Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ഷുക്കൂർ വധത്തിൽ പ്രതികളുടെ രോമത്തിൽ തൊടാൻ സിബിഐക്ക് കഴിയില്ല`; സിബിഐ പ്രതികളെ ചേർത്താൽ മാത്രം പോരല്ലോ; കോടതി ശിക്ഷിച്ചിട്ട് ബാക്കി നോക്കാം; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം സ്വരാജ്; തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വെല്ലുവിളി കാസർഗോഡ് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമോ എന്ന ചാനൽ ചർച്ചയ്ക്കിടെ

`ഷുക്കൂർ വധത്തിൽ പ്രതികളുടെ രോമത്തിൽ തൊടാൻ സിബിഐക്ക് കഴിയില്ല`; സിബിഐ പ്രതികളെ ചേർത്താൽ മാത്രം പോരല്ലോ; കോടതി ശിക്ഷിച്ചിട്ട് ബാക്കി നോക്കാം; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം സ്വരാജ്; തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വെല്ലുവിളി കാസർഗോഡ് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമോ എന്ന ചാനൽ ചർച്ചയ്ക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനേയും കല്ല്യാശ്ശേരി എംഎൽഎ ടിവി രാജേഷിനേയും സിബിഐ പ്രതി ചേർത്തത് കഴിഞ്ഞയാഴ്ചയാണ്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കാണിച്ചാണ് പ്രതി ചേർത്തത്. എന്നാൽ ഷൂക്കൂർ വധക്കേസ് പ്രതികളുടെ രോമത്തിൽ തൊടാൻ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎൽഎയുടെ പ്രസ്താവന. കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവർ ഡിബേറ്റിലാണ് തൃപ്പുണ്ണിത്തുറ എംഎൽഎയുടെ വിവാദ പ്രസ്താവന.

കാസർകോട് ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം അനിവാര്യമോ, ഇരകളുടെ കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുമോ ? എന്ന വിഷയത്തിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവറിൽ കുടുംബവും സുഹൃത്തുക്കളും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുമ്പോൾ സിപിഎമ്മും സർക്കാറും സിബിഐ അന്വേഷണം വേണ്ടെന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന വിഷയത്തിൽ ചർച്ച നയിച്ചത് പിജി സുരേഷ് കുമാറാണ്. എംഎൽ കാരശ്ശേരി, പേരാവൂർ എംഎൽഎ സണ്ണി ജോസഫ് എന്നിവരാണ് സ്വരാജിന് പുറമെ ചർച്ചയിൽ പങ്കെടുത്തത്.

സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുണ്ട്. സിബിഐ അന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിൽ അരിയിൽ ഷൂക്കൂർ വധക്കേസിലെ ഗൂഢാലോചനയിൽ പി ജയരാജൻ പങ്കാളിയായിരുന്നെന്ന് വാർത്തകളിൽ നിന്നറിയാൻ കഴിയുന്നെന്ന് എം എൻ കാരശ്ശേരി പറഞ്ഞു. മാത്രമല്ല, ചേകന്നൂർ മൗലവി കൊലക്കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമാണ് ഏഴ് വർഷങ്ങൾക്ക് ശേഷം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് എന്നും കാരശ്ശേരി പരഞ്ഞിരുന്നു.അഭയ കേസ് ഉൾപ്പടെയുള്ളവയിൽ പ്രതികളെ പിടികൂടിയത് സിബിഐ ഏറ്റെടുത്ത ശേഷമാണ് എന്നും ചർച്ചയിൽ പറഞ്ഞു.

പൊലീസിന്റെ ജാഗ്രത കുറവാണ് കാസർകോട് ഇരട്ടക്കൊല നടന്നത്. അതുകൊണ്ട് തന്നെ ഇരയുടെ ആളുകൾ സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ സർക്കാർ ആ ആവശ്യത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും എം എൻ കാരശ്ശേരി പറഞ്ഞു. ഇതിനു മറുപടി പറയവേയാണ് എം സ്വരാജ് ഷൂക്കൂർ വധക്കേസിൽ പ്രതിചേർത്തവരുടെ രോമത്തിൽ തൊടാൻ പോലും സിബിഐക്ക് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

സിബിഐ അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയതുകൊണ്ടായില്ല. കോടതി അവരെ ശിക്ഷിച്ചാൽ മാത്രമേ കേസ് അന്വേഷണം വിജയമായിരുന്നെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് എം സ്വരാജ് പറഞ്ഞു. അഭയാകേസോ, ചേകന്നൂർ മൗലവി കേസോ ഇതുവരെ ശിക്ഷിച്ചിട്ടില്ല. പ്രതികൾ കൂറുമാറിയതുകൊണ്ട് കേസ് തള്ളിപോകില്ല. അന്വേഷണം ശാസ്ത്രീയമായാൽ മതി. എന്നാൽ സിബിഐ, ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനിൽക്കില്ല. സിബിഐ ഒരു കേസ് കേരളത്തിൽ തെളിയിച്ചിട്ടുണ്ടോ. അങ്ങേയറ്റം ദുഷ്‌പേരുണ്ടാക്കിയ ഏജൻസിയാണ് സിബിഐയെന്നും എം സ്വരാജ് ആരോപിച്ചു.

2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട സി പി എം ഓഫിസ് സന്ദർശിച്ച് പി.ജയരാജനും ടി.വി.രാജേഷും മടങ്ങും വഴി മുസ്ലിം ലീഗ് പ്രവർത്തകർ ഇവരുടെ വാഹനം ആക്രമിച്ചു. ഇതിന് ശേഷമാണ് കൊലപാതക ആസൂത്രണം നടന്നത്. പാർട്ടി കോടതി വിധിച്ച് നടപ്പിലാക്കിയ കൊലപാതകമെന്നാണ് ഷുക്കൂറിന്റെ കൊലപാതകത്തെ കുറിച്ച് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ആശുപത്രിയിലേക്കു ഷുക്കൂർ കൊണ്ടു കൊണ്ടുപോകുമ്പോൾ,കീഴറ വള്ളുവൻകടവിലെത്തിയപ്പോൾ അഞ്ചു പ്രതികൾ ഇവരെ പിന്തുടർന്നു. എട്ടുപേർ എതിരെയും വന്നു. തുടർന്നു മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്കു ഷുക്കൂറും സുഹൃത്തുക്കളും ഓടിക്കയറി.

ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത് പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമാണെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ കുറ്റപത്രം. കൃത്യമായ ആസൂത്രണം തന്നെ ഇതിന് ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കസ്റ്റഡിയിലുള്ളവരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന നേതാക്കളുടെ നിർദ്ദശം പ്രവർത്തകർ നടപ്പിലാക്കുകയായിരുന്നു. അവിചാരിതമാി സംഭവിച്ച കൊലപാതകം അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയരാജൻ അടക്കമുള്ളവരുടെ ഗൂഢാലോചനക്ക് ദൃക്സാക്ഷികൾ ഉണ്ടെന്നുമാണ് സിബിഐ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിൽ പറയുന്നചത്.

അരിയിൽ ഷുക്കൂറിന്റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കുറ്റുപത്രത്തിൽ പറഞ്ഞിരിക്കുന്നത്. കൃത്യത്തിന് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്. 32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എൽ എയും 30 -ാം പ്രതി അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവുമാണ് മുഖ്യ ആസൂത്രകർ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 -ാം മുറിയിൽ വച്ചാണ് ഗൂഢാലോചന നടന്നത്. തങ്ങളെ ആക്രമിച്ച അരിയിൽ ഷുക്കൂർ അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്നാണ് പി ജരാജനും ടി വി രാജേഷും നിർദ്ദേശിച്ചതെന്ന് സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. ഇവരുടെ നിർദ്ദേശമാണ് ലോക്കൽ സെക്രട്ടറി യു വി വേണു മറ്റ് പ്രതികളെ അറിയിച്ച് നടപ്പാക്കിയത്.

തങ്ങളുടെ പിടിയിലുള്ളത് അരിയിൽ ഷുക്കൂർ തന്നെയെന്ന് ഉറപ്പാക്കാൻ 29 -ാം പ്രതി കെ ബാബു അയച്ച് കൊടുത്ത ഫോട്ടോ ഗൂഢാലോചനയിൽ ഉൾപ്പെട്ട മുഖ്യപ്രതികൾ ആശുപത്രിയിൽ വച്ച് കണ്ട് സ്ഥിരീകരിച്ചു. തുടർന്നാണ് വള്ളുവൻകടവിലെ കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ തടഞ്ഞുവെച്ച അരിയിൽ ഷുക്കൂറിനെ പാടത്തുകൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തുന്നത്. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 1 മുതൽ 27 വരെയുള്ള പ്രതികൾ നിരപരാധികളല്ല, അവർക്ക് കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP