Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ അങ്ങോളമിങ്ങോളം ബൈപ്പാസുകൾ നിർമ്മിച്ചത് ആയിരക്കണക്കിന് ഹെക്ടർ വയലുകൾ നികത്തി; കണ്ണൂർ ജില്ലയിലും ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമാക്കി വയൽ നികത്തി; അവർക്കൊന്നും ഇല്ലാത്ത പ്രശ്‌നം കീഴാറ്റൂരിൽ എന്തെന്ന് നികത്തൽ പട്ടിക നിരത്തി ജെയിംസ് മാത്യു എംഎൽഎയുടെ ചോദ്യം; കീഴാറ്റൂർ സമരം പരാജയപ്പെട്ടാൽ കേരളത്തിലെ തണ്ണീർത്തടങ്ങളും വയലും ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് കീഴാറ്റൂർ; അതിവേഗം അപ്രത്യക്ഷമാകുന്ന പാടങ്ങളുടെ കണക്കു കേട്ട് ഞെട്ടി മലയാളികൾ

കേരളത്തിൽ അങ്ങോളമിങ്ങോളം ബൈപ്പാസുകൾ നിർമ്മിച്ചത് ആയിരക്കണക്കിന് ഹെക്ടർ വയലുകൾ നികത്തി; കണ്ണൂർ ജില്ലയിലും ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമാക്കി വയൽ നികത്തി; അവർക്കൊന്നും ഇല്ലാത്ത പ്രശ്‌നം കീഴാറ്റൂരിൽ എന്തെന്ന് നികത്തൽ പട്ടിക നിരത്തി ജെയിംസ് മാത്യു എംഎൽഎയുടെ ചോദ്യം; കീഴാറ്റൂർ സമരം പരാജയപ്പെട്ടാൽ കേരളത്തിലെ തണ്ണീർത്തടങ്ങളും വയലും ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് കീഴാറ്റൂർ; അതിവേഗം അപ്രത്യക്ഷമാകുന്ന പാടങ്ങളുടെ കണക്കു കേട്ട് ഞെട്ടി മലയാളികൾ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ എങ്ങോട്ടു തിരിഞ്ഞാലും പാടങ്ങളും വയലുകളുമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, വികസനത്തിന്റെ പേരു പറഞ്ഞ് എല്ലായിടത്തും വയൽനികത്തൽ വ്യാപകമായി നടന്നു. ഇതോടെ തണ്ണീർത്തടം സംരക്ഷിക്കാൻ സമരം ചെയ്യുന്നവർ വികസന വിരോധികളായി മാറുകയും ചെയ്തു. എന്തായാലും കീഴാറ്റൂരിലെ കർഷകരുടെ ചെറുത്തുനിൽപ്പ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട്. ഈ വിഷയത്തെ അധികരിച്ച് ഇന്നലെ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിലെ നികത്തപ്പെട്ട വയലുകളുടെ കണക്കുകൾ കേട്ട് മലയാളികൾ ശരിക്കും ഞെട്ടി.

കേരളത്തിൽ അങ്ങോളമിങ്ങോളം ദേശീയപാതാ ബൈപ്പാസുകൾ നിർമ്മിക്കാൻ വേണ്ടി വ്യാപകമായി വയൽ നികത്തപ്പെട്ടു എന്നാണ് ജെയിംസ് മാത്യു വ്യക്തമാക്കിയത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് ഹെക്ടർ വയലുകളും തണ്ണീർത്തടങ്ങളുമാണ് ദേശീയ പാതാ വികസനത്തിന് വേണ്ടി നികത്തപ്പെട്ട വിവരമാണ് തളിപ്പറമ്പ് എംഎൽഎ വ്യക്തമാക്കിയത്. വേങ്ങള മുതൽ രാമനാട്ടുകര വരെ കോഴിക്കോടുള്ള ബൈപ്പാസ് നിർമ്മിച്ചത് തണ്ണീർത്തടങ്ങളും വയലും മണ്ണിട്ട് നികത്തിയാണെന്നാണ് അദ്ദേഹം പ്രധാനമായി ചൂണ്ടിക്കാട്ടിയ കാര്യം. നിലവിൽ രണ്ടു വരി പാതയാണ് ഇതെങ്കിലും ഇപ്പോൾ നാലുവരി പാതയാക്കാൻ പോകുന്നു. അപ്പോൾ വീണ്ടും നികത്തൽ വേണ്ടിവരും. അത് അനിവാര്യമായി കാര്യം തന്നെയാണ്. വികസന പ്രവർത്തിക്ക് തുരങ്കം വെക്കാൻ സാധിക്കില്ല.

കീഴാറ്റൂർ സമരക്കാരുടെ പ്രശ്‌നം ഉയർത്തിയ വി ഡി സതീശൻ എംഎൽഎ ശ്രദ്ധിക്കേണ്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊടുങ്ങല്ലൂരിൽ ബൈപ്പാസ് നിർമ്മാണത്തിന് വേണ്ടി വ്യാപകമായാണ് തണ്ണീർത്തടങ്ങൾ നികത്തപ്പെട്ടത്. 68 കുളങ്ങൾ നികത്തിയാണ് ബൈപ്പാസ് നിർമ്മിച്ചതെന്ന കാര്യമാണ് എംഎൽഎ ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട കാര്യം. എന്താനാണ് സതീശൻ കുളങ്ങൾ നിർത്താൻ അനുമതി നൽകിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

അവിടം തീർന്നില്ല ബൈപ്പാസിനായുള്ള വയൽനികത്തലിന്റെ കണക്കുകൾ. കൊല്ലം ബൈപാസ് നിർമ്മാണത്തിനായും തണ്ണീർത്തടം നികത്തിയിട്ടുണ്ട്. കഴക്കൂട്ടം- കാരോട് ബൈപാസും ആക്കുളം തണ്ണീർത്തടങ്ങളും വയലും മണ്ണിട്ട് നികത്തിയാണ് പാത നിർമ്മിച്ചത്. ആലപ്പുഴയിലും മറ്റ് മിക്ക ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് ജെയിംസ് മാത്യു ചൂണ്ടിക്കാട്ടി. അവിടെയൊന്നും പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കീഴാറ്റൂരിൽ മാത്രം വയൽനികത്തൽ ഒരു പ്രശ്‌നമായി മാറുന്നതെന്നാണ് എംഎൽഎ ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം. റോഡപകടങ്ങൾ കുറയാൻ വേണ്ടി ബൈപ്പാസ് അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു.

കണ്ണൂർ ജില്ലയിൽ മാത്രം ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമായി വയൽ നികത്തൽ നടക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കുന്നു. നാല് ബൈപ്പാസ് ഇവിടെ നിർമ്മാണത്തിലാണ്. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി തുടങ്ങിയവായാണ്. ഇതിൽ പലരും സ്ഥലമെടുപ്പ് അടക്കം കാലങ്ങളായി മുടങ്ങിക്കിടക്കുന്ന അവസ്ഥയിലായിുന്നു. ഈ ബൈപ്പാസ് ഭൂമിയിൽ 88 ഹെക്ടറിലേറെ സ്ഥലം തണ്ണീർത്തടമോ വയലുകളോ ആണ്. അവിടെ എങ്ങുമില്ലാത്ത പ്രതിഷേധമാണ് അഞ്ച് ഹെക്ടർ ഉൾപ്പെടുന്ന കീഴാറ്റൂരിൽ ഉള്ളതെന്നും എംഎൽഎ വ്യക്തമാക്കുന്നു. എല്ലായിടത്തും തണ്ണീർത്തടം നികത്തുന്നുണ്ട് പിന്നെ കീഴാറ്റൂരിൽ മാത്രമെന്താണ് പ്രശ്‌നമെന്ന ചോദ്യമാണ് ജെയിംസ് മാത്യു പ്രധാനമായു ഉന്നയിച്ചത്.

കീഴാറ്റൂരിന്റെ കാര്യത്തിൽ മറ്റ് അലൈൻെമെന്റുകൾ സ്വീകാര്യമല്ലെന്നും ജെയിംസ് മാത്യു വ്യക്തമാക്കുന്നു. സിപിഎമ്മുകാർ അടക്കമുള്ളവരുടെ വീടുകൾ പോകുന്ന അവസ്ഥയിലാണ് തണ്ണീർത്തടം നികത്തിയുള്ള അലൈന്മെന്റിന് സ്വീകാര്യത ലഭിച്ചത്. ദേശീയ പാതാ അതോരിറ്റി തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. ബൈപ്പാസ് നിർമ്മാണത്തിനെതിരെ മുമ്പും സിപിഎമ്മുമാർ സമരം ചെയ്തിരുന്നു. ഇതിൽ ഭൂരിപക്ഷം പേരെയും സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചു. കീഴാറ്റൂരിൽ അറുപതിൽ അമ്പത്തിയാറു പേരും സ്ഥലം വിട്ടു നൽകാൻ സമ്മതം നൽകി. നാല് പേർ മാത്രമാണ് സമരം ചെയ്തതെന്നും അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ ഡിസംബർ 31നകം സ്ഥലം ഏറ്റെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതിന് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങിയതെന്നും ജെയിംസ് മാത്യു വിമർശിച്ചു.

അതേസമയം ചർച്ചയിൽ പങ്കെടുത്ത വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന് പറയാനുള്ളത് മറ്റൊരു കാര്യമായിരുന്നു. ഇത്രയും വേഗതയിൽ കേരളത്തിൽ വയൽ നികത്തൽ നടക്കുന്നുണ്ടെങ്കിൽ കീഴാറ്റൂർ സമരം വിജയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇടതു മുന്നണി സർക്കാർ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുമെന്ന് വാക്കു നൽകിയതു കൊണ്ടാണ് താനടക്കമുള്ള ഇടതുപ്രവർത്തകർ പാർട്ടിക്ക് വോട്ടു ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിംസ് മാത്യുവിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതുതന്നെയായിരുന്നു. വയലിന് നടുവിലൂടെ റോഡ് കടന്നുപോയാൽ വയൽ നശിക്കുമെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

കേരളത്തിൽ അങ്ങോളമിങ്ങോളം വയൽ നികത്തൽ മൂലം കൃഷി നശിച്ചിട്ടുണ്ട്. വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ എങ്ങനെ കൃഷി ചെയ്യും? കടൽ നിരപ്പാണ് ഭൂമിയെന്നതിൽ കൃഷി ചെയ്യാൻ സാധ്യമല്ല, കീഴാറ്റൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടാണ് ആധിരമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത ജോസഫ് സി മാത്യുവും പരിസ്ഥിതി സൗഹൃദമായ വികസനായിരിക്കണം ഒരു ഇടതു സർക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിൽ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ കാര്യമായി ചർച്ച ആവശ്യമാണെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തപ്പെടുന്നത് കേരളത്തിന്റെ ഭാവിയെയും പരിസ്ഥിതിയെയും കാര്യമായി ബാധിക്കുമെന്നത് ഉറപ്പാണ്. പൊതുവേ പരിസ്ഥിതി സൗഹൃദ വികസനം നടത്തുമെന്ന് പറയുന്ന സിപിഎമ്മിന്റെ നിലപാട് തന്നെ തണ്ണീർത്തടം നികത്തുന്നതിനെ അനുകൂലിക്കുന്നതാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് പൊതുവാദം. അതിനിടെ വയലുകളും കുന്നുകളും നിരത്തപ്പെട്ടാൽ കേരളം മരുപ്പറമ്പാകുമെന്ന് പറഞ്ഞ് കീഴാറ്റൂർ സമരത്തെ വി എസ് അച്യുതാനന്ദൻ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ജലസ്രോതസുകൾ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓർമിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.

കീഴാറ്റൂർ വിഷയത്തിൽ കേന്ദ്രസർക്കാറും ഇടപെടുന്നതിന്റെ സൂചനകളു ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. വസ്തുതകൾ പഠിച്ച ശേഷം ഗൗരവപൂർവം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിനാണ് അദ്ദേഹം ഉറപ്പ് നൽകിയത്. 25 ഏക്കർ പാടം നികത്തുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മണ്ണ് മാഫിയക്കും, വൻകിട കരാറുകാർക്കും സിപിഎം കൂട്ടുനിൽക്കുകയാണെന്നും കുമ്മനവും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP