Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും സുസ്‌മേരവദനനായി താങ്കൾ ഇരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തകരുന്നതു ഞങ്ങളുടെ നെഞ്ചകം: മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷൻ ജീവനക്കാരുടെ തുറന്ന കത്ത്

മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും സുസ്‌മേരവദനനായി താങ്കൾ ഇരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തകരുന്നതു ഞങ്ങളുടെ നെഞ്ചകം: മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷൻ ജീവനക്കാരുടെ തുറന്ന കത്ത്

ലയാളിയുടെ വാർത്താസങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിച്ച ഇന്ത്യാവിഷൻ എന്ന ചാനൽ ഇപ്പോൾ നാമാവശേഷമായിരിക്കുകയാണ്. മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചാനൽ ഇപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

ചാനലിലെ ജീവനക്കാരിൽ പലരും മറ്റൊരു വഴിയും കാണാതെ നിസ്സഹായാവസ്ഥയിലാണ്. ചാനൽ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അടഞ്ഞമട്ടാണിപ്പോൾ. തങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും വെളുക്കെ ചിരിച്ചുകൊണ്ടു പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മന്ത്രി മുനീറിനോട് ഇന്ത്യാവിഷൻ ജീവനക്കാർക്കു പറയാനുള്ളത് എന്താണ്? നിസ്സഹായരായ ജീവനക്കാർ തങ്ങളുടെ ദുരിതം വിവരിച്ചു മുനീറിനെഴുതിയ തുറന്ന കത്തു വായിക്കാം...

''കേരള രാഷ്ട്രീയത്തിൽതന്നെ വിസ്‌ഫോടനം സൃഷ്ടിക്കുകയും മലയാളിയെ വാർത്ത കാണാൻ പഠിപ്പിക്കുകയും ചെയ്ത ഇന്ത്യാവിഷൻ ചാനലിലെ അവസാനത്തെ തലമുറകളെന്ന് വേണമെങ്കിൽ ഞങ്ങളെ വിശേഷിപ്പിക്കാം. കേരളത്തിൽ ഇന്ന് വിവിധ ദൃശ്യമാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്ന പ്രമുഖരായ ജേർണലിസ്റ്റുകളെയും നോൺ ജേർണലിസ്റ്റുകളെയും വാർത്തെടുത്ത സ്‌കൂളായിരുന്നല്ലൊ ഇപ്പോൾ നിശ്ചലാവസ്ഥയിലായിക്കിടക്കുന്ന ഇന്ത്യാവിഷൻ. ഒരാൾ മരിക്കാൻ നേരത്ത് ഒരു തുള്ളി വെള്ളം ചോദിക്കുമ്പോൾ നാം എന്താണ് ചെയ്യാറ്. അതുകൊടുക്കാത്തവനെ നാം എന്തു വിളിക്കും. ഒരാൾ ചോരയൊലിച്ച് നടുറോഡിൽ കിടക്കുമ്പോൾ നാം എന്തു ചെയ്യും. അയാളെ കോരിയെടുത്ത് ആശുപത്രിയിലെത്തിക്കാറില്ലെ? കാരണം അയാളെ ആശ്രയിച്ച് കഴിയുന്ന നിരവധി പേരുണ്ടാകുമല്ലൊ? ഇവിടെ മരണത്തെ മുഖാമുഖം കണ്ട് ഇന്ത്യാവിഷൻ ജീവിക്കാൻ പോരാടിയപ്പോൾ അതിന്റെ പെട്ടിക്ക് അവസാനത്തെ ആണിയുമടിച്ച് നിങ്ങൾ കാലപുരിയിലേക്കയച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർത്തെഴുന്നേൽക്കാനുള്ള ആ ചാനലിന്റെ ശ്രമങ്ങളെ വീണ്ടും വീണ്ടും നിങ്ങൾ ചവിട്ടി കുഴിയിലേക്ക് തന്നെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നു. മന്ത്രിസഭാ യോഗങ്ങളിലും പൊതു ചടങ്ങുകളിലും സുസ്‌മേരവദനയായി താങ്കൾ ഇരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ ഞങ്ങൾക്ക് നെഞ്ചകം തകരുകയായിരുന്നു. ഞങ്ങളുടെ ആത്മാവായി കണ്ട സ്ഥാപനത്തെ നിർദാക്ഷിണ്യം കൊന്നിട്ട് നിങ്ങൾ ചിരിക്കുന്നു. ഇന്ത്യാവിഷന്റെ പിതാവ് നിങ്ങൾ തന്നെയാണ്, സംശയമില്ല. പിതാവ് മകനെ(മകളെ) കൊല്ലുമ്പോൾ കാലനെന്ന് വിളിക്കുന്നതിൽ അതിശയോക്തിക്ക് വകയുണ്ടോ സർ?

ഞങ്ങൾക്ക് അധികാരമില്ല സർ. പക്ഷേ, ജനാധിപത്യം ചൈതന്യവത്ക്കരിക്കപ്പെടുന്നത് ഞങ്ങളുടെ കയ്യിൽ മഷി പുരളുമ്പോഴാണെന്ന് താങ്കളെപ്പോലൊരാൾക്ക് പറഞ്ഞുതരാനുള്ള പ്രാപ്തിയും സാമൂഹ്യബോധവുമൊന്നും ഞങ്ങൾക്ക് തുലോം കുറവാണ്താനും. 2015 ഫെബ്രുവരി ഒമ്പതിന് ഇന്ത്യാവിഷൻ നിലച്ചപ്പോൾ നിരവധി ജീവിതങ്ങളാണ് കുടയില്ലാതെ മഴയത്തായ കുട്ടിയെപ്പോലെ ദുരിതത്തിലായത്. താങ്കളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും ചാനൽ റസിഡന്റ് ഡയറക്ടറുമായ ജമാലുദ്ധീൻ ഫാറൂഖിയുടെ വിലയില്ലാത്ത വാക്കുകൾ കേട്ട് മടുത്തപ്പോൾ പലരും മറ്റ് സ്ഥാപനങ്ങളിൽ തുച്ഛമായ വേതനത്തിന് പോലും ജോലി ചെയ്യാൻ നിർബന്ധിതരായി. ചാനൽ തിരിച്ചുവരുമെന്ന് ഇടയ്ക്കിടെ നിങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നതിനാൽ അത് വിശ്വസിച്ച് നോൺ ജേർണലിസ്റ്റുകളിൽ പ്രബലവിഭാഗം ഇപ്പോഴും തൊഴിൽ രഹിതരായി കഴിയുന്നുണ്ട്. ജോലിയുണ്ടായിരുന്ന കാലത്ത് ഉറപ്പിച്ച പലരുടെയും വിവാഹങ്ങൾ മുടങ്ങി. വായ്പയിനത്തിൽ എടുത്ത വീടിന്റെയും മറ്റും തിരിച്ചടവ് തെറ്റി പലരും ജപ്തിഭീഷണിയിലാണ്. കുടുംബബന്ധം തകർന്നവരുമുണ്ട്. പണം വായ്പക്ക് തന്നവരുടെയുൾപ്പെടെ അസഭ്യവും മർദ്ധനവുമേറ്റവർ നിരവധി. ഫീസടക്കാതെ ഞങ്ങളുടെ കുട്ടികളെ സ്‌കൂളിൽ നിന്നും കോളജുകളിൽ നിന്നുമൊക്കെയായി ഇറക്കിവിട്ടിരിക്കുന്നു. ചിലരുടെ കുട്ടികൾ ലഭ്യമായ സാധാരണ സർക്കാർ സ്‌കൂളുകളിലുൾപ്പെടെ പഠിക്കുന്നു.

ഉന്നത വിദ്യാഭ്യാസവും സാങ്കേതികമായ പരിജ്ഞാനവുമൊക്കെയുള്ളവർ മറ്റ് ജോലികൾ ലഭിക്കാതെ വന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നത് താങ്കൾക്ക് കാണണമെങ്കിൽ കൊച്ചിയിലേക്ക് വരിക. ഇന്ത്യാവിഷനിൽ നിന്ന് പുറത്തായി പുറംതള്ളപ്പെട്ട പലരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് താങ്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും സർ. കഴിഞ്ഞ ഒക്ടോബർ മുതൽ ചാനൽ പൂട്ടുന്നത് വരെയുള്ള ശമ്പള കുടിശ്ശികയിനത്തിൽ കിട്ടാനുള്ള തുകയെങ്കിലും തരാമായിരുന്നു നിങ്ങൾക്ക്. രണ്ട് കോടിയുടെ താഴെയുണ്ടെങ്കിൽ ഇത് തന്ന് തീർക്കാമായിരുന്നു. കൂടാതെ ഓരോ ജില്ലകളിലെയും ഓഫീസ് കെട്ടിടങ്ങളുടെ വാടക, ഇവിടങ്ങളിൽ ടാക്‌സി ഓടിയതിന്റെ തുക, പത്രവും വെള്ളവും ഓഫീസുകളിലേക്ക് വാങ്ങിയതിന്റെ തുക ഇതൊക്കെ കൊടുക്കേണ്ട ഉത്തരവാദിത്വം ഞങ്ങളുടേതാണോ? ഇത്തരം ബാധ്യതകൾ കാരണം അതത് ഓഫീസുകളിലെ ജീവനക്കാർ എത്ര തവണ ആൾക്കൂട്ടത്തിന് മുന്നിൽ അപമാനിതനായെന്ന് താങ്കൾക്ക് അറിയുമോ? ഇടുക്കിയും വയനാടുമൊക്കെപ്പോലുള്ള പിന്നോക്ക ജില്ലകളിൽ കൊടുംതണുപ്പിൽ സൈക്കിൾ ചവിട്ടി നമ്മുടെ ഓഫീസിൽ പത്രം കൊണ്ടിട്ട പാവം പത്രവിതരണക്കാരെപ്പോലും കബളിപ്പിച്ച നിങ്ങൾക്ക് ഒരുമന്ത്രിയായിരിക്കാൻ എന്തു യോഗ്യതയാണുള്ളത്? ഒരു പഞ്ചായത്തംഗംപോലും ആകാൻ യോഗ്യതയില്ലാത്ത ഒരു തട്ടിപ്പുകാരനെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത്രത്തോളം മണ്ടന്മാരാണോ കേരളത്തിലെ ജനങ്ങൾ? അല്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. ചാനൽ പൂട്ടിയ ഒരു വർഷത്തെ കാലയളവിൽ പരസ്യയിനത്തിൽ കിട്ടാനുള്ള രണ്ടരകോടി രൂപ റസിഡന്റ് ഡയറക്ടറും മാർക്കറ്റിങ് വിഭാഗവും ചേർന്ന് പിരിച്ചെടുത്തതായി ഞങ്ങൾ അറിഞ്ഞു.

ഇതിൽ നിന്ന് എന്തുവിഹിതമാണ് ഞങ്ങൾക്ക് കിട്ടിയത്. ഞങ്ങളുടെ വേതനത്തിൽ നിന്ന് പിടിച്ച പിഎഫ് ഗഡുപോലും നിങ്ങൾ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ കവർന്നെടുത്തില്ലെ? ഇതിനിടെ ചാനൽ ഏറ്റെടുക്കാൻ എത്രപേർ രംഗത്ത് വന്നു. ചാനലിൽ നിക്ഷേപമിറക്കി മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധത അറിയിച്ചെത്തിയ പലരെയും താങ്കൾ അപമാനിച്ചയച്ചില്ലെ? എക്‌സിക്യൂട്ടിവ് എഡിറ്റർ ബി. ദിലീപ് കുമാർ മുതൽ ചാനലിലെ ഏറ്റവും ജൂനിയറായ പ്രദീപ് നാരായണൻ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഇൻവെസ്റ്റേഴ്‌സിന് പണമിറക്കാൻ താൽപര്യമുണ്ടായപ്പോഴും പണം വാങ്ങിച്ചെടുത്ത് അധികാരം വിട്ടൊഴിയാതെ നിങ്ങൾ തനി രാഷ്ട്രീയക്കാരന്റെ കുടില ബുദ്ധി കാണിച്ചത് ഞങ്ങൾക്ക് മറക്കാനാവില്ല. ശമ്പളത്തിനായി നിങ്ങളുടെ വീട്ടുപടിക്കൽ ഉൾപ്പെടെ ഞങ്ങൾ കുത്തിയിരുന്നപ്പോൾ നിങ്ങൾക്ക് അപമാനമായെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചില്ലെ താങ്കൾ. അപ്പോൾ ഞങ്ങൾ അഭിമാനമില്ലാത്തവരാണോ സർ? ആകാശത്തിന് കീഴിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും അനീതിയോട് സന്ധിയില്ലാസമരം നടത്തുകയും ചെയ്യുന്ന ഞങ്ങളെ പ്രതികരണശേഷി നഷ്ടപ്പെട്ടൊരു ഷണ്ഡന്മാരാക്കാൻ താങ്കൾ കിണഞ്ഞുശ്രമിച്ചതിന്റെ അനന്തരഫലമാണല്ലൊ ഞങ്ങളുടെ ശമ്പളംപോലും നിഷേധിക്കപ്പെടാൻ കാരണം. ഇനിയും ഞങ്ങൾ മിണ്ടാതിരിക്കണോ? അതോ നിയമത്തിന്റെ വഴിക്ക് പോകണോ?

തിരുവനന്തപുരത്തെ താജിലും കോഴിക്കോട്ടെ സാഗറിലും പാരഗണിലുമൊക്കെ കയറി സുഭിക്ഷം ഭക്ഷണം കഴിച്ച് നിങ്ങളും കുടുംബവും ചിരിച്ചോണ്ട് ഇറങ്ങിവരുമ്പോൾ കരയുന്ന കുട്ടികൾക്ക് കഞ്ഞിനൽകാൻപോലും ഞങ്ങളിൽ പലർക്കും കഴിഞ്ഞില്ല സർ. ഇന്ത്യാവിഷനിൽ ജോലിക്ക് ചേർന്നതാണ് ഞങ്ങൾ ചെയ്ത തെറ്റെങ്കിൽ ഇങ്ങനെയൊരു ക്രൂരത വേണോ? ഇനിയുള്ളൊരു തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ട മാദ്ധ്യമബാലപാഠം ഞങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ചാവണമെന്നുള്ള താങ്കളുടെ നിർബന്ധബുദ്ധിയാണിതെന്നേ തോന്നുകയുള്ളു. ചാനൽ പൂട്ടിയപ്പോൾതന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാനിരുന്ന ഞങ്ങളെ നിർബന്ധിച്ച് ഒരുവർഷക്കാലം നിർത്തിയിട്ട് എന്തു ലാഭമുണ്ടായി സർ നിങ്ങൾക്ക്? കരിയർ ബ്രേക്കായതിനൊപ്പം എടുത്താൽപൊങ്ങാത്ത കടബാധ്യതയും നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അപമാനിതനുമായിരിക്കുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിഞ്ഞത് ഇത് മാത്രമാണ്. താങ്കൾ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചല്ലൊ. തരാനുള്ള പണമെങ്കിലും തന്നിട്ട് വോട്ടർമാരെ സമീപിക്കുകയല്ലെ ഞങ്ങളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം?

നിങ്ങൾക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു സർ, ഞങ്ങൾ ഉള്ളിൽ കരയുമ്പോൾ? സ്ഥാപനം തുറക്കുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന കുറെ പേരുണ്ട്. അവരെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും കൊടുക്കാനുള്ള പണം നൽകി റിലീവിങ് ലെറ്റർ നൽകി പറഞ്ഞുവിടാനുള്ള മഹാമനസ്‌കതയെങ്കിലും അങ്ങേയ്ക്കുണ്ടാകണം. മലയാളികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത സി.എച്ചിന്റെ പേര് എന്തിനാണ് സർ നിങ്ങൾ ഇങ്ങനെ കളങ്കപ്പെടുത്തുന്നത്? നിങ്ങളൊരു സത്യസന്ധനായ വ്യക്തിയാണെന്ന് പൊതുസമൂഹത്തിനൊരു ധാരണയുണ്ട്. ഇന്ത്യാവിഷനെ നിങ്ങൾ കൊന്നതോടെ അത് തെറ്റിദ്ധാരണയായിരുന്നെന്ന് കേരള സമൂഹം മനസ്സിലാക്കിയിരിക്കുന്നു. 3800ഓളം പേരുടെ നിക്ഷേപം സ്വീകരിച്ച് 2013ൽ തുടങ്ങിയ ഇന്ത്യാവിഷൻ ചാനൽ എല്ലാകാലവും നഷ്ടത്തിലായിരുന്നു. അതിൽ അഴിമതി നടന്നെന്നും പണംവെട്ടിച്ചെന്നുമൊന്നും ഞങ്ങൾ പറയുന്നില്ല. അതിന് തക്ക തെളിവുകളും ഞങ്ങളുടെയൊന്നും പക്കലില്ല. എന്നാലും കാര്യബോധമില്ലാത്തവരല്ല ഞങ്ങളൊന്നും. ഒരുപാട് പ്രതിഭകളുടെ വിയർപ്പുകൊണ്ടാണ് സർ ഇന്ത്യാവിഷൻ എന്ന മാദ്ധ്യമസ്ഥാപനം കേരളസമൂഹത്തിൽ സ്വീകാര്യമായത്. അല്ലാതെ എം കെ മുനീർ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷത കൊണ്ടായിരുന്നില്ല. ഭൂതകാലത്തെ വിസ്മരിച്ചുകൊണ്ട് താങ്കൾക്ക് എത്രകാലം സുസ്‌മേരവദനനായി നടക്കാനാകും?താങ്കളുടെ മന:സാക്ഷിയെ എത്രകാലം കബളിപ്പിക്കാനും? താങ്കളൊരു നല്ല മന്ത്രിയായിരിക്കാം, പക്ഷേ ഹൃദയമുള്ളൊരു മനുഷ്യനിലേക്ക് ഒരുപാട് ദൂരമുണ്ട് സർ.

എന്ന് ബഹുമാനപൂർവം

ഇന്ത്യാവിഷനിൽ നിന്ന് വഴിയാധാരമായവർ.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP