Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉയർത്തുന്ന വലിയ ഭീഷണി അതിജീവിക്കും; കോൺഗ്രസിന് വോട്ടുകൊടുക്കുന്ന മണ്ടത്തരത്തിന് കമ്യൂണിസ്റ്റുകാർ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; എൽഡിഎഫും യുഡിഎഫും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്; തലസ്ഥാനത്തിന് വേണ്ടി എന്തുചെയ്തുവെന്ന ചോദ്യത്തിന് മറുപടിയില്ല ഇരുമുന്നണികൾക്കും: മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് കുമ്മനം

സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉയർത്തുന്ന വലിയ ഭീഷണി അതിജീവിക്കും; കോൺഗ്രസിന് വോട്ടുകൊടുക്കുന്ന മണ്ടത്തരത്തിന് കമ്യൂണിസ്റ്റുകാർ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; എൽഡിഎഫും യുഡിഎഫും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്; തലസ്ഥാനത്തിന് വേണ്ടി എന്തുചെയ്തുവെന്ന ചോദ്യത്തിന് മറുപടിയില്ല ഇരുമുന്നണികൾക്കും: മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് കുമ്മനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വളരെയേറെ ശുഭപ്രതീക്ഷയുണ്ടെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എൽ.ഡി.എഫും യുഡിഎഫും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. തലസ്ഥാനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ ഒന്നും പറയാനില്ലാത്ത ദയനീയ സ്ഥിതിയാണ് ഇരു മുന്നണികൾക്കും. മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കുമ്മനം.

ജനകീയ പദ്ധതികൾ നടപ്പിലാക്കി ജനങ്ങളുടെ പിന്തുണ ആർജ്ജിച്ച നരേന്ദ്ര മോദിക്ക് പിന്തുണ നൽകാൻ കഴിയുന്ന ഒരുജനപ്രതിനിധി ഇവിടെ നിന്ന് ഉണ്ടായേ പറ്റൂ എന്ന ഈ നാട്ടിലെ ജനങ്ങളുടെ തീരുമാനമാണ് തന്റെ കരുത്തെന്നും കുമ്മനം പറഞ്ഞു. സിപിഎം- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഒരു വലിയ ഭീഷണി തന്നെയാണ്. അതിനെ അതിജീവിക്കാൻ കഴിയും എന്ന വിശ്വാസം എന്നത് തനിക്ക് ജനങ്ങളിലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പുറമേ വലിയ വിമർശനം നടത്തിയിട്ട് കമ്മ്യൂണിസ്റ്റുകാരോട് കോൺഗ്രസിന് വോട്ടു കൊടുക്കാൻ സിപിഎം നേതൃത്വം പറഞ്ഞാൽ ആ മണ്ടത്തരത്തിന് കമ്മ്യൂണിസ്റ്റുകാർ നിന്നു കൊടുക്കില്ലെന്നാണ് വിശ്വാസം. ഇനി അഥവാ അങ്ങനെ സംഭവിച്ചാലും അതിൽ കൂടുതൽ വോട്ടുകൾ സമാഹരിക്കുവാൻ തനിക്ക് കഴിയും.

ഗവർണറായിരുന്നു എങ്കിലും അതിനോട് അറ്റാച്ച്മെന്റ് ഉണ്ടായിരുന്നില്ല. നേതൃത്വം ആവശ്യപ്പെട്ടത് അനുസരിക്കുക മാത്രമാണ് ചെയ്തത്. അത്രയും ഉന്നത പദവിയിൽ ഇരിക്കുമ്പോഴും കേരളത്തിലെ ജനങ്ങളോട് ചെയ്തു തീർക്കേണ്ട കടമകളെ കുറിച്ചായിരുന്നു ചിന്ത. തീർച്ചയായും തിരിച്ചുവരാൻ പറ്റിയ സന്ദർഭം ഇതാണ് എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് തിരിച്ചെത്തിയതെന്നും കുമ്മനം വ്യകതമാക്കി.

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ജനപ്രതിനിധിയാകുക എന്ന ആഗ്രഹത്തോടെയാണ് തിരിച്ചെത്തിയത്. ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാൻ തനിക്ക് കഴിയാതിരുന്നതിൽ വിഷമമൊന്നും ഉണ്ടായിരുന്നില്ല. അത് ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ പ്രാപ്തമായ നേതൃത്വം കേരളത്തിലുണ്ടായിരുന്നു. തുടർപ്രക്ഷോഭം ഉണ്ടായാൽ സ്വാഭാവികമായും പങ്കാളിയാകും.

ശബരിമല വിഷയത്തിൽ സർക്കാരിന്റേത് തെറ്റായ കണക്കുകൂട്ടലായിരുന്നു എന്ന് കുമ്മനം പറഞ്ഞു. വിശ്വാസവും ആചാരവും അനുഷ്ഠാനവുമെല്ലാം ഈ നാട്ടിലെ ജനങ്ങളുടെ രക്തത്തിലുള്ളതാണ്. പണ്ട് ക്ഷേത്രത്തിനും പള്ളികൾക്കും എതിരായി പ്രവർത്തിച്ച പാരമ്പര്യം കമ്മ്യൂണിസ്റ്റുകൾക്കുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മനസ്സിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റു പാർട്ടി പരാജയപ്പെട്ടു എന്നവർക്ക് ബോധ്യപ്പെട്ടു. കാലാനുസൃതമായി ചിന്തിക്കാൻ ഇന്ന് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കഴിയുന്നില്ല. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കാലഹരണപ്പെട്ടുപോയി എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും കുമ്മനം പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുനപരിശോധനാ ഹർജി തള്ളിയാൽ അടുത്ത നിയമനടപടികളിലേക്ക് പ്രവേശിക്കണം. സുപ്രീംകോടതി എടുക്കുന്ന നടപടി വിലയിരുത്തിക്കൊണ്ട് കേന്ദ്രസർക്കാരിനെ സമീപിക്കും. ഭക്തർ യാതൊരു കാരണവശാലും നിരാശപ്പെടേണ്ട കാര്യമില്ല. ഭക്തർക്ക് ധീരമായ ഒരു നേതൃത്വം ഇവിടെ ഉണ്ടെന്നും ആ കരങ്ങളിൽ ഭക്തർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമായ ഭരണകൂടം ഉണ്ടാകാൻ ഈ നാട്ടിലെ ജനങ്ങൾ ഒരുമിക്കും. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ സമൂഹം തയ്യാറാകണം. വടകരയിൽ ജയരാജൻ തോൽക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP