Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പാർട്ടി ഏതായാലും അതിന്റെ പ്രധാന നേതാവ് കിട്ടാവുന്നിൽ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക; പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് ? കേരളത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാവുമോ ? വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെ തള്ളി സാമൂഹ്യ നിരീക്ഷകൻ ജോസഫ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

'പാർട്ടി ഏതായാലും അതിന്റെ പ്രധാന നേതാവ് കിട്ടാവുന്നിൽ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക; പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് ?  കേരളത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാവുമോ ? വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെ തള്ളി സാമൂഹ്യ നിരീക്ഷകൻ ജോസഫ് മാത്യു ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ തീരുമാനമായതിന് പിന്നാലെ വിമർശനം ശക്തമാക്കി സിപിഎം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടോടു കൂടി സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗമടക്കം കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നതിൽ ഇടതു പക്ഷത്തിനുള്ള അസ്വസ്ഥതയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഈ അവസരത്തിലാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളെ തള്ളി സാമൂഹിക നിരീക്ഷകൻ ജോസഫ് മാത്യു രംഗത്തെത്തിയത്. പാർട്ടിക്ക് കരുത്തുള്ള മണ്ഡലത്തിൽ മത്സരിക്കാൻ അതിന്റെ നേതാവ് തീരുമാനിക്കുന്നത് സ്വാഭാവികമാണ്. കോൺഗ്രസുമായി സഖ്യം പാടില്ലെന്ന് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കിയ സിപിഎം ഇക്കാര്യത്തിൽ ഇങ്ങനെ വെറളി പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ജോസഫ് സി മാത്യു ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് ? കേരളത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാവുമോ ? എന്നും ജോസഫ് ചോദിക്കുന്നു

ജോസഫ് സി മാത്യു ന്യൂസ് അവറിൽ പറഞ്ഞതിങ്ങനെ:

ലോക്‌സഭാ മണ്ഡലങ്ങളെ വർഗ്ഗീയ അടിസ്ഥാനത്തിൽ തരംതിരിച്ച് പകരം വീട്ടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. അതെങ്ങനെ നടപ്പാക്കണമെന്ന് യുപിയിൽ ഇന്ന് അഖ്‌ലാഖ് വധക്കേസ് പ്രതികളെ ഒപ്പം നിർത്തി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് കാണിച്ചു തരുന്നുണ്ട്. കശ്മീർ വിഘടനവാദികളുടെ സ്വരത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നത്.

ഇതൊന്നും പക്ഷേ പുതുമയുള്ള കാര്യമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേ ദിവസം ആർഎസ്എസ് മുഖപത്രമായ ഓർഗ്ഗനൈസറിൽ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന സങ്കൽപത്തെക്കുറിച്ച് ഗോൾവൾക്കർ പറയുന്നുണ്ട്. ഒരു ഹിന്ദു രാഷ്ട്രം എന്നാൽ ഹിന്ദുകൾക്ക് വിധേയരായി ഇതരമതസ്ഥർ ജീവിക്കുന്ന രാജ്യം അല്ലെങ്കിൽ ഹിന്ദു ഭരണകൂടം ആവശ്യപ്പെടുമ്പോൾ അവർ ഒഴിഞ്ഞു പോകുന്ന രാജ്യം എന്നാണ് അദ്ദേഹം ആ മുഖപ്രസംഗത്തിൽ പറയുന്നത്. ഇന്ന് ദേശാഭിമാനിയിൽ വന്ന രാഹുലിനെതിരായ മുഖപ്രസംഗം കൂടി അതിനോട് നാം കൂട്ടിവായിക്കണം. വയനാട്ടിലെ മുസ്ലീങ്ങളുടെ വോട്ട് കണ്ടാണ് രാഹുൽ അവിടെ മത്സരിക്കുന്നതെന്നൊരു പരാമർശം ആ മുഖപ്രസംഗത്തിലുണ്ട്.

പാർട്ടി ഏതോ ആവട്ടെ അതിന്റെ പ്രധാന നേതാവ് കിട്ടാവുന്നിൽ ഏറ്റവും സുരക്ഷിതമായ സീറ്റിലാണ് മത്സരിക്കുക. പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം സീറ്റിലാണോ മത്സരിച്ചത് അല്ല പകരം പാർട്ടിയുടെ ശക്തികേന്ദ്രമായ ധർമ്മടത്താണ്. കേരളത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള തിരുവനന്തപുരത്ത് വന്ന് മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാവുമോ...? തിരുവനന്തപുരവും ഇന്ത്യയിൽ തന്നെയല്ലേ. അവരാരും അതു ചെയ്യില്ല വിജയസാധ്യതയില്ലാത്ത ഒരു സീറ്റിൽ ഒരു നേതാവും മത്സരിക്കില്ല. പ്രത്യേകിച്ച് ജയിച്ച് നിയമസഭാ കക്ഷി നേതാവായി നിൽക്കേണ്ട ഒരാളെ ഒരു പാർട്ടിയും ഒരു സാഹചര്യത്തിലും റിസ്‌ക്കുള്ള സീറ്റിൽ നിർത്തില്ല.

ഇവർക്ക് ആർക്കും ബാധകമല്ലാത്ത എന്ത് ചട്ടമാണ് രാഹുൽ ഗാന്ധിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എതിരാളിയെ അയാളുടെ തട്ടകത്തിൽ പോയി നേരിടാനുള്ള ധൈര്യം കാണിച്ച ഒരേയൊരു നേതാവ് ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാളാണ്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ അവരുടെ മണ്ഡലത്തിൽ പോയി തോൽപിച്ചാണ് അരവിന്ദ് കെജ്രിവാൾ നേതാവായി ഉയർന്നത്. 2014-ൽ വാരണാസിയിൽ മോദിക്കെതിരേയും അദ്ദേഹം മത്സരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പോലും കോൺഗ്രസുമായി സഹകരണമോ സഖ്യമോ പാടില്ലെന്നാണ് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച നയപരിപാടി പറയുന്നത്. അങ്ങനെയുള്ള പാർട്ടി പിന്നെ എന്തിനാണ് രാഹുൽ ഗാന്ധി സഖ്യമര്യാദ കാണിച്ചില്ല എന്നൊക്കെ പറഞ്ഞു കരയുന്നത്. ശക്തനായ സ്ഥാനാർത്ഥി വരുമ്പോൾ അതിനോട് ശരിയായ രീതിയിൽ അല്ല സിപിഎം പ്രതികരിച്ചത്.

ദേശാഭിമാനിയുടെ മുഖ്യപ്രസംഗത്തോടെ പാളിച്ച പൂർണമായി. എൽപി ക്ലാസിലെ കുട്ടികളെ പോലെ എന്തിനാണ് സിപിഎം രാഹുലിന്റെ വരവിൽ ഇങ്ങനെ കിടന്ന് കരയുന്നതെന്ന് മനസ്സിലാവുന്നില്ല. ഏത് സ്ഥാനാർത്ഥി വന്നാലും ശക്തമായി നേരിടുമെന്ന് ആർജ്ജവത്തോടെ പ്രഖ്യാപിക്കുകയായിരുന്നു ഈ ഘട്ടത്തിൽ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP