Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസ്‌ക്ലബ് ബാർ അടപ്പിച്ച വിനുവിന്റെ ട്വീറ്റിനെ തുടർന്ന് ഉൾപ്പോര് കൊഴുത്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തലപ്പത്ത് രാജി; എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം കെ പി ജയദീപ് രാജിവച്ചു; അംബാനിയുടെ ന്യൂസ് 18 ചാനൽ തലവനായി ചുമതലയേറ്റേക്കും

പ്രസ്‌ക്ലബ് ബാർ അടപ്പിച്ച വിനുവിന്റെ ട്വീറ്റിനെ തുടർന്ന് ഉൾപ്പോര് കൊഴുത്തപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തലപ്പത്ത് രാജി; എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം കെ പി ജയദീപ് രാജിവച്ചു; അംബാനിയുടെ ന്യൂസ് 18 ചാനൽ തലവനായി ചുമതലയേറ്റേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസ്‌ക്ലബ്ബിലെ അനധികൃത ബാറിനെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ തലപ്പത്തുണ്ടായ ഭിന്നതകൾക്കൊടുവിൽ രാജി. ചാനലിന്‌റെ എക്‌സിക്യൂട്ടീവ് എഡിറ്റർ കെ പി ജയദീപാണ് രാജിവച്ചത്. ചാനലിലെ അജണ്ട എന്ന രാഷ്ട്രീയ വിശകലന പരിപാടി അവതരിപ്പിക്കുന്നത് ജയദീപാണ്. മനോരമ ന്യൂസ് ചാനലിൽ നിന്നുമാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിൽ എത്തിയത്. കഴിഞ്ഞ കുറേനാളായി ഏഷ്യാനെറ്റിൽ നടന്നുവരുന്ന ഉൾപ്പോരിന്റെ തുടർച്ചയായാണ് ജയദീപിന്റെ രാജിയെന്നാണ് കരുതുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ അനധികൃത ബാർ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതെ തുടർന്നാണ് ഏഷ്യാനെറ്റിൽ കലാപം ഉടലെടുക്കുന്നത്.

പ്രസ്‌ക്ലബ്ബിൽ അനധികൃത ബാർ പ്രവർത്തിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ചാനലിന്റെ ന്യൂസ് അവർ അവതാരകനായ വിനു വി ജോൺ ട്വിറ്റർ സന്ദേശം പുറത്തുവിട്ടതോടെയാണ് ചാനലിൽ ചേരിപ്പോര് തുടങ്ങിയത്. വിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാർ രംഗത്തെത്തി. വിനുവിനെതിരെയുള്ള യുദ്ധം നയിച്ചവരിൽ പ്രധാനിയായിരുന്നു ജയദീപ്. വിനുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ജയദീപ് ആവശ്യപ്പെട്ടു. ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനായ ഗോപീകൃഷ്ണൻ വിനുവിനെ കാട്ടാളൻ എന്നു വിളിച്ചതായി ഇതിനിടെ വിനുവിന്റെ ട്വിറ്റർ സന്ദേശം വീണ്ടുമെത്തി. ഇത് ജയദീപിനേ കൂടുതൽ പ്രകോപിപ്പിച്ചു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ മോശമായി ചിത്രീകരിച്ച വിനുവിനെതിരെ കർശന നടപടി വേണമെന്നായിരുന്നു ജയദീപിന്റെ ആവശ്യം.

ജയദീപിന്റെ ആവശ്യത്തെത്തുടർന്ന് വിനുവിന്റെ നിലപാടുകളെക്കുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തു. ഇതോടെ വിനു പ്രകോപിതനായി. എങ്കിൽ താൻ രാജിവെയ്ക്കാം എന്ന് വിനു നിലപാടെടുത്തു. രാജിവച്ചോളൂ എന്ന നിലപാടിലായിരുന്നു ജയദീപ്. ഒടുവിൽ മുതിർന്ന പത്രപ്രവർത്തകർ ഇടപെട്ട് വിനുവിനെ രാജി തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. എങ്കിലും ജയദീപിന്റെ നിലപാടുകളോട് യോജിക്കാനാകാതെ വിനു നീണ്ട അവധിയിൽ പ്രവേശിച്ചു.

ഇവിടെയാണ് സംഭവങ്ങളുടെ ആന്റി ക്‌ളൈമാക്‌സ്. വിനുവിന്റെ പത്രപ്രവർത്തക മൂല്യങ്ങൾ മനസ്സിലാക്കി ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ പ്രശ്‌നത്തിൽ ഇടപെട്ടു. വിനുവിനെ തിരിച്ചുവിളിച്ചു. വിനുവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ സ്ഥാപനം ഇടപെടില്ലെന്ന് ഉറപ്പുനൽകി. വിനു തിരികെ ജോലിയിൽ പ്രവേശിച്ചു. ഇക്കാര്യവും വിനു ട്വീറ്റ് ചെയ്തു. വിനുവിനെതിരായ യുദ്ധത്തിൽ ആഭ്യന്തര യുദ്ധത്തിൽ തന്റെ ഭാഗം വിജയിപ്പിക്കാൻ സധിക്കാതെ വന്നതോടെയാണ് ജയദീപ് രാജിവെക്കാൻ തീരുമാനം കൈക്കൊണ്ടത് എന്നായിരുന്നു അറിവ്. അതേസമയം തന്നെ ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായുള്ള കരാർ കാലാവധി കഴിയാനിരിക്കേയാണ്. ഈ കരാർ പുതുക്കാതെയാണ് ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും ജയദീപ് പടിയിറങ്ങിയത്.

ജയദീപ് ഗ്രൂപ്പും വിനു ഗ്രൂപ്പും എന്ന ചേരിതിരിവാണ് ഏഷ്യാനെറ്റിൽ ഈ സംഭവങ്ങളോടെ ഉടലെടുത്തത്. ജയദീപിന്റെ ഒപ്പം നിൽക്കുന്ന ചിലരും ചാനൽ വിടാൻ തയ്യാറെടുക്കുന്നതായാണ് വിവരം. എല്ലാവരുടെയും ലക്ഷ്യം പുതുതായി തുടങ്ങിയ ന്യൂസ് 18 ആണ് ഇവരുടെ ഒക്കെ ലക്ഷ്യം. റിലയൻസിന്റെ മലയാളം ചാനലാണ് ന്യൂസ് 18. റിലയൻസ് ഇപ്പോൾ തന്നെ ജയദീപിനെ സമീപിച്ചിട്ടുണ്ട്. വൈകാതെ ജയ്ദീപ് ന്യൂസ് 18 ൽ ചേരുമെന്നാണ് സൂചന. മനോരമ ന്യൂസ് ചാനലിലെ തിരുവനന്തപുരം റീജണൽ ഹെഡായ രാജീവ് ദേവ്‌രാജും നേരത്തെ ന്യൂസ് 18 ചാനലിലേക്ക് ചേക്കേറാൻ മനോരമയിൽ നിന്നും രാജിവച്ചിരുന്നു. രാജീവ് ദേവരാജിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിലെ മുതിൽന്ന മാദ്ധ്യമപ്രവർത്തകനും ചാനലിലേക്ക് ചുവടുവച്ചത്.

സങ്കേതം എന്നറിയപ്പെടുന്ന വിനുവിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ചിത്ര വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന എസ്എംഎസ് അയച്ച വിവരം വിനു ട്വീറ്റ് ചെയ്തിരുന്നു. ഇത് ചാനലിലെ ജീവനക്കാരിലെ വിഭാഗീയത പുറം ലോകത്ത് എത്തിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സങ്കേതത്തിനെതിരെ മുമ്പ് നിലപാട് എടുത്തവർ പോലും വിനു വി ജോണിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇതിനിടെയിൽ മറ്റ് ചില വിനുവിന്റെ മറ്റ് ചില ട്വീറ്റുകൾ കൂടി ചർച്ചയായി.

വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയായിരുന്നു. അതിനിടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണും സ്വിച്ച് ഓഫായി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്ന വിനു വി ജോണിന്റെ ട്വീറ്റ് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലുമെത്തി. ഒരു കാരണവശാലും ഇത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയനും നിലപാട് എടുത്തു. ദേശാഭിമാനിയിലെ പല മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വളരെ നേരത്തെ തന്നെ ഈ ബാർ പൂട്ടണമെന്ന് പരസ്യമായി പ്രതികരിച്ചവരാണ്. മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനത്തിന് ഇതും കാരണമായി.

അനധികൃതമായി ഒന്നും അനുവദിക്കേണ്ടെന്ന് വിഷയത്തിൽ ഉപദേശം തേടിയ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് നിർദ്ദേശവും കിട്ടി. ഇതോടെയാണ് ആദ്യ പടിയെന്ന നിലയിൽ സങ്കേതത്തിൽ മദ്യകച്ചവടം അനുവദിക്കാനാകില്ലെന്ന അനൗദ്യോഗിക സന്ദേശം ഋഷിരാജ് സിങ് നൽകിയത്. പ്രത്യേക ദൂതന്മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇതോടെ സങ്കേതത്തിന് പൂട്ടുവീണു. ഈ സംഭവ വികാസങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലെ ആഭ്യന്തര പ്രശ്‌നവുമായി വളർന്നതോടെയാണ് കെ പി ജയദീപിന്റെ രാജിയിൽ എത്തി നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP