Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഷ്യാനെറ്റ് ജീവനക്കാർക്ക് ബോണസായി ലക്ഷങ്ങൾ കിട്ടുമ്പോൾ പരമ്പരാഗത വൈരികളായ സൂര്യയിൽ ജോലി ചെയ്യുന്നവർക്ക് പട്ടിണി; ശമ്പള വർദ്ധനവും ഓണം ബോണസും ഇല്ലെന്നറിഞ്ഞ ജീവനക്കാർ യൂണിയന്റെ കൊടിനാട്ടി; കലാനിധി മാരന്റെ മാടമ്പിത്തരത്തിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച് സൂര്യ ജീവനക്കാർ

ഏഷ്യാനെറ്റ് ജീവനക്കാർക്ക് ബോണസായി ലക്ഷങ്ങൾ കിട്ടുമ്പോൾ പരമ്പരാഗത വൈരികളായ സൂര്യയിൽ ജോലി ചെയ്യുന്നവർക്ക് പട്ടിണി; ശമ്പള വർദ്ധനവും ഓണം ബോണസും ഇല്ലെന്നറിഞ്ഞ ജീവനക്കാർ യൂണിയന്റെ കൊടിനാട്ടി; കലാനിധി മാരന്റെ മാടമ്പിത്തരത്തിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച് സൂര്യ ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ജീവനക്കാർക്ക് വാരിക്കോരി സമ്മാനങ്ങൾ നൽകിയാണ് മാനേജ്‌മെന്റ് സന്തോഷിപ്പിക്കുന്നത്. ലക്ഷങ്ങളാണ് ഓരോ ജീവനക്കാർക്കും ബോണസും ശമ്പളാനുകൂല്യവുമായി ഏഷ്യാനെറ്റിൽ ലഭിക്കുന്നത്. എന്നാൽ, കാലങ്ങളായി ഏഷ്യാനെറ്റിന്റെ പരമ്പരാഗത വൈരികളാണ് സൂര്യാ ടിവി. മലയാളത്തിലെ രണ്ടാമത്തെ സ്വകാര്യ വിനോദ ചാനലായിരുന്നു സൂര്യ ടിവി. മലയാളികളുടെ സ്വീകരണ മുറികളിൽ ഒഴിച്ചൂകൂടാനാവാത്ത ചാനലുകളാണ് ഇവ രണ്ടും. എന്നാൽ ശമ്പള കാര്യത്തിലെ അന്തരത്തെ തുടർന്ന് സൂര്യയിലെ ജീവനക്കാർ കലാനിധി മാരനെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കയാണ്.

സ്വാകാര്യ ചാനലുകൾ ടെലിവിഷൻ ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടു പതിറ്റാണ്ടുകളിലേക്കു കടക്കുമ്പോൾ ആദ്യം എത്തിയവർക്കു ശേഷം വന്ന പലർക്കും അടി തെറ്റി. എന്നാൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി, വിവിധ ഭാഷയിൽ 33 ചാനലുകൾ കയ്യാളുന്ന കലാനിധിമാരന്റെ സൂര്യ ടിവിയിൽ തൊഴിൽ പ്രശ്‌നം രൂക്ഷമാണ്. ശമ്പള വർദ്ധനവും ഓണം ബോണസും ഇല്ലെന്നറിഞ്ഞതോടെ ജീവനക്കാർ മാനേജ്‌മെന്റിനെ പരസ്യമായി എതിർത്തു കൊണ്ട് രംഗത്തെത്തി. മാസം തോറും ഫെസ്റ്റിവൽ ബോണസ് എന്ന് പറഞ്ഞു കമ്പനി ശമ്പളത്തിൽ നിന്ന് പിടിക്കുന്ന ബോണസ് ഓണത്തിന് ലഭിക്കാനുള്ള സാദ്ധ്യതകൾ ഇല്ല എന്ന് കണ്ടപ്പോഴാണ് സൂര്യ ടിവി ജീവനക്കാർ യൂണിയൻ തുടങ്ങി സമര മുഖത്തേക്കു എത്തിയിരിക്കുന്നത്.

എറണാകുളം വാഴക്കാലയിൽ ഹെവൻലി പ്ലാസയിലെ സൂര്യ ടിവി ഓഫിസിന്റെ മുൻപിൽ ജീവക്കാർ ചേർന്ന് ബിഎംഎസ് യൂണിയൻ ഇന്നലെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. മാസശമ്പളത്തിൽ നിന്ന് കമ്പനി മാസംതോറും പെർഫോമൻസ് ബോണസ് എന്ന പേരിൽ ഒരു തുക ജീവനക്കാരിൽ നിന്ന് കട്ട് ചെയ്യാറുണ്ട്. ഇത് 6 മാസം കഴിയുമ്പോൾ അക്കൗണ്ടിൽ വരുമെന്നും രണ്ടു ബോണസ് ആണ് വർഷംതോറും ഉള്ളതെന്നുമാണ് ജീവനക്കാരെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ഒരുവർഷം കഴിഞ്ഞതിനു ശേഷമാണു ഈ ആനുകൂല്യം കിട്ടാറുള്ളതെന്നാണ് ജീവനക്കാരുടെ പരാതി.

മാസം തോറും കിട്ടുന്ന സാലറി സ്ലിപ്പിൽ മാറ്റങ്ങൾ ഉണ്ടെന്നും ബോണസ് എന്ന് പറഞ്ഞു പണം കട്ടു ചെയ്യുകയും ചെയ്യും. മാത്രമല്ല, ഇക്കാലയളവിൽ പറഞ്ഞ കാലയളവിൽ കിട്ടാറില്ല. ഓണത്തിന് ബോണസ് കിട്ടാനുള്ള സാധ്യതകൾ ഇത്തവണയും മങ്ങിയപ്പോഴാണഅ ജീവനക്കാർ പരസ്യമായി സമര രംഗത്തേക്ക് ഇറങ്ങിയത്. നിരവധി ജീവനക്കാർ ഇന്നലെ തന്നെ തൊഴിലാളി യൂണിയനിൽ അംഗത്വമെടുത്തു.

സൂര്യ ടിവി യുടെ സ്റ്റാഫ് ആയി നിയമനം കിട്ടി സൂര്യ മ്യൂസിക്കിന്റെയും, കൊച്ചു ടിവിയുടെയും, കിരൺ ടിവിയുടെയും വർക്കുകൾ ചെയ്യേണ്ടി വരുന്നു എന്നാണ് ജീവനക്കാരുടെ പരാതി. എന്നാൽ, സൂര്യയിലെ ജോലികൾ മാത്രമാണ് പലപ്പോഴും പരിഗണിക്കുക എന്ന് ഇവർ പറയുന്നു. ഇവർ ജോലിചെയ്യുന്ന കൊച്ചി ഓഫിസിൽ മാലിന്യം ഒഴുകുന്ന പൈപ്പ് ചോർന്നു കുടിക്കുന്ന വെള്ളത്തിലും കലർന്നു മലിന ജലമാണ് തങ്ങൾ കുടിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. ഒപ്പം ഹർത്താൽ, ഒഴിവു ദിവസങ്ങൾ തുടങ്ങിയ ദിനങ്ങളിൽ പോലും സ്ത്രീകൾ ഉൾപ്പെടെ യുള്ള ജീവനക്കാർക്ക് വാഹനസൗകര്യം പോലും കമ്പനി നൽകാറില്ല. ഇങ്ങനെയുള്ള പരാതികൾ പലപ്പോഴും ജീവനക്കാർ പറയാറുണ്ട് എങ്കിലും ചെന്നൈ യിൽ നിന്നും മറുപടി വരട്ടെ എന്നാണ് ഒഴുക്കൻ മറുപടി ലഭിക്കുന്നതെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നാലും അഞ്ചും വർഷമായി ജോലിചെയ്യുന്ന പലർക്കും തുടക്കത്തിൽ ലഭിച്ച ശമ്പളമാണ് ഇപ്പോഴു ലഭിക്കുന്നത്. എന്നാൽ, ഒരു സുപ്രഭാതത്തിൽ ജീവനക്കാരെ യാതൊരു കാരണവുമില്ലാതെ പുറത്താക്കുന്ന നടപടിയും സൂര്യ യിൽ ഉണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. ഒപ്പം ഓഫീസിലെ സ്ഥല പരിമിതികൾ മൂലം സീനിയർ ജീവനക്കാർക്കു പോലും ഇരിക്കാൻ കസേര പോലുമില്ല എന്നും ജീവക്കാർ പറയുന്നു. ഇതെല്ലം കാണിച്ചു ജനറൽ മാനേജർക്കും, എച്ച് ആർ മാനേജർക്കും യൂണിയനിൽ അംഗത്വമുള്ള ജീവനക്കാർ മെയിൽ അയച്ചിട്ടുണ്ട്. വ്യാഴാഴ്‌ച്ചക്കകം മറുപടി ലഭിക്കണം എന്നാണ് ഇവർ അവശ്യപ്പെട്ടിരിക്കുന്നത്.

200 അടുത്ത് ജീവനക്കാർ ജോലി ചെയ്യുന്ന സൂര്യ ടിവിയുടെ വാഴക്കാലയിൽ പ്രവർത്തിക്കുന്ന ഓഫിസിലെ ക്യാമറ, എഡിറ്റ്, പ്രൊഡ്യൂസർ അടക്കമുള്ള ജീവനക്കാർ ബിഎംഎസിന്റെ യൂണിയനിൽ അഗത്വം എടുത്തിട്ടുണ്ട്. ഇന്നലെ നടന്ന യൂണിയൻ ഉദഘാടന ചടങ്ങിൽ ബി എം എസ് സംസ്ഥാന സെക്രട്ടറി രഘുറാം ഉൾപടെയുള്ള യൂണിയൻ ഭാരവാഹികളും, സൂര്യ ടിവി ജീവനക്കാരും പങ്കെടുത്തു. തങ്ങളുടെ അവിശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി തയാറാക്കാതിരുന്നാൽ സമര മുറകൾ ഉൾപ്പെടെ നടത്തി മുന്നോട്ടു പോവാനാണ് യൂണിയന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP