Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിയമസഭയിലെ അഴിഞ്ഞാട്ടവും ജമീലയുടെ ലീലകളും'; ഇതാണോ മാതൃഭൂമി ചാനലിന്റെ മാദ്ധ്യമധർമ്മം? എംഎൽഎയെ വൃത്തികെട്ട രീതിയിൽ ചാനൽ കടന്നാക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം ശക്തമാകുന്നു

'നിയമസഭയിലെ അഴിഞ്ഞാട്ടവും ജമീലയുടെ ലീലകളും'; ഇതാണോ മാതൃഭൂമി ചാനലിന്റെ മാദ്ധ്യമധർമ്മം? എംഎൽഎയെ വൃത്തികെട്ട രീതിയിൽ ചാനൽ കടന്നാക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ജനതാദൾ (എസ്) പാർട്ടിയുടെ എംഎൽഎ ആയ ജമീലാപ്രകാശത്തെ മാതൃഭൂമി ചാനൽ വൃത്തികെട്ട രീതിയിൽ കടന്നാക്രമിച്ചതിനെതിരെ സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതികരണം. ചാനലിലെ കടുത്ത സ്ത്രീപക്ഷ വാദികളായ വനിതാ ജേണലിസ്റ്റുകൾപോലും തങ്ങളുടെ മുതലാളിമാരുടെ ഇംഗിതത്തിനു വഴങ്ങുകയായിരുന്നുവെന്നാണ് വിമർശനം.

ചാനൽ മുതലാളിമാരായ വീരേന്ദ്രകുമാറിന്റേയും മകൻ ശ്രേയാംസ് കുമാറിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരുടെ രാഷ്ട്രീയശത്രുവായ ജനതാദൾ(എസ്)ന്റെ പ്രതിനിധി ജമീലാ പ്രകാശത്തെ ചാനൽ വ്യക്തിപരമായി തേജോവധം ചെയ്തത്. മാതൃഭൂമി ചാനലിന്റെ മാദ്ധ്യമധർമ്മവും, സ്ത്രീപക്ഷപാതവുമെല്ലാം അരമണിക്കൂർ നേരത്തേക്ക് മറന്ന് മാതൃഭൂമി ചാനലുകാർ 'ജമീലയുടെ ലീലകൾ' എന്ന സ്‌ളഗ് നൽകിയാണ് യജമാനഭക്തി കാണിച്ചത്. ഇതിനു നേതൃത്വം നൽകിയതാകട്ടെ സഹപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിക്കു വിധേയനായ സീനിയർ ന്യൂസ് എഡിറ്റർ വേണു ബാലകൃഷ്ണനും.

ഇതിനെതിരെ ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് എന്നീ സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അവർ ഒരു സ്ത്രീയല്ലേ, ഒരു എംഎൽഎ അല്ലേ, നിങ്ങളുടെ അമ്മയ്‌ക്കോ, പെങ്ങൾക്കോ ആണ് ഈ അവസ്ഥ വന്നതെങ്കിലോ' എന്നിങ്ങനെ നീളുന്നു ഫേസ്‌ബുക്കിലെ ആക്രമണം.
വേണുവിനെതിരെ ചാനൽ എംഡിക്ക് സഹപ്രവർത്തക പരാതി നൽകിയ വിവരം ഉൾപ്പെടെ പ്രചരിപ്പിച്ചാണ് ഇടതുപക്ഷ പ്രവർത്തകർ ആക്രമണം നടത്തുന്നത്. ബജറ്റിന് മുമ്പത്തെ ദിവസം ഇടതുപക്ഷത്തെ അനുകൂലിച്ചു സംസാരിച്ച വേണു, ബജറ്റ് ദിവസം അഡ്ജസ്റ്റ്‌മെന്റ് സമരമെന്നും ആഭാസസമരമെന്നുമൊക്കെ വിളിച്ചുകളിയാക്കിയതും ഫേസ്‌ബുക്കിലെ ഇടതുപക്ഷ പോരാളികളെ ചൊടിപ്പിച്ചു.
മാതൃഭൂമി പത്രത്തിലും അച്ഛന്റെയും മകന്റേയും ഈ ഉത്തരവ് തന്നെ നടപ്പാക്കി.

'അഴിഞ്ഞാട്ടം' എന്ന ആത്യന്തിക പ്രയോഗത്തോടെയാണ് ബജറ്റ് ദിവസത്തെ സംഭവവികാസങ്ങളെ മാതൃഭൂമി വിശേഷിപ്പിച്ചത്. കൂടാതെ അകത്തെ പേജുകളിലും 'നഗരം' സപ്‌ളിമെന്റിലും പറഞ്ഞിരിക്കുന്നത് 'ജമീലയുടെ കടിയേറ്റ് ശിവദാസൻ നായർ..., പ്രതിപക്ഷ വനിതകൾ ആക്രമിച്ചെന്ന് വാഹിദും ശിവദാസൻ നായരും....' ഇങ്ങനെ പോകുന്നു വാർത്തകൾ.

ശിവദാസൻ നായർ ജമീലപ്രകാശത്തിന്റെ ശരീരത്തിൽ കൈവയ്ക്കുന്ന ചിത്രവും വിഷ്വലും ചവറ്റുകൊട്ടയിൽ എറിയണമെന്നും കടിക്കുന്ന ദൃശ്യങ്ങൾ പരമാവധി കാണിക്കണമെന്നും ഉത്തരവുണ്ടായിരുന്നു. ചാനൽ ഇത് ശിരസാ വഹിച്ചു. പക്ഷേ പത്രത്തിൽ, പണ്ട് വീരേന്ദ്രകുമാറും മകനും ജനതാദൾ-എസിൽ ആയിരുന്നപ്പോൾ ജമീലപ്രകാശത്തെ പുകഴ്‌ത്തി എഴുതിയിട്ടുള്ളവർ ഇപ്പോഴും ഉള്ളതുകൊണ്ട് അവർ രണ്ടുചിത്രവും ഉപേക്ഷിച്ചു.

ആഷിഖ് അബു ഒരിക്കൽ മാദ്ധ്യമ 'വേശ്യാവൃത്തി'യെന്ന പദപ്രയോഗം നടത്തിയപ്പോൾ അതിനെതിരെ രംഗത്തുവന്ന മൂന്ന് പ്രമുഖ വനിതാ ജേണലിസ്റ്റുകൾ ഉള്ള ചാനലാണ് മാതൃഭൂമി. മാദ്ധ്യമപ്രവർത്തകരായ വനിതകളെ മുഴുവൻ ആഷിഖ് അബു അപമാനിച്ചുവെന്നാരോപിച്ച് ഫേസ്‌ബുക്കിലും ബ്‌ളോഗിലും ഓൺലൈൻ ന്യൂസ് പേപ്പറുകളിലുമൊക്കെ ലേഖനം എഴുതിയ മൂന്നുപേരും ജമീലപ്രകാശത്തെ അപമാനിക്കാൻ കൂട്ടുനിന്നു എന്നതാണ് സോഷ്യൽമീഡിയ കുറ്റപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP