Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ജനം ടിവി വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ന്യൂസ് 24; മാധ്യമപ്രവർത്തകരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും വ്യാജന്മാരാണ് പിടിയിലായിരിക്കുന്നതെന്നും റിപ്പോർട്ട് ചെയ്‌തെന്ന് ആരോപണം; കേട്ട പാതി കേൾക്കാത്ത പാതി കുതിര കയറാൻ വരരുതെന്ന് ജനം ടിവി; സത്യത്തെ മൂടിവയ്ക്കാൻ തങ്ങൾ തയ്യാറല്ലെന്നും വിശദീകരണം; ചാനൽ പോര് മുറുകുന്നത് ഇങ്ങനെ

മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ജനം ടിവി വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ന്യൂസ് 24; മാധ്യമപ്രവർത്തകരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും വ്യാജന്മാരാണ് പിടിയിലായിരിക്കുന്നതെന്നും റിപ്പോർട്ട് ചെയ്‌തെന്ന് ആരോപണം; കേട്ട പാതി കേൾക്കാത്ത പാതി കുതിര കയറാൻ വരരുതെന്ന് ജനം ടിവി; സത്യത്തെ മൂടിവയ്ക്കാൻ തങ്ങൾ തയ്യാറല്ലെന്നും വിശദീകരണം; ചാനൽ പോര് മുറുകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ജനം ടിവി വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ന്യൂസ് 24 ചാനൽ രംഗത്തെത്തി. ആരോപണം നിഷേധിച്ച് ജനം ടിവിയും മറുപടിയുമായി എത്തിയതോടെ വിവാദം കൊഴുത്തു. മാധ്യമപ്രവർത്തകരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും വ്യാജ മാധ്യമപ്രവർത്തകരാണ് പിടിയിലായിരിക്കുന്നതെന്നും ജനം ടിവി റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ന്യൂസ് 24 ആരോപിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, കാമറാമാൻ പ്രതീഷ് കപ്പോത്ത്, മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ കാമറ മാൻ അനീഷ്, ന്യൂസ് 24 റിപ്പോർട്ടർ ആനന്ദ് കൊട്ടില, കാമറമാൻ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാൻ സുമേഷ് മൊറാഴ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജനം ടിവി താറടിച്ചുകാട്ടിയെന്നായിരുന്നു ആരോപണം. എന്നാൽ, ജനം ടിവി നൽകുന്ന മറുപടി ഇങ്ങനെ: 'എന്തെങ്കിലും കേട്ടപാതി കേൾക്കാത്ത പാതി കുതിര കയറാൻ വരും മുമ്പ് ഒന്നാലോചിക്കുക. തോളോട് ചേർന്ന് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ മംഗളൂരുവിൽ അറസ്റ്റ് ചെയ്ത വിവരം അറിയുകയും അത് റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം കമ്മീഷണറുടെ വിശദീകരണവും കൊടുക്കുകയും ചെയ്തു. അവിടെ മതിയായ രേഖകളോട് കൂടി റിപ്പോർട്ട് ചെയ്യാനെത്തുന്നവർക്ക് ഒരുപ്രശ്‌നവുമില്ലെന്നാണ് കമ്മീഷണർ അറിയിച്ചത്. എന്നാൽ, വ്യാജ മാധ്യമപ്രവർത്തകരെന്ന് പറഞ്ഞത് മലയാളി സഹപ്രവർത്തകരെ കുറിച്ചല്ല. അങ്ങനെ വ്യാഖ്യാനിച്ചത് മറ്റുള്ളവരാണ്. അത്തരത്തിലൊരു വാർത്തയും ജനം ടിവി നൽകിയിട്ടില്ല. അവിടെ ഒരാശുപത്രിക്ക് സമീപം മാധ്യമപ്രവർത്തകരെന്ന് പറഞ്ഞ്, പിടിയിലായ 50 ലധികം പേർ അതിൽ മലയാളികളുണ്ട്, കന്നഡക്കാരുണ്ട്, അവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതും ഇതുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ കാണാത്ത ഈ വാർത്തകളുടെ മറ്റൊരു വശം കൂടി ഞങ്ങൾ തുറന്നുകാണിക്കും. അതും കൂടിയാണ് മാധ്യമപ്രവർത്തനമെന്ന് ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു, ജനം ടിവി അവതാരകന്റെ വാക്കുകൾ ഇങ്ങനെ'. ഞങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കൊപ്പം നിലയുറപ്പിക്കാനും ഞങ്ങൾ തയ്യാറാണ്. എന്നാൽ, സത്യത്തെ മൂടി വയ്ക്കാൻ തയ്യാറല്ല എന്നും ജനം ടിവി അവതാരകൻ ഉറപ്പിച്ചു പറയുന്നു.

ജനം ടിവി ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ: ' മംഗലാപുരത്ത് മാധ്യമ പ്രവർത്തകർ അറസ്റ്റിലായ സംഭവത്തെ കുറിച്ച് ജനം ടിവി വ്യാജ വാർത്ത നൽകിയെന്ന ട്വന്റി ഫോർ ന്യൂസ്് ചാനൽ, സംപ്രേഷണം ചെയ്ത വാർത്ത ശ്രദ്ധയിൽ പെട്ടു. ജനം ടിവി ഒരിക്കലും സത്യസന്ധമല്ലാത്ത ഒരുവാർത്തയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ നിന്ന് പോയ മാധ്യമപ്രവർത്തകർ അറസ്റ്റിലായ സംഭവത്തെ കുറിച്ചല്ല ജനം ടിവി പറഞ്ഞത്. ജനം ടിവി പറഞ്ഞത് 50 ഓളം വ്യാജ മാധ്യമപ്രവർത്തകർ, അതും തീവ്രഇസ്ലാമിക സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ, അറസ്റ്റ് ചെയ്തതായി ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞ കാര്യമാണ് ജനം ടിവി റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത കർണാടകത്തിലെ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. രണ്ടു സംഭവങ്ങളെയും കൂട്ടിക്കുഴച്ച് ജനം ടിവിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത് 24 ന്യൂസാണ്. 24 ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകർ ഇത്തരം നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നില്ല. ബെംഗളൂരുവിൽ കമ്മീഷണറുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് വാർത്തയുടെ കാര്യത്തിലെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ തയ്യാറാണ്. ശബരിമല സംഭവത്തിലും ഏതാണ്ട് ഇതേപോലെയായിരുന്നു. ജനം ടിവി ഒരിക്കലും സത്യസന്ധമല്ലാത്ത വാർത്ത റിപ്പോർട്ട് ചെയ്യില്ല'.

ഏതായാലും ശബരിമല സംഭവത്തിന് ശേഷവും ജനം ടിവി ഒരു ഭാഗത്തും മറ്റുമാധ്യമങ്ങൾ മറുഭാഗത്തുമായുള്ള ശീതസമരം തുടരുകയാണ്. ശബരിമല യുവതീപ്രവേശന വിവാദം ചൂടു പിടിച്ച് നിന്ന സമയത്ത് ജനം ടിവിയായിരുന്നു ആചാരസംരക്ഷകരുടെ നാവായി പ്രവർത്തിച്ചത്. മറ്റുടിവി ചാനലുകളിൽ നിന്് വ്യത്യസ്ത നിലപാട് സ്വീകരിച്ച ജനംടിവിയുടെ റേറ്റിങ്ങും ആ സമയത്ത് ഉയർന്നിരുന്നു. ഇപ്പോൾ, കേരളത്തിലെ മാധ്യമപ്രവർത്തകരുടെ മംഗളൂരുവിലെ അറസ്റ്റ് വിവാദവും ചാനലുകൾ തമ്മിലെ ഉരസലിന് വഴിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP