതിന് 'നീ അവർണനല്ലേ...മാറി നിൽക്ക് എന്ന് പറഞ്ഞ് ദേവസ്വം ജീവനക്കാർ അയാളെ അതിൽ നിന്ന് മാറ്റി നിർത്തി വിലക്കി.കലൂർ ബാബു എന്ന അവർണ യുവാവിനെ മാറ്റി നിർത്തിയ സംഭവം അന്ന് വലിയ വിവാദമായിരുന്നു.

സാങ്കേതികമായി ഗുരുവായൂർ ക്ഷേത്ര പ്രവേശനത്തിന് യേശുദാസിന് വിലക്കില്ല. ദേവസ്വം കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആ തീരുമാനമെടുക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നത് ആരാണ്..സുബീഷിന്റെ ചോദ്യം?

ഗുരുവായൂർ അമ്പലത്തിൽ യേശുദാസിന് പ്രവേശനം നിഷേധിക്കുന്നത് ഈശ്വരന് ശ്രീകോവിലിൽ പ്രവേശനം നിഷേധിക്കുന്നത് പോലെയാണെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു. 'യേശുദാസിനെ പോലൊരു ഭക്തൻ എത്ര വികാരപരമായാണ് തന്റെ ഭക്തി പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ..അത് ശബരിമലയിലായാലും, മൂകാംബികയിൽ ആയാലും നമ്മൾ കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും, സംഘപരിവാർ സംഘടനകളിൽ പെട്ട മറ്റുള്ളവരും യേശുദാസിന് ഗുരുവായൂരെന്നല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നൽകേണ്ട കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്.ചരിത്രപരമായ കാരണങ്ങളാൽ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.ടിപ്പുവിന്റെ ആക്രമണവും, തിരുവിതാംകൂറിലെ മതപരിവർത്തന ശക്തികളുടെ പ്രവർത്തനവും ഒക്കെ കൊണ്ടാണ് അക്കാലത്ത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം വിലക്കിയത്. ഇന്ന് കാലം മാറിയതുകൊണ്ട് എല്ലാ അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം സാധ്യമാക്കണമെന്നാണ് എല്ലാ ഹിന്ദു സംഘടനകളുടെയും താൽപര്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകൾക്ക് തീരുമാനമെടുക്കാവുന്നതേയുള്ളു. സ്ത്രീകൾ ചുരിദാർ ധരി്ച്ച് ഗുരുവായൂരിൽ പ്രവേശിക്കാൻ പാടില്ലെന്ന വിലക്ക് നീങ്ങിയത് തന്ത്രി മുഖ്യൻ അടക്കമുള്ളവരുമായി കൂട്ടായി ആലോചിച്ചാണ്.കാലോചിതമായി ആചാരങ്ങൾ മാറ്റണമെന്നതാണ് ഇതിന്റെ സാരാംശമെന്നും ആർ.വി.ബാബു പറഞ്ഞു.ദേവസ്വം ബോർഡിന്റേതല്ലാത്ത പല ക്ഷേത്രങ്ങളിലും അഹിന്ദുക്കൾ പ്രവേശിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നു. ഗുരുവായൂരിൽ മാത്രം പ്രവേശനം നിഷധിക്കുന്നത് ഭക്തനെ മാത്രമല്ല, മൂർത്തിയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ആർ.വി.ബാബു പറഞ്ഞു.

ബ്രഹ്മജഞാനിയായ, കർമയോഗിയായ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണപത്രിക നൽകി സ്വീകരിക്കണമെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ നിലപാടെന്ന് സെക്രട്ടറി ഡോ.ശ്രീഗംഗയോഗദത്തൻ പ്രതികരിച്ചു. മൂന്ന് വർഷം മുമ്പ് സമിതി ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.സംഘടനാതലത്തിൽ ഇതിനായുള്ള തുടർനടപടികൾ ഉണ്ടാകും. സർക്കാരും, ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്നും ശ്രീഗംഗ ആവശ്യപ്പെട്ടു..

ഗാനഗന്ധർവന്റെ താൽപര്യമറിഞ്ഞ് നടപടിയെടുക്കേണ്ടത് ബോർഡല്ല, സർക്കാരാണെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബരക്കുറുപ്പ് വാദിക്കുമ്പോൾ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നാണ് അഡ്വ.ഗോവിന്ദ് ഭരതന്റെ പ്രതിവാദം.മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം പാസാക്കിയാൽ യേശുദാസിനെ മാത്രമല്ല ഏത് അഹിന്ദുക്കൾക്കും അവിടെ കയറാം.ക്ഷേത്രം ഭക്തന്മാരുടേതാണ്. ഭക്തന്മാരുടെ അഭിപ്രായം അനുവർത്തിക്കുക എന്നതാണ് 1985 ലെ ഫുൾ ബെഞ്ച് കോടതി തീരുമാനം. എന്നാൽ, മാനേജ്‌മെന്റ് കമ്മിറ്റി ഹിന്ദുമതത്തിന് വേണ്ടി ചിന്തിക്കുന്നില്ലെന്നും അഡ്വ.ഗോവിന്ദ് ഭരതൻ വിമർശിച്ചു.

യേശുദാസ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും നല്ല ഹിന്ദുവാണെന്നും അതിന് അദ്ദേഹത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഭക്തനാണെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു.എന്നാൽ, കോഴിക്കോട് ആര്യസമാജത്തിൽ പോയി ഹിന്ദുവായി പരിവർത്തനം ചെയ്തുവെന്നുള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ചാൽ മാത്രമേ യേശുദാസിന് പ്രവേശനം സാധ്യമാകുകയുള്ളുവെന്നാണ് തന്ത്രി വ്യക്തമാക്കിയതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് പറയുന്നു. 'നിയമപ്രകാരം ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിൽ പ്രവേശനം വ്യവസ്ഥ ചെയ്യുന്നത്. ഇക്കാര്യത്തിൽ,തന്ത്രി കുടുംബത്തിന് തടസ്സം തന്നെയാണ്. ഗുരുവായൂരപ്പനിൽ വിശ്വാസമുള്ള അഹിന്ദുക്കളായ ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിനായി നിയമഭേദഗതിക്ക് സർക്കാരിനോട് ആവശ്യപ്പെടും', കെ.ബി.മോഹൻ ദാസ് പറഞ്ഞു.ദേവസ്വം ഭരണസമിതിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും നിയമനിർമ്മാണം ആവശ്യമാണെന്നും ചെയർമാൻ വ്യക്തമാക്കി.

എന്നാൽ, ചെയർമാന്റെ ധാരണ തെറ്റാണെന്നും ഭരണസമിതിക്ക് തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നും അഡ്വ.ഗോവിന്ദ് ഭരതൻ തിരിച്ചടിച്ചു.തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ല എന്നും അത് മാനേജ്‌മെന്റ് കമ്മിറ്റിക്ക് മാത്രമാണ് ബാധകമെന്നും അദ്ദേഹം വാദിച്ചു. ഒരുകാരണവശാലും തന്ത്രി അങ്ങനെ പറയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അഡ്വ.ഗോവിന്ദ് ഭരതൻ പറഞ്ഞു. അതേസമയം തനിക്ക് കളവ് പറയേണ്ട കാര്യമില്ലെന്നും, തന്ത്രി തന്നെയാണ് കർശന നിലപാട് വ്യക്തമാക്കിയതെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്.' തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ലെന്ന് ഞാനും അംഗീകരിക്കുന്നു. സർക്കാർ നിയമ നിർമ്മാണം കൊണ്ടുവന്നാൽ ഇതിനൊരു തടസ്സവുമില്ല..തന്ത്രി തടഞ്ഞാലും നടക്കും. പക്ഷേ തന്ത്രി ഒന്നുകൂടി കടത്തി പറഞ്ഞു...നിയമനിർമ്മാണം വഴി ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുകയാണെങ്കിൽ, എനിക്കിവിടെ ഇരിക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹം സ്ഥാനമുപേക്ഷിക്കും എന്ന് പോലും ഭീഷണി മുഴക്കുകയുണ്ടായി.അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു..തന്ത്രി കുടുംബം നേരത്തേയും ഈ നിലപാട് തന്നെയാണല്ലോ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു.നേരത്തെ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചാൽ, ക്ഷേത്രം നശിക്കും എന്നതായിരുന്നല്ലോ താങ്കളുടെ നിലപാട് എന്നും ഞാൻ ചോദിച്ചു.പക്ഷേ അവർണർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച ശേഷം ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പോവുകയാണുണ്ടായതെന്നും ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുകയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

തന്ത്രിയുടെ നിലപാട് തികച്ചും ദൗർഭാഗ്യകരമാണെന്ന് ആർ.വി.ബാബു പറഞ്ഞു. കാലത്തിനുസരിച്ച് മാറണമെന്നും വിശ്വാസി സമൂഹം ഇക്കാര്യത്തിൽ തന്ത്രിയുടെ നിലപാടിനോടൊപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദാസേട്ടന് ഈ 78 ാം വയസിൽ പ്രവേശനം അനുവദിക്കണമെന്നും, അനന്തമായി ചർച്ച നീട്ടിക്കൊണ്ടുപോകേണ്ട കാര്യമല്ലെന്നുമുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അഭിപ്രായത്തോടെ ചൂടേറിയ ചാനൽ സംവാദത്തിന് താൽക്കാലിക വിരാമമായി.എന്നാൽ അതു കൊണ്ട് തീർന്നില്ല കാര്യങ്ങൾ. ഗുരുവായൂർ ദേവസ്വത്തിന്റെ അടുത്ത ഭരണസമിതിയിൽ വിഷയം ചർച്ച ചെയ്യുമെന്നും നിയമഭേദഗതിക്കായി സർക്കാരിനോട് ആവശ്യപ്പെടുമെന്നുമാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP