Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയാ വിമർശനങ്ങൾ പെരുകിയപ്പോൾ ലോ അക്കാദമിയിൽ കൈരളിയും 'ലൈവായി'! പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടുള്ള എസ്എഫ്‌ഐയുടെ വാർത്താസമ്മേളനം ലൈവായി ടെലിക്കാസ്റ്റ് ചെയ്തു; വി എം സുധീരൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകൾ ബ്രേക്കിങ് ന്യൂസായി

സോഷ്യൽ മീഡിയാ വിമർശനങ്ങൾ പെരുകിയപ്പോൾ ലോ അക്കാദമിയിൽ കൈരളിയും 'ലൈവായി'! പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടുള്ള എസ്എഫ്‌ഐയുടെ വാർത്താസമ്മേളനം ലൈവായി ടെലിക്കാസ്റ്റ് ചെയ്തു; വി എം സുധീരൻ അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകൾ ബ്രേക്കിങ് ന്യൂസായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിഷ്ണു പ്രാണോയ് എന്ന വിദ്യാർത്ഥിയുടെ ദുരൂഹ മരണത്തെ തുടർന്നുണ്ടായ വലിയ പ്രക്ഷോഭത്തിന് പിന്നിൽ സോഷ്യൽ മീഡിയയുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു. സോഷ്യൽ മീഡിയ വിമർശനങ്ങൾ പെരുകിയപ്പോഴാണ് ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹതകൾ അടക്കം വാർത്തയാക്കാൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ തയ്യാറായിരുന്നത്. അന്ന് ജിഷ്ണുവിന് നീതിതേടി ഹാഷ് ടാഗിട്ട് പ്രചരണം നടത്തിയതിൽ മുന്നിൽ നിന്നത് കൈരളി പീപ്പിൽ ചാനലും ഓൺലൈനുമായിരുന്നു. ഇതോടെ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി ഉയർന്നുവരികയും ചെയ്തു.

ഇങ്ങനെ, വിദ്യാർത്ഥി സമരം തിരുവനന്തപുരത്തെ ലോ അക്കാദമിയിലേക്ക് എത്തിയതോടെ കൈരളി ചാനൽ നിശബ്ദമായി. കാരണം ചാനലിലെ സെലബ്രിറ്റി ഷെഫും സിപിഐ(എം) നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ ജ്യേഷ്ടന്റെ മകളുമാണ് ലക്ഷ്മി നായരുമാണ് കോളേജിലെ പ്രിൻസിപ്പൽ എന്നതായിരുന്നു കൈരളിയുടെ പിൻവലിയലിന് കാരണം. എന്നാൽ, തുടക്കത്തിൽ മുഖ്യധാരാ മാദ്ധ്യമങ്ങൾ പോലും ലോ അക്കാദമി വിഷയം ഏറ്റുപിടിക്കാത്തത് കൈരളിക്ക് ആശ്വാസമായി. എന്നാൽ, സൈബർ ലോകം ലക്ഷ്മി നായർക്കെതിരെ ശക്തമായ നിലപാടെടുത്ത് വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി എത്തി. ഇതോടെ ഗത്യന്തരമില്ലാതെ കൈരളിയും വിഷയം ഏറ്റെടുക്കേണ്ടി വന്നു. എങ്കിലും ലക്ഷ്മി നായരുടെ നിലപാടിനെ പിന്തുണക്കുന്ന വിധത്തിലായിരുന്നു വാർത്തകൾ.

ലക്ഷ്മി നായർക്കെതിരായ വിദ്യാർത്ഥികളുടെ പരാതികൾ മറ്റ് ചാനലുകൾ പ്രൈം ടൈമിൽ ചർച്ചയാക്കിയതോടെ വിഷയം വീണ്ടും ശക്തമായി ഉയർന്നു. ഇതിനിടെയാണ് വിദ്യാർത്ഥികളുടെ സമരത്തെ തള്ളിപ്പറഞ്ഞ് ലക്ഷ്മി നായർ വാർത്താസമ്മേളനം നടത്തിയത് പൂർണമായും പീപ്പിൾ ചാനൽ ടെലിക്കാസ്റ്റ് ചെയ്തു. അവിടെ സമരമുഖത്തുള്ള എസ്എഫ്‌ഐക്കാരുടെ നിലപാടിനെ പോലും തള്ളിക്കളഞ്ഞാണ് കൈരളി ലക്ഷ്മി നായർക്ക് പിന്തുണ അറിയിച്ച് വാർത്തകൾ നൽകിയത്. എന്നാൽ, ഇപ്പോൾ ചിത്രങ്ങളെല്ലാം മാറിയിരിക്കുന്നു. എസ് എഫ് ഐയുടെയും ഡിവൈഎഫഐയുടെയും ലോ അക്കാദമിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ചാനലിൽ സ്‌ക്രോൾ ചെയ്യുമെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരായ വിദ്യാർത്ഥികളിൽ നിന്ന് പലഘട്ടങ്ങളിയായി ഉയർന്ന ഗുരുതര ആരോപണം ചാനൽ പരിഗണിച്ചതേയില്ല.

കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകൾക്കുള്ള മുന്നറിയിപ്പായി അനീതിക്കും അധർമ്മത്തിനുമെതിരായ പോരാട്ടമെന്ന് വിശേഷിപ്പിച്ചു തുടങ്ങിയ ചാനൽ കൈരളിക്ക് തന്നെ വിനയായി മാറി. രണ്ട് ദിവസമായി രാഷ്ട്രീയ നേതാക്കളും സമര രംഗത്തേക്ക് പരസ്യമായി എത്തിയതോടെ ഇന്ന് മുതൽ കൈരളിയും വാർത്തകൾ നൽകി തുടങ്ങി. ഇതിന് പ്രധാന കാരണം കൈരളിക്ക് സൈബർ ലോകത്തു നിന്നും ഏൽക്കേണ്ടി വന്ന ആക്രമണം തന്നയാണ്. കൈരളിയിലെ പാചകപരിപാടിയിലെ അവതാരിക എന്ന നിലയിലും മറിച്ച് സിപിഐ(എം) നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലുമാണ് കൈരളി വാർത്ത നൽകാതിരുന്നത് എന്നുമായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം.

ഇന്ന് രാവിലെ വി എസ് സമര രംഗത്ത് എത്തിയത് മുതൽ കൈരളി നിലപാട് മാറ്റി. വി എസ് മുന്നോട്ടു വച്ച ആവശ്യം ചാനലിൽ ബ്രേക്കിങ് ന്യൂസായി. തുടർന്ന് ഇന്ന് നടന്ന സംഭവങ്ങളെല്ലാം വിശദമായി കവർ ചെയ്തു. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ പരസ്താവനയും ബ്രേക്കിങ് ന്യൂസായി, കൈരളി വെബ്ബിലും പ്രസ്താവനകൾ വാർത്തകളായി. ഇന്ന് എസ്എഫ്‌ഐ ഈ വിഷയത്തിൽ നടത്തിയ വാർത്താസമ്മേളവു മന്ത്രിയുമായി ചർച്ചക്ക് ശേഷവുള്ള നടപടികളും കൈരളി പീപ്പിളിൽ ലൈവായി നിന്നും.

തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നായർ രാജിവയ്ക്കാതെ സമരത്തിൽനിന്നു പിന്നാക്കമില്ലെന്ന് എസ്എഫ്‌ഐയുടെ നിലപാട് തന്നെയാണ് ചാനൽ വാർത്തയാക്കിയതും. ഇന്നത്തെ പ്രധാന വിഷയമെന്ന നിലയിൽ ഈ വിഷയം വൈകുന്നേരം ചാനലിലെ ചർച്ചയാക്കാനും കൈരളി പീപ്പിൾ ടിവി തയ്യാറായേക്കും. അറ്റൻഡൻസ്, ഇന്റേണൽ മാർക്ക് എന്നിവ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിനുള്ള മാർഗങ്ങളായി കാണുന്ന നിലപാടിൽനിന്ന് മാനേജ്‌മെന്റ് പിന്മാറണമെന്നാണ് ആവശ്യം. വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനങ്ങളാണ് കാമ്പസിൽ ഉണ്ടാകുന്നതെന്നും ഒരു തരത്തിലും പിന്നാക്കം പോകില്ലെന്നും നേതാക്കൾ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പലിനെ മാറ്റണമെന്നതാണ് ഇതിലെ മുഖ്യ ആവശ്യം. എന്തായാലും സോഷ്യൽ മീഡിയയുടെ തല്ലുകൊണ്ട കൈരളി ചാനൽ ഇപ്പോൾ നേർവഴിയിൽ വരുന്നതിനെ സോഷ്യൽ മീഡിയയും അഭിനന്ദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP