Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രോസിക്യൂഷൻ ഭയന്ന് മുനീർ; ജീവനക്കാരെ ചാക്കിട്ട്പിടിച്ച് തലയൂരാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ശ്രമം; അഞ്ചുമാസമായി ശമ്പളമില്ലാതെ ഇന്ത്യാവിഷൻ ജീവനക്കാരുടെ ജീവിത ദുരിതം തുടരുന്നു

പ്രോസിക്യൂഷൻ ഭയന്ന് മുനീർ; ജീവനക്കാരെ ചാക്കിട്ട്പിടിച്ച് തലയൂരാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ശ്രമം; അഞ്ചുമാസമായി ശമ്പളമില്ലാതെ ഇന്ത്യാവിഷൻ ജീവനക്കാരുടെ ജീവിത ദുരിതം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യാവിഷൻ ചാനലിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജീവനക്കാർക്ക് ശമ്പള കുടിശിഖ നൽകണമെന്ന ലേബർ കമ്മീഷണറുടെ അന്ത്യശാസനവും മാനേജ്‌മെന്റ് നടപ്പാക്കിയില്ല. ഇതോടെ മന്ത്രി എം കെ മുനീർ അടക്കമുള്ള ലേബർ വകുപ്പിന്റെ പ്രോസിക്യൂഷൻ നടപടികളുടെ നിഴലിലാണ്. അതിനിടെ ജീവനക്കാരെ സ്വാധീനിച്ച് നിയമനടപടികൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ മന്ത്രി എം.കെ മുനീറും തുടങ്ങിക്കഴിഞ്ഞു. മാർച്ച് പത്തിനകം ശമ്പള കുടിശിഖ നൽകാമെന്ന് പറഞ്ഞാണ് പ്രോസിക്യൂഷൻ നടപടികൾ വൈകിപ്പിക്കാൻ മന്ത്രി ശ്രമിക്കുന്നത്. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രോസിക്യൂഷൻ തുടങ്ങിയാൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന ഭയം മുനീറിനുണ്ട്.

ശമ്പള കുടിശിഖ മുഴുവൻ ഫെബ്രുവരി 26ന് മുമ്പ് നൽകാമെന്നായിരുന്നു ഇന്ത്യാവിഷൻ മാനേജ്‌മെന്റെ ജീവനക്കാർക്ക് നൽകിയ ഉറപ്പ്. എന്നാൽ ചില്ലകാശു പോലും നൽകിയില്ല. ഇതോടെ ജീവനക്കാർ ലേബർ കമ്മീഷണറെ സമീപിച്ചു. പ്രോസിക്യൂഷൻ നടപടി ഭയന്ന് 12000 രൂപയിൽ താഴെ ശമ്പളമുള്ളവർക്ക് നവംബർ മാസത്തെ ശമ്പളം കമ്പനി നൽകി. ബാക്കിയുള്ളവർക്ക് മാർച്ച് 10ന് മുമ്പ് നവംബർ മാസത്തെ ശമ്പളം നൽകാമെന്ന് കമ്മീഷണർക്ക് ഇമെയിലും അയച്ചു. എന്നാൽ മുഴുൻ ശമ്പള കുടിശിഖയും ഫെബ്രുവരി 26ന് നൽകാമെന്നായിരുന്നു മാനേജ്‌മെന്റ് നൽകി ഉറപ്പ്. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ പ്രോസിക്യൂഷൻ തുടങ്ങണമെന്ന വാദമാണ് ജീവനക്കാർക്ക് ഇടയിലുള്ളത്.

അതിനിടെ പത്രപ്രവർത്തക യൂണിയനെ സ്വാധീനിച്ച് പ്രോസിക്യൂഷൻ ഒഴിവാക്കാൻ മുനീർ നീക്കവും സജീവമാക്കി. ജീവനക്കാർ ഉറച്ചു നിന്നാൽ പ്രോസിക്യൂഷൻ ഒഴിവാക്കാനാകില്ലെന്ന് മുനീറിനെ ലേബർ വകുപ്പും അറിയിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ സമൂഹിക നീതി വകുപ്പിൽ നിന്ന് മുനീറിനെ മാറ്റണമെന്ന ആവശ്യം മുസ്ലിം ലീഗിൽ സജീവമാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രശ്‌നം ഒതുക്കിത്തീർക്കാൻ മുനീർ നേരിട്ട് രംഗത്ത് വരുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനം കൂടി മുന്നിൽ കണ്ടാണ് ഇത്. എന്നാൽ ജീവനക്കാർ വഴങ്ങിയിട്ടില്ല.

ഇന്ത്യാവിഷനിൽ പ്രശ്‌നങ്ങൾ തുടങ്ങുമ്പോൾ മുതൽ മുനീറിനെയാണ് പ്രതീക്ഷയോടെ ജീവനക്കാർ സമീപിച്ചിരുന്നത്. എന്നാൽ ഒരു ഘട്ടത്തിലും ചർച്ചകൾക്ക് പോലും തയ്യാറായില്ല. ചാനലിന്റെ ചെയർമാൻ താനല്ലെന്നും വെറുമൊരു ഡയറക്ടർമാത്രമാണ് താനെന്നുമായിരുന്നു നിലപാട്. എന്നാൽ പ്രോസിക്യൂഷൻ അടുക്കുമ്പോൾ ഇത് മാറുന്നു. എല്ലാ പ്രശ്‌നവും മാർച്ച് പത്തിന് മുമ്പ് തീർക്കാമെന്ന് മുനീർ പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് ജീവനക്കാരുടെ പക്ഷം. ഇന്ത്യാവിഷനിലെ പത്രപ്രവർത്തക യൂണിയൻ നേതാക്കളായ ജീവനക്കാരെ മുനീർ നേരിട്ട് ഫോൺ ചെയ്ത് സഹായം അഭ്യർത്ഥിച്ചതായാണ് സൂചന.

പ്രോസിക്യൂഷൻ നടപടി തുടങ്ങിയാൽ മുനീറിനെ കൂടാതെ ചാനലിന്റെ റെസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖി, ഡയറക്ടർമാരായ റോയ് മുത്തൂറ്റ്, ഗോകുലം ഗോപാലൻ, ഡോ. ലളിത, അറ്റ്‌ലസ് രാമചന്ദ്രൻ തുടങ്ങിയവർക്കെതിരെയും നിയമനടപടി ഉണ്ടാകും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യാവിഷൻ കടന്നുപോകുന്നത്. നിരന്തരമായി ശമ്പളം മുടങ്ങിയതോടെ എം പി ബഷീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ രാജിവച്ച് പുറത്തുപോകുകയും ഉണ്ടായി. ചാനലിന്റെ ആർ.ഡി ജമാലുദ്ദീൻ ഫാറൂഖിയുടെ നിലപാടായിരുന്നു ബഷീർ അടക്കമുള്ളവരുടെ രാജിയിൽ കലാശിച്ചത്.

പിന്നീടങ്ങോട്ട് ശമ്പളം ലഭിക്കാതെ വന്നപ്പോൾ ജീവനക്കാർ ആഴ്‌ച്ചകളോളം വാർത്ത മുടങ്ങി പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളം വിവിധ ഗഡുക്കളായി നൽകാൻ ചാനൽ മേധാവികൾ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായതോടെയാണ് വാർത്താസംപ്രേഷണം പുനരാരംഭിച്ചത്. എന്നാൽ ഈ വാഗ്ദാനവും മാനേജ്‌മെന്റ് പാലിക്കാതെ വന്നതോടെയാണ് ഇന്ത്യാവിഷൻ ജീവനക്കാർ വീണ്ടും പരാതിയുമായി ലേബർ കമ്മീഷൻ മുമ്പാകെ എത്തിയത്.

തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ധാരണ പ്രകാരം ഫെബ്രുവരിയിൽ ഡിസംബർ മാസത്തേയും മാർച്ചിൽ ജനുവരിയിലെ ശമ്പളവും നൽകുമെന്നായിരുന്നു പറഞ്ഞത്. ഈ വാഗ്ദാനമാണ് മാനേജ്‌മെന്റ് പാലിക്കാതിരുന്നത്. അതിനിടെ എസിവി അടക്കമുള്ള കേബിൾ ശൃംഖലകൾ ചാനലിനെ കേബിളിൽ നിന്നും ഒഴിവാക്കിയിരിക്കയാണ്. ഇത് ചാനലിന്റെ വരുമാനത്തെ സാരമായി തന്നെ ബാഘധിക്കുന്നുണ്ട്. മിക്ക പരസ്യദാതാക്കളും ഇപ്പോൾ ചാനലിനെ കൈവിട്ട മട്ടാണ്. അതിനിടെ ചാനൽ ഏറ്റെടുക്കാനായി ചില ബിസിനസ് ഗ്രൂപ്പുകളും കാന്തപുരം ഗ്രൂപ്പും ശ്രമിച്ചിരുന്നെങ്കിലും മുനീറിന് താൽപ്പര്യമില്ലാത്തതിനാൽ അത് നടക്കാതെ പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP